ലൂക്കോസ് എഴുതിയത് 13:1-35
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ശിലോഹാമിലെ ഗോപുരം വീണ്: തന്റെ വാക്കുകൾക്കു പിൻബലമേകാൻ യേശു പറഞ്ഞ ഈ സംഭവം, സമീപകാലത്ത് നടന്ന ഒരു ദുരന്തമോ കുറഞ്ഞപക്ഷം അപ്പോഴും ആളുകളുടെ ഓർമയിൽ തങ്ങിനിന്ന ഒരു സംഭവമോ ആയിരിക്കാം. സാധ്യതയനുസരിച്ച് തെക്കുകിഴക്കൻ യരുശലേമിലെ ശിലോഹാം കുളത്തിന് അടുത്തായിരുന്നു ശിലോഹാമിലെ ഈ ഗോപുരം.—അനു. ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
മുന്തിരിത്തോട്ടത്തിൽ ഒരു അത്തി നട്ടിരുന്നു: മുന്തിരിത്തോട്ടത്തിൽ അത്തിമരങ്ങളും ഒലിവുമരങ്ങളും നടുന്നത് അന്നു സാധാരണമായിരുന്നു. അതുകൊണ്ടുതന്നെ, ഒരു വർഷം മുന്തിരിയുടെ വിളവ് മോശമായാലും അത്തിയിൽനിന്നും ഒലിവിൽനിന്നും കുറച്ചെങ്കിലും വരുമാനം കിട്ടുമായിരുന്നു.
മൂന്നു വർഷം: കൊമ്പ് നട്ട് കിളിർപ്പിക്കുന്ന അത്തിമരത്തിൽ സാധാരണയായി രണ്ടോ മൂന്നോ വർഷത്തിനുള്ളിൽത്തന്നെ കുറച്ചെങ്കിലും കായ്കൾ ഉണ്ടാകും. ഈ ദൃഷ്ടാന്തം പറഞ്ഞ സമയമായപ്പോഴേക്കും യേശു ശുശ്രൂഷ തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു വർഷമായിരുന്നു. ഇതിനോടുള്ള താരതമ്യത്തിലായിരിക്കാം യേശു ദൃഷ്ടാന്തത്തിൽ മൂന്നു വർഷത്തെക്കുറിച്ച് പറഞ്ഞത്. ഏതാണ്ട് മൂന്നു വർഷമായി ജൂതന്മാരെ വിശ്വാസമുള്ളവരാക്കാനുള്ള ശ്രമത്തിലായിരുന്നു യേശു. എങ്കിലും യേശു ചെയ്ത ആ ആലങ്കാരിക കൃഷിപ്പണിയുടെ ഫലമായി ശിഷ്യരായിത്തീർന്നത് ഏതാനും പേർ മാത്രമാണ്. ഇപ്പോൾ ശുശ്രൂഷയുടെ നാലാം വർഷത്തിൽ യേശു തന്റെ പ്രവർത്തനം ഊർജിതമാക്കുന്നു. യഹൂദ്യയിലും പെരിയയിലും പ്രസംഗ-പഠിപ്പിക്കൽ വേല നടത്തിക്കൊണ്ട് യേശു യഹൂദജനതയെന്ന അത്തിമരത്തിനു ചുറ്റും ആലങ്കാരികമായി കിളച്ച്, വളമിട്ടു. എങ്കിലും അതിനോടു പ്രതികരിച്ച ജൂതന്മാർ വളരെ കുറച്ചു മാത്രമായിരുന്നതുകൊണ്ട് ഒരു ജനതയെന്ന നിലയിൽ അവർ നാശയോഗ്യരായി.
ഭൂതം ബാധിച്ചതുകൊണ്ട്: അഥവാ “വൈകല്യം വരുത്തുന്ന ഭൂതം ബാധിച്ചതുകൊണ്ട്.” സാത്താൻ ആ സ്ത്രീയെ ‘ബന്ധനത്തിൽ വെച്ചിരിക്കുകയായിരുന്നു’ എന്നാണു ലൂക്ക 13:16-ൽ യേശു പറഞ്ഞത്.
കടുകുമണി: ഇസ്രായേലിലെങ്ങും പലതരം കടുകുചെടികൾ ധാരാളമായി കാണാം. സാധാരണയായി കൃഷി ചെയ്യുന്ന ഇനം, കറുത്ത കടുകാണ് (ബ്രാസിക്ക നൈഗ്ര). വെറും 1-1.6 മി.മീ. വ്യാസവും 1 മി.ഗ്രാം ഭാരവും ഉള്ള, താരതമ്യേന ചെറിയ ഈ വിത്തിൽനിന്ന് കാഴ്ചയ്ക്കു മരംപോലിരിക്കുന്ന ഒരു ചെടി വളരുന്നു. ചിലയിനം കടുകുചെടികൾ 4.5 മീ. (15 അടി) വരെ ഉയരത്തിൽ വളരാറുണ്ട്. ‘വിത്തുകളിൽവെച്ച് ഏറ്റവും ചെറുത്’ എന്നു മത്ത 13:32-ലും മർ 4:31-ലും വിളിച്ചിരിക്കുന്ന കടുകുമണിയെ ജൂതഭാഷയിലെ പുരാതനലിഖിതങ്ങളിൽ, ഒരു വസ്തു തീരെ ചെറുതാണെന്നു കാണിക്കാനുള്ള അലങ്കാരപ്രയോഗമായി ഉപയോഗിച്ചിരുന്നു. ഇന്ന് അതിലും വലുപ്പം കുറഞ്ഞ വിത്തുകളെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും തെളിവനുസരിച്ച് യേശുവിന്റെ കാലത്ത് ഇസ്രായേല്യർ കൃഷിചെയ്തിരുന്ന വിത്തുകളിൽ ഏറ്റവും ചെറുതായിരുന്നു ഇവ.
കുറച്ച് ആളുകളേ രക്ഷപ്പെടുകയുള്ളോ: അന്തിമമായി എത്ര പേർക്കു രക്ഷ കിട്ടുമെന്നതിനെക്കുറിച്ച് പുരാതനകാലത്തെ ജൂതമതനേതാക്കന്മാർക്കിടയിൽ ചൂടുപിടിച്ച തർക്കങ്ങൾ നടന്നിരുന്നു. രക്ഷപ്പെടുന്നവരുടെ സംഖ്യ കൃത്യമായി കണക്കുകൂട്ടിയെടുക്കാൻ തുനിഞ്ഞിറങ്ങിയ ചില നിഗൂഢപ്രസ്ഥാനങ്ങൾപോലും പിൽക്കാലത്ത് രൂപംകൊണ്ടു. അതിനായി വിവിധ വിശുദ്ധലിഖിതങ്ങളിലെ ഓരോ അക്ഷരത്തിനും സംഖ്യാമൂല്യം കല്പിച്ച് അവർ ചില കണക്കുകൂട്ടലുകളും നടത്തിയിരുന്നു. ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള ഈ ചോദ്യം അദ്ദേഹം വളരെ ജിജ്ഞാസയോടെ, വിശാലമായ ഒരർഥത്തിൽ ചോദിച്ചതാണെങ്കിലും യേശുവിന്റെ ഉത്തരം ഓരോ മനുഷ്യന്റെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിലേക്കാണു വിരൽ ചൂണ്ടിയത്.
കഠിനശ്രമം ചെയ്യുക: അഥവാ, “പോരാടിക്കൊണ്ടിരിക്കുക.” ഇടുക്കുവാതിലിലൂടെ അകത്ത് കടക്കാൻ നമ്മൾ അത്യുത്സാഹത്തോടെ, മനസ്സ് അർപ്പിച്ച് പ്രവർത്തിക്കണം എന്ന് ഊന്നിപ്പറയുകയായിരുന്നു യേശു ഇവിടെ. മേൽപ്പറഞ്ഞ പദപ്രയോഗത്തെ, “കഴിവിന്റെ പരമാവധി ശ്രമിക്കുക; കഴിയുന്നതെല്ലാം ചെയ്യുക” എന്നൊക്കെ ഈ വാക്യത്തിൽ പരിഭാഷപ്പെടുത്താമെന്നു ചില ആധികാരികഗ്രന്ഥങ്ങൾ പറയുന്നു. ഇവിടെ കാണുന്ന അഗോനിസൊമായ് എന്ന ഗ്രീക്കുക്രിയയുമായി ബന്ധമുള്ള അഗോൻ എന്ന ഗ്രീക്ക് നാമപദം പലപ്പോഴും കായികമത്സരങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. എബ്ര 12:1-ൽ ഈ നാമപദം ജീവനുവേണ്ടിയുള്ള ക്രിസ്തീയ ‘ഓട്ടമത്സരത്തെ’ കുറിക്കാൻ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതിനെ കുറെക്കൂടെ വിശാലമായ അർഥത്തിൽ, “പോരാട്ടം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഫിലി 1:30; കൊലോ 2:1; 1തിമ 6:12; 2തിമ 4:7) ലൂക്ക 13:24-ൽ കാണുന്ന ഗ്രീക്കുക്രിയയുടെ വിവിധരൂപങ്ങളെ, ‘മത്സരത്തിൽ പങ്കെടുക്കുക’ (1കൊ 9:25), “കഠിനമായി അധ്വാനിക്കുക” (കൊലോ 1:29), “തീവ്രമായി (പ്രവർത്തിക്കുക)” (കൊലോ 4:12), “യത്നിക്കുക” (1തിമ 4:10), “പൊരുതുക” (1തിമ 6:12) എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതു കായികമത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു പദപ്രയോഗമായതുകൊണ്ട് യേശു ഇവിടെ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്, സമ്മാനം നേടാൻ കൈയും മെയ്യും മറന്ന്, സർവശക്തിയുമെടുത്ത് മുന്നേറുന്ന ഒരു കായികതാരത്തെപ്പോലെ പരിശ്രമിക്കാനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു.
പ്രധാനതെരുവുകൾ: അഥവാ “വിശാലമായ തെരുവുകൾ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒരു നഗരത്തിലെ പ്രധാനവീഥികളെയാണു കുറിക്കുന്നത്. നഗരത്തിലെ ചില പ്രധാനസ്ഥലങ്ങളിൽ അത്തരം വഴികൾക്കു വീതി കൂടുതലായിരിക്കും. ആ ഭാഗങ്ങൾ പൊതുചത്വരങ്ങളായി ഉപയോഗിച്ചിരുന്നു. നഗരത്തിലെ ‘പ്രധാനതെരുവുകൾ’ ഇങ്ങനെയായിരുന്നെങ്കിലും ഒന്നാം നൂറ്റാണ്ടിലെ നഗരങ്ങളിലും പട്ടണങ്ങളിലും പൊതുവേ ഉണ്ടായിരുന്നത് വളഞ്ഞുപുളഞ്ഞ, ഇടുങ്ങിയ തെരുവുകളാണ്.
നിരാശയോടെ പല്ലിറുമ്മും: അഥവാ “പല്ലുകടിക്കും.” ഈ പ്രയോഗത്തിനു സങ്കടത്തെയും നിരാശയെയും ദേഷ്യത്തെയും ഒക്കെ സൂചിപ്പിക്കാനാകും. അതു വാക്കുകളിലൂടെയും അക്രമാസക്തമായ പെരുമാറ്റത്തിലൂടെയും പുറത്തുവരുകയും ചെയ്തേക്കാം.
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും: നാലു ദിശകളെക്കുറിച്ചും പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് ഈ ഭൂമി മുഴുവനുമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, എല്ലാ ജനതകളിലുംപെട്ട ആളുകൾക്ക് ഇതിനുള്ള അവസരം കിട്ടുമായിരുന്നു.
വിരുന്നിന് ഇരിക്കും: മത്ത 8:11-ന്റെ പഠനക്കുറിപ്പു കാണുക.
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ.—പദാവലി കാണുക.
ആ കുറുക്കൻ: സൂത്രശാലിയെന്നും കൗശലക്കാരനെന്നും അറിയപ്പെടുന്ന ഒരു മൃഗമാണു കുറുക്കൻ. ഹെരോദിനെ കുറുക്കൻ എന്നു വിളിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഈ സ്വഭാവവിശേഷതകളാകാം. യേശു ഹെരോദിനെ അങ്ങനെ വിളിച്ചത് അയാൾ സൂത്രശാലിയും ദുർബലനും നിസ്സാരനും ആണെന്നു സൂചിപ്പിക്കാനായിരിക്കാം എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. താരതമ്യേന ദുർബലരെങ്കിലും (നെഹ 4:3 താരതമ്യം ചെയ്യുക.) കുടിലബുദ്ധിക്കാരും അവസരവാദികളും ആയവരെ കുറിക്കാൻ കുറുക്കൻ എന്ന പദപ്രയോഗം ജൂതസാഹിത്യത്തിൽ ആലങ്കാരികമായി ഉപയോഗിച്ചിരുന്നു. അതേസമയം ധൈര്യവും ശക്തിയും മഹത്ത്വവും ഉള്ള ഭരണാധികാരികളെ ശക്തനായ സിംഹത്തോടാണു താരതമ്യപ്പെടുത്തിയിരുന്നത്. (സുഭ 28:1; യിര 50:17; യഹ 32:2 എന്നിവ താരതമ്യം ചെയ്യുക.) ആ പണ്ഡിതന്മാരുടെ അഭിപ്രായം ശരിയെങ്കിൽ ഹെരോദിനെ കുറുക്കൻ എന്ന് അഭിസംബോധന ചെയ്തപ്പോൾ യേശു അയാളെ സൂത്രശാലിയും അഹംഭാവിയും ആയ ഭരണാധികാരിയെന്നും ദൈവദൃഷ്ടിയിൽ നിസ്സാരനെന്നും വിളിക്കുകയായിരുന്നു. യരുശലേമിലേക്കുള്ള യാത്രയ്ക്കിടെ യേശു ഹെരോദിന്റെ ഭരണപ്രദേശമായ പെരിയയിലൂടെ കടന്നുപോയപ്പോഴായിരിക്കാം ഹെരോദ് യേശുവിനെ കൊല്ലാൻ നോക്കുന്നെന്നു പരീശന്മാർ പറഞ്ഞത്. യേശു അതു കേട്ട് പേടിച്ച് ആ പ്രദേശം വിട്ടുപോകുമെന്നു കണക്കുകൂട്ടി, തന്ത്രശാലിയായ ഹെരോദുതന്നെ ഈ വാർത്ത പ്രചരിപ്പിച്ചതാകാം. യേശുവിനെക്കുറിച്ചും യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചും കേട്ട് ഹെരോദ് ആകെ അസ്വസ്ഥനായിരുന്നെന്നു വേണം കരുതാൻ. മുമ്പൊരിക്കൽ ഭാര്യയുടെ ഇഷ്ടത്തിനു വഴങ്ങി സ്നാപകയോഹന്നാനെ വധിച്ച ഹെരോദിന് ദൈവത്തിന്റെ മറ്റൊരു പ്രവാചകനെക്കൂടെ കൊല്ലാൻ ഭയമായിരുന്നിരിക്കാം.—മത്ത 14:1, 2; മർ 6:16.
ഇന്നും നാളെയും . . . മൂന്നാം ദിവസമാകുമ്പോഴേക്കും എനിക്കു ചെയ്യാനുള്ളതു തീർന്നിരിക്കും: സമയത്തെക്കുറിച്ച് യേശു പറഞ്ഞ ഇക്കാര്യം അക്ഷരാർഥത്തിൽ എടുക്കേണ്ടതല്ല. പകരം തനിക്ക് യരുശലേമിലേക്കു പോകാൻ കുറച്ച് സമയമേ അവശേഷിക്കുന്നുള്ളൂ എന്നു സൂചിപ്പിക്കുകയായിരുന്നു യേശു. അവിടെവെച്ച് യേശു മരിക്കുമായിരുന്നു. ഇനി, മിശിഹ എന്ന നിലയിൽ താൻ ചെയ്യേണ്ട കാര്യങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നും ആ ശുശ്രൂഷയെ വെട്ടിച്ചുരുക്കാനോ നിയന്ത്രിക്കാനോ അതിന്റെ ഗതി മാറ്റാനോ ഏതെങ്കിലും ലൗകികഭരണാധികാരിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കാകില്ലെന്നും ഉള്ള സൂചനയും യേശുവിന്റെ വാക്കുകളിലുണ്ടായിരുന്നിരിക്കാം.
യരുശലേമിനു പുറത്തുവെച്ച് . . . കൊല്ലപ്പെടരുതല്ലോ: അഥവാ “യരുശലേമിനു പുറത്തുവെച്ച് . . . കൊല്ലപ്പെടുന്ന കാര്യം അചിന്തനീയമാണ്.” മിശിഹ യരുശലേമിൽവെച്ചായിരിക്കും മരിക്കുക എന്നു തെളിച്ചുപറയുന്ന ബൈബിൾ പ്രവചനങ്ങളൊന്നും ഇല്ലെങ്കിലും സാധ്യതയനുസരിച്ച് ദാനിയേൽ 9:24-26 അങ്ങനെയൊരു ആശയത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. കൂടാതെ ജൂതന്മാർ ഒരു പ്രവാചകനെ, പ്രത്യേകിച്ച് മിശിഹയെ, വധിക്കുന്നെങ്കിൽ സ്വാഭാവികമായും അത് ആ നഗരത്തിൽവെച്ച് ആയിരിക്കും. 71 അംഗങ്ങളുള്ള പരമോന്നതനീതിപീഠം, അഥവാ സൻഹെദ്രിൻ കൂടിയിരുന്നത് യരുശലേമിലായിരുന്നതുകൊണ്ട് കള്ളപ്രവാചകനെന്ന ആരോപണം നേരിടുന്ന ഒരാളെ അവിടെവെച്ചായിരിക്കും വിചാരണ ചെയ്യുക. ഇനി, ദൈവത്തിനു പതിവായി ബലികൾ അർപ്പിച്ചിരുന്നതും പെസഹാക്കുഞ്ഞാടിനെ അറുത്തിരുന്നതും യരുശലേമിൽവെച്ചായിരുന്നു എന്ന വസ്തുതയും യേശുവിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. ഒടുവിൽ എല്ലാം യേശു പറഞ്ഞതുപോലെതന്നെ സംഭവിച്ചു. യേശുവിനെ യരുശലേമിലെ സൻഹെദ്രിനു മുന്നിൽ ഹാജരാക്കി മരണശിക്ഷയ്ക്കു വിധിച്ചു. യേശു ‘പെസഹാക്കുഞ്ഞാടായി’ മരിച്ചതും യരുശലേമിൽവെച്ച്, അതിന്റെ നഗരമതിലുകളിൽനിന്ന് അധികം അകലെയല്ലാത്ത ഒരു സ്ഥലത്തുവെച്ച്, ആയിരുന്നു.—1കൊ 5:7.
യരുശലേമേ, യരുശലേമേ: തന്റെ ഭൗമികശുശ്രൂഷയുടെ അവസാനത്തെ ആഴ്ച, നീസാൻ 11-ാം തീയതി യരുശലേമിൽവെച്ച് യേശു സമാനമായ ഒരു പ്രസ്താവന നടത്തിയതായി മത്ത 23:37-ൽ കാണാം. എന്നാൽ മുമ്പ്, മറ്റൊരു സന്ദർഭത്തിൽ പെരിയയിൽവെച്ച് യേശു പറഞ്ഞ വാക്കുകളെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.—അനു. എ7 കാണുക.
ഭവനം: അതായത്, ദേവാലയം.
യഹോവയുടെ: ഇതു സങ്ക 118:26-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ദൃശ്യാവിഷ്കാരം
ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, യേശുവിന്റെ ശുശ്രൂഷക്കാലത്തോട് അടുത്ത് നിർമിച്ച ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ചെമ്പ് കലർന്ന ഒരു ലോഹസങ്കരംകൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. അതു പുറത്തിറക്കിയതു ഗലീലയും പെരിയയും ഭരിച്ചിരുന്ന, ജില്ലാഭരണാധികാരിയായ ഹെരോദ് അന്തിപ്പാസായിരുന്നു. ഹെരോദ് യേശുവിനെ കൊല്ലാൻ നോക്കുന്നു എന്നു പരീശന്മാർ പറഞ്ഞത്, യേശു യരുശലേമിലേക്കുള്ള യാത്രാമധ്യേ ഹെരോദിന്റെ ഭരണപ്രദേശമായ പെരിയയിലൂടെ കടന്നുപോയപ്പോഴായിരിക്കാം. അതിനു മറുപടി കൊടുത്തപ്പോൾ യേശു ഹെരോദിനെക്കുറിച്ച് ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കുറിപ്പു കാണുക.) ഹെരോദിന്റെ പ്രജകൾ മിക്കവരും ജൂതന്മാരായിരുന്നതുകൊണ്ട് അവരെ പ്രകോപിപ്പിക്കാത്ത ഈന്തപ്പനയോലയുടെയും (1) ഇലക്കിരീടത്തിന്റെയും (2) മറ്റും രൂപങ്ങളാണ് അദ്ദേഹം പുറത്തിറക്കിയ നാണയങ്ങളിൽ ഉണ്ടായിരുന്നത്.
തന്റെ കുഞ്ഞുങ്ങൾക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ അവയെ ചിറകിൽകീഴിൽ ചേർത്തുപിടിക്കുന്ന ഒരു തള്ളക്കോഴിയെക്കുറിച്ച് പറഞ്ഞപ്പോൾ യേശു ഹൃദയസ്പർശിയായ ഒരു വാങ്മയചിത്രം വരച്ചുകാട്ടുകയായിരുന്നു. യരുശലേമിലെ ആളുകളെക്കുറിച്ച് തനിക്ക് ആഴമായ ചിന്തയുണ്ടെന്നാണു യേശു അതിലൂടെ സൂചിപ്പിച്ചത്. ഈ ദൃഷ്ടാന്തവും അപ്പനോടു മുട്ട ചോദിക്കുന്ന മകനെക്കുറിച്ചുള്ള യേശുവിന്റെ പരാമർശവും (ലൂക്ക 11:11, 12) സൂചിപ്പിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേല്യഭവനങ്ങളിൽ കോഴിയെ വളർത്തുന്നതു സാധാരണമായിരുന്നു എന്നാണ്. മത്ത 23:37-ലും ലൂക്ക 13:34-ലും കാണുന്ന ഓർനീസ് എന്ന ഗ്രീക്കുപദത്തിനു വീട്ടിൽ വളർത്തുന്നതോ അല്ലാത്തതോ ആയ ഏതു പക്ഷിയെയും കുറിക്കാനാകുമെങ്കിലും ഇവിടെ അത് കോഴിയെ ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നതെന്നു കരുതപ്പെടുന്നു. കാരണം അന്നു പൊതുവേ വീടുകളിൽ ഏറ്റവും അധികം കണ്ടിരുന്ന, ഏറ്റവും ഉപകാരപ്രദമായ പക്ഷിയായിരുന്നു കോഴി.