റോമിലുള്ളവർക്ക് എഴുതിയ കത്ത് 13:1-14
13 എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.+ കാരണം ദൈവത്തിൽനിന്നല്ലാതെ ഒരു അധികാരവുമില്ല.+ നിലവിലുള്ള അധികാരികളെ അതാതു സ്ഥാനങ്ങളിൽ* നിറുത്തിയിരിക്കുന്നതു ദൈവമാണ്.+
2 അതുകൊണ്ട് അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തെയാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി വരുത്തിവെക്കും.
3 നല്ലതു ചെയ്യുന്നവരല്ല, മോശമായ കാര്യങ്ങൾ ചെയ്യുന്നവരാണ് അധികാരികളെ പേടിക്കേണ്ടത്.+ അധികാരികളെ പേടിക്കാതെ ജീവിക്കണമെന്നുണ്ടോ? എങ്കിൽ എപ്പോഴും നല്ലതു മാത്രം ചെയ്യുക.+ അപ്പോൾ അവർ നിന്നെ പ്രശംസിക്കും.
4 നിന്റെ ഗുണത്തിനുവേണ്ടി അവർ ദൈവത്തിന്റെ ശുശ്രൂഷകരായി പ്രവർത്തിക്കുകയാണല്ലോ. പക്ഷേ നീ മോശം കാര്യങ്ങൾ ചെയ്യുന്നെങ്കിൽ പേടിക്കണം. കാരണം, വെറുതേയല്ല അവരുടെ കൈയിൽ വാളുള്ളത്. അവർ ദൈവത്തിന്റെ ശുശ്രൂഷകരും മോശം കാര്യങ്ങൾ ചെയ്യുന്നവരുടെ മേൽ ക്രോധം ചൊരിഞ്ഞുകൊണ്ട്* പ്രതികാരം ചെയ്യുന്നവരും ആണ്.
5 അതുകൊണ്ട് കീഴ്പെട്ടിരിക്കാൻ തക്കതായ കാരണമുണ്ട്. ക്രോധം പേടിച്ചിട്ടു മാത്രമല്ല നിങ്ങളുടെ മനസ്സാക്ഷിയെ കരുതിയും നിങ്ങൾ അങ്ങനെ ചെയ്യണം.+
6 നിങ്ങൾ നികുതി കൊടുക്കുന്നതും അതുകൊണ്ടാണ്. അവർ ദൈവത്തിനുവേണ്ടി എപ്പോഴും പൊതുജനസേവനം ചെയ്യുന്നവരാണല്ലോ.
7 എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കുക: നികുതി കൊടുക്കേണ്ടവനു നികുതി;+ കപ്പം* കൊടുക്കേണ്ടവനു കപ്പം; ഭയം കാണിക്കേണ്ടവനു ഭയം;+ ബഹുമാനം കാണിക്കേണ്ടവനു ബഹുമാനം.+
8 അന്യോന്യമുള്ള സ്നേഹത്തിന്റെ കാര്യത്തിലല്ലാതെ നിങ്ങൾ ആരോടും ഒന്നിനും കടപ്പെട്ടിരിക്കരുത്.+ ശരിക്കും പറഞ്ഞാൽ, സഹമനുഷ്യനെ സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റിയിരിക്കുന്നു.+
9 കാരണം, “വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ മോഹിക്കരുത്”*+ എന്നീ കല്പനകളും മറ്റെല്ലാ കല്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്നതിൽ അടങ്ങിയിരിക്കുന്നു.
10 സ്നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.+ അതുകൊണ്ട്, സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.+
11 നിങ്ങൾ അങ്ങനെ ചെയ്യണം. കാരണം കാലം ഏതാണെന്നും ഉറക്കത്തിൽനിന്ന് ഉണരേണ്ട സമയമായെന്നും+ നിങ്ങൾക്ക് അറിയാമല്ലോ. നമ്മൾ വിശ്വാസികളായിത്തീർന്ന സമയത്തെക്കാൾ രക്ഷ ഇപ്പോൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു.
12 രാത്രി കഴിയാറായി; പകൽ അടുത്തിരിക്കുന്നു. അതുകൊണ്ട് നമുക്ക് ഇരുട്ടിന്റെ പ്രവൃത്തികൾ ഉപേക്ഷിച്ച്+ വെളിച്ചത്തിന്റെ ആയുധങ്ങൾ ധരിക്കാം.+
13 വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും*+ കലഹത്തിലും അസൂയയിലും+ മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.+
14 കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചുകൊള്ളുക.+ ജഡമോഹങ്ങൾ* തൃപ്തിപ്പെടുത്താനുള്ള പദ്ധതികൾ ആലോചിക്കരുത്.+
അടിക്കുറിപ്പുകള്
^ അഥവാ “അവരുടെ ആപേക്ഷികസ്ഥാനങ്ങളിൽ.”
^ അഥവാ “ചെയ്യുന്നവരെ ശിക്ഷിച്ചുകൊണ്ട്.”
^ അതായത്, അർഹമല്ലാത്തതിനുവേണ്ടിയുള്ള അതിമോഹം.