റോമിലുള്ളവർക്ക് എഴുതിയ കത്ത് 5:1-21
5 അതുകൊണ്ട് വിശ്വാസത്തിന്റെ പേരിൽ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക്,+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവവുമായി സമാധാനത്തിലായിരിക്കാം.*+
2 യേശുവിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ ആസ്വദിക്കുന്ന, ദൈവത്തിന്റെ അനർഹദയയിലേക്കു വിശ്വാസത്താൽ നമുക്കു പ്രവേശനം കിട്ടിയത്.+ ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയുള്ളതുകൊണ്ട് നമുക്കു സന്തോഷിക്കാം.*
3 അതു മാത്രമല്ല, കഷ്ടതകളിലും നമുക്ക് ആനന്ദിക്കാം.*+ കാരണം കഷ്ടത സഹനശക്തിയും+
4 സഹനശക്തി അംഗീകാരവും+ അംഗീകാരം പ്രത്യാശയും ഉളവാക്കുന്നെന്നു+ നമുക്ക് അറിയാം.
5 നമ്മുടെ പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല.+ കാരണം നമുക്കു നൽകിയ പരിശുദ്ധാത്മാവിലൂടെ* ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിഞ്ഞിരിക്കുന്നു.+
6 നിശ്ചയിച്ച സമയത്ത് ക്രിസ്തു അഭക്തർക്കുവേണ്ടി മരിച്ചു. നമ്മൾ ദുർബലരായിരിക്കുമ്പോൾത്തന്നെ+ ക്രിസ്തു അങ്ങനെ ചെയ്തു.
7 നീതിനിഷ്ഠനായ ഒരാൾക്കുവേണ്ടി ആരെങ്കിലും മരിക്കുന്നത് അപൂർവമാണ്. നല്ലവനായ ഒരാൾക്കുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തയ്യാറായേക്കാം.
8 എന്നാൽ നമ്മൾ പാപികളായിരിക്കുമ്പോൾത്തന്നെയാണു ക്രിസ്തു നമുക്കുവേണ്ടി മരിച്ചത്. ഇതിലൂടെ ദൈവം നമ്മളോടുള്ള തന്റെ സ്നേഹം കാണിച്ചുതരുന്നു.+
9 അതുകൊണ്ട് ക്രിസ്തുവിന്റെ രക്തത്തിലൂടെ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിച്ചുകഴിഞ്ഞ+ സ്ഥിതിക്ക്, ക്രിസ്തുവിലൂടെ നമ്മൾ ദൈവക്രോധത്തിൽനിന്ന് രക്ഷപ്പെടുമെന്ന്+ എത്രയധികം ഉറപ്പാണ്!
10 നമ്മൾ ശത്രുക്കളായിരുന്നപ്പോൾത്തന്നെ പുത്രന്റെ മരണത്തിലൂടെ ദൈവവുമായി അനുരഞ്ജനത്തിലായെങ്കിൽ+ ഇപ്പോൾ അനുരഞ്ജനത്തിലായിക്കഴിഞ്ഞ നമുക്കു പുത്രന്റെ ജീവൻമൂലം രക്ഷ കിട്ടുമെന്നുള്ളത് എത്ര ഉറപ്പാണ്!
11 അതു മാത്രമല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവവുമായി ലഭിച്ച ബന്ധം നിമിത്തവും നമ്മൾ ആനന്ദിക്കുന്നു. വാസ്തവത്തിൽ ക്രിസ്തുവിലൂടെയാണല്ലോ നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമായത്.+
12 ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.+ അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.+
13 നിയമം നൽകുന്നതിനു മുമ്പും പാപം ലോകത്തുണ്ടായിരുന്നു. എന്നാൽ നിയമമില്ലാത്തപ്പോൾ പാപം കണക്കിടുന്നില്ല.+
14 എങ്കിലും ആദാം മുതൽ മോശ വരെ മരണം രാജാവായി വാണു. ആദാം ചെയ്തതുപോലുള്ള പാപം ചെയ്യാത്തവരുടെ മേൽപോലും മരണം ആ സമയത്ത് വാഴ്ച നടത്തി. വരാനിരുന്നവനോടു പല കാര്യങ്ങളിലും സാമ്യമുള്ളവനായിരുന്നല്ലോ ആദാം.+
15 എന്നാൽ അപരാധത്തിന്റെ കാര്യംപോലെയല്ല സമ്മാനത്തിന്റെ കാര്യം. ഒരാളുടെ അപരാധം അനേകം പേരുടെ മരണത്തിനു കാരണമായി. അതേസമയം, ദൈവത്തിന്റെ അനർഹദയയും യേശുക്രിസ്തു എന്ന ഒരാളുടെ അനർഹദയയാൽ+ ദൈവം സൗജന്യമായി നൽകുന്ന സമ്മാനവും അനേകർക്കു സമൃദ്ധമായി അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാക്കി!+
16 സൗജന്യമായി കിട്ടിയ ഈ സമ്മാനംകൊണ്ടുള്ള നേട്ടങ്ങളെ ആ ഒരു മനുഷ്യന്റെ പാപത്തിന്റെ ഭവിഷ്യത്തുകളോടു+ താരതമ്യപ്പെടുത്താനാകില്ല. കാരണം ഒറ്റ അപരാധത്തെത്തുടർന്ന് ആളുകളെ കുറ്റക്കാരെന്നു വിധിച്ചു.+ എന്നാൽ പല അപരാധങ്ങൾക്കു ശേഷം ലഭിച്ച സമ്മാനം അനേകരെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.+
17 ഒറ്റ മനുഷ്യന്റെ അപരാധം കാരണം അയാളിലൂടെ മരണം രാജാവായി വാണെങ്കിൽ,+ അനർഹദയയും സൗജന്യമായി കിട്ടുന്ന നീതി എന്ന സമ്മാനവും+ സമൃദ്ധമായി ലഭിച്ചവർ യേശുക്രിസ്തു എന്ന ഒരു വ്യക്തിയിലൂടെ+ ജീവിച്ച് രാജാക്കന്മാരായി വാഴുമെന്നത്+ എത്രയോ ഉറപ്പാണ്!
18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യരെയും കുറ്റക്കാരായി വിധിച്ചതുപോലെ,+ ഒറ്റ നീതിപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതിമാന്മാരായി പ്രഖ്യാപിച്ച് അവർക്കു ജീവൻ നൽകും.+
19 ഒറ്റ മനുഷ്യന്റെ അനുസരണക്കേടുകൊണ്ട് അനേകർ പാപികളായതുപോലെ+ ഒറ്റ വ്യക്തിയുടെ അനുസരണംകൊണ്ട് അനേകർ നീതിമാന്മാരായിത്തീരും.+
20 അപരാധങ്ങൾ പെരുകുന്നതിനായി പിന്നെ നിയമംകൂടെ രംഗത്തെത്തി.+ എന്നാൽ പെരുകുന്ന പാപത്തെയും കവിയുന്നതായിരുന്നു അനർഹദയ.
21 എന്തിനുവേണ്ടി? പാപം മരണത്തോടൊപ്പം രാജാവായി വാണതുപോലെ+ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നിത്യജീവനിലേക്കു നയിക്കുന്ന+ നീതിയിലൂടെ അനർഹദയ രാജാവായി വാഴാൻവേണ്ടി.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “നമ്മൾ ദൈവവുമായി സമാധാനത്തിലാണ്.”
^ മറ്റൊരു സാധ്യത “നമ്മൾ സന്തോഷിക്കുന്നു.”
^ മറ്റൊരു സാധ്യത “നമ്മൾ ആനന്ദിക്കുന്നു.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.