ലൂക്കോസ് എഴുതിയത് 18:1-43
പഠനക്കുറിപ്പുകൾ
എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ ആവശ്യം: 2-8 വാക്യങ്ങളിൽ കാണുന്ന ദൃഷ്ടാന്തം ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ സുവിശേഷവിവരണം പ്രാർഥനയ്ക്കു പ്രാധാന്യം നൽകിയിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്.—ലൂക്ക 1:10, 13; 2:37; 3:21; 6:12; 9:28, 29; 11:1; 18:1-8; 22:39-46; 23:46.
ഒരു ന്യായാധിപൻ: റോമാക്കാർ നിയമിച്ച ഒരു ന്യായാധിപനെക്കുറിച്ചോ മജിസ്റ്റ്രേട്ടിനെക്കുറിച്ചോ ആണ് സാധ്യതയനുസരിച്ച് യേശു ഇവിടെ പറഞ്ഞിരിക്കുന്നത്. ജൂതന്മാരുടെ നീതിന്യായവ്യവസ്ഥയിൽ കേസുകൾ തീർപ്പാക്കാൻ കുറഞ്ഞതു മൂന്നു പേരെങ്കിലും വേണമായിരുന്നു. അതുകൊണ്ടുതന്നെ ഈ ദൃഷ്ടാന്തത്തിലെ ന്യായാധിപൻ ജൂതന്മാർ നിയമിച്ച ആളായിരുന്നിരിക്കില്ല. മാത്രമല്ല, ആ ന്യായാധിപൻ ദൈവത്തെ ഭയപ്പെടാത്തവനും ഒരാളെയും വകവെക്കാത്തവനും ആയിരുന്നെന്നും പറഞ്ഞിരിക്കുന്നു. ‘വകവെക്കാത്ത’ എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്, മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ഒരു ചിന്തയും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ്.
ആളുകളെ വകവെക്കുകയോ ചെയ്യുന്നില്ല: ഇവിടെ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്, ആ ന്യായാധിപൻ പൊതുജനാഭിപ്രായത്തിനു വഴങ്ങിക്കൊടുക്കുന്ന ആളോ മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന് അമിതമായി ഉത്കണ്ഠപ്പെടുന്ന ആളോ അല്ലായിരുന്നു എന്നാണ്.—ലൂക്ക 18:2-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ സ്വൈരം കെടുത്തും: അക്ഷ. “അവസാനംവരെ എന്റെ (കണ്ണിനു) താഴെ ഇടിക്കും.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹുപ്പൊപ്പിയേസൊ എന്ന ഗ്രീക്കുക്രിയയെ നിർവചിച്ചിരിക്കുന്നതു “മുഖത്ത് അടിക്കുക; കണ്ണിനു ചുറ്റും കരിവാളിക്കുന്നതുപോലെ ഇടിക്കുക” എന്നൊക്കെയാണ്. എന്നാൽ സാധ്യതയനുസരിച്ച് ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നത്, ഒരാളെ നിരന്തരം ബുദ്ധിമുട്ടിക്കുക, ഒരാൾക്ക് ഒട്ടും സ്വൈരം കൊടുക്കാതിരിക്കുക എന്നെല്ലാമുള്ള അർഥത്തിൽ ആലങ്കാരികമായിട്ടാണ്. ഒരാളുടെ സത്പേര് കളങ്കപ്പെടുത്തുക എന്നൊരു അർഥവും ഈ പദത്തിനുണ്ടെന്ന് ചില പണ്ഡിതന്മാർ കരുതുന്നു. എന്നാൽ ഇവിടെ അത് ആ ന്യായാധിപന്റെ മാനസികാവസ്ഥയെ ആണ് വർണിക്കുന്നത്. നീതിക്കായുള്ള ആ വിധവയുടെ യാചന ശ്രദ്ധിക്കാൻ ആദ്യം അദ്ദേഹം തയ്യാറായില്ലെങ്കിലും ആ സ്ത്രീ മടുത്ത് പിന്മാറാതിരുന്നപ്പോൾ അദ്ദേഹത്തിനു നടപടിയെടുക്കാൻ തോന്നി. (ലൂക്ക 18:1-4) ദൈവം നീതികെട്ട ആ ന്യായാധിപനെപ്പോലെയാണെന്നല്ല ദൃഷ്ടാന്തം പറയുന്നത്. ദൈവവും ന്യായാധിപനും തമ്മിലുള്ള വ്യത്യാസമാണ് അത് എടുത്തുകാട്ടുന്നത്. നീതികെട്ട ആ ന്യായാധിപൻ ഒടുവിൽ ശരിയായതു ചെയ്തെങ്കിൽ ദൈവം അതിന് എത്രയധികം തയ്യാറാകും! ആ വിധവയെപ്പോലെ ദൈവദാസന്മാർ മടുത്ത് പിന്മാറാതെ യഹോവയോടു സഹായം ചോദിക്കണം. നീതിമാനായ ദൈവം നീതി നടപ്പാക്കിക്കൊണ്ട് അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കും.—ലൂക്ക 18:6, 7.
ഇത്തരം വിശ്വാസം: അഥവാ “ഈ വിശ്വാസം.” “വിശ്വാസം” എന്ന പദത്തിനു മുമ്പ് ഇവിടെ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണുന്നുണ്ട്. അതു സൂചിപ്പിക്കുന്നത്, യേശു ഇവിടെ വിശ്വാസം എന്ന ഗുണത്തെക്കുറിച്ച് പൊതുവായ ഒരർഥത്തിൽ സംസാരിക്കുകയായിരുന്നില്ല, മറിച്ച് ഒരു പ്രത്യേകതരം വിശ്വാസത്തെക്കുറിച്ച് പറയുകയായിരുന്നു എന്നാണ്. യേശുവിന്റെ ദൃഷ്ടാന്തകഥയിലെ ആ വിധവയ്ക്ക് ഉണ്ടായിരുന്നതുപോലുള്ള ഒരു വിശ്വാസമാണു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. (ലൂക്ക 18:1-8) ഇത്തരം വിശ്വാസമുള്ള ഒരാൾക്കു പ്രാർഥനയുടെ ശക്തിയിലും അതുപോലെ, ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു നീതി നടത്തിക്കൊടുക്കും എന്ന കാര്യത്തിലും വിശ്വാസമുണ്ടായിരിക്കും. സാധ്യതയനുസരിച്ച്, വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തിനു യേശു ഉത്തരം കൊടുക്കാതെ വിട്ടത്, വിശ്വാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു ആത്മപരിശോധന നടത്താൻ ശിഷ്യന്മാരെ പ്രേരിപ്പിക്കാനാണ്. പ്രാർഥനയെയും വിശ്വാസത്തെയും കുറിച്ചുള്ള ദൃഷ്ടാന്തം ഈ അവസരത്തിൽ എന്തുകൊണ്ടും യോജിക്കുമായിരുന്നു. കാരണം തന്റെ ശിഷ്യന്മാർ നേരിടാൻപോകുന്ന പരിശോധനകളെക്കുറിച്ചാണു യേശു തൊട്ടുമുമ്പ് സംസാരിച്ചത്.—ലൂക്ക 17:22-37.
ദേവാലയം: പ്രാർഥിക്കാൻ ദേവാലയത്തിലേക്കു പോയിരുന്നവർ വിശുദ്ധത്തിലോ അതിവിശുദ്ധത്തിലോ പ്രവേശിച്ചിരുന്നില്ല. എന്നാൽ ചുറ്റുമുള്ള മുറ്റങ്ങളിൽ പ്രവേശിക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നു. ദൃഷ്ടാന്തത്തിലെ രണ്ടു ജൂതന്മാർ പ്രാർഥിച്ചത് ഈ മുറ്റങ്ങളിലൊന്നിൽ നിന്നുകൊണ്ടായിരിക്കാം.—അനു. ബി11 കാണുക.
പിടിച്ചുപറിക്കാരൻ: റോമാക്കാർ ഇസ്രായേൽ ഭരിച്ചിരുന്ന സമയത്ത് ജൂതന്മാരായ നികുതിപിരിവുകാർ മിക്കപ്പോഴും ആളുകളിൽനിന്ന് അന്യായമായാണു നികുതി ഈടാക്കിയിരുന്നത്. ആളുകളെ ചൂഷണം ചെയ്ത് വളഞ്ഞ വഴിയിലൂടെ സമ്പന്നരാകാൻ അവർക്കു ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. (സ്വാഭാവികമായും ആ നികുതിപിരിവുകാരുടെ റോമൻ മേലധികാരികൾക്കും അതിന്റെ പ്രയോജനം കിട്ടിയിരുന്നു.) താൻ ഒരു പിടിച്ചുപറിക്കാരനല്ലെന്നു ദൈവത്തിനു മുന്നിൽ വീമ്പിളക്കിയ സ്വയനീതിക്കാരനായ പരീശനെക്കുറിച്ച് ദൃഷ്ടാന്തത്തിൽ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു നികുതിപിരിവുകാരുടെ ഈ രീതിയായിരിക്കാം.
ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു: മോശയിലൂടെ കൊടുത്ത നിയമത്തിൽ “ഉപവാസം” എന്നൊരു പദം കാണുന്നില്ല. എന്നാൽ പാപപരിഹാരദിവസത്തോടു ബന്ധപ്പെട്ട് വർഷത്തിലൊരിക്കൽ “നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം” എന്ന കല്പനയിൽ ഉപവാസം ഉൾപ്പെട്ടിരുന്നതായി പൊതുവേ കരുതപ്പെടുന്നു. (ലേവ 16:29, അടിക്കുറിപ്പ്; സംഖ 29:7, അടിക്കുറിപ്പ്; സങ്ക 35:13) പിൽക്കാലത്ത്, ചില ദേശീയദുരന്തങ്ങളുടെ ഓർമയ്ക്കായി മറ്റു വാർഷിക ഉപവാസങ്ങളും ആചരിക്കാൻ തുടങ്ങി. എന്നാൽ “ആഴ്ചയിൽ രണ്ടു പ്രാവശ്യം” (ആഴ്ചയുടെ രണ്ടാം ദിവസവും അഞ്ചാം ദിവസവും) ഉപവസിക്കുന്നതായിരുന്നു പരീശന്മാരുടെ രീതി. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ഈ ഭക്തിപ്രകടനത്തിന്റെ ഉദ്ദേശ്യം. (മത്ത 6:16) പതിവ് ചന്തദിവസങ്ങളിൽ ധാരാളം ആളുകൾ പട്ടണത്തിൽ വരുമായിരുന്നതുകൊണ്ട് ആ ദിവസങ്ങളാണ് അവർ ഉപവസിക്കാനായി തിരഞ്ഞെടുത്തിരുന്നതെന്നു ചിലർ അഭിപ്രായപ്പെടുന്നു. സിനഗോഗുകളിൽ പ്രത്യേകമതശുശ്രൂഷകൾ നടക്കുന്ന ദിവസങ്ങളിലും പ്രാദേശികകോടതികൾ സമ്മേളിച്ചിരുന്ന ദിവസങ്ങളിലും അവർ ഉപവസിച്ചിരുന്നു.
എന്നോടു കൃപ തോന്നേണമേ: അഥവാ “എന്നോടു കരുണ തോന്നേണമേ.” “കൃപ തോന്നേണമേ” എന്നതിനുള്ള ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ. രണ്ടിടത്തും അനുരഞ്ജനത്തോടോ പാപപരിഹാരത്തോടോ ബന്ധപ്പെട്ടാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. എബ്ര 2:17-ൽ (അടിക്കുറിപ്പും കാണുക.) ആ പദത്തെ ‘അനുരഞ്ജനബലി (പാപപരിഹാരത്തിനുള്ള ബലി) അർപ്പിക്കുക’ അഥവാ ‘പാപപരിഹാരം വരുത്തുക’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
കുട്ടികളെ: അഥവാ “ശിശുക്കളെ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ബ്രീഫോസ് എന്ന ഗ്രീക്കുപദത്തിന് തീരെ ചെറിയ കുട്ടികളെയോ ശിശുക്കളെയോ ഗർഭസ്ഥശിശുക്കളെപ്പോലുമോ കുറിക്കാനാകും. (ലൂക്ക 1:41; 2:12; പ്രവൃ 7:19; 2തിമ 3:15, “ശൈശവം”; 1പത്ര 2:2) എന്നാൽ മത്ത 19:13-ലെയും മർ 10:13-ലെയും സമാന്തരവിവരണങ്ങളിൽ കാണുന്നതു പൈദിയോൻ എന്ന മറ്റൊരു ഗ്രീക്കുപദമാണ്. ആ പദം നവജാതശിശുക്കളെയും തീരെ ചെറിയ കുട്ടികളെയും മാത്രമല്ല (മത്ത 2:8; ലൂക്ക 1:59) യായീറൊസിന്റെ 12 വയസ്സുകാരി മകളെയും (മർ 5:39-42) കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. സുവിശേഷയെഴുത്തുകാർ വ്യത്യസ്ത ഗ്രീക്കുപദങ്ങൾ ഉപയോഗിച്ചിരിക്കുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത്, അവിടെ പല പ്രായത്തിലുള്ള കുട്ടികൾ ഉണ്ടായിരുന്നിരിക്കാം എന്നാണ്. ലൂക്കോസ്, അവരിൽ പ്രായം കുറഞ്ഞ കുട്ടികളുടെ കാര്യം മാത്രം എടുത്തുപറഞ്ഞതാകാം.
ഒരു കുട്ടിയെപ്പോലെ: മർ 10:15-ന്റെ പഠനക്കുറിപ്പു കാണുക.
നല്ലവനായ ഗുരു: മർ 10:17-ന്റെ പഠനക്കുറിപ്പു കാണുക.
യേശു അയാളോടു പറഞ്ഞു: ആ പ്രമാണിക്ക് എത്രത്തോളം ആത്മാർഥതയുണ്ടെന്നു യേശുവിനു മനസ്സിലായി. യേശുവിന് “അയാളോടു സ്നേഹം തോന്നി” എന്നാണു മർ 10:21 പറയുന്നത്. എന്നാൽ ഒരു ശിഷ്യനാകാൻ അയാൾ കുറെക്കൂടെ ആത്മത്യാഗമനോഭാവം വളർത്തേണ്ടതുണ്ടെന്നു യേശുവിനു മനസ്സിലായിക്കാണും. അതുകൊണ്ട് യേശു അയാളോട്, ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക എന്നു പറഞ്ഞു. യേശുവിനെ അനുഗമിക്കാനായി തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ തയ്യാറായ പത്രോസിനെയും മറ്റുള്ളവരെയും പോലെയല്ലായിരുന്നു ഈ ചെറുപ്പക്കാരൻ. ഒരു ശിഷ്യനാകാൻവേണ്ടി തന്റെ സ്വത്തുക്കൾ ഉപേക്ഷിക്കാൻ അയാൾക്കു മനസ്സുവന്നില്ല.—മത്ത 4:20, 22; ലൂക്ക 18:23, 28.
എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്: ഒരു കാര്യം വ്യക്തമാക്കാൻ യേശു ഇവിടെ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. ഒരു ഒട്ടകത്തിനു സൂചിയുടെ ദ്വാരത്തിലൂടെ കടക്കാനാകാത്തതുപോലെ, ഒരു ധനികൻ യഹോവയോടുള്ള ബന്ധത്തെക്കാൾ എപ്പോഴും തന്റെ സമ്പത്തിനു പ്രാധാന്യം കൊടുക്കുന്നെങ്കിൽ അയാൾക്ക് ഒരിക്കലും ദൈവരാജ്യത്തിൽ കടക്കാൻ കഴിയില്ല. എന്നാൽ സമ്പന്നരായ ആർക്കും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ലെന്നല്ല യേശു ഉദ്ദേശിച്ചത്. കാരണം “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യം” എന്നും യേശു തൊട്ടുപിന്നാലെ പറഞ്ഞു. (ലൂക്ക 18:27) “സൂചി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ബിലോനെ എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. തയ്യൽസൂചികൾക്കു പുറമേ, ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന സൂചികളെ കുറിക്കാനും ഈ പദം ചിലപ്പോഴൊക്കെ ഉപയോഗിച്ചിരുന്നു. പക്ഷേ മത്ത 19:24-ലെയും മർ 10:25-ലെയും സമാന്തരവിവരണങ്ങളിൽ “സൂചി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, “തയ്ക്കുക” എന്ന അർഥമുള്ള ക്രിയയിൽനിന്ന് വന്ന റാഫിസ് എന്ന ഗ്രീക്കുപദമാണ്.
വരാൻപോകുന്ന വ്യവസ്ഥിതിയിൽ: അഥവാ “വരാൻപോകുന്ന യുഗത്തിൽ.” ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ദൈവരാജ്യഭരണത്തിൻകീഴിൽ വരാൻപോകുന്ന ഒരു യുഗത്തെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നത്. വിശ്വസ്തരായവർക്ക് ആ ഭരണത്തിൻകീഴിൽ നിത്യജീവൻ ലഭിക്കും.—മർ 10:29, 30; പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.
യരീഹൊ: യോർദാൻ നദിക്കു പടിഞ്ഞാറ് ഇസ്രായേല്യർ കീഴടക്കിയ ആദ്യ കനാന്യനഗരം. (സംഖ 22:1; യോശ 6:1, 24, 25) ഈ പുരാതനനഗരം പിൽക്കാലത്ത് ഉപേക്ഷിക്കപ്പെട്ടെങ്കിലും അവിടെ നല്ലൊരു ജലസ്രോതസ്സുണ്ടായിരുന്നതുകൊണ്ട് (എയിൻ എസ്-സുൽത്താൻ) ബാബിലോൺപ്രവാസത്തിൽനിന്ന് മടങ്ങിവന്ന ജൂതന്മാർ അവിടെ മറ്റൊരു നഗരം പണിതു. യേശുവിന്റെ കാലമായപ്പോഴേക്കും ആ ജൂതനഗരത്തിനു ഏതാണ്ട് 2 കി.മീ. തെക്കായി റോമാക്കാർ പുതിയൊരു നഗരം നിർമിച്ചിരുന്നു. അതുകൊണ്ടായിരിക്കാം ഒരേ സംഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് യേശു ‘യരീഹൊ വിട്ട് പോയതായി’ മത്തായിയും മർക്കോസും പറയുമ്പോൾ (മത്ത 20:29; മർ 10:46) യേശു യരീഹൊയോട് അടുത്തു എന്നു ലൂക്കോസ് പറയുന്നത്. ജൂതന്മാരുടെ യരീഹൊയിൽനിന്ന് യാത്ര തിരിച്ച യേശു, റോമാക്കാരുടെ യരീഹൊയോട് അടുക്കുമ്പോഴായിരിക്കാം അന്ധനായ മനുഷ്യനെ സുഖപ്പെടുത്തിയത്.—അനു. ബി4-ഉം ബി10-ഉം കാണുക.