ലൂക്കോസ് എഴുതിയത് 11:1-54
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
കർത്താവേ, . . . പ്രാർഥിക്കാൻ . . . ഞങ്ങളെയും പഠിപ്പിക്കണമേ: ഈ ശിഷ്യന്റെ അപേക്ഷയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതു ലൂക്കോസ് മാത്രമാണ്. യേശു ഗിരിപ്രഭാഷണത്തിൽ ശിഷ്യന്മാരെ മാതൃകാപ്രാർഥന പഠിപ്പിച്ചിട്ട് ഇപ്പോൾ ഏകദേശം 18 മാസം കഴിഞ്ഞിരുന്നു. (മത്ത 6:9-13) സാധ്യതയനുസരിച്ച് യേശു അതു പഠിപ്പിച്ചപ്പോൾ ഈ ശിഷ്യൻ അവിടെയില്ലായിരുന്നു. അതുകൊണ്ട് യേശു ദയയോടെ മാതൃകാപ്രാർഥനയിലെ സുപ്രധാനമായ ആശയങ്ങൾ ഇപ്പോൾ ആവർത്തിക്കുകയാണ്. പ്രാർഥനയ്ക്ക്, ജൂതന്മാരുടെ ജീവിതവുമായും ആരാധനയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. എബ്രായതിരുവെഴുത്തുകളിലെ സങ്കീർത്തനപ്പുസ്തകത്തിലും മറ്റിടങ്ങളിലും ധാരാളം പ്രാർഥനകൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട്, പ്രാർഥിക്കാൻ പഠിപ്പിക്കണമെന്ന് ആ ശിഷ്യൻ പറഞ്ഞെങ്കിലും, പ്രാർഥന അദ്ദേഹത്തിന് ഒട്ടും പരിചയമില്ലാത്ത ഒരു കാര്യമോ അദ്ദേഹം ഇതേവരെ ചെയ്തിട്ടില്ലാത്ത ഒന്നോ ആയിരിക്കാൻ സാധ്യതയില്ല. ഇനി, ജൂതമതനേതാക്കന്മാരുടെ ഔപചാരികമായ പ്രാർഥനകളും അദ്ദേഹത്തിന് എന്തായാലും പരിചയമുണ്ടായിരുന്നു. പക്ഷേ സാധ്യതയനുസരിച്ച് യേശു പ്രാർഥിക്കുന്നതു നിരീക്ഷിച്ചപ്പോൾ, ആ പ്രാർഥനയും റബ്ബിമാരുടെ കപടഭക്തി നിറഞ്ഞ പ്രാർഥനകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായിക്കാണും.—മത്ത 6:5-8.
പ്രാർഥിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥിക്കണം: ഏതാണ്ട് 18 മാസം മുമ്പ് ഗിരിപ്രഭാഷണത്തിനിടെ യേശു പഠിപ്പിച്ച മാതൃകാപ്രാർഥനയുടെ (മത്ത 6:9ബി-13) ഉള്ളടക്കംതന്നെയാണു തുടർന്നുള്ള വാക്യങ്ങളിലെ (2ബി-4) പ്രാർഥനയിലും പ്രതിഫലിക്കുന്നത്. ഇവിടെ യേശു മാതൃകാപ്രാർഥന പദാനുപദം ആവർത്തിക്കുകയായിരുന്നില്ല എന്നു ശ്രദ്ധിക്കുക. അതു സൂചിപ്പിക്കുന്നത്, ആളുകൾ മനഃപാഠം പഠിച്ച് ഉരുവിടേണ്ട ഒരു പ്രാർഥനാക്രമമല്ല യേശു നൽകിയത് എന്നാണ്. ഇനി, യേശുവും ശിഷ്യന്മാരും പിന്നീട് പ്രാർഥിച്ച സന്ദർഭങ്ങളിലും മാതൃകാപ്രാർഥനയിലെ പദങ്ങളോ അതിന്റെ ഘടനയോ അതേപടി പകർത്തിയില്ല.
പേര്: മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക.
പരിശുദ്ധമായിരിക്കേണമേ: മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന: അഥവാ “ഞങ്ങൾക്കെതിരെ പാപം ചെയ്യുന്ന.” ആരോടെങ്കിലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക് ഒരു കടം കൊടുത്തുതീർക്കാനുള്ളതുപോലെയാണ്, അല്ലെങ്കിൽ ആ വ്യക്തിയോടു കടപ്പെട്ടിരിക്കുന്നതുപോലെയാണ്. അതുകൊണ്ടുതന്നെ അയാൾ ആ വ്യക്തിയുടെ ക്ഷമ തേടേണ്ടതുണ്ട്. യേശു ഗിരിപ്രഭാഷണത്തിനിടെ പഠിപ്പിച്ച മാതൃകാപ്രാർഥനയിൽ പാപങ്ങൾ എന്നതിനു പകരം “കടങ്ങൾ” എന്ന പദമാണ് ഉപയോഗിച്ചതെന്നു ശ്രദ്ധിക്കുക. (മത്ത 6:12-ന്റെ പഠനക്കുറിപ്പു കാണുക.) ക്ഷമിക്കുക എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “വിട്ടുകളയുക” എന്നാണ്. കടം കൊടുത്ത പണം തിരികെ ആവശ്യപ്പെടാതെ എഴുതിത്തള്ളുക എന്നാണ് അതിന്റെ അർഥം.
ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ: മത്ത 6:13-ന്റെ പഠനക്കുറിപ്പു കാണുക.
സ്നേഹിതാ, എനിക്കു മൂന്ന് അപ്പം കടം തരണം: അതിഥികളെ ഏറ്റവും നന്നായി സത്കരിക്കേണ്ടതു തങ്ങളുടെ കടമയാണെന്നു കരുതുന്നവരാണു മധ്യപൂർവദേശത്തെ ആളുകൾ. അവരുടെ സംസ്കാരത്തിന്റെ ഈ പ്രത്യേകത യേശു പറഞ്ഞ ദൃഷ്ടാന്തത്തിലും വ്യക്തമായി കാണാം. അതിഥിയുടെ ആ അപ്രതീക്ഷിതസന്ദർശനം അർധരാത്രിയിലായിരുന്നു. എങ്കിൽപ്പോലും അദ്ദേഹത്തിന് എന്തെങ്കിലും കഴിക്കാൻ കൊടുത്തേ മതിയാകൂ എന്ന് ആതിഥേയനു തോന്നി. അതുകൊണ്ടാണ് ആ പാതിരായ്ക്ക് അയൽക്കാരനെ വിളിച്ചുണർത്തിയിട്ടാണെങ്കിൽപ്പോലും അവിടെനിന്ന് ഭക്ഷണം കടം വാങ്ങാമെന്ന് അദ്ദേഹം കരുതിയത്. അതിഥി എത്തിയത് അർധരാത്രിയിലാണ് എന്ന വിശദാംശം, അക്കാലത്ത് യാത്രകൾ എത്രത്തോളം അനിശ്ചിതത്വം നിറഞ്ഞതായിരുന്നെന്നും സൂചിപ്പിക്കുന്നു.
വെറുതേ ശല്യപ്പെടുത്താതിരിക്ക്: ഈ ദൃഷ്ടാന്തത്തിലെ അയൽക്കാരൻ സഹായിക്കാൻ മടി കാണിച്ചത് അയാൾ നിർദയനായതുകൊണ്ടല്ല, മറിച്ച് അതിനോടകം ഉറങ്ങാൻ കിടന്നതുകൊണ്ടാണ്. സാധാരണയായി അന്നത്തെ വീടുകൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ഭവനങ്ങൾക്ക്, താരതമ്യേന വലുപ്പമുള്ള ഒരൊറ്റ മുറിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ വീട്ടുകാരൻ എഴുന്നേറ്റാൽ അവിടെ ഉറങ്ങിക്കിടക്കുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെയും ഉറക്കം തടസ്സപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരുന്നാൽ: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മര്യാദയില്ലാതെ,” “നാണംകെട്ട്” എന്നൊക്കെയാണ്. എങ്കിലും ഇവിടെ അതു കുറിക്കുന്നത്, മടുത്ത് പിന്മാറാതെ ഒരു കാര്യം ചെയ്യുന്നതിനെയാണ്. തനിക്ക് ആവശ്യമുള്ള കാര്യം വീണ്ടുംവീണ്ടും ചോദിക്കാൻ യേശുവിന്റെ ദൃഷ്ടാന്തകഥയിലെ മനുഷ്യനു നാണക്കേടോ മടിയോ തോന്നിയില്ല. അതുപോലെതന്നെ, തന്റെ ശിഷ്യന്മാരും പ്രാർഥിക്കുമ്പോൾ മടുത്ത് പിന്മാറാതെ വീണ്ടുവീണ്ടും ചോദിക്കണമെന്നു യേശു പറഞ്ഞു.—ലൂക്ക 11:9, 10.
ബയെത്സെബൂബ്: സാധ്യതയനുസരിച്ച് “ഈച്ചകളുടെ നാഥൻ (ദേവൻ)” എന്ന് അർഥംവരുന്ന ബാൽസെബൂബ് എന്നതിന്റെ മറ്റൊരു രൂപം. എക്രോനിലെ ഫെലിസ്ത്യർ ആരാധിച്ചിരുന്നതു ബാൽസെബൂബ് എന്ന ഈ ബാൽദേവനെയാണ്. (2രാജ 1:3) ചില ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ബീൽസെബൗൽ, ബീസെബൗൽ എന്നിങ്ങനെയുള്ള മറ്റു രൂപങ്ങളാണു കാണുന്നത്. [സാധ്യതയനുസരിച്ച് അർഥം: ഉന്നതമായ വാസസ്ഥാനത്തിന്റെ (തിരുനിവാസത്തിന്റെ) നാഥൻ (ദേവൻ).] ഇനി ഈ പേര് ബൈബിളേതര എബ്രായപദമായ സെവലിൽനിന്ന് (കാഷ്ഠം) വന്നതാണെങ്കിൽ, അതിന്റെ അർഥം “കാഷ്ഠത്തിന്റെ നാഥൻ (ദേവൻ)” എന്നാണ്. ലൂക്ക 11:18-ൽ കാണുന്നതുപോലെ, ഭൂതങ്ങളുടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.
ദൈവത്തിന്റെ ശക്തി: അക്ഷ. “ദൈവത്തിന്റെ വിരൽ.” മുമ്പ് നടന്ന, സമാനമായൊരു സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്ന മത്തായിയുടെ വിവരണത്തിൽനിന്ന് ഇതു ദൈവത്തിന്റെ പരിശുദ്ധാത്മാവാണെന്നു വ്യക്തമാണ്. ഇവിടെ ലൂക്കോസിന്റെ വിവരണത്തിന്റെ മൂലപാഠത്തിൽ യേശു ‘ദൈവത്തിന്റെ വിരലുകൊണ്ട്’ ഭൂതങ്ങളെ പുറത്താക്കുന്നതായി പറയുമ്പോൾ, മത്തായിയുടെ വിവരണത്തിൽ യേശു അതു ‘ദൈവാത്മാവിനാൽ’ (അഥവാ, ദൈവത്തിന്റെ ചലനാത്മകശക്തിയാൽ) ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു.—മത്ത 12:28.
അടിച്ചുവൃത്തിയാക്കി അലങ്കരിച്ചിരിക്കുന്നതായി: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ കാണുന്നത്, “ഒഴിഞ്ഞുകിടക്കുന്നതായും, അടിച്ചുവൃത്തിയാക്കി അലങ്കരിച്ചിരിക്കുന്നതായും” എന്നാണ്. പക്ഷേ ഈ തർജമയിൽ കാണുന്ന പരിഭാഷയെയാണ് ആധികാരികമായ പല പുരാതന കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്. യേശു സമാനമായൊരു പ്രസ്താവന നടത്തുന്ന മത്ത 12:44-ൽ “ഒഴിഞ്ഞുകിടക്കുന്നതായി” എന്നതിന്റെ ഗ്രീക്കുപദം കാണുന്നുണ്ട്. അതുകൊണ്ട്, ലൂക്കോസിന്റെ വിവരണം മത്തായിയുടെ വിവരണംപോലെയാക്കാൻ പകർപ്പെഴുത്തുകാർ ഇവിടെ ആ പദം കൂട്ടിച്ചേർത്തതായിരിക്കാം എന്നാണു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
തെക്കേ ദേശത്തെ രാജ്ഞി: മത്ത 12:42-ന്റെ പഠനക്കുറിപ്പു കാണുക.
കണ്ണാണു ശരീരത്തിന്റെ വിളക്ക്: മത്ത 6:22-ന്റെ പഠനക്കുറിപ്പു കാണുക.
കേന്ദ്രീകരിക്കുന്നെങ്കിൽ: മത്ത 6:22-ന്റെ പഠനക്കുറിപ്പു കാണുക.
അസൂയയുള്ളതെങ്കിൽ: മത്ത 6:23-ന്റെ പഠനക്കുറിപ്പു കാണുക.
കൈ കഴുകുക: അതായത്, ആചാരപരമായി ശുദ്ധനാകുക. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ബാപ്റ്റിഡ്സോ (മുക്കുക; നിമജ്ജനം ചെയ്യുക) എന്ന ഗ്രീക്കുപദം മിക്കപ്പോഴും ക്രിസ്തീയസ്നാനത്തെയാണു കുറിക്കുന്നത്. എന്നാൽ ഇവിടെ ആ പദം ജൂതസമ്പ്രദായമനുസരിച്ച് ആളുകൾ ആചാരപരമായി കുളിക്കുന്നതും കൈകാലുകൾ കഴുകുന്നതും പോലെ ആവർത്തിച്ച് ചെയ്തിരുന്ന വിവിധതരം നടപടികളെ സൂചിപ്പിക്കുന്നു.—മർ 7:4-ന്റെ പഠനക്കുറിപ്പു കാണുക.
ദാനം കൊടുക്കുമ്പോൾ: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
ഹൃദയത്തിൽനിന്ന്: അടുത്ത വാക്യത്തിൽ യേശു നീതി, സ്നേഹം എന്നീ ഗുണങ്ങൾക്ക് ഊന്നൽ നൽകിയിരിക്കുന്നതുകൊണ്ട് (ലൂക്ക 11:42) ഹൃദയത്തിലെ ഗുണങ്ങളെയാണു യേശു ഇവിടെ ഉദ്ദേശിച്ചതെന്ന് അനുമാനിക്കാം. നമ്മൾ ചെയ്യുന്ന ഒരു നല്ല കാര്യം ശരിക്കുള്ള കരുണാപ്രവൃത്തിയാകണമെങ്കിൽ അതു സ്നേഹവും മനസ്സൊരുക്കവും ഉള്ള ഹൃദയത്തിൽനിന്നുള്ളതായിരിക്കണം.
പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും പത്തിലൊന്ന്: ദൈവം മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഇസ്രായേല്യർ തങ്ങളുടെ വിളവിന്റെ പത്തിലൊന്ന് അഥവാ ദശാംശം കൊടുക്കണമായിരുന്നു. (ലേവ 27:30; ആവ 14:22) പുതിന, അരൂത പോലുള്ള സസ്യങ്ങളുടെ പത്തിലൊന്നു കൊടുക്കണമെന്നു നിയമത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നില്ലെങ്കിലും ജൂതപാരമ്പര്യമനുസരിച്ച് അവർ അതു ചെയ്തതിനെ യേശു എതിർത്തില്ല. എന്നാൽ, മോശയിലൂടെ കൊടുത്ത നിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായിരുന്ന നീതി, ദൈവത്തോടുള്ള സ്നേഹം എന്നിവ അവഗണിച്ചിട്ട് നിയമത്തിലെ ചെറിയചെറിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തതിനാണു യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിച്ചത്. പിന്നീട് ഒരിക്കൽ സമാനമായ ഒരു പ്രസ്താവന നടത്തിയപ്പോൾ യേശു പുതിന, ജീരകം, ചതകുപ്പ എന്നിവയെക്കുറിച്ചാണു പറഞ്ഞത്. മത്ത 23:23-ൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻനിര: മത്ത 23:6-ന്റെ പഠനക്കുറിപ്പു കാണുക.
ചന്തസ്ഥലങ്ങൾ: മത്ത 23:7-ന്റെ പഠനക്കുറിപ്പു കാണുക.
പെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടാത്ത ശവകുടീരങ്ങൾ: അഥവാ “പ്രത്യേകം അടയാളപ്പെടുത്താത്ത ശവകുടീരങ്ങൾ.” സാധ്യതയനുസരിച്ച്, ജൂതന്മാരുടെ ശവകുടീരങ്ങൾ പൊതുവേ വലിയ മോടിയും പകിട്ടും ഇല്ലാത്തവയായിരുന്നു. ഈ വാക്യത്തിൽ പറയുന്നതുപോലെ, ചില ശവകുടീരങ്ങൾ ഒട്ടും കണ്ണിൽപ്പെടാത്തവയായിരുന്നതുകൊണ്ട് ആളുകൾ അറിയാതെ അതിനു മുകളിലൂടെ നടക്കാനും അങ്ങനെ ആചാരപരമായി അശുദ്ധരായിത്തീരാനും സാധ്യതയുണ്ടായിരുന്നു. മരിച്ച ഒരാളുമായി ബന്ധപ്പെട്ട എന്തിലെങ്കിലും തൊടുന്നവരെ മോശയുടെ നിയമം അശുദ്ധരായാണു കണക്കാക്കിയിരുന്നത്. ഒരാൾ അറിയാതെ ശവകുടീരങ്ങളുടെ മുകളിലൂടെ നടന്നാൽപ്പോലും ഏഴു ദിവസത്തേക്ക് ആചാരപരമായി അശുദ്ധനാകുമായിരുന്നു. (സംഖ 19:16) അതുകൊണ്ട്, അത്തരം ശവകുടീരങ്ങൾ പെട്ടെന്നു തിരിച്ചറിയാനും ഒഴിവാക്കാനും വേണ്ടി ജൂതന്മാർ എല്ലാ വർഷവും അവയിൽ വെള്ള പൂശിയിരുന്നു. ഇവിടെ ശവകുടീരങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ സാധ്യതയനുസരിച്ച് യേശു ഉദ്ദേശിച്ചത്, പരീശന്മാർ നല്ലവരാണെന്നു കരുതി ആളുകൾ അവരുമായി അടുത്ത് ഇടപഴകുമ്പോൾ അവരുടെ ദുഷിച്ച മനോഭാവവും അശുദ്ധ ചിന്തകളും അറിയാതെ അവരെയും സ്വാധീനിച്ചേക്കാം എന്നാണ്.—മത്ത 23:27-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞു: അക്ഷ. “ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞു.” തുടർന്ന് വരുന്ന വാക്കുകൾ ദൈവത്തിൽനിന്നുള്ളതായിട്ടാണ് ഈ വാക്യത്തിൽ കാണുന്നത്. എന്നാൽ മറ്റൊരു സന്ദർഭത്തിൽ സമാനമായ വാക്കുകൾ യേശുവിന്റേതായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.—മത്ത 23:34.
ലോകാരംഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കുപദം എബ്ര 11:11-ൽ “ഗർഭിണിയാകുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ ‘ആരംഭം’ എന്ന പദം, ആദാമിനും ഹവ്വയ്ക്കും മക്കൾ ജനിച്ചതിനെയാണു കുറിക്കുന്നത്. യേശു ‘ലോകാരംഭത്തെ’ ഹാബേലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തെളിവനുസരിച്ച്, വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗലോകത്തിലെ ആദ്യമനുഷ്യനാണു ഹാബേൽ. അത്തരത്തിൽ വീണ്ടെടുക്കപ്പെടാവുന്നവരുടെ പേരുകൾ ‘ലോകാരംഭംമുതൽ’ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെടുന്നുണ്ട്.—ലൂക്ക 11:51; വെളി 17:8; മത്ത 25:34-ന്റെ പഠനക്കുറിപ്പു കാണുക.
ഹാബേൽ മുതൽ . . . സെഖര്യ വരെയുള്ളവരുടെ രക്തം: മത്ത 23:35-ന്റെ പഠനക്കുറിപ്പു കാണുക.
യാഗപീഠത്തിനും ദേവാലയത്തിനും ഇടയ്ക്കുവെച്ച്: ‘ദേവാലയം’ എന്ന പദം, വിശുദ്ധവും അതിവിശുദ്ധവും അടങ്ങുന്ന കെട്ടിടത്തെയാണു കുറിക്കുന്നത്. സെഖര്യ കൊല്ലപ്പെട്ടത് “യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്” ആണെന്നു 2ദിന 24:21 പറയുന്നു. വിശുദ്ധമന്ദിരത്തിന്റെ പ്രവേശനകവാടത്തിനു പുറത്ത്, അതിനു മുന്നിലായി, അകത്തെ മുറ്റത്തായിരുന്നു ദഹനയാഗത്തിനുള്ള യാഗപീഠം. (അനു. ബി8 കാണുക.) സെഖര്യ കൊല്ലപ്പെട്ടതായി യേശു പറഞ്ഞ സ്ഥലം ഇതുമായി യോജിപ്പിലാണ്.
അറിവിന്റെ താക്കോൽ: അക്ഷരാർഥത്തിലുള്ളതോ ആലങ്കാരികാർഥത്തിലുള്ളതോ ആയ താക്കോലുകൾ ചിലർക്കു ലഭിച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവർക്ക് ഒരളവിൽ അധികാരം ലഭിച്ചു എന്നതിന്റെ സൂചനയായിരുന്നു അത്. (1ദിന 9:26, 27; യശ 22:20-22) അതുകൊണ്ടുതന്നെ “താക്കോൽ“ എന്ന പദം അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമായി മാറി. ഇനി ഈ വാക്യത്തിൽ, ‘അറിവ്’ എന്നു പറഞ്ഞിരിക്കുന്നതു ദൈവത്തിൽനിന്നുള്ള അറിവിനെയായിരിക്കാം കുറിക്കുന്നത്. കാരണം യേശു ഇവിടെ സംസാരിക്കുന്നതു നിയമപണ്ഡിതന്മാരായ മതനേതാക്കന്മാരോടാണ്. വാസ്തവത്തിൽ, ദൈവനിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന അവർ, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ആളുകൾക്കു പകർന്നുകൊടുക്കാൻ തങ്ങളുടെ അധികാരം ഉപയോഗിക്കേണ്ടവരായിരുന്നു. ദൈവവചനം വിശദീകരിച്ചുകൊടുത്തുകൊണ്ട്, അതിന്റെ അർഥം മനസ്സിലാക്കാൻ അവർ ആളുകളെ സഹായിക്കണമായിരുന്നു. ഇനി, മതനേതാക്കന്മാർ “മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു” എന്നു മത്ത 23:13-ൽ യേശു പറയുന്നതായി കാണാം. അതുമായി ഈ വാക്യം താരതമ്യം ചെയ്താൽ, അകത്ത് കടക്കുക എന്നു പറഞ്ഞിരിക്കുന്നത്, സ്വർഗരാജ്യത്തിൽ കടക്കുന്നതിനെയാണു കുറിക്കുന്നതെന്നു മനസ്സിലാകും. ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ആളുകൾക്കു പകർന്നുകൊടുക്കാതിരുന്നതിലൂടെ മതനേതാക്കന്മാർ, ദൈവവചനം മനസ്സിലാക്കാനും ദൈവരാജ്യത്തിലേക്കു പ്രവേശിക്കാനും ഉള്ള അവസരം പലരിൽനിന്നും എടുത്തുമാറ്റി.
യേശുവിനെ കഠിനമായ സമ്മർദത്തിലാക്കി: ഈ പദപ്രയോഗത്തിന് ആളുകൾ ചുറ്റും കൂടുന്നതിനെ അർഥമാക്കാൻ കഴിയുമെങ്കിലും ഇവിടെ അതു കുറിക്കുന്നതു മതനേതാക്കന്മാർക്കു യേശുവിനോടുള്ള കടുത്ത വിദ്വേഷത്തെയായിരിക്കാം. ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ അവർ യേശുവിനെ ശക്തമായ സമ്മർദത്തിലാക്കി. ഈ വാക്യത്തിൽ കാണുന്ന ഗ്രീക്കുക്രിയ മർ 6:19-ൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘കടുത്ത പക’ എന്നാണ്. സ്നാപകയോഹന്നാനോടു ഹെരോദ്യക്കുള്ള അടങ്ങാത്ത വിദ്വേഷത്തെക്കുറിച്ചാണ് അവിടെ പറയുന്നത്.
ദൃശ്യാവിഷ്കാരം
ഏതാണ്ട് 2.5 സെ.മീ. മുതൽ 20 സെ.മീ. വരെ വലുപ്പമുള്ള 600-ലധികം വ്യത്യസ്ത ഇനം തേളുകളുണ്ട്. ഇവയിൽ ഏതാണ്ട് 12 ഇനങ്ങളെ ഇസ്രായേലിലും സിറിയയിലും ആയി കണ്ടെത്തിയിട്ടുണ്ട്. തേളിന്റെ കുത്തേറ്റ് പൊതുവേ മനുഷ്യർ മരിക്കാറില്ലെങ്കിലും പല ഇനങ്ങളുടെയും വിഷം മരുഭൂമിയിൽ കാണുന്ന അപകടകാരികളായ ചില അണലികളുടെ വിഷത്തെക്കാൾ വീര്യം കൂടിയതാണ്. ഇസ്രായേലിൽ കാണുന്ന ഏറ്റവും വിഷമുള്ള തേൾ, മഞ്ഞ നിറത്തിലുള്ള ലയൂറസ് ക്വിൻക്വെസ്ട്രിയാറ്റസ് (ഇവിടെ കാണിച്ചിരിക്കുന്നത്.) ആണ്. തേൾ കുത്തുമ്പോൾ ഉണ്ടാകുന്ന കഠിനവേദനയെക്കുറിച്ച് വെളി 9:3, 5, 10 എന്നീ വാക്യങ്ങളിൽ കാണാം. യഹൂദ്യ വിജനഭൂമിയിലും ‘ഭയാനകമായ വിജനഭൂമിയുള്ള’ സീനായ് ഉപദ്വീപിലും തേളുകളെ സർവസാധാരണമായി കണ്ടിരുന്നു.—ആവ 8:15.
ഇവിടെ കാണിച്ചിരിക്കുന്ന വിളക്കുതണ്ട് (1) എഫെസൊസിൽനിന്നും ഇറ്റലിയിൽനിന്നും കണ്ടെടുത്ത പുരാവസ്തുക്കളെ (ഒന്നാം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്നത്.) ആധാരമാക്കി ഒരു ചിത്രകാരൻ വരച്ചതാണ്. വീടുകളിൽ ഉപയോഗിച്ചിരുന്ന ഇത്തരം വിളക്കുതണ്ടുകൾ സാധ്യതയനുസരിച്ച് സമ്പന്നരുടെ ഭവനങ്ങളിലാണു കണ്ടിരുന്നത്. അത്ര സാമ്പത്തികസ്ഥിതി ഇല്ലാത്തവരുടെ വീടുകളിൽ, വിളക്കു ചുവരിലെ ഒരു പൊത്തിൽ വെക്കുകയോ (2) മച്ചിൽനിന്ന് തൂക്കിയിടുകയോ മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ ഒരു വിളക്കുതണ്ടിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്.
അത്ര പെട്ടെന്നൊന്നും നശിച്ചുപോകാത്ത ഒരുതരം കുറ്റിച്ചെടി. തണ്ടുകളിൽ നിറയെ രോമമുള്ള ഈ ചെടിക്കു രൂക്ഷഗന്ധമാണ്. ഇത് ഏതാണ്ട് 1 മീ. (3 അടി) ഉയരത്തിൽ വളരും. മങ്ങിയ പച്ച നിറത്തോടുകൂടിയ ഇലകളുള്ള ഈ ചെടിയിൽ കുലകുലയായി മഞ്ഞപ്പൂക്കളും കാണപ്പെടുന്നു. ഇവിടെ കാണിച്ചിരിക്കുന്ന അരൂതയ്ക്കു (റൂട്ട ചാലപെൻസിസ് ലാറ്റിഫോളിയ) പുറമേ മറ്റൊരു ഇനവും (റൂട്ട ഗ്രവിയോലൻസ്) ഇസ്രായേലിൽ വളരുന്നുണ്ട്. യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് ആളുകൾ ഇതു വളർത്തിയിരുന്നത് മരുന്നിനും ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാനും ആയിരുന്നിരിക്കാം. ബൈബിളിൽ ഈ ചെടിയെക്കുറിച്ച് ലൂക്ക 11:42-ൽ മാത്രമേ പറയുന്നുള്ളൂ. അമിതമായ കണിശതയോടെ ദശാംശം വാങ്ങിയിരുന്ന പരീശന്മാരുടെ കപടഭക്തിയെ യേശു കുറ്റം വിധിക്കുന്ന ഒരു തിരുവെഴുത്തുഭാഗമാണ് ഇത്.—മത്ത 23:33 താരതമ്യം ചെയ്യുക.
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ചിലപ്പോഴൊക്കെ റോഡിന്റെ ഇരുവശത്തുമായിട്ടായിരുന്നു ചന്തകൾ. മിക്കപ്പോഴും വ്യാപാരികൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചിരുന്നതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വിലകൂടിയ ചില്ലുപാത്രങ്ങളും നല്ല പച്ചക്കറികളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമായിരുന്നു ഇത്. അക്കാലത്ത് ഭക്ഷണം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാഞ്ഞതുകൊണ്ട് ഓരോ ദിവസത്തേക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടിക്കുന്നതായിരുന്നു രീതി. അവിടെ ചെല്ലുന്നവർക്കു കച്ചവടക്കാരിൽനിന്നും മറ്റു സന്ദർശകരിൽനിന്നും പുതിയപുതിയ വാർത്തകൾ കേൾക്കാമായിരുന്നു. കുട്ടികൾ അവിടെ കളിച്ചിരുന്നു. തങ്ങളെ കൂലിക്കു വിളിക്കുന്നതും പ്രതീക്ഷിച്ച് ആളുകൾ അവിടെ കാത്തിരിക്കാറുമുണ്ടായിരുന്നു. ചന്തസ്ഥലത്തുവെച്ച് യേശു ആളുകളെ സുഖപ്പെടുത്തിയതായും പൗലോസ് മറ്റുള്ളവരോടു പ്രസംഗിച്ചതായും നമ്മൾ വായിക്കുന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽവെച്ച്, ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാനും അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും ആഗ്രഹിച്ചു.