ലൂക്കോസ് എഴുതിയത് 12:1-59
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അനേകായിരങ്ങൾ: അക്ഷ. “പതിനായിരങ്ങൾ.” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പതിനായിരത്തിന്റെ കൂട്ടം” എന്നാണെങ്കിലും ക്ലിപ്തമല്ലാത്ത, വലിയൊരു സംഖ്യയെ കുറിക്കാനും അതിനാകും.
പുളിച്ച മാവ്: അഥവാ “യീസ്റ്റ്.” ഈ പദപ്രയോഗം പലപ്പോഴും പാപത്തിന്റെയും വഷളത്തത്തിന്റെയും പ്രതീകമായി ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതു കുറിക്കുന്നതു ദുഷിച്ച ഉപദേശങ്ങളെയും സ്വാധീനത്തെയും ആണ്.—മത്ത 16:6, 11, 12; 1കൊ 5:6-8.
വെളിച്ചത്ത് കേൾക്കും: അതായത്, പരസ്യമാകും; എല്ലാവരും കേൾക്കും.
നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ട്: അക്ഷ. “രണ്ട് അസ്സാറിയൊൻ.” മുമ്പ് ഗലീലയിൽ മൂന്നാം പര്യടനം നടത്തിയ സന്ദർഭത്തിൽ, ഒരു അസ്സാറിയൊനിനു രണ്ടു കുരുവികളെ വാങ്ങാമെന്നു യേശു പറഞ്ഞിരുന്നു. (മത്ത 10:29) 45 മിനിട്ട് ജോലി ചെയ്യുന്നതിന് ഒരാൾക്കു കിട്ടിയിരുന്ന കൂലിയായിരുന്നു ഒരു അസ്സാറിയൊൻ. (അനു. ബി14 കാണുക.) ഇപ്പോൾ ഏതാണ്ട് ഒരു വർഷത്തിനു ശേഷം, സാധ്യതയനുസരിച്ച് യഹൂദ്യയിലെ ശുശ്രൂഷയുടെ സമയത്ത്, രണ്ട് അസ്സാറിയൊനിന് അഞ്ചു കുരുവികളെ കിട്ടുമെന്നു യേശു പറഞ്ഞതായി ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. ഈ രണ്ടു വിവരണങ്ങൾ താരതമ്യം ചെയ്താൽ ഒരു കാര്യം വ്യക്തം: വ്യാപാരികൾ കുരുവികളെ തീരെ വിലയില്ലാത്തതായി കണ്ടിരുന്നു. കാരണം അഞ്ചാമത്തെ കുരുവിയെ അവർ സൗജന്യമായാണു കൊടുത്തിരുന്നത്.
കുരുവികൾ: മത്ത 10:29-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു: മത്ത 10:30-ന്റെ പഠനക്കുറിപ്പു കാണുക.
പൊതുസദസ്സ്: മറ്റൊരു സാധ്യത, “സിനഗോഗ്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സുനഗോഗേ എന്ന ഗ്രീക്കുനാമത്തിന്റെ അക്ഷരാർഥം “വിളിച്ചുകൂട്ടൽ; കൂടിവരവ്” എന്നൊക്കെയാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ആ പദം കുറിക്കുന്നത്, ജൂതന്മാർ തിരുവെഴുത്തു വായിക്കാനും പഠിപ്പിക്കാനും പ്രസംഗിക്കാനും പ്രാർഥിക്കാനും കൂടിവന്നിരുന്ന കെട്ടിടത്തെയോ സ്ഥലത്തെയോ ആണ്. (പദാവലിയിൽ “സിനഗോഗ്” കാണുക.) ഈ വാക്യത്തിലും ആ പദത്തിനു “സിനഗോഗ്” എന്ന അർഥം വരാം. സിനഗോഗുകളോടു ചേർന്ന് ജൂതന്മാരുടെ പ്രാദേശികകോടതികൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. (മത്ത 10:17-ന്റെ പഠനക്കുറിപ്പു കാണുക.) പക്ഷേ ഇവിടെ സുനഗോഗേ എന്ന പദം കുറെക്കൂടെ വിശാലമായ അർഥത്തിലായിരിക്കാം ഉപയോഗിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച്, ജൂതന്മാരും ജൂതന്മാരല്ലാത്തവരും ഉൾപ്പെടെ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ചില പൊതുസദസ്സുകളെയാണ് ഇവിടെ അതു കുറിക്കുന്നത്. ഒരു ക്രിസ്ത്യാനിയെ നിയമപരമായി വിചാരണ ചെയ്യാൻവേണ്ടി ആളുകൾ അത്തരത്തിൽ കൂടിവരുമായിരുന്നു. ക്രിസ്ത്യാനിയാണെന്നതിന്റെ പേരിൽ ഒരാൾക്കു ശിക്ഷ വിധിക്കാൻപോലും ഇത്തരം കൂട്ടങ്ങൾക്ക് അധികാരമുണ്ടായിരുന്നു.
പിതൃസ്വത്ത് വീതിച്ച് എന്റെ പങ്കു തരാൻ: സഹോദരങ്ങൾക്ക് ഇടയിൽ പിതൃസ്വത്ത് പങ്കുവെക്കേണ്ടത് എങ്ങനെയെന്നു മോശയുടെ നിയമം വളരെ വ്യക്തമായി പറഞ്ഞിരുന്നു. കുടുംബനാഥന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതു മൂത്ത മകനായിരുന്നതുകൊണ്ട്, അയാൾക്കു സ്വത്തിന്റെ ഇരട്ടി ഓഹരി ലഭിക്കുമായിരുന്നു. (ആവ 21:17) ബാക്കിയുള്ള സ്വത്ത് മറ്റ് അനന്തരാവകാശികൾക്കു വീതിച്ചുകൊടുക്കും. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന വ്യക്തി, തനിക്കു നിയമപരമായി അർഹതപ്പെട്ട ഓഹരിയെക്കാൾ കൂടുതൽ വേണമെന്ന് ആഗ്രഹിച്ച ഒരു അത്യാഗ്രഹി ആയിരുന്നു. അതുകൊണ്ടായിരിക്കാം യേശു നടത്തിക്കൊണ്ടിരുന്ന ആത്മീയചർച്ച തടസ്സപ്പെടുത്തി, ഇത്തരമൊരു ഭൗതികവിഷയം എടുത്തിടാൻ അയാൾ മുതിർന്നത്. ആ തർക്കത്തിൽ ഉൾപ്പെടാൻ ബുദ്ധിപൂർവം വിസമ്മതിച്ച യേശു പക്ഷേ, അത്യാഗ്രഹത്തിന് എതിരെ മുന്നറിയിപ്പു കൊടുക്കുന്നതായി തുടർന്നുള്ള ഭാഗത്ത് കാണാം.
മധ്യസ്ഥൻ: അഥവാ “വിഭാഗിച്ചുകൊടുക്കുന്നയാൾ; വീതംവെച്ചുകൊടുക്കുന്നയാൾ.” മോശയുടെ നിയമം കൃത്യമായി പറഞ്ഞിട്ടുള്ള ഒരു കാര്യത്തിൽ താൻ ഉൾപ്പെടേണ്ടതില്ലെന്നു വ്യക്തമാക്കുകയായിരുന്നു യേശു ഇവിടെ. മാത്രമല്ല, സാമ്പത്തികതർക്കങ്ങളിൽ മധ്യസ്ഥരായിരിക്കാൻ മോശയുടെ നിയമം ചുമതലപ്പെടുത്തിയിട്ടുള്ളതു മൂപ്പന്മാരെയായിരുന്നു. ഇനി, തന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടാനല്ല, മറിച്ച് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനാണ് എന്നും യേശുവിന് അറിയാമായിരുന്നു.
അത്യാഗ്രഹം: അഥവാ “അർഹമല്ലാത്തതിനുവേണ്ടിയുള്ള എല്ലാ തരം അതിമോഹവും.” ഇവിടെ കാണുന്ന പ്ലെയൊനെക്സിയ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം, “ഇനിയുമിനിയും സ്വന്തമാക്കുക” എന്നാണ്. ഇപ്പോഴുള്ളതിലും കൂടുതൽ സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെയാണ് അതു കുറിക്കുന്നത്. എഫ 4:19; 5:3 എന്നീ വാക്യങ്ങളിലും ഇതേ ഗ്രീക്കുപദം കാണാം. കൊലോ 3:5-ൽ ‘അത്യാഗ്രഹത്തെ’ പൗലോസ് വിളിച്ചിരിക്കുന്നതു “വിഗ്രഹാരാധന” എന്നാണ്.
എന്നോടുതന്നെ: അഥവാ “എന്റെ ദേഹിയോടുതന്നെ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം 19, 20 വാക്യങ്ങളിൽ മൂന്നു പ്രാവശ്യം കാണാം. സന്ദർഭം നോക്കിയാണ് ഈ പദത്തിന്റെ അർഥം തീരുമാനിക്കാറുള്ളത്. (പദാവലിയിൽ “ദേഹി” കാണുക.) ഇവിടെ ഈ പദം കുറിക്കുന്നത് ആ വ്യക്തിയെത്തന്നെയാണ്. അതായത്, ആളുകൾക്കു കാണുകയും സ്പർശിക്കുകയും ചെയ്യാവുന്ന, ആ വ്യക്തിയെ മുഴുവനുമാണ്. അല്ലാതെ മനുഷ്യശരീരത്തിന് അകത്തുള്ള, കാണാനോ സ്പർശിക്കാനോ കഴിയാത്ത എന്തിനെയെങ്കിലുമല്ല. അതുകൊണ്ട്, “എന്നോടുതന്നെ” എന്ന പദപ്രയോഗത്തിനും “എന്റെ ദേഹിയോടുതന്നെ” എന്ന പദപ്രയോഗത്തിനും അടിസ്ഥാനപരമായി ഒരേ അർഥമാണ്.—ഈ വാക്യത്തിലെ നീ എന്നതിന്റെ പഠനക്കുറിപ്പും ലൂക്ക 12:20-ന്റെ പഠനക്കുറിപ്പും കാണുക.
നീ: അഥവാ “ദേഹീ നീ.” ബുദ്ധിശൂന്യനായ ആ മനുഷ്യൻ ഇവിടെ തന്നോടുതന്നെ സംസാരിക്കുകയാണ്. ഈ വാക്യത്തിലെ എന്നോടുതന്നെ എന്നതിന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ആ വ്യക്തിയെത്തന്നെയാണു കുറിക്കുന്നത്.—പദാവലിയിൽ “ദേഹി” കാണുക.
മൂഢാ: ബൈബിളിൽ “മൂഢൻ” എന്നതുപോലുള്ള പദപ്രയോഗങ്ങൾ പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മാനസികമായ കഴിവുകളോ ബുദ്ധിയോ കുറഞ്ഞവരെ കുറിക്കാനല്ല, മറിച്ച് ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളുമായി യോജിക്കാത്ത, വിവേകശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നവരെയാണ്.
അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും: ഈ ദൃഷ്ടാന്തത്തിൽ “അവർ” എന്നു പറഞ്ഞിരിക്കുന്നത്, ഏതെങ്കിലുമൊരു കൂട്ടം മനുഷ്യരെയോ ദൂതന്മാരെയോ ഉദ്ദേശിച്ചല്ല. വാസ്തവത്തിൽ ഇവിടെ, “ചോദിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാരൂപത്തിന്റെ ധർമം, ആ മനുഷ്യന് എന്തു സംഭവിക്കാൻപോകുന്നു എന്നു സൂചിപ്പിക്കുക മാത്രമാണ്. അതുകൊണ്ടുതന്നെ ഈ പദപ്രയോഗത്തെ (“അവർ” എന്ന പദം ഒഴിവാക്കി) “നിന്റെ ജീവൻ നിന്നോടു ചോദിക്കും” എന്നും പരിഭാഷപ്പെടുത്താം. ഈ ദൃഷ്ടാന്തത്തിലെ ധനികനായ മനുഷ്യൻ മരിക്കുന്നത് എങ്ങനെയായിരിക്കുമെന്നോ അദ്ദേഹത്തിന്റെ ജീവനെടുക്കുന്നത് ആരായിരിക്കുമെന്നോ യേശു പറഞ്ഞില്ല എന്ന കാര്യം ശ്രദ്ധിക്കുക. മരിക്കുന്നത് എങ്ങനെയായാലും, ആ രാത്രിതന്നെ അയാൾക്കു മരണം സംഭവിക്കും എന്നതിനായിരുന്നു ഇവിടെ പ്രാധാന്യം.
നിന്റെ ജീവൻ: അഥവാ “നിന്റെ ദേഹി.” ലൂക്ക 12:19-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അത് ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
ദൈവമുമ്പാകെ സമ്പന്നൻ: അഥവാ “ദൈവത്തിന്റെ നോട്ടത്തിൽ സമ്പന്നൻ.” ദൈവം പ്രാധാന്യമുള്ളതായി കാണുന്ന കാര്യങ്ങളിൽ സമ്പന്നൻ എന്നാണ് അതിന്റെ അർഥം.
നിങ്ങളുടെ ജീവൻ: അഥവാ “നിങ്ങളുടെ ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
ഇനി ഉത്കണ്ഠപ്പെടരുത്: അഥവാ “ആകുലപ്പെടുന്നതു നിറുത്തുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന മെറിമ്നാഓ എന്ന ഗ്രീക്കുക്രിയയുടെ കാലം, ഇപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം നിറുത്തുന്നതിനെയാണു സൂചിപ്പിക്കുന്നത്. ‘ഉത്കണ്ഠപ്പെടുക’ എന്നതിന്റെ ഗ്രീക്കുപദത്തിന്, ഒരാളുടെ മനസ്സിനെ കലുഷിതമാക്കുന്ന, അയാളുടെ ശ്രദ്ധ പതറിക്കുന്ന തരം ആകുലതയെ കുറിക്കാനാകും. ഇത് അയാളുടെ സന്തോഷം കവർന്നെടുക്കും. ലൂക്ക 12:11, 25, 26 എന്നീ വാക്യങ്ങളിലും ലൂക്കോസ് ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. 1കൊ 7:32-34; ഫിലി 4:6 എന്നിവിടങ്ങളിൽ പൗലോസും ഇതേ ക്രിയാപദം ഉപയോഗിച്ചിരിക്കുന്നതായി കാണാം.—മത്ത 6:25-ന്റെ പഠനക്കുറിപ്പു കാണുക.
ജീവൻ: അഥവാ “ദേഹി.” കഴിഞ്ഞ വാക്യത്തിലെപ്പോലെ ഇവിടെയും സൈക്കി എന്ന ഗ്രീക്കുപദം ഒരാളുടെ ജീവനെയാണു കുറിക്കുന്നത്. അതുകൊണ്ട് ഇവിടെ, ജീവനും (ദേഹിയും) ശരീരവും ചേരുന്നതാണ് ഒരു വ്യക്തി.
കാക്ക: അക്ഷ. “മലങ്കാക്ക.” ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പക്ഷിയെക്കുറിച്ച് ഇവിടെ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഗിരിപ്രഭാഷണത്തിനിടെ ഇതിനോടു സമാനമായ ഒരു നിർദേശം കൊടുത്തപ്പോൾ യേശു ഏതെങ്കിലും ഒരു പ്രത്യേകപക്ഷിയെക്കുറിച്ച് എടുത്തുപറഞ്ഞില്ല. (മത്ത 6:26) ഗലീലയിൽ ഗിരിപ്രഭാഷണം നടത്തി ഏതാണ്ട് 18 മാസം കഴിഞ്ഞ്, യഹൂദ്യയിലെ ശുശ്രൂഷയുടെ സമയത്താണു ലൂക്കോസിന്റെ വിവരണത്തിലെ ഈ ഭാഗം യേശു പറഞ്ഞത്. യേശു ഇവിടെ കാക്കയെക്കുറിച്ച് എടുത്തുപറഞ്ഞതിലൂടെ, താൻ പറയുന്ന കാര്യത്തിന് കൂടുതൽ ഊന്നൽ നൽകുകയായിരുന്നു. എങ്ങനെ? നിയമയുടമ്പടിയിൽ മലങ്കാക്കയെ അശുദ്ധമായാണു കണക്കാക്കിയിരുന്നത്. (ലേവ 11:13, 15) ഈ അശുദ്ധപക്ഷിക്കുവേണ്ടിപ്പോലും ദൈവം കരുതുന്നെങ്കിൽ തന്നിൽ ആശ്രയിക്കുന്ന തന്റെ ജനത്തെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല എന്ന പാഠമായിരിക്കാം യേശു ഇതിലൂടെ പഠിപ്പിച്ചത്.
ആയുസ്സ്: മത്ത 6:27-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു മുഴം: മത്ത 6:27-ന്റെ പഠനക്കുറിപ്പു കാണുക.
ഈ ചെറിയൊരു കാര്യംപോലും: അഥവാ “ഇത്ര നിസ്സാരമായൊരു കാര്യംപോലും.” അക്ഷ. “ഏറ്റവും ചെറിയ കാര്യംപോലും.” ഒരാളുടെ ആയുസ്സിനോട് ഒരു മുഴമെങ്കിലും കൂട്ടുന്നതിനെക്കുറിച്ച് മുൻവാക്യത്തിൽ പറഞ്ഞതിനെയായിരിക്കാം ചെറിയൊരു കാര്യം എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നത്. മനുഷ്യർക്ക് അവരുടെ ആയുസ്സ് അൽപ്പംപോലും, അതായത് ഒരു മുഴംപോലും, കൂട്ടാൻ കഴിയില്ലെങ്കിൽപ്പിന്നെ അവർ എന്തിന് ധാരാളം സമ്പത്തും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാരിക്കൂട്ടുന്നതിനെക്കുറിച്ചും അനേകം വീടുകളും നിലങ്ങളും സ്വന്തമാക്കുന്നതിനെക്കുറിച്ചും ചിന്തിച്ച് ഇത്രമാത്രം ഉത്കണ്ഠപ്പെടണം?
ലില്ലിച്ചെടി: ഇത് അനെമണി പൂവാണെന്നാണു ചിലരുടെ അഭിപ്രായം. എന്നാൽ ഇതു ടൂലിപ്പ്, ഹൈയാസിന്ത്, ഐറിസ്, ഗ്ലാഡിയോലസ് എന്നിവപോലെ ലില്ലിപ്പൂക്കളോടു സാമ്യമുള്ള മറ്റേതെങ്കിലും പൂക്കളും ആകാം. ആ പ്രദേശത്ത് കാണപ്പെടുന്ന വിവിധതരം കാട്ടുപൂക്കളെക്കുറിച്ചാണു യേശു പറഞ്ഞതെന്ന് അഭിപ്രായപ്പെടുന്ന ചിലർ, ഇവിടെ കാണുന്ന ഗ്രീക്കുപദത്തെ പരിഭാഷപ്പെടുത്തിയിരിക്കുന്നതു കുറെക്കൂടെ വിശാലമായ അർഥത്തിൽ “പൂക്കൾ,” “കാട്ടുപൂക്കൾ” എന്നൊക്കെയാണ്.
ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കുക: അഥവാ “ആകുലപ്പെടുന്നതു നിറുത്തുക.” മെറ്റിയോറിസോമായ് എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഗ്രീക്കു സാഹിത്യഭാഷയിൽ അതിന്റെ അർഥം “പൊങ്ങി ഉയർന്നുനിൽക്കുക; (വായുവിൽ എന്നപോലെ) തൂങ്ങിനിൽക്കുക” എന്നൊക്കെയായിരുന്നു. പ്രക്ഷുബ്ധമായ കടലിൽ കപ്പൽ ആടിയുലയുന്നതിനെ കുറിക്കാൻപോലും ഈ പദം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവിടെ അത് ഉത്കണ്ഠയെയോ മനസ്സിന്റെ അസ്വസ്ഥതയെയോ സൂചിപ്പിക്കാൻ ആലങ്കാരികമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സന്ദേഹമോ ഉത്കണ്ഠയോ കാരണം ആടിയുലയുന്ന അഥവാ ചഞ്ചലപ്പെട്ട ഒരു മനസ്സിനെ അതു കുറിക്കുന്നു.
ദാനം ചെയ്യുക: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
വസ്ത്രം ധരിച്ച് തയ്യാറായിരിക്കുക: അക്ഷ. “അര കെട്ടി ഇരിക്കുക.” ഇതൊരു ഭാഷാശൈലിയാണ്. കായികാധ്വാനം ഉൾപ്പെട്ട ജോലി ചെയ്യാനോ ഓടാനോ ഒക്കെയുള്ള സൗകര്യത്തിനായി നീണ്ട പുറങ്കുപ്പായത്തിന്റെ താഴത്തെ അറ്റം കാലുകൾക്ക് ഇടയിലൂടെ മുകളിലേക്ക് എടുത്ത് ഒരു അരപ്പട്ടകൊണ്ട് അരയിൽ കെട്ടിനിറുത്തുന്നതിനെയാണ് ഇതു കുറിക്കുന്നത്. ക്രമേണ അത്, ഒരു കാര്യം ചെയ്യാനുള്ള ഒരുക്കത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമായി മാറി. എബ്രായ തിരുവെഴുത്തുകളിൽ പലയിടത്തും സമാനമായ പദപ്രയോഗങ്ങൾ കാണാം. (ഉദാഹരണങ്ങൾ: പുറ 12:11, അടിക്കുറിപ്പ്; 1രാജ 18:46, അടിക്കുറിപ്പ്; 2രാജ 3:21; 4:29; സുഭ 31:17, അടിക്കുറിപ്പ്; യിര 1:17, അടിക്കുറിപ്പ്) ഈ വാക്യത്തിൽ ആ ക്രിയയുടെ രൂപം സൂചിപ്പിക്കുന്നത്, ആത്മീയപ്രവർത്തനങ്ങൾ ചെയ്യാൻ ദൈവസേവകർക്ക് എപ്പോഴുമുണ്ടായിരിക്കേണ്ട മനസ്സൊരുക്കത്തെയാണ്. ലൂക്ക 12:37-ൽ (അടിക്കുറിപ്പ്) ഇതേ ഗ്രീക്കുക്രിയ, “സേവനം ചെയ്തുകൊടുക്കാൻ അര കെട്ടി” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1പത്ര 1:13-ലെ, “മനസ്സുകളെ ശക്തമാക്കുക” എന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “മനസ്സിന്റെ അര കെട്ടുക” എന്നാണ്.
വസ്ത്രം മാറി: അക്ഷ. “സേവനം ചെയ്തുകൊടുക്കാൻ അര കെട്ടി.”—ലൂക്ക 12:35; 17:8 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
രണ്ടാം യാമം: അതായത്, രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്, റോമൻ സമ്പ്രദായമാണ് ഇതിന് ആധാരം. എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.—മത്ത 14:25; മർ 13:35 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മൂന്നാം യാമം: അതായത്, അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെയുള്ള സമയം.—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.
പരിചാരകഗണം: അഥവാ “വീട്ടിലെ പണിക്കാർ.” മത്ത 24:45-ലെ “വീട്ടുജോലിക്കാർ” (ഗ്രീക്കിൽ, ഒയിക്കേറ്റെയിയ) എന്ന പദപ്രയോഗംപോലെതന്നെ ഈ പദപ്രയോഗവും (ഗ്രീക്കിൽ, തെറാപെയിയ) യജമാനന്റെ വീട്ടിൽ ജോലി ചെയ്യുന്ന എല്ലാവരെയും കുറിക്കുന്നു. മത്തായി ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ ഏതാണ്ട് അതേ അർഥംവരുന്ന ഒരു പദംതന്നെയാണു ലൂക്കോസും ഉപയോഗിച്ചിരിക്കുന്നതെങ്കിലും ലൂക്കോസിന്റെ വിവരണത്തിലേത്, ഗ്രീക്ക് സാഹിത്യഭാഷയിൽ പൊതുവേ കാണുന്ന ഒരു പദമാണ്. ലൂക്കോസ് ഈ പദം ഉപയോഗിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും പശ്ചാത്തലവും ഒക്കെയായിരിക്കാം.
വിവേകി: അഥവാ “ബുദ്ധിമാൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫ്രോനിമൊസ് എന്ന ഗ്രീക്ക് നാമവിശേഷണം കുറിക്കുന്നത്, ഗ്രാഹ്യത്തോടൊപ്പം ഉൾക്കാഴ്ചയും ദീർഘവീക്ഷണവും വകതിരിവും വിവേചനയും പ്രായോഗികജ്ഞാനവും ചേരുന്ന ഒരു ഗുണത്തെയാണ്. ഇതേ ഗ്രീക്കുപദത്തിന്റെ മറ്റൊരു രൂപം ലൂക്ക 16:8-ൽ കാണാം. അവിടെ അതു ‘ബുദ്ധിശാലികൾ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മത്ത 7:24; 25:2, 4, 8, 9 എന്നീ വാക്യങ്ങളിൽ ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. ഉൽ 41:33, 39-ൽ യോസേഫിനെക്കുറിച്ച് പറയുന്നിടത്ത് സെപ്റ്റുവജിന്റിലും ഇതേ പദമാണു കാണുന്നത്.
കാര്യസ്ഥൻ: അഥവാ “വീട്ടിലെ കാര്യം നോക്കിനടത്തുന്നയാൾ.” ഇവിടെ കാണുന്ന ഓയികൊനോമൊസ് എന്ന ഗ്രീക്കുപദം, വീട്ടിലെ ജോലിക്കാരുടെ മേൽനോട്ടത്തിനായി നിയമിച്ചിരുന്ന ഒരാളെയാണു കുറിക്കുന്നത്. എന്നാൽ അയാളും ആ വീട്ടിലെ ഒരു ജോലിക്കാരൻതന്നെയായിരുന്നു. പുരാതനകാലത്ത്, പൊതുവേ വിശ്വസ്തനായ ഒരു അടിമയെയാണ് ആ സ്ഥാനത്ത് നിയമിച്ചിരുന്നത്. തന്റെ യജമാനന്റെ കാര്യങ്ങളെല്ലാം നോക്കിനടത്താനുള്ള ചുമതല അയാൾക്കായിരുന്നു. അതുകൊണ്ടുതന്നെ ഒരാളെ വളരെയധികം വിശ്വസിച്ചേൽപ്പിച്ചിരുന്ന ഒരു ഉത്തരവാദിത്വമായിരുന്നു അത്. അബ്രാഹാമിനുള്ളതു “മുഴുവൻ നോക്കിനടത്തിയിരുന്ന” ദാസൻ അഥവാ ജോലിക്കാരൻ അങ്ങനെയൊരു കാര്യസ്ഥനായിരുന്നു. (ഉൽ 24:2) യോസേഫും അത്തരമൊരു കാര്യസ്ഥനായിരുന്നെന്ന് ഉൽ 39:4 പറയുന്നു. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ‘കാര്യസ്ഥനെക്കുറിച്ച്’ ഏകവചനത്തിലാണു പറഞ്ഞിരിക്കുന്നതെങ്കിലും ആ കാര്യസ്ഥൻ ഒരൊറ്റ വ്യക്തിയെ മാത്രമാണു ചിത്രീകരിക്കുന്നതെന്ന് അതിന് അർഥമില്ല. പലർ ചേർന്ന ഒരു കൂട്ടത്തെ സൂചിപ്പിക്കാൻ ഏകവചനനാമം ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ തിരുവെഴുത്തുകളിലുണ്ട്. ഉദാഹരണത്തിന്, ഇസ്രായേൽ ജനതയോടു സംസാരിച്ചപ്പോൾ യഹോവ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “നിങ്ങൾ എന്റെ സാക്ഷികൾ (ബഹുവചനം) . . . അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ (ഏകവചനം)” എന്നാണു ദൈവം പറഞ്ഞത്. (യശ 43:10) സമാനമായി, ഈ ദൃഷ്ടാന്തത്തിലെ കാര്യസ്ഥനും പലർ ചേർന്നതാണ്. മത്ത 24:45-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ഈ കാര്യസ്ഥനെ, “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്നു വിളിച്ചിരിക്കുന്നു.
അടിമ: 42-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെയാണ് ഇവിടെ “അടിമ” എന്നു വിളിച്ചിരിക്കുന്നത്. (ലൂക്ക 12:42-ന്റെ പഠനക്കുറിപ്പു കാണുക.) വിശ്വസ്തനായിരുന്നാൽ ആ ‘അടിമയ്ക്കു’ പ്രതിഫലം ലഭിക്കുമായിരുന്നു. (ലൂക്ക 12:44) മത്ത 24:45-47-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ഈ കാര്യസ്ഥനെ, “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്നാണു വിളിച്ചിരിക്കുന്നത്.—ലൂക്ക 12:45-ന്റെ പഠനക്കുറിപ്പു കാണുക.
ആ അടിമ: ലൂക്ക 12:42-ൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെക്കുറിച്ചാണ് ഇവിടെ അടിമ എന്നു പറഞ്ഞിരിക്കുന്നത്. വിശ്വസ്തനായിരുന്നാൽ ‘ആ അടിമയ്ക്കു’ പ്രതിഫലം ലഭിക്കും. (ലൂക്ക 12:43, 44) എന്നാൽ അവിശ്വസ്തനെങ്കിൽ അയാളെ ‘കഠിനമായി ശിക്ഷിക്കും.’ (ലൂക്ക 12:46) വാസ്തവത്തിൽ യേശുവിന്റെ വാക്കുകൾ, വിശ്വസ്തനായ കാര്യസ്ഥനുള്ള ഒരു മുന്നറിയിപ്പാണ്. ഇനി, മത്ത 24:45-51-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ‘ദുഷ്ടനായ ആ അടിമ എന്നെങ്കിലും . . . ഹൃദയത്തിൽ പറഞ്ഞാൽ’ എന്ന വാക്കുകളുടെ അർഥവും ഇതിനോടു സമാനമാണ്. ഭാവിയിൽ ‘ആ അടിമ ദുഷ്ടനായിത്തീരും’ എന്നു പ്രവചിക്കുകയായിരുന്നില്ല യേശു; ‘ദുഷ്ടനായ ഒരു അടിമയെ’ യേശു നിയമിക്കുകയുമല്ലായിരുന്നു. മറിച്ച് വിശ്വസ്തനായ അടിമ എന്നെങ്കിലും ദുഷ്ടനായ ഒരു അടിമയുടെ സ്വഭാവവിശേഷതകൾ കാണിച്ചുതുടങ്ങിയാൽ എന്തു സംഭവിക്കും എന്ന മുന്നറിയിപ്പു നൽകുകയായിരുന്നു.
അയാളെ കഠിനമായി ശിക്ഷിച്ച്: മത്ത 24:51-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു തീ കൊളുത്താൻ: യേശുവിന്റെ വരവ്, ജൂതന്മാർക്കു പ്രക്ഷുബ്ധമായ ഒരു സമയത്തിനു തുടക്കം കുറിച്ചു. ആ കാലഘട്ടം അവർക്ക്, ഒരു ആലങ്കാരികാർഥത്തിൽ തീപോലെ അനുഭവപ്പെട്ടു. യേശു എങ്ങനെയാണ് ആ തീ കൊളുത്തിയത്? യേശു ജനശ്രദ്ധയിലേക്കു കൊണ്ടുവന്ന പല വിഷയങ്ങളും ചൂടുപിടിച്ച വാഗ്വാദങ്ങൾക്കു വഴിവെച്ചു. പല വ്യാജോപദേശങ്ങളും പാരമ്പര്യങ്ങളും ആ അഗ്നിയിൽ കത്തിയമർന്നു. ഉദാഹരണത്തിന്, മിശിഹ ഇസ്രായേൽ രാഷ്ട്രത്തെ റോമൻ ഭരണത്തിൽനിന്ന് വിടുവിക്കുമെന്നായിരുന്നു യേശു ഭൂമിയിലുണ്ടായിരുന്ന സമയത്ത് ജൂതന്മാരുടെ പ്രതീക്ഷ. എന്നാൽ ആ ദേശീയത്വചിന്താഗതികളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് യേശു ലജ്ജാകരമായ മരണത്തിനു കീഴടങ്ങി. ഇനി, മനുഷ്യരുടെ മുമ്പിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ദൈവരാജ്യമാണെന്നു തീക്ഷ്ണമായ പ്രസംഗപ്രവർത്തനത്തിലൂടെ യേശു കാണിച്ചുകൊടുത്തതും ആ ദേശത്തെങ്ങും ചൂടുപിടിച്ച തർക്കങ്ങൾക്കു തിരികൊളുത്തി.—1കൊ 1:23.
അവസാനത്തെ ചില്ലിക്കാശ്: അക്ഷ. “അവസാനത്തെ ലെപ്ടോൺ.” ലെപ്ടോൺ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ചെറുത്, കനം കുറഞ്ഞത്” എന്നൊക്കെയാണ്. ഒരു ദിനാറെയുടെ 1/128 ആയിരുന്നു ഒരു ലെപ്ടോൺ. ഇതു തെളിവനുസരിച്ച് ഇസ്രായേലിൽ ഉപയോഗത്തിലിരുന്ന, ചെമ്പോ വെങ്കലമോ കൊണ്ടുള്ള നാണയങ്ങളിൽ ഏറ്റവും ചെറുതായിരുന്നു.—പദാവലിയിൽ “ലെപ്ടോൺ” എന്നതും അനു. ബി14-ഉം കാണുക.
ദൃശ്യാവിഷ്കാരം
ഗ്രീക്കുതിരുവെഴുത്തുകളിൽ ഗീഹെന്ന എന്നു വിളിച്ചിരിക്കുന്ന ഹിന്നോം താഴ്വര (1). ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം (2). ഒന്നാം നൂറ്റാണ്ടിലെ ജൂതദേവാലയം ഇവിടെയായിരുന്നു. ഇന്ന് അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ നിർമിതി ഡോം ഓഫ് ദ റോക്ക് എന്ന് അറിയപ്പെടുന്ന ഒരു മുസ്ലീം ആരാധനാലയമാണ്.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.
ബൈബിളിൽ പേരെടുത്തുപറഞ്ഞിരിക്കുന്ന ആദ്യത്തെ പക്ഷി മലങ്കാക്കയാണ്. (ഉൽ 8:7) സാഹചര്യങ്ങളുമായി ഒത്തുപോകുന്നതിൽ മറ്റു പല പക്ഷികളെക്കാളും ബഹുമിടുക്കരായ ഇവർ പറക്കൽവിദഗ്ധരുമാണ്. ഏറ്റവും കൗശലക്കാരായ പക്ഷികളുടെ കൂട്ടത്തിൽപ്പെടുന്നവരുമാണ് ഇവർ. സൃഷ്ടിക്രിയകളിൽ കാണുന്ന ദൈവികജ്ഞാനത്തെക്കുറിച്ച് ഇയ്യോബിനെ പഠിപ്പിച്ചപ്പോൾ, ‘മലങ്കാക്കയ്ക്ക് ആഹാരം ഒരുക്കിക്കൊടുക്കുന്നതു’ താനാണെന്ന് യഹോവ പറഞ്ഞു. (ഇയ്യ 38:41) ഒരു കാക്ക അതിന്റെ വിശന്നുകരയുന്ന കുഞ്ഞുങ്ങൾക്കു ഭക്ഷണം എത്തിക്കുമ്പോൾ വാസ്തവത്തിൽ യഹോവയാണ് അതിനു പിന്നിലെന്നു സങ്കീർത്തനക്കാരൻ സൂചിപ്പിച്ചു. (സങ്ക 147:9) അത്തരം പക്ഷികൾക്കുവേണ്ടി യഹോവ കരുതുന്നെങ്കിൽ തന്റെ ദാസന്മാരായ മനുഷ്യർക്കുവേണ്ടി യഹോവ എത്രയധികം കരുതുമെന്ന് ഉറപ്പുകൊടുക്കാൻ യേശുവും കാക്കയെക്കുറിച്ച് ഇതുപോലൊരു കാര്യം പറഞ്ഞു. മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് കാക്കകൾ ഭക്ഷ്യയോഗ്യമല്ലാത്ത അശുദ്ധജീവികളായിരുന്നു. (ലേവ 11:13, 15) ഈ അശുദ്ധപക്ഷിക്കുവേണ്ടിപ്പോലും ദൈവം കരുതുന്നെങ്കിൽ തന്നിൽ ആശ്രയിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
‘ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കി’ അവയിൽനിന്ന് ‘പഠിക്കാൻ’ യേശു ശിഷ്യന്മാരോടു പറഞ്ഞു. ബൈബിൾഭാഷാന്തരങ്ങളിൽ പൊതുവേ ‘ലില്ലിച്ചെടികൾ’ എന്നു തർജമ ചെയ്തിരിക്കുന്ന മൂലഭാഷാപദത്തിനു സാധ്യതയനുസരിച്ച് ടൂലിപ്പ്, അനെമണി, ഹൈയാസിന്ത്, ഐറിസ്, ഗ്ലാഡിയോലസ് എന്നിങ്ങനെയുള്ള പൂക്കളിൽ ഏതിനെ വേണമെങ്കിലും കുറിക്കാനാകുമായിരുന്നു. യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് അനെമണി എന്ന ലില്ലിച്ചെടിയായിരിക്കാം എന്നാണു ചില പണ്ഡിതന്മാർ പറയുന്നത്. എന്നാൽ യേശു ലില്ലിവർഗത്തിൽപ്പെട്ട ചെടികളെക്കുറിച്ച് പൊതുവായി നടത്തിയ ഒരു പ്രസ്താവന മാത്രമായിരിക്കാം അത്. കടുഞ്ചുവപ്പു നിറമുള്ള ക്രൗൺ അനെമണി ആണ് (അനെമണി കൊറോനേറിയ) ചിത്രത്തിൽ കാണിച്ചിരിക്കുന്നതെങ്കിലും നീല, റോസ്, പർപ്പിൾ, വെള്ള എന്നീ നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഇസ്രായേലിൽ ഇത്തരം ലില്ലിച്ചെടികൾ സർവസാധാരണമാണ്.