ലൂക്കോസ് എഴുതിയത് 14:1-35
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ശരീരം മുഴുവൻ നീരുവെച്ച: പുരാതനകാലത്ത് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റിസ് (ബി.സി. 5-ഉം 4-ഉം നൂറ്റാണ്ടുകളിലെ ഗ്രീക്ക് വൈദ്യൻ.) മുതലുള്ള വൈദ്യന്മാർ ഇത്തരത്തിൽ ശരീരം നീരുവെക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ശരീരത്തിലെ സുപ്രധാനമായ അവയവങ്ങളുടെ അവസ്ഥ വളരെയധികം മോശമായി എന്നതിന്റെ ലക്ഷണമായിരുന്നിരിക്കാം ഇത്. ഈ ലക്ഷണം കണ്ടുതുടങ്ങിയാൽ എപ്പോൾ വേണമെങ്കിലും പെട്ടെന്നുള്ള മരണം സംഭവിച്ചേക്കാം എന്നതുകൊണ്ട് ആളുകൾക്ക് ഇതിനെ ഭയമായിരുന്നു. ഈ മനുഷ്യനെ ഒരു ശബത്തുദിവസം യേശുവിന്റെ അടുത്ത് കൊണ്ടുവന്നതു പരീശന്മാർ ഒരുക്കിയ ഒരു കെണിയായിരിക്കാം എന്നു ചിലർ കരുതുന്നു. കാരണം “അവർ യേശുവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു” എന്നാണ് 1-ാം വാക്യത്തിൽ കാണുന്നത്. ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതമാണ് ഇത്. ഇത്തരത്തിൽ ലൂക്കോസ് മാത്രം പരാമർശിച്ചിരിക്കുന്ന ആറ് അത്ഭുതങ്ങളെങ്കിലുമുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടങ്ങൾ: യേശുവിന്റെ കാലത്ത് അതിഥികൾ വിരുന്നിന് ഇരുന്നിരുന്നത് ഒരു മേശയുടെ മൂന്നു വശത്തായി ഇട്ടിരിക്കുന്ന കിടക്കകളിലായിരുന്നു. നാലാമത്തെ വശത്തുനിന്നാണ് വിളമ്പുകാർ ഭക്ഷണം വിളമ്പിയിരുന്നത്. മേശയുടെ വലുപ്പമനുസരിച്ച്, ചുറ്റും ഇട്ടിരുന്ന കിടക്കകളുടെ എണ്ണത്തിനും വ്യത്യാസം വന്നിരിക്കാം. ഒരു കിടക്കയിൽ നാലോ അഞ്ചോ പേർക്ക് ഇരിക്കാമായിരുന്നെങ്കിലും പൊതുവേ മൂന്നു പേരേ ഇരിക്കുമായിരുന്നുള്ളൂ. ഒരു കിടക്കയിലെ മൂന്ന് ഇരിപ്പിടങ്ങളെ പ്രാധാന്യമനുസരിച്ച്, ഏറ്റവും താഴ്ന്നത്, അതിനെക്കാൾ അൽപ്പം മുന്തിയത്, ഏറ്റവും മുന്തിയത് എന്നിങ്ങനെ തിരിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നവർ, സാധാരണയായി ആ കിടക്കയിലെ കുഷ്യനിലേക്ക് ഇടങ്കൈയുടെ മുട്ട് ഊന്നി ചാരിയിരിക്കും. മുഖം മേശയുടെ നേരെയായിരിക്കും. എന്നിട്ട് വലതുകൈകൊണ്ട് ആഹാരം കഴിക്കും.
വിരുന്നിന് ഇരിക്കുന്നവൻ: അക്ഷ. “അപ്പം കഴിക്കുന്നവൻ.” ബൈബിൾക്കാലങ്ങളിൽ അപ്പം ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായിരുന്നതുകൊണ്ട് എബ്രായയിലും ഗ്രീക്കിലും കാണുന്ന “അപ്പം കഴിക്കുക” എന്ന പദപ്രയോഗത്തിന്റെ അർഥം “(ഭക്ഷണം) കഴിക്കുക” എന്നാണ്. “അപ്പം കഴിക്കുക” എന്നതിന്റെ എബ്രായപദപ്രയോഗത്തെ പലപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്നത് “ഭക്ഷണം കഴിക്കുക” എന്നാണ്. (ഉൽ 37:25; 2രാജ 4:8; 2ശമു 9:7; സഭ 9:7) സമാനമായി, ലൂക്ക 14:1-ൽ “ഭക്ഷണത്തിനു ചെന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “അപ്പം കഴിക്കാൻ ചെന്നു” എന്നാണ്.
വെറുക്കാതെ: ബൈബിളിൽ “വെറുക്കുക” എന്ന പദം പല അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനു വൈരാഗ്യത്തിൽനിന്ന് ഉണ്ടാകുന്ന ശത്രുതയെ കുറിക്കാനാകും. അതാകട്ടെ, മറ്റുള്ളവരെ ദ്രോഹിക്കാൻ ഒരാളെ പ്രേരിപ്പിക്കും. ഇനി, ഏതെങ്കിലും വ്യക്തിയോടോ വസ്തുവിനോടോ ഒരാൾക്കു തോന്നുന്ന കടുത്ത അനിഷ്ടത്തെ കുറിക്കാനും “വെറുക്കുക” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾ ആ വ്യക്തിയെയോ വസ്തുവിനെയോ ഏതു വിധേനയും ഒഴിവാക്കാൻ ശ്രമിക്കും. ഇനി, ഒരാളെ സ്നേഹിക്കുന്നതിനെക്കാൾ കുറഞ്ഞ അളവിൽ മറ്റൊരാളെ സ്നേഹിക്കുന്നതിനെ കുറിക്കാനും ഇതേ പദത്തിനാകും. ഉദാഹരണത്തിന്, യാക്കോബ് ലേയയെ ‘വെറുത്തെന്നും’ റാഹേലിനെ സ്നേഹിച്ചെന്നും പറഞ്ഞിരിക്കുന്നതിന്റെ അർഥം, യാക്കോബിനു ലേയയോടുള്ള സ്നേഹം റാഹേലിനോടുള്ളതിനെക്കാൾ കുറവായിരുന്നു എന്നാണ്. (ഉൽ 29:31, അടിക്കുറിപ്പ്; ആവ 21:15, അടിക്കുറിപ്പ്.) ഈ പദം ഇതേ അർഥത്തിൽ മറ്റു പുരാതന ജൂതകൃതികളിലും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട്, യേശു ഇവിടെ ഉദ്ദേശിച്ചതു തന്റെ അനുഗാമികൾക്കു തങ്ങളുടെ കുടുംബാംഗങ്ങളോടോ തങ്ങളോടുതന്നെയോ ശത്രുതയോ അനിഷ്ടമോ തോന്നണമെന്നല്ല; കാരണം ആ ആശയം മറ്റു തിരുവെഴുത്തുഭാഗങ്ങളുമായി യോജിക്കുകയില്ല. (മർ 12:29-31; എഫ 5:28, 29, 33 എന്നിവ താരതമ്യം ചെയ്യുക.) അതുകൊണ്ടുതന്നെ ഈ വാക്യത്തിൽ, ‘വെറുക്കുക’ എന്ന പദത്തിന്റെ സ്ഥാനത്ത് “എന്നോടുള്ളതിനെക്കാൾ കുറഞ്ഞ അളവിൽ സ്നേഹിക്കുക” എന്ന പരിഭാഷയും ചേരും.
ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അത് ഒരാളുടെ ജീവനെ കുറിക്കുന്നു. അതുകൊണ്ട് യേശു പറഞ്ഞതിന്റെ അർഥം ഇതാണ്: ഒരു യഥാർഥശിഷ്യൻ യേശുവിനെ തന്റെ ജീവനെക്കാൾ കൂടുതൽ സ്നേഹിക്കണം; വേണ്ടിവന്നാൽ തന്റെ ജീവൻ ത്യജിക്കാൻപോലും അയാൾ മടിക്കില്ല.—പദാവലിയിൽ “ദേഹി” കാണുക.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.” ഇവിടെ കാണുന്ന സ്റ്റോറോസ് എന്ന പദം, ഗ്രീക്കു സാഹിത്യഭാഷയിൽ പ്രധാനമായും കുത്തനെയുള്ള ഒരു സ്തംഭത്തെ അഥവാ തൂണിനെ കുറിക്കുന്നു. യേശുവിന്റെ അനുഗാമിയായതിന്റെ പേരിൽ ഒരാൾക്കു നേരിടേണ്ടിവരുന്ന യാതനയെയും അപമാനത്തെയും പീഡനത്തെയും, എന്തിന് മരണത്തെപ്പോലും കുറിക്കാൻ ആലങ്കാരികാർഥത്തിലും ഈ പദം തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. തന്റെ അനുഗാമികൾക്ക് ഒരു ദണ്ഡനസ്തംഭം എടുക്കേണ്ടിവരും എന്ന് യേശു ഇപ്പോൾ മൂന്നാം തവണയാണു പറയുന്നത്. മറ്റു രണ്ടു സന്ദർഭങ്ങൾ (1) മത്ത 10:38; (2) മത്ത 16:24; മർ 8:34; ലൂക്ക 9:23 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.—പദാവലി കാണുക.
ഉപ്പ്: ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും അതിന്റെ രുചി വർധിപ്പിക്കാനും ഉപയോഗിക്കുന്ന ധാതുപദാർഥം.—മത്ത 5:13-ന്റെ പഠനക്കുറിപ്പു കാണുക.
ഉപ്പുരസം: മത്ത 5:13-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ഒന്നാം നൂറ്റാണ്ടിൽ ആളുകൾ പൊതുവേ മേശയോടു ചേർന്ന് ചാരിക്കിടന്നാണു ഭക്ഷണം കഴിച്ചിരുന്നത്. കിടക്കയിലെ കുഷ്യനിൽ ഇടങ്കൈമുട്ട് ഊന്നി, വലത്തെ കൈകൊണ്ട് ഭക്ഷണം കഴിക്കും. ഗ്രീക്ക്-റോമൻ രീതിയനുസരിച്ച് ഒരു ഭക്ഷണമുറിയിൽ അധികം പൊക്കമില്ലാത്ത ഒരു ഭക്ഷണമേശയും അതിനു ചുറ്റും മൂന്നു കിടക്കയും കാണും. ഇത്തരം ഒരു ഭക്ഷണമുറിയെ റോമാക്കാർ ട്രൈക്ലിനിയം (ഈ ലത്തീൻപദം “മൂന്നു കിടക്കയുള്ള മുറി” എന്ന് അർഥമുള്ള ഗ്രീക്കുപദത്തിൽനിന്ന് വന്നതാണ്.) എന്നാണു വിളിച്ചിരുന്നത്. ഇതുപോലെ ക്രമീകരിച്ചാൽ ഓരോ കിടക്കയിലും മൂന്നു പേർ വീതം ഒൻപതു പേർക്ക് ഇരിക്കാമായിരുന്നു. എന്നാൽ പിൽക്കാലത്ത് കൂടുതൽ പേർക്ക് ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോഗിക്കുന്നതു സാധാരണമായിത്തീർന്നു. ഭക്ഷണമുറിയിലെ ഇരിപ്പിടങ്ങൾക്കെല്ലാം ഒരേ പ്രാധാന്യമല്ലായിരുന്നു. ഉദാഹരണത്തിന് കിടക്കകൾതന്നെ പ്രാധാന്യമനുസരിച്ച്, ഏറ്റവും താഴ്ന്നത് (എ), അതിനെക്കാൾ അൽപ്പം മുന്തിയത് (ബി), ഏറ്റവും മുന്തിയത് (സി) എന്നിങ്ങനെ തിരിച്ചിരുന്നു. ഇനി, ഓരോ കിടക്കയിലെ സ്ഥാനങ്ങൾക്കും പ്രാധാന്യത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ വലതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കൂടുതലും ഇടതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കുറവും ആണ് കല്പിച്ചിരുന്നത്. ഔപചാരികമായ ഒരു വിരുന്നിൽ ആതിഥേയൻ പൊതുവേ ഇരുന്നിരുന്നത്, ഏറ്റവും താണതായി കണ്ടിരുന്ന കിടക്കയിലെ ഒന്നാം സ്ഥാനത്താണ് (1). ഏറ്റവും ആദരണീയമായി കണ്ടിരുന്നതു നടുവിലുള്ള കിടക്കയിലെ മൂന്നാമത്തെ സ്ഥാനമായിരുന്നു (2). ജൂതന്മാർ ഈ ആചാരം എത്രത്തോളം പിൻപറ്റി എന്നതു വ്യക്തമല്ലെങ്കിലും ശിഷ്യന്മാരെ താഴ്മയുടെ പ്രാധാന്യം പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഈ സമ്പ്രദായമായിരിക്കാം.
ഇന്ന്, ചാവുകടലിലെ (ഉപ്പുകടൽ) ഉപ്പിന്റെ അളവ് മഹാസമുദ്രങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഒൻപത് ഇരട്ടിയാണ്. (ഉൽ 14:3) ചാവുകടലിലെ ജലം ബാഷ്പീകരിച്ചുണ്ടാകുന്ന ഉപ്പ് ഇസ്രായേല്യർ ഉപയോഗിച്ചിരുന്നു. ചാവുകടലിൽനിന്ന് ധാരാളം ഉപ്പ് ലഭിച്ചിരുന്നെങ്കിലും അതിൽ ആവശ്യമില്ലാത്ത പല ധാതുപദാർഥങ്ങളും കലർന്നിരുന്നതുകൊണ്ട് അതു ഗുണനിലവാരം കുറഞ്ഞതായിരുന്നു. ഇസ്രായേല്യർക്കു ഫൊയ്നിക്യക്കാരിൽനിന്നും ഉപ്പ് ലഭിച്ചിരുന്നിരിക്കാം. മെഡിറ്ററേനിയൻ സമുദ്രജലം വറ്റിച്ചാണു ഫൊയ്നിക്യക്കാർ ഉപ്പ് ഉണ്ടാക്കിയിരുന്നത് എന്നു പറയപ്പെടുന്നു. ആഹാരത്തിനു രുചി വർധിപ്പിക്കാൻ ഉപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. (ഇയ്യ 6:6) ആളുകളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ പറയുന്നതിൽ വിദഗ്ധനായിരുന്ന യേശു, പ്രാധാന്യമേറിയ ആത്മീയസത്യങ്ങൾ പഠിപ്പിക്കാൻ ഉപ്പിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്, ഗിരിപ്രഭാഷണത്തിനിടെ യേശു ശിഷ്യന്മാരോടു “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്നു പറഞ്ഞു. ആത്മീയമായും ധാർമികമായും ജീർണിച്ചുപോകുന്നതിൽനിന്ന് ആളുകളെ സംരക്ഷിക്കാൻ ശിഷ്യന്മാർക്കു കഴിയുമായിരുന്നതുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത്.