ലൂക്കോസ് എഴുതിയത് 15:1-32
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പത്ത്: ഈ വാക്യത്തിലെ ദ്രഹ്മ എന്നതിന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, ഒരു ദ്രഹ്മയുടെ മൂല്യം ഏതാണ്ട് ഒരു ദിവസത്തെ കൂലിക്കു തുല്യമായിരുന്നു. എന്നാൽ കാണാതെപോയ ദ്രഹ്മയ്ക്ക് എന്തോ പ്രത്യേകമൂല്യമുണ്ടായിരുന്നെന്നു തോന്നുന്നു. ആ സ്ത്രീക്കു പിതൃസ്വത്തായി പത്തു നാണയം കൈമാറിക്കിട്ടിക്കാണും. അതിൽ ഒന്നായിരിക്കാം നഷ്ടപ്പെട്ട ഈ നാണയം. അല്ലെങ്കിൽ അതു പത്തു ദ്രഹ്മ കോർത്തുണ്ടാക്കിയ അമൂല്യമായ ഒരു ആഭരണത്തിലെയോ അലങ്കാരവസ്തുവിലെയോ ഒരു ദ്രഹ്മയായിരുന്നിരിക്കാം. പൊതുവേ അന്നത്തെ വീടുകളുടെ ജനൽ വളരെ ചെറുതായിരുന്നു, ചില വീടുകൾക്കു ജനലേ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ദ്രഹ്മ കണ്ടെത്താൻ ആ സ്ത്രീക്കു വിളക്കു കത്തിക്കേണ്ടിവന്നത്. ഇനി, കാണാതെപോയ നാണയം കണ്ടെത്താൻ ആ സ്ത്രീ തറ അടിച്ചുവാരിയത്, അക്കാലത്തെ വീടുകളുടേതു കളിമണ്ണുകൊണ്ടുള്ള തറ ആയിരുന്നതുകൊണ്ടാകാം.
ദ്രഹ്മ: മുമ്പ് ഉപയോഗത്തിലിരുന്ന ഒരു ഗ്രീക്ക് വെള്ളിനാണയം. യേശുവിന്റെ ഭൗമികശുശ്രൂഷയുടെ സമയത്ത് ഒരു ദ്രഹ്മയുടെ തൂക്കം ഏതാണ്ട് 3.4 ഗ്രാം ആയിരുന്നതായി കരുതപ്പെടുന്നു. ഒരു ദ്രഹ്മയെ ഒരു ദിനാറെക്കു തുല്യമായാണ് അന്നത്തെ ഗ്രീക്കുകാർ കണക്കാക്കിയിരുന്നത്. പക്ഷേ അതിനു റോമൻ ഗവൺമെന്റ് ഔദ്യോഗികമായി കല്പിച്ചിരുന്ന മൂല്യം ഒരു ദിനാറെയുടെ നാലിൽ മൂന്ന് മാത്രമായിരുന്നു. ജൂതന്മാർ വാർഷിക ആലയനികുതിയായി നൽകിയിരുന്നതു രണ്ടു ദ്രഹ്മ (ദ്വിദ്രഹ്മ) ആണ്.—മത്ത 17:24-ന്റെ പഠനക്കുറിപ്പും പദാവലിയും അനു. ബി14-ഉം കാണുക.
ദ്രഹ്മ: ലൂക്ക 15:8-ന്റെ പഠനക്കുറിപ്പും പദാവലിയും അനു. ബി14-ഉം കാണുക.
ഒരു മനുഷ്യനു രണ്ട് ആൺമക്കളുണ്ടായിരുന്നു: ധൂർത്തപുത്രന്റെ ദൃഷ്ടാന്തകഥയ്ക്ക്, (“മുടിയനായ പുത്രന്റെ കഥ” എന്നും അറിയപ്പെടുന്നു.) അതിനെ വ്യത്യസ്തമാക്കിനിറുത്തുന്ന ചില പ്രത്യേകതകളുണ്ട്. യേശു പറഞ്ഞ ദൈർഘ്യമേറിയ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് ഇത്. കുടുംബബന്ധങ്ങളെക്കുറിച്ചുള്ള യേശുവിന്റെ വർണനയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. മറ്റു ദൃഷ്ടാന്തങ്ങളിൽ, യേശു പലപ്പോഴും വ്യത്യസ്തതരം വിത്ത്, മണ്ണ് എന്നിങ്ങനെയുള്ള ജീവനില്ലാത്ത വസ്തുക്കളെക്കുറിച്ചോ യജമാനനും അടിമകളും തമ്മിലുള്ള ഔപചാരികമായ ബന്ധത്തെക്കുറിച്ചോ ഒക്കെയാണു പറഞ്ഞിട്ടുള്ളത്. (മത്ത 13:18-30; 25:14-30; ലൂക്ക 19:12-27) എന്നാൽ ഒരു അപ്പനും മക്കളും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ഈ ദൃഷ്ടാന്തത്തിന്റെ കേന്ദ്രബിന്ദു. ഈ കഥ കേട്ട പലർക്കും ഇത്രയും സ്നേഹവും ദയയും ഉള്ള ഒരു പിതാവ് ഉണ്ടായിരുന്നിരിക്കില്ല. നമ്മുടെ സ്വർഗീയപിതാവിനു ഭൂമിയിലെ തന്റെ മക്കളോടുള്ള ആഴമായ സ്നേഹവും അനുകമ്പയും ആണ് ഈ ദൃഷ്ടാന്തം വരച്ചുകാട്ടുന്നത്. എന്നും തന്നോടൊപ്പം നിന്നിട്ടുള്ള മക്കളോടു മാത്രമല്ല, ഒരിക്കൽ തന്നെ ഉപേക്ഷിച്ചുപോയിട്ട് തിരിച്ചുവന്നവരോടും നമ്മുടെ പിതാവിന് അതേ സ്നേഹവും മനസ്സലിവും ഉണ്ട്.
ഇളയവൻ: മോശയുടെ നിയമമനുസരിച്ച് ആദ്യജാതന് ഇരട്ടി ഓഹരി ലഭിക്കുമായിരുന്നു. (ആവ 21:17) അതുകൊണ്ട് ഈ ദൃഷ്ടാന്തകഥയിലെ മൂത്ത മകൻ വീട്ടിലെ ആദ്യജാതൻ ആയിരുന്നെങ്കിൽ അവനു കിട്ടുന്ന പിതൃസ്വത്തിന്റെ നേർപകുതിയേ ഇളയവനു ലഭിക്കുമായിരുന്നുള്ളൂ.
കുത്തഴിഞ്ഞ ജീവിതം: അഥവാ “ധാരാളിയായുള്ള (വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെയുള്ള; താന്തോന്നിയായുള്ള) ജീവിതം.” ഇതേ ഗ്രീക്കുപദത്തോടു ബന്ധമുള്ള ഒരു ഗ്രീക്കുപദം എഫ 5:18; തീത്ത 1:6; 1പത്ര 4:4 എന്നീ വാക്യങ്ങളിലും സമാനമായ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്യത്തിൽ കാണുന്ന ഗ്രീക്കുപദത്തിനു പണം ദുർവ്യയം ചെയ്ത്, ധാരാളിയായി ജീവിക്കുന്നതിനെയും കുറിക്കാനാകുന്നതുകൊണ്ട് ചില ബൈബിൾഭാഷാന്തരങ്ങൾ ഈ പദപ്രയോഗത്തെ “ധൂർത്തജീവിതം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ധൂർത്തടിച്ചു: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം, “(പല ദിശയിൽ) ചിതറിക്കുക” എന്നാണ്. (ലൂക്ക 1:51; പ്രവൃ 5:37) പാഴാക്കിക്കളയുക, മുന്നും പിന്നും നോക്കാതെ ചെലവാക്കുക എന്നൊക്കെയുള്ള അർഥത്തിലാണ് ഈ വാക്യത്തിൽ അത് ഉപയോഗിച്ചിരിക്കുന്നത്.
പന്നികളെ മേയ്ക്കാൻ: മോശയുടെ നിയമമനുസരിച്ച്, പന്നി ഒരു അശുദ്ധജീവിയായിരുന്നതുകൊണ്ട് ഒരു ജൂതനെ സംബന്ധിച്ചിടത്തോളം ഇതൊരു തരംതാണ, നിന്ദ്യമായ ജോലിയായിരുന്നു.—ലേവ 11:7, 8.
പയർ: ഇവിടെ പറഞ്ഞിരിക്കുന്ന ക്യാരോബ് പയറിന് അഥവാ വെട്ടുക്കിളിപ്പയറിന്, നല്ല മിനുസമുള്ള, തുകൽപോലിരിക്കുന്ന തോടുകളാണുള്ളത്. പർപ്പിൾ കലർന്ന തവിട്ടുനിറമുള്ള ഈ കായ്കൾക്ക് വളഞ്ഞ കൊമ്പിന്റെ ആകൃതിയാണ്. അതുകൊണ്ടുതന്നെ “ചെറിയ കൊമ്പ്” എന്ന് അർഥം വരുന്ന ഗ്രീക്ക് പേര് (കേറാറ്റിഒൻ) ഇവയ്ക്ക് എന്തുകൊണ്ടും ചേരും. കുതിര, കന്നുകാലി, പന്നി എന്നിവയ്ക്കുള്ള തീറ്റയായി ഇന്നും ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പന്നിക്കുള്ള ഭക്ഷണംപോലും കഴിക്കാൻ ആ ചെറുപ്പക്കാരൻ തയ്യാറായി എന്ന വസ്തുത സൂചിപ്പിക്കുന്നത്, അയാളുടെ അവസ്ഥ എത്രത്തോളം പരിതാപകരമായിരുന്നു എന്നാണ്.—ലൂക്ക 15:15-ന്റെ പഠനക്കുറിപ്പു കാണുക.
അപ്പനോട്: അഥവാ “അപ്പന്റെ മുമ്പാകെ.” ഇവിടെ കാണുന്ന ഇനോപിയോൻ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം, “മുമ്പാകെ; ദൃഷ്ടിയിൽ” എന്നൊക്കെയാണ്. സെപ്റ്റുവജിന്റിൽ 1ശമു 20:1-ലും ഈ പദം ഈയൊരു അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആ വാക്യത്തിൽ, “അദ്ദേഹത്തോടു (യോനാഥാന്റെ അപ്പനോടു) ഞാൻ എന്തു പാപം ചെയ്തു” എന്നു ദാവീദ് ചോദിക്കുന്നതായി കാണാം.
കൂലിക്കാരൻ: വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ, തന്നെ ഒരു മകനായല്ല, മറിച്ച് ഒരു കൂലിക്കാരനായി സ്വീകരിക്കണേ എന്ന് അപ്പനോട് അപേക്ഷിക്കുന്നതിനെക്കുറിച്ചാണ് ഇളയമകൻ ആലോചിച്ചത്. ഒരു വീട്ടിലെ അടിമകളെപ്പോലും ആ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നെങ്കിലും ഒരു കൂലിക്കാരനെ അങ്ങനെ കണ്ടിരുന്നില്ല. പലപ്പോഴും കൂലിക്കാരെ വെറും ഒരു ദിവസത്തേക്കും മറ്റും കൂലിക്കു വിളിക്കുന്നതായിരുന്നു രീതി.—മത്ത 20:1, 2, 8.
സ്നേഹത്തോടെ ചുംബിച്ചു: അഥവാ “ആർദ്രമായി ചുംബിച്ചു.” “സ്നേഹത്തോടെ ചുംബിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ഫിലീയോ എന്ന ഗ്രീക്കുക്രിയയുടെ തീവ്രമായ ഒരു രൂപമാണെന്നു കരുതപ്പെടുന്നു. “ചുംബിക്കുക” എന്നു ചില സ്ഥലങ്ങളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഫിലീയോ എന്ന ആ പദം (മത്ത 26:48; മർ 14:44; ലൂക്ക 22:47) മിക്ക സ്ഥലങ്ങളിലും “ഇഷ്ടം തോന്നുക,” “പ്രിയം തോന്നുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. (യോഹ 5:20; 11:3; 16:27) ദൃഷ്ടാന്തത്തിലെ അപ്പൻ ഇത്ര സ്നേഹത്തോടെയും സൗഹൃദഭാവത്തോടെയും മകനെ സ്വാഗതം ചെയ്തു എന്നതു സൂചിപ്പിക്കുന്നത്, മാനസാന്തരപ്പെട്ട മകനെ തിരികെ സ്വീകരിക്കാൻ അദ്ദേഹത്തിന് എത്രത്തോളം മനസ്സായിരുന്നു എന്നാണ്.
എനിക്ക് ഇനി ഒരു യോഗ്യതയുമില്ല: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾക്കു ശേഷം “എന്നെ അപ്പന്റെ കൂലിക്കാരനായെങ്കിലും ഇവിടെ നിറുത്തണേ” എന്നു കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ ആധികാരികമായ പല ആദ്യകാല കൈയെഴുത്തുപ്രതികളും ഇതിനെ പിന്തുണയ്ക്കുന്നില്ല. ചില കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം കൂട്ടിച്ചേർത്തതു ലൂക്ക 15:19-മായി ചേർന്നുപോകാൻവേണ്ടിയാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു.
കുപ്പായം . . . മോതിരം . . . ചെരിപ്പ്: ഏതെങ്കിലും ഒരു കുപ്പായം കൊണ്ടുവരാനല്ല, മറിച്ച് ഏറ്റവും നല്ലതു കൊണ്ടുവരാനാണ് അപ്പൻ പറഞ്ഞത്. ഒരുപക്ഷേ ആദരണീയരായ അതിഥികൾക്കു നൽകിയിരുന്ന, നിറയെ ചിത്രത്തയ്യലുള്ള ഒരു കുപ്പായമായിരുന്നിരിക്കാം ഇത്. കൈയിൽ മോതിരം ഇട്ടുകൊടുത്തത്, അപ്പന്റെ സ്നേഹത്തിന്റെയും പ്രീതിയുടെയും തെളിവായിരുന്നു. തിരികെ വന്ന മകനു നൽകിയ ബഹുമാനത്തിന്റെയും ആദരവിന്റെയും സ്ഥാനത്തിന്റെയും പ്രതീകവും ആയിരുന്നു അത്. സാധാരണയായി അടിമകൾ മോതിരവും ചെരിപ്പും അണിയാറില്ലായിരുന്നു. ഇതിലൂടെ അപ്പൻ ഒരു കാര്യം വ്യക്തമാക്കുകയായിരുന്നു: മകനെ താൻ ഒരു കുടുംബാംഗമായിത്തന്നെയാണു തിരികെ സ്വീകരിക്കുന്നത്.
തിന്നുമുടിച്ച: അഥവാ “പാഴാക്കിക്കളഞ്ഞ.” “തിന്നുകളഞ്ഞു” എന്ന് അർഥം വരുന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, അപ്പന്റെ സ്വത്ത് ഇളയ മകൻ എത്രത്തോളം പാഴാക്കിക്കളഞ്ഞു എന്നു വരച്ചുകാട്ടാനാണ്.
ദൃശ്യാവിഷ്കാരം
ഒരു ഇടയന്റെ ജീവിതം പൊതുവേ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. ചൂടും തണുപ്പും സഹിക്കണം, രാത്രികളിൽ ഉറക്കമിളച്ചിരിക്കണം. (ഉൽ 31:40; ലൂക്ക 2:8) സിംഹം, ചെന്നായ്, കരടി എന്നീ ഇരപിടിയന്മാരിൽനിന്നും കള്ളന്മാരിൽനിന്നും ആട്ടിൻപറ്റത്തെ സംരക്ഷിക്കുക (ഉൽ 31:39; 1ശമു 17:34-36; യശ 31:4; ആമോ 3:12; യോഹ 10:10-12), ആടുകൾ ചിതറിപ്പോകാതെ നോക്കുക (1രാജ 22:17), കാണാതെപോയ ആടുകളെ തേടി കണ്ടെത്തുക (ലൂക്ക 15:4) എന്നിവയെല്ലാം ഇടയന്റെ ഉത്തരവാദിത്വമായിരുന്നു. ആരോഗ്യമില്ലാത്ത ആട്ടിൻകുട്ടികളെയും ക്ഷീണിച്ച് തളർന്നവയെയും അദ്ദേഹം തന്റെ കൈയിലോ (യശ 40:11) തോളത്തോ എടുക്കും. രോഗമുള്ളതിനെയും പരിക്കുപറ്റിയതിനെയും ശുശ്രൂഷിച്ചിരുന്നതും ഇടയനാണ്. (യഹ 34:3, 4; സെഖ 11:16) ബൈബിൾ പലപ്പോഴും ഇടയന്മാരെയും അവർ ചെയ്തിരുന്ന ജോലിയെയും കുറിച്ച് ആലങ്കാരികമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് തന്റെ ആടുകളെ, അതായത് തന്റെ ജനത്തെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരു ഇടയനായി യഹോവയെ ബൈബിൾ വരച്ചുകാട്ടുന്നു. (സങ്ക 23:1-6; 80:1; യിര 31:10; യഹ 34:11-16; 1പത്ര 2:25) ‘വലിയ ഇടയൻ’ (എബ്ര 13:20) എന്നും ‘മുഖ്യയിടയൻ’ എന്നും ബൈബിൾ വിളിച്ചിരിക്കുന്ന യേശുവിന്റെ മാർഗനിർദേശത്തിൻകീഴിൽ ക്രിസ്തീയസഭയിലെ മേൽവിചാരകന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നു. മനസ്സോടെയും അതീവതാത്പര്യത്തോടെയും നിസ്സ്വാർഥമായാണ് അവർ അതു ചെയ്യുന്നത്.—1പത്ര 5:2-4
ഇവിടെ കാണുന്ന പയർ സെറാറ്റോണിയ സൈലിക്വ എന്ന ശാസ്ത്രനാമമുള്ള മരത്തിന്റെ കായ്കളാണ്. ആകർഷകമായ ഈ നിത്യഹരിതവൃക്ഷം ഇസ്രായേലിൽ അങ്ങോളമിങ്ങോളവും മെഡിറ്ററേനിയൻ പ്രദേശത്തിന്റെ മറ്റു ഭാഗങ്ങളിലും കാണാം. ഈ വൃക്ഷത്തിന് 9 മീ. (30 അടി) വരെ ഉയരം വരാറുണ്ട്. ഇതിലെ കായ്കൾക്ക് 15 സെ.മീ. മുതൽ 25 സെ.മീ. വരെ നീളവും ഏതാണ്ട് 2.5 സെ.മീ. വീതിയും ആണുള്ളത്. പച്ച നിറത്തിലുള്ള ഈ കായ്കൾ മൂത്ത് പാകമാകുമ്പോൾ അതിന്റെ തോട് പർപ്പിൾ കലർന്ന തവിട്ടുനിറമാകും. അവ കണ്ടാൽ നല്ല മിനുസമുള്ള തുകൽപോലിരിക്കും. അവയുടെ ഉള്ളിൽ കുറെ, ഉരുളൻ പയറുമണികളും അവയെ പൊതിഞ്ഞ് കുഴമ്പുരൂപത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു പദാർഥവും കാണാം. ഒട്ടലുള്ള ആ വസ്തുവിനു മധുരവുമുണ്ട്. കുതിര, കന്നുകാലി, പന്നി എന്നിവയ്ക്കുള്ള തീറ്റയായി ഇന്നും ഈ പയർ വ്യാപകമായി ഉപയോഗിക്കുന്നു.