റോമിലുള്ളവർക്ക് എഴുതിയ കത്ത് 12:1-21
12 അതുകൊണ്ട് സഹോദരങ്ങളേ, ദൈവത്തിന്റെ അനുകമ്പയുടെ പേരിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും+ ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട്+ ചിന്താപ്രാപ്തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക.+
2 ഈ വ്യവസ്ഥിതി* നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക.+ അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.+
3 എനിക്കു ലഭിച്ച അനർഹദയ ഓർത്ത് ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്.+ പകരം, ദൈവം നിങ്ങൾക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന* വിശ്വാസത്തിന്റെ അളവനുസരിച്ച് സുബോധത്തോടെ സ്വയം വിലയിരുത്തുക.+
4 ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ.+ എന്നാൽ ഈ അവയവങ്ങൾക്കെല്ലാം ഒരേ ധർമമല്ല ഉള്ളത്.
5 അതുപോലെതന്നെ, നമ്മൾ പലരാണെങ്കിലും ക്രിസ്തുവിനോടുള്ള യോജിപ്പിൽ ഒരൊറ്റ ശരീരമാണ്. എന്നാൽ വ്യക്തികളെന്ന നിലയിൽ നമ്മൾ, പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളാണ്.+
6 നമുക്കു ലഭിച്ച അനർഹദയയനുസരിച്ച് വ്യത്യസ്തമായ കഴിവുകളാണു നമുക്കുള്ളത്.+ അതുകൊണ്ട് പ്രവചിക്കാനുള്ള കഴിവാണുള്ളതെങ്കിൽ നമ്മുടെ വിശ്വാസത്തിന്റെ അളവനുസരിച്ച് നമുക്കു പ്രവചിക്കാം.
7 ശുശ്രൂഷയ്ക്കുള്ള കഴിവാണുള്ളതെങ്കിൽ നമുക്കു ശുശ്രൂഷ ചെയ്യാം. പഠിപ്പിക്കുന്നയാൾ പഠിപ്പിക്കട്ടെ.+
8 പ്രോത്സാഹിപ്പിക്കുന്നയാൾ പ്രോത്സാഹിപ്പിക്കട്ടെ.+ കൊടുക്കുന്നയാൾ* ഉദാരമായി കൊടുക്കട്ടെ.+ നേതൃത്വമെടുക്കുന്നയാൾ* അത് ഉത്സാഹത്തോടെ* ചെയ്യട്ടെ.+ കരുണ കാണിക്കുന്നയാൾ അതു സന്തോഷത്തോടെ ചെയ്യട്ടെ.+
9 നിങ്ങളുടെ സ്നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ.+ തിന്മയെ വെറുക്കുക.*+ നല്ലതിനോടു പറ്റിനിൽക്കുക.
10 നിങ്ങൾ തമ്മിൽത്തമ്മിൽ ആർദ്രതയോടെ സഹോദരസ്നേഹം കാണിക്കണം. പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.*+
11 മടിയുള്ളവരാകാതെ+ നല്ല അധ്വാനശീലമുള്ളവരായിരിക്കുക.* ദൈവാത്മാവിൽ ജ്വലിക്കുക,+ യഹോവയ്ക്കുവേണ്ടി* ഒരു അടിമയെപ്പോലെ പണിയെടുക്കുക.+
12 പ്രത്യാശ ഓർത്ത് സന്തോഷിക്കുക. കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുക.+ മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.+
13 വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക.+ അതിഥികളെ സത്കരിക്കുന്നതു ശീലമാക്കുക.+
14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക.+ അതെ, അവരെ ശപിക്കാതെ എപ്പോഴും അനുഗ്രഹിക്കുക.+
15 സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുക. കരയുന്നവരുടെകൂടെ കരയുക.
16 നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നോ അതുപോലെതന്നെ മറ്റുള്ളവരെയും കാണുക. വലിയവലിയ കാര്യങ്ങളുടെ പിന്നാലെ പോകാതെ* എളിയ കാര്യങ്ങളിൽ മനസ്സ് ഉറപ്പിക്കുക.+ വലിയ ബുദ്ധിമാനാണെന്ന് ആരും ഭാവിക്കരുത്.+
17 തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്.+ എല്ലാവരുടെയും കാഴ്ചപ്പാടിൽ ശരിയെന്താണ് എന്നതുകൂടെ കണക്കിലെടുക്കുക.
18 എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.+
19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.+ കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ* പറയുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
20 എന്നാൽ, “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ ഭക്ഷണം കൊടുക്കുക. ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും.”*+
21 തിന്മ നിങ്ങളെ കീഴ്പെടുത്താൻ അനുവദിക്കരുത്. പകരം, എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക.+
അടിക്കുറിപ്പുകള്
^ അഥവാ “പങ്കുവെച്ചുതന്നിരിക്കുന്ന; വീതിച്ചുതന്നിരിക്കുന്ന.”
^ അഥവാ “ആത്മാർഥതയോടെ.”
^ അഥവാ “അധ്യക്ഷത വഹിക്കുന്നയാൾ.”
^ അഥവാ “സംഭാവന ചെയ്യുന്നയാൾ.”
^ അക്ഷ. “തീവ്രമായി വെറുക്കുക.”
^ അഥവാ “നേതൃത്വമെടുക്കുക.”
^ അഥവാ “ഉത്സാഹമുള്ളവരായിരിക്കുക; തീക്ഷ്ണതയുള്ളവരായിരിക്കുക.”
^ അഥവാ “വലിയവലിയ കാര്യങ്ങൾ ചിന്തിക്കാതെ; ഉന്നതഭാവം വെടിഞ്ഞ്.”
^ അതായത്, അയാളെ മയപ്പെടുത്തി അയാളുടെ മനസ്സിന്റെ കാഠിന്യം ഉരുക്കിക്കളയും.