ലൂക്കോസ് എഴുതിയത് 17:1-37
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പാപത്തിലേക്കു വീഴിക്കുന്ന മാർഗതടസ്സങ്ങൾ: ഇവിടെ കാണുന്ന സ്കാൻഡലോൺ എന്ന ഗ്രീക്കുപദം ആദ്യകാലത്ത് ഒരു കെണിയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അത് ഒരു കെണിയിൽ ഇരയെ കോർത്തുവെക്കുന്ന കമ്പിനെയാണ് അർഥമാക്കിയതെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഒരാളുടെ കാൽ ഇടറാനോ അയാൾ ഇടറിവീഴാനോ ഇടയാക്കുന്ന ഏതൊരു തടസ്സത്തെ കുറിക്കാനും പിൽക്കാലത്ത് അത് ഉപയോഗിച്ചുതുടങ്ങി. ആലങ്കാരികാർഥത്തിൽ ഈ പദത്തിന് ഒരു വ്യക്തിയെ തെറ്റായ വഴിയിലേക്കു വശീകരിക്കുന്ന, അല്ലെങ്കിൽ അയാൾ ധാർമികമായി ഇടറാനോ വീഴാനോ, പാപത്തിൽ വീണുപോകാനോ ഇടയാക്കുന്ന ഏതൊരു പ്രവൃത്തിയെയും സാഹചര്യത്തെയും കുറിക്കാനാകും. ലൂക്ക 17:2-ൽ ഇതിനോടു ബന്ധമുള്ള സ്കാൻഡലിസോ എന്ന ക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. അവിടെ, “വീണുപോകാൻ . . . ഇടയാക്കുന്നെങ്കിൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആ പദത്തെ “ഒരു കെണിയായിത്തീരുന്നെങ്കിൽ; പാപത്തിലേക്കു വീഴിക്കുന്നെങ്കിൽ” എന്നും പരിഭാഷപ്പെടുത്താം.
ഒരു ദിവസം . . . ഏഴു തവണ: ഈ വാക്കുകൾ കേട്ടപ്പോൾ യേശു മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ പത്രോസ് ഓർത്തുകാണും. ഒരാൾ തന്റെ സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന് പത്രോസ് അന്ന് യേശുവിനോടു ചോദിച്ചപ്പോൾ, “77 തവണ” എന്നായിരുന്നു മറുപടി. (മത്ത 18:22-ന്റെ പഠനക്കുറിപ്പു കാണുക.) രണ്ടു സന്ദർഭത്തിലെയും യേശുവിന്റെ വാക്കുകൾ അക്ഷരാർഥത്തിൽ എടുക്കേണ്ടതല്ല. “ഏഴു തവണ” എന്ന് ഇവിടെ പറഞ്ഞതിന്റെ അർഥം എണ്ണം നോക്കാതെ, അനന്തമായി ക്ഷമിക്കുക എന്നാണ്. (സങ്ക 119:164-ലെ “ദിവസം ഏഴു പ്രാവശ്യം” എന്ന പദപ്രയോഗം താരതമ്യം ചെയ്യുക. വീണ്ടുംവീണ്ടും, നിരന്തരം, എപ്പോഴും എന്നൊക്കെയാണ് അവിടെ അതിന്റെ അർഥം.) ഒരു ക്രിസ്ത്യാനി ഒരു ദിവസംതന്നെ തന്റെ സഹോദരനോട് ഏഴു പ്രാവശ്യം പാപം ചെയ്തിട്ട് ഏഴു പ്രാവശ്യവും പശ്ചാത്തപിച്ചേക്കാം. തിരുത്തൽ കിട്ടുമ്പോൾ പശ്ചാത്തപിക്കുന്നെങ്കിൽ ആ ഓരോ പ്രാവശ്യവും അയാളോടു ക്ഷമിക്കണം. അത്തരം സാഹചര്യങ്ങളിൽ എണ്ണം നോക്കാതെ, വീണ്ടുംവീണ്ടും ക്ഷമിക്കേണ്ടതുണ്ട്.—ലൂക്ക 17:3.
ഒരു കടുകുമണിയുടെ അത്രയെങ്കിലും: അഥവാ “ഒരു കടുകുമണിയുടെ അത്ര ചെറിയ.”—ലൂക്ക 13:19-ന്റെ പഠനക്കുറിപ്പു കാണുക.
മൾബറി മരം: ബൈബിളിൽ ഈ മരത്തെക്കുറിച്ച് ഒരിക്കൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇവിടെ കാണുന്ന ഗ്രീക്കുപദം മിക്കപ്പോഴും മൾബറി മരത്തെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഒരിനം (മോറസ് നൈഗ്ര) ഇന്നും ഇസ്രായേലിൽ വ്യാപകമായി കൃഷി ചെയ്യാറുണ്ട്. ഏതാണ്ട് 6 മീ. (20 അടി) ഉയരത്തിൽ വളരുന്ന, ബലിഷ്ഠമായ ഈ മരത്തിന് ഹൃദയാകൃതിയിലുള്ള, വലിയ ഇലകളാണുള്ളത്. അതിന്റെ പഴങ്ങളുടെ നിറം കറുപ്പോ ഇരുണ്ട ചുവപ്പോ ആണ്. വലിയ വേരുപടലമാണ് ഈ മരത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അതു ചുവടോടെ പറിച്ചെടുക്കാൻ അത്ര എളുപ്പമല്ല.
വസ്ത്രം മാറി: “വസ്ത്രം മാറി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പെരിസോനിമായ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “അര കെട്ടുക” എന്നാണ്. വസ്ത്രത്തിൽ അഴുക്കു പിടിക്കാതിരിക്കാൻ ഒരു പ്രത്യേകതരം മേൽവസ്ത്രം (apron) കെട്ടിക്കൊണ്ടോ അരപ്പട്ടകൊണ്ടും മറ്റും വസ്ത്രം മുറിക്കിക്കെട്ടിക്കൊണ്ടോ ഒരു സേവനം ചെയ്യാൻ തയ്യാറെടുക്കുന്നതിനെയാണ് ഇതു കുറിക്കുന്നത്. ഈ ഗ്രീക്കുപദം ലൂക്ക 12:35, 37-ലും എഫ 6:14-ലും ഉപയോഗിച്ചിട്ടുണ്ട്.—ലൂക്ക 12:35, 37 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഒന്നിനും കൊള്ളാത്ത: അക്ഷ. “പ്രയോജനമില്ലാത്ത; വിലയില്ലാത്ത.” തങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നോ തങ്ങൾ വിലയില്ലാത്തവരാണെന്നോ അടിമകൾ (അതായത്, യേശുവിന്റെ ശിഷ്യന്മാർ) ചിന്തിക്കണമെന്നല്ല യേശു ഈ ദൃഷ്ടാന്തത്തിലൂടെ പറഞ്ഞത്. “ഒന്നിനും കൊള്ളാത്ത” എന്ന പദപ്രയോഗം ഇവിടെ അർഥമാക്കുന്നത്, തങ്ങൾ ഏതെങ്കിലും പ്രത്യേക ബഹുമതിക്കോ പ്രശംസയ്ക്കോ അർഹരാണെന്നു ചിന്തിക്കാതെ അടിമകൾ എളിമയുള്ളവരായിരിക്കണം എന്നാണെന്നു സന്ദർഭം സൂചിപ്പിക്കുന്നു. “ഞങ്ങൾ പ്രത്യേകപരിഗണനയൊന്നും അർഹിക്കാത്ത വെറും അടിമകളാണ്” എന്ന അർഥത്തിലുള്ള ഒരു അതിശയോക്തി അലങ്കാരമായാണ് ഇത് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
യരുശലേമിലേക്കുള്ള യാത്രയ്ക്കിടെ . . . ശമര്യക്കും ഗലീലയ്ക്കും ഇടയിലൂടെ: ഈ യാത്രയുടെ ലക്ഷ്യസ്ഥാനം യരുശലേമായിരുന്നെങ്കിലും യേശു ആദ്യം എഫ്രയീം നഗരത്തിൽനിന്ന് വടക്കോട്ടാണു പോയത്. ശമര്യയിലൂടെയും ഗലീലയിലൂടെയും (സാധ്യതയനുസരിച്ച് അതിന്റെ തെക്കൻ ഭാഗത്തുകൂടെ) സഞ്ചരിച്ച യേശു പെരിയയിൽ എത്തി. ഈ യാത്രയ്ക്കിടെ യേശു ഒരു ഗ്രാമത്തിലേക്കു (ഇതു ശമര്യയിലെയോ ഗലീലയിലെയോ ഗ്രാമമാകാം.) പ്രവേശിക്കുമ്പോഴാണു കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ യേശുവിനെ കണ്ടത്. (ലൂക്ക 17:12) മരണത്തിനു മുമ്പ് യേശു അവസാനമായി ഗലീല സന്ദർശിച്ച സന്ദർഭമാണ് ഇത്.—യോഹ 11:54; അനു. എ7 കാണുക.
കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ: സാധ്യതയനുസരിച്ച്, ബൈബിൾക്കാലങ്ങളിൽ കുഷ്ഠരോഗികൾ എവിടെയെങ്കിലും ഒരുമിച്ചുകൂടിയിരിക്കുന്ന പതിവുണ്ടായിരുന്നു; അവരുടെ താമസവും ഒരുമിച്ചായിരുന്നിരിക്കാം. അതുകൊണ്ടുതന്നെ അവർക്കു പരസ്പരം സഹായിക്കാനാകുമായിരുന്നു. (2രാജ 7:3-5) കുഷ്ഠരോഗികൾ മറ്റുള്ളവരിൽനിന്ന് അകന്നുകഴിയണമെന്നാണു ദൈവനിയമത്തിൽ പറഞ്ഞിരുന്നത്. താൻ വരുന്നുണ്ടെന്ന് അറിയിക്കാൻ ഒരു കുഷ്ഠരോഗി “അശുദ്ധൻ! അശുദ്ധൻ!” എന്നു വിളിച്ചുപറയുകയും വേണമായിരുന്നു. (ലേവ 13:45, 46) കുഷ്ഠരോഗികൾ യേശുവിന്റെ അടുത്ത് വരാതെ ദൂരത്തുതന്നെ നിന്നത് നിയമം അത് ആവശ്യപ്പെട്ടിരുന്നതുകൊണ്ടാണ്.—മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” എന്നതും കാണുക.
പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ: ഭൂമിയിലായിരുന്നപ്പോൾ മോശയുടെ നിയമത്തിൻകീഴിലായിരുന്ന യേശുക്രിസ്തു, അഹരോന്യപൗരോഹിത്യം അപ്പോഴും പ്രാബല്യത്തിലുണ്ടായിരുന്നെന്ന് അംഗീകരിച്ചു. അതുകൊണ്ടാണു കുഷ്ഠരോഗം മാറ്റിക്കൊടുത്തവരെ യേശു പുരോഹിതന്റെ അടുത്തേക്കു പറഞ്ഞയച്ചത്. (മത്ത 8:4; മർ 1:44) മോശയുടെ നിയമമനുസരിച്ച്, ഒരു കുഷ്ഠരോഗി സുഖപ്പെട്ടോ എന്നു സ്ഥിരീകരിക്കേണ്ടതു പുരോഹിതനായിരുന്നു. രോഗം മാറിയ കുഷ്ഠരോഗി ദേവാലയത്തിലേക്കു പോകുമ്പോൾ കാഴ്ചയായി അർപ്പിക്കാൻ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവ കൊണ്ടുപോകണമായിരുന്നു.—ലേവ 14:2-32.
അവർ ശുദ്ധരായി: യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയ ഈ സംഭവത്തെക്കുറിച്ച് ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
വളരെ പ്രകടമായ വിധത്തിൽ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദപ്രയോഗം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരിടത്ത് മാത്രമേ കാണുന്നുള്ളൂ. “ശ്രദ്ധിച്ചുനോക്കുക; നിരീക്ഷിക്കുക” എന്നൊക്കെ അർഥമുള്ള ഒരു ക്രിയയിൽനിന്നാണ് അതിന്റെ ഉത്ഭവം. രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള വൈദ്യശാസ്ത്രലേഖനങ്ങളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരുന്നതായി ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ദൈവരാജ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലായിരിക്കില്ല വരുന്നത് എന്ന സൂചനയാണു സാധ്യതയനുസരിച്ച് ഈ പദം ഇവിടെ നൽകുന്നത്.
നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്: ഇവിടെ കാണുന്ന “നിങ്ങൾ” എന്ന ബഹുവചനസർവനാമം, യേശു അപ്പോൾ സംസാരിച്ചുകൊണ്ടിരുന്ന പരിശീന്മാരെത്തന്നെയാണു കുറിക്കുന്നത്. (ലൂക്ക 17:20; മത്ത 23:13 താരതമ്യം ചെയ്യുക.) രാജാധികാരം കൈയേൽക്കാൻ ദൈവം അഭിഷേകം ചെയ്ത, ദൈവത്തിന്റെ രാജപ്രതിനിധി ആയിരുന്ന യേശു അപ്പോൾത്തന്നെ അവരുടെ ഇടയിലുണ്ടായിരുന്നതുകൊണ്ട്, “ദൈവരാജ്യം” അവരുടെ ഇടയിലുണ്ടെന്നു പറയാനാകുമായിരുന്നു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞതു തനിക്ക് ഈ പ്രത്യേകസ്ഥാനം ഉണ്ടായിരുന്നതുകൊണ്ട് മാത്രമല്ല. ദൈവത്തിന്റെ നിയുക്തരാജാവെന്ന നിലയിൽ തനിക്കുള്ള ശക്തി ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യാനുള്ള അധികാരം യേശുവിനുണ്ടായിരുന്നു; കൂടാതെ, തന്റെ രാജ്യത്തിലെ സ്ഥാനങ്ങൾ അലങ്കരിക്കാനായി ആളുകളെ ഒരുക്കാനുള്ള അധികാരവും യേശുവിനു ദൈവം നൽകിയിരുന്നു.—ലൂക്ക 22:29, 30.
മിന്നൽ പ്രകാശിക്കുന്നതുപോലെ: ശ്രദ്ധയോടെ നോക്കിയിരിക്കുന്നവർക്ക്, യേശു രാജാധികാരത്തോടെ സാന്നിധ്യവാനാകുന്നതിന്റെ തെളിവ് വ്യക്തമായി കാണാനാകും എന്ന അർഥത്തിലാണു യേശുവിന്റെ സാന്നിധ്യം മിന്നൽ പ്രകാശിക്കുന്നതുപോലെയായിരിക്കും എന്നു പറഞ്ഞത്.
പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ നാളിൽ മനുഷ്യപുത്രനും: മറ്റൊരു സാധ്യത “പ്രകാശിക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രനും.” താരതമ്യേന ഹ്രസ്വമായ ഈ പരിഭാഷയാണു ചില പുരാതന കൈയെഴുത്തുപ്രതികളിൽ കാണുന്നത്. എന്നാൽ മറ്റു പുരാതന കൈയെഴുത്തുപ്രതികളിലും പല ബൈബിൾ ഭാഷാന്തരങ്ങളിലും, “പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ നാളിൽ മനുഷ്യപുത്രനും” എന്ന ദൈർഘ്യമേറിയ പരിഭാഷയാണു കാണുന്നത്.
നോഹയുടെ നാളുകളിൽ: ബൈബിളിൽ ‘നാൾ,’ ‘നാളുകൾ’ എന്നീ പദപ്രയോഗങ്ങൾ ഒരാളുടെ ജീവിതകാലത്തെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 17:28) ഇവിടെ ‘നോഹയുടെ നാളുകളെ’ മനുഷ്യപുത്രന്റെ നാളുകളോടു താരതമ്യപ്പെടുത്തിയിരിക്കുന്നതായി കാണാം. മത്ത 24:37-ൽ കാണുന്ന സമാനമായൊരു പ്രസ്താവനയിൽ ‘മനുഷ്യപുത്രന്റെ സാന്നിധ്യം’ എന്ന പദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ ‘നാളുകളിൽ’ അഥവാ ‘സാന്നിധ്യകാലത്ത്’ നോഹയുടെ നാളിൽ സംഭവിച്ചതുപോലൊരു അവസാനമുണ്ടാകുമെന്നു യേശു വ്യക്തമാക്കി. എന്നാൽ യേശു തന്റെ നാളുകളെ താരതമ്യപ്പെടുത്തിയതു നോഹയുടെ നാളുകളിൽ സംഭവിച്ച പ്രളയത്തോടു മാത്രമല്ല. പകരം പ്രളയത്തിൽ അവസാനിച്ച ഒരു നീണ്ട കാലഘട്ടത്തോടാണ്. ‘നോഹയുടെ നാളുകൾ’ അനേകവർഷങ്ങൾ നീണ്ട ഒരു കാലഘട്ടമായിരുന്നതുകൊണ്ട് യേശു മുൻകൂട്ടിപ്പറഞ്ഞ ‘മനുഷ്യപുത്രന്റെ നാളുകളും (അഥവാ “സാന്നിധ്യവും”)’ അനേകവർഷങ്ങൾ നീണ്ട ഒരു കാലഘട്ടമായിരിക്കുമെന്നു നമുക്കു മനസ്സിലാക്കാം. രക്ഷയ്ക്കായി ശ്രമിക്കാത്തവരുടെ നാശത്തോടെയായിരിക്കും ആ കാലഘട്ടം അവസാനിക്കുന്നത്.—മത്ത 24:3-ന്റെ പഠനക്കുറിപ്പു കാണുക.
പെട്ടകം: മത്ത 24:38-ന്റെ പഠനക്കുറിപ്പു കാണുക.
ജലപ്രളയം: അഥവാ “വെള്ളപ്പൊക്കം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന കറ്റാക്ളുസ്മൊസ് എന്ന ഗ്രീക്കുപദം നശീകരണശക്തിയുള്ള വലിയൊരു വെള്ളപ്പൊക്കത്തെ കുറിക്കുന്നു. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു നോഹയുടെ നാളിലെ ജലപ്രളയത്തെ സൂചിപ്പിക്കാനാണ്.—ഉൽ 6:17, സെപ്റ്റുവജിന്റ്; മത്ത 24:38, 39; 2പത്ര 2:5.
പുരമുകളിൽ: ഇസ്രായേല്യരുടെ വീടുകൾക്കു പരന്ന മേൽക്കൂരയാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ സംഭരിക്കുക (യോശ 2:6), വിശ്രമിക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധനയുടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാടുക (നെഹ 8:16-18) എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി അത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് മേൽക്കൂരയ്ക്കു കൈമതിൽ ആവശ്യമായിരുന്നത്. (ആവ 22:8) സാധാരണയായി വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്ന ഒരാൾക്കു വീടിന് ഉള്ളിലൂടെയല്ലാതെ, പുറത്തെ ഗോവണിയിലൂടെയോ ഏണി ഉപയോഗിച്ചോ താഴേക്ക് ഇറങ്ങാമായിരുന്നു. യേശുവിന്റെ മുന്നറിയിപ്പ് ഒരാൾക്ക് എങ്ങനെ അനുസരിക്കാനാകുമായിരുന്നു എന്നു മനസ്സിലാക്കാൻ ഈ പശ്ചാത്തലവിവരം നമ്മളെ സഹായിക്കുന്നു. അപ്പോഴത്തെ സാഹചര്യം എത്രത്തോളം അടിയന്തരമായിരിക്കുമെന്ന സൂചനയും അതിലുണ്ട്.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
കൂട്ടിക്കൊണ്ടുപോകും: ഇതിന്റെ ഗ്രീക്കുപദം പല സന്ദർഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. മിക്കപ്പോഴും നല്ലൊരു അർഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, മത്ത 1:20-ൽ “വീട്ടിലേക്കു കൊണ്ടുവരാൻ” എന്നും മത്ത 17:1-ൽ “കൂട്ടിക്കൊണ്ട് . . . പോയി” എന്നും യോഹ 14:3-ൽ “വീട്ടിൽ സ്വീകരിക്കുക” എന്നും ആണ് ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഇവിടെ അതു കുറിക്കുന്നത്, ‘കർത്താവിന്റെ’ പ്രീതി നേടി രക്ഷിക്കപ്പെടുന്നതിനെയാണ്. (ലൂക്ക 17:37) ഇനി, പ്രളയത്തിന്റെ സമയത്ത് നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ചതിനോടും ലോത്തിനെ കൈക്കു പിടിച്ച് സൊദോമിനു പുറത്തേക്കു കൊണ്ടുപോയതിനോടും ഉള്ള ഒരു താരതമ്യവും ഇവിടെ ഉണ്ടായിരിക്കാം. (ലൂക്ക 17:26-29) അങ്ങനെയെങ്കിൽ, ഉപേക്ഷിക്കും എന്നു പറഞ്ഞതിന്റെ അർഥം നാശത്തിനു വിധിക്കും എന്നാണ്.
പുരാതനകാലത്തെ ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഈ വാക്കുകൾ കാണാം: “രണ്ടു പുരുഷന്മാർ വയലിലുണ്ടായിരിക്കും; ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.” എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്, ലൂക്കോസ് സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നു എന്നാണ്. എങ്കിലും സമാനമായ വാക്കുകൾ മത്ത 24:40-ൽ കാണാം. അതാകട്ടെ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും. മത്തായിയുടെ വിവരണത്തിലെ ആ വാക്കുകൾ ഒരു പകർപ്പെഴുത്തുകാരൻ ലൂക്കോസിന്റെ വിവരണത്തിലേക്കു കടമെടുത്തതാകാം എന്നാണു ചില പണ്ഡിതന്മാരുടെ അഭിപ്രായം.—അനു. എ3 കാണുക.
ദൃശ്യാവിഷ്കാരം
ഇവിടെ കാണിച്ചിരിക്കുന്ന തരം വലിയ തിരികല്ലു കഴുതയെപ്പോലുള്ള വളർത്തുമൃഗങ്ങളാണു തിരിച്ചിരുന്നത്. ധാന്യം പൊടിക്കാനും ഒലിവ് ആട്ടാനും അവ ഉപയോഗിച്ചിരുന്നു. ഇതിൽ മുകളിലത്തെ കല്ലിന് 1.5 മീറ്ററോളം (5 അടി) വ്യാസം വരും. അതിലും വ്യാസം കൂടിയ മറ്റൊരു കല്ലിൽവെച്ചാണ് അതു തിരിക്കുക.
ഈ മരത്തെക്കുറിച്ച് (മോറസ് നൈഗ്ര) ബൈബിളിൽ ഒരിടത്ത് മാത്രമേ പറഞ്ഞിട്ടുള്ളൂ. അപ്പോസ്തലന്മാരുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണു യേശു ഈ മരത്തെക്കുറിച്ച് പറഞ്ഞത്. (ലൂക്ക 17:5, 6) ലൂക്ക 17:6-ൽ കാണുന്ന ഗ്രീക്കുപദം ബൈബിൾക്കാലങ്ങളിൽ മൾബറി മരത്തെ കുറിക്കാനാണു പൊതുവേ ഉപയോഗിച്ചിരുന്നത്. മൾബറിയിലെ മോറസ് നൈഗ്ര എന്ന ഇനം ഇന്നും ഇസ്രായേലിൽ വ്യാപകമായി കൃഷി ചെയ്യാറുണ്ട്. ഏതാണ്ട് 6 മീ. (20 അടി) ഉയരത്തിൽ വളരുന്ന, ബലിഷ്ഠമായ ഈ മരത്തിന് ഹൃദയാകൃതിയിലുള്ള, വലിയ ഇലകളാണുള്ളത്. അതിന്റെ പഴങ്ങളുടെ നിറം കറുപ്പോ ഇരുണ്ട ചുവപ്പോ ആണ്.