ലൂക്കോസ്‌ എഴുതിയത്‌ 19:1-48

19  യരീ​ഹൊ​യിൽ പ്രവേ​ശിച്ച യേശു ആ നഗരത്തി​ലൂ​ടെ കടന്നു​പോ​കു​ക​യാ​യി​രു​ന്നു. 2  അവിടെ സക്കായി എന്നു പേരുള്ള ഒരാളു​ണ്ടാ​യി​രു​ന്നു. മുഖ്യ നികു​തി​പി​രി​വു​കാ​രിൽ ഒരാളായ സക്കായി വലിയ ധനിക​നാ​യി​രു​ന്നു. 3  ഈ യേശു ആരാണെന്നു കാണാൻ സക്കായി ശ്രമി​ച്ചെ​ങ്കി​ലും അയാൾക്കു പൊക്കം കുറവാ​യി​രു​ന്ന​തു​കൊണ്ട്‌ ആൾക്കൂ​ട്ട​ത്തിന്‌ ഇടയിൽ യേശു​വി​നെ കാണാൻ പറ്റിയില്ല. 4  അതു​കൊണ്ട്‌ സക്കായി യേശു പോകുന്ന വഴിയി​ലൂ​ടെ മുമ്പേ ഓടി ഒരു അത്തി മരത്തിൽ കയറി. 5  യേശു ആ സ്ഥലത്ത്‌ എത്തിയ​പ്പോൾ മുകളി​ലേക്കു നോക്കി സക്കായി​യോ​ടു പറഞ്ഞു: “സക്കായീ, വേഗം ഇറങ്ങിവാ. ഞാൻ ഇന്നു താങ്കളു​ടെ വീട്ടി​ലാ​ണു താമസി​ക്കു​ന്നത്‌.” 6  അപ്പോൾ സക്കായി വേഗം ഇറങ്ങി​വന്ന്‌ സന്തോ​ഷ​ത്തോ​ടെ യേശു​വി​നെ അതിഥി​യാ​യി സ്വീക​രി​ച്ചു. 7  ആളുക​ളെ​ല്ലാം ഇതു കണ്ട്‌, “അവൻ പാപി​യായ ഒരു മനുഷ്യന്റെ വീട്ടിൽ അതിഥി​യാ​യി പോയി​രി​ക്കു​ന്നു”+ എന്നു പിറു​പി​റു​ത്തു. 8  എന്നാൽ സക്കായി എഴു​ന്നേ​റ്റു​നിന്ന്‌ കർത്താ​വി​നോ​ടു പറഞ്ഞു: “കർത്താവേ, എന്റെ വസ്‌തു​വ​ക​ക​ളിൽ പകുതി​യും ഞാൻ ഇതാ, ദരി​ദ്രർക്കു കൊടു​ക്കു​ന്നു. ഞാൻ ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യി ഈടാ​ക്കി​യ​തെ​ല്ലാം നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​നൽകു​ന്നു.”+ 9  അപ്പോൾ യേശു സക്കായി​യോ​ടു പറഞ്ഞു: “താങ്കളും അബ്രാഹാമിന്റെ മകനാ​യ​തു​കൊണ്ട്‌ ഇന്ന്‌ ഈ വീടിനു രക്ഷ ലഭിച്ചി​രി​ക്കു​ന്നു. 10  കാണാ​തെ​പോ​യ​തി​നെ കണ്ടെത്തി രക്ഷിക്കാ​നാ​ണ​ല്ലോ മനുഷ്യ​പു​ത്രൻ വന്നത്‌.”+ 11  എല്ലാവ​രും യേശു പറയു​ന്നതു കേട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. യരുശ​ലേ​മിന്‌ അടുത്ത്‌ എത്തിയി​രു​ന്ന​തു​കൊ​ണ്ടും ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ പ്രത്യ​ക്ഷ​പ്പെ​ടു​മെ​ന്നൊ​രു തോന്നൽ കേൾവി​ക്കാ​രു​ടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടും+ യേശു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: 12  “കുലീനനായ ഒരു മനുഷ്യൻ രാജാ​ധി​കാ​രം നേടി​യിട്ട്‌ വരാൻ ഒരു ദൂര​ദേ​ശ​ത്തേക്കു യാത്ര​യാ​യി.+ 13  പോകു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം അടിമ​ക​ളിൽ പത്തു പേരെ വിളിച്ച്‌ അവർക്കു പത്തു മിന കൊടുത്തിട്ട്‌, ‘ഞാൻ തിരി​ച്ചെ​ത്തു​ന്ന​തു​വരെ ഇതു​കൊണ്ട്‌ വ്യാപാ​രം ചെയ്യുക’+ എന്നു പറഞ്ഞു. 14  എന്നാൽ നാട്ടിലെ പൗരന്മാർക്ക്‌ അദ്ദേഹ​ത്തോ​ടു വെറു​പ്പാ​യി​രു​ന്നു; അതു​കൊണ്ട്‌ അവർ, ‘ഈ മനുഷ്യൻ ഞങ്ങളുടെ രാജാ​വാ​കു​ന്നതു ഞങ്ങൾക്ക്‌ ഇഷ്ടമല്ല’ എന്നു പറയാൻ അദ്ദേഹത്തിന്റെ പിന്നാലെ സ്ഥാനപ​തി​ക​ളു​ടെ ഒരു സംഘത്തെ അയച്ചു. 15  “ഒടുവിൽ അദ്ദേഹം രാജാ​ധി​കാ​രം നേടി മടങ്ങിവന്നു. താൻ പണം കൊടു​ത്തി​രുന്ന അടിമകൾ വ്യാപാ​രം ചെയ്‌ത്‌ എന്തു സമ്പാദിച്ചു+ എന്ന്‌ അറിയാൻ അവരെ വിളിപ്പിച്ചു. 16  അപ്പോൾ ഒന്നാമൻ വന്ന്‌, ‘യജമാ​നനേ, അങ്ങയുടെ മിന​കൊണ്ട്‌ ഞാൻ പത്തുകൂ​ടെ സമ്പാദി​ച്ചു’+ എന്നു ബോധി​പ്പി​ച്ചു. 17  അദ്ദേഹം അയാ​ളോ​ടു പറഞ്ഞു: ‘കൊള്ളാം! നീ നല്ല അടിമ​യാണ്‌! നീ ചെറി​യൊ​രു കാര്യ​ത്തിൽ വിശ്വ​സ്‌ത​നാ​ണെന്നു തെളി​യി​ച്ച​തു​കൊണ്ട്‌ പത്തു നഗരത്തിന്‌ അധികാ​രി​യാ​യി​രി​ക്കുക.’+ 18  രണ്ടാമൻ വന്ന്‌, ‘യജമാ​നനേ, അങ്ങയുടെ മിന​കൊണ്ട്‌ ഞാൻ അഞ്ചുകൂ​ടെ ഉണ്ടാക്കി​യി​രി​ക്കു​ന്നു’+ എന്നു ബോധി​പ്പി​ച്ചു. 19  യജമാനൻ അയാ​ളോട്‌, ‘നിന്നെ അഞ്ചു നഗരം ഏൽപ്പി​ക്കു​ന്നു’ എന്നു പറഞ്ഞു. 20  മറ്റൊ​രാൾ വന്ന്‌ പറഞ്ഞു: ‘യജമാ​നനേ, ഇതാ അങ്ങയുടെ മിന. ഞാൻ ഇത്‌ ഒരു തുണി​യിൽ പൊതിഞ്ഞ്‌ സൂക്ഷിച്ചുവെച്ചു. 21  അങ്ങ്‌ നിക്ഷേ​പി​ക്കാ​ത്തത്‌ എടുക്കു​ക​യും വിതയ്‌ക്കാ​ത്തതു കൊയ്‌തെ​ടു​ക്കു​ക​യും ചെയ്യുന്ന കഠിന​ഹൃ​ദ​യ​നാ​യ​തു​കൊണ്ട്‌ എനിക്ക്‌ അങ്ങയെ പേടി​യാ​യി​രു​ന്നു.’+ 22  അപ്പോൾ അദ്ദേഹം അയാ​ളോ​ടു പറഞ്ഞു: ‘ദുഷ്ടാ, നിന്റെ സ്വന്തം വാക്കു​കൾകൊ​ണ്ടു​തന്നെ ഞാൻ ഇപ്പോൾ നിന്നെ വിധി​ക്കും. ഞാൻ നിക്ഷേ​പി​ക്കാ​ത്തത്‌ എടുക്കു​ക​യും വിതയ്‌ക്കാ​ത്തതു കൊയ്യു​ക​യും ചെയ്യുന്ന കഠിന​ഹൃ​ദ​യ​നാ​ണെന്നു നിനക്ക്‌ അറിയാ​മാ​യി​രു​ന്നു, അല്ലേ?+ 23  പിന്നെ എന്താണു നീ എന്റെ പണം ഒരു ബാങ്കിൽ നിക്ഷേപിക്കാഞ്ഞത്‌? അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ എനിക്ക്‌ അതു പലിശ സഹിതം തിരികെ വാങ്ങാമായിരുന്നല്ലോ.’ 24  “എന്നിട്ട്‌ അദ്ദേഹം അടുത്ത്‌ നിന്നവ​രോട്‌, ‘അവന്റെ കൈയിൽനിന്ന്‌ ആ മിന വാങ്ങി പത്തു മിന ഉള്ളവനു കൊടു​ക്കുക’+ എന്നു കല്‌പി​ച്ചു. 25  അവർ അദ്ദേഹ​ത്തോട്‌, ‘യജമാ​നനേ, അയാൾക്കു പത്തു മിന ഉണ്ടല്ലോ’ എന്നു പറഞ്ഞു.— 26  ‘ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഉള്ളവനു കൂടുതൽ കൊടു​ക്കും. ഇല്ലാത്തവന്റെ കൈയിൽനി​ന്നോ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.+ 27  ഇനി, എന്നെ രാജാ​വാ​യി അംഗീ​ക​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത എന്റെ ശത്രു​ക്ക​ളു​ടെ കാര്യം; അവരെ ഇവിടെ കൊണ്ടു​വന്ന്‌ എന്റെ മുന്നിൽവെച്ച്‌ കൊന്നു​ക​ളയൂ.’” 28  ഇതു പറഞ്ഞിട്ട്‌ യേശു യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര തുടർന്നു. 29  യേശു ഒലിവുമലയുടെ+ അരികെ ബേത്ത്‌ഫാ​ഗ​യ്‌ക്കും ബഥാന്യ​ക്കും അടുത്ത്‌ എത്തിയ​പ്പോൾ രണ്ടു ശിഷ്യന്മാരോടു+ 30  പറഞ്ഞു: “ആ കാണുന്ന ഗ്രാമ​ത്തി​ലേക്കു പോകുക. അവിടെ ചെല്ലു​മ്പോൾ ആരും ഇതുവരെ കയറി​യി​ട്ടി​ല്ലാത്ത ഒരു കഴുത​ക്കു​ട്ടി​യെ കെട്ടി​യി​രി​ക്കു​ന്നതു കാണും. അതിനെ അഴിച്ച്‌ കൊണ്ടു​വ​രുക. 31  ‘എന്തിനാണ്‌ അതിനെ അഴിക്കു​ന്നത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇതിനെ ആവശ്യ​മുണ്ട്‌’ എന്നു പറയുക.” 32  അവർ ചെന്ന​പ്പോൾ യേശു പറഞ്ഞതു​പോ​ലെ​തന്നെ കണ്ടു.+ 33  അവർ കഴുത​ക്കു​ട്ടി​യെ അഴിക്കു​മ്പോൾ അതിന്റെ ഉടമസ്ഥർ അവരോട്‌, “എന്തിനാണ്‌ അതിനെ അഴിക്കു​ന്നത്‌” എന്നു ചോദി​ച്ചു. 34  “കർത്താവിന്‌ ഇതിനെ ആവശ്യ​മുണ്ട്‌” എന്ന്‌ അവർ പറഞ്ഞു. 35  അങ്ങനെ ശിഷ്യ​ന്മാർ അതിനെ യേശുവിന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവരുടെ പുറങ്കു​പ്പാ​യങ്ങൾ അതിന്റെ മേൽ ഇട്ടിട്ട്‌ യേശു​വി​നെ അതിന്റെ പുറത്ത്‌ ഇരുത്തി.+ 36  യേശു മുന്നോ​ട്ടു നീങ്ങി​യ​പ്പോൾ അവർ അവരുടെ പുറങ്കു​പ്പാ​യങ്ങൾ വഴിയിൽ വിരിച്ചു.+ 37  ഒലിവു​മ​ല​യിൽനിന്ന്‌ താഴേക്ക്‌ ഇറങ്ങുന്ന വഴിയു​ടെ അടുത്ത്‌ യേശു എത്തിയ​പ്പോൾ ശിഷ്യ​ന്മാ​രു​ടെ ആ വലിയ കൂട്ടം ഒന്നിച്ച്‌, അവർ കണ്ട എല്ലാ അത്ഭുത​ങ്ങ​ളും കാരണം സന്തോ​ഷ​ത്തോ​ടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്‌തു​തി​ച്ചു. 38  “യഹോവയുടെ നാമത്തിൽ രാജാ​വാ​യി വരുന്നവൻ അനുഗൃഹീതൻ! സ്വർഗ​ത്തിൽ സമാധാനം, അത്യു​ന്ന​ത​ങ്ങ​ളിൽ മഹത്ത്വം” എന്ന്‌ അവർ ആർത്തുവിളിച്ചു.+ 39  എന്നാൽ ജനക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രുന്ന പരീശ​ന്മാ​രിൽ ചിലർ യേശു​വി​നോട്‌, “ഗുരുവേ, അങ്ങയുടെ ശിഷ്യ​ന്മാ​രെ ശകാരി​ക്കുക”+ എന്നു പറഞ്ഞു. 40  എന്നാൽ യേശു പറഞ്ഞു: “ഒരു കാര്യം ഞാൻ പറയാം, ഇവർ മിണ്ടാ​തി​രു​ന്നാൽ ഈ കല്ലുകൾ ആർത്തു​വി​ളി​ക്കും.” 41  യേശു നഗരത്തിന്‌ അടുത്ത്‌ എത്തിയ​പ്പോൾ അതിനെ നോക്കി കരഞ്ഞു​കൊണ്ട്‌ പറഞ്ഞു:+ 42  “സമാധാനത്തിനുള്ള മാർഗങ്ങൾ+ ഇന്നെങ്കി​ലും നീ ഒന്നു തിരി​ച്ച​റി​ഞ്ഞെ​ങ്കിൽ കൊള്ളാ​മാ​യി​രു​ന്നു! എന്നാൽ ഇപ്പോൾ അതു നിന്റെ കണ്ണുകൾക്കു മറഞ്ഞി​രി​ക്കു​ക​യാ​ണ​ല്ലോ.+ 43  നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി നിന്നെ വളഞ്ഞ്‌ എല്ലാ വശത്തു​നി​ന്നും നിന്നെ ഉപരോധിക്കുന്ന* കാലം വരാൻപോകുന്നു.+ 44  അവർ നിന്നെ​യും നിന്റെ മതിൽക്കെ​ട്ടി​നു​ള്ളിൽ കഴിയുന്ന നിന്റെ മക്കളെ​യും നിലം​പ​രി​ചാ​ക്കും.+ ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല്‌ അവശേ​ഷി​പ്പി​ക്കില്ല.+ കാരണം നീ നിന്റെ പരി​ശോ​ധ​നാ​കാ​ലം തിരി​ച്ച​റി​ഞ്ഞില്ല.” 45  പിന്നെ യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ അവിടെ വിൽപ്പന നടത്തി​യി​രു​ന്ന​വരെ പുറത്താ​ക്കാൻതു​ടങ്ങി.+ 46  യേശു അവരോ​ടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥ​നാ​ല​യ​മാ​യി​രി​ക്കും’+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി​യി​രി​ക്കു​ന്നു.”+ 47  യേശു ദിവസ​വും ദേവാ​ല​യ​ത്തിൽ പഠിപ്പി​ച്ചു​പോ​ന്നു. പക്ഷേ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ജനത്തിന്റെ പ്രമാ​ണി​മാ​രും യേശു​വി​നെ കൊല്ലാ​നുള്ള വഴി തേടി​ക്കൊ​ണ്ടി​രു​ന്നു.+ 48  എങ്കിലും ജനം എപ്പോ​ഴും യേശു പറയു​ന്നതു കേൾക്കാൻ അടുത്തു​നിന്ന്‌ മാറാതെ നിന്നതുകൊണ്ട്‌+ അവർക്കു യേശു​വി​നെ കൊല്ലാൻ പറ്റിയില്ല.

അടിക്കുറിപ്പുകള്‍

അഥവാ “ഞെരു​ക്കുന്ന.”

പഠനക്കുറിപ്പുകൾ

സക്കായി: ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. അതിന്റെ ഉത്ഭവം, “അഴുക്കി​ല്ലാത്ത; ശുദ്ധമായ” എന്നൊക്കെ അർഥമുള്ള ഒരു പദത്തിൽനി​ന്നാ​യി​രി​ക്കാം. സക്കായി ഒരു മുഖ്യ നികു​തി​പി​രി​വു​കാ​രൻ ആയിരു​ന്നു. അതു​കൊ​ണ്ടു​തന്നെ, അദ്ദേഹം യരീ​ഹൊ​യി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉള്ള മറ്റു നികു​തി​പി​രി​വു​കാ​രു​ടെ മേലധി​കാ​രി​യാ​യി​രു​ന്നി​രി​ക്കാം. ആ നഗരം സ്ഥിതി ചെയ്‌തി​രുന്ന ജില്ല വളരെ ഫലഭൂ​യി​ഷ്‌ഠ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവിടത്തെ വിളക​ളിൽനിന്ന്‌ ധാരാളം നികു​തി​വ​രു​മാ​നം കിട്ടി​യി​രു​ന്നു. വലിയ ധനിക​നാ​യി​രുന്ന സക്കായി സ്വത്തിൽ കുറെ​യെ​ങ്കി​ലും സ്വന്തമാ​ക്കി​യതു തെറ്റായ വഴിക​ളി​ലൂ​ടെ​യാ​യി​രു​ന്നെന്ന്‌ അദ്ദേഹ​ത്തി​ന്റെ​തന്നെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു.​—ലൂക്ക 19:8.

അന്യാ​യ​മാ​യി ഈടാ​ക്കി​യത്‌: അഥവാ “വ്യാജാ​രോ​പണം നടത്തി ഈടാ​ക്കി​യത്‌.”—ലൂക്ക 3:14-ന്റെ പഠനക്കു​റി​പ്പു കാണുക.

നാല്‌ ഇരട്ടി​യാ​യി: സാധ്യ​ത​യ​നു​സ​രിച്ച്‌, താൻ ഓരോ​രു​ത്ത​രിൽനി​ന്നും എത്ര​ത്തോ​ളം തുക ഈടാ​ക്കി​യെന്നു സക്കായിക്ക്‌ തന്റെ നികു​തി​രേ​ഖ​ക​ളിൽനിന്ന്‌ കണക്കു​കൂ​ട്ടി​യെ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നു. അതു നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​കൊ​ടു​ക്കു​മെ​ന്നാണ്‌ അദ്ദേഹം സത്യം ചെയ്‌തത്‌. ദൈവ​നി​യമം ആവശ്യ​പ്പെ​ട്ട​തി​നെ​ക്കാൾപോ​ലും കൂടു​ത​ലാ​യി​രു​ന്നു ആ തുക. ഇത്തരത്തിൽ പശ്ചാത്ത​പിച്ച്‌ കുറ്റം സമ്മതി​ക്കുന്ന ഒരാൾ, വഞ്ചി​ച്ചെ​ടുത്ത മുഴുവൻ തുകയും “അതിന്റെ അഞ്ചി​ലൊ​ന്നും​കൂ​ടെ (അതായത്‌, 20 ശതമാനം)” തിരികെ നൽകണ​മെ​ന്നാ​ണു ദൈവ​നി​യ​മ​ത്തിൽ പറഞ്ഞി​രു​ന്നത്‌. എന്നാൽ തുക നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​നൽകാൻ സക്കായി തയ്യാറാ​യി. സക്കായി​യു​ടെ പശ്ചാത്താ​പം തെളി​യിച്ച ഈ പ്രവൃ​ത്തി​യിൽ, ദരി​ദ്ര​രോട്‌ അദ്ദേഹ​ത്തി​നുള്ള സ്‌നേഹം പ്രകട​മാ​യി​രു​ന്നു. അതിലൂ​ടെ അദ്ദേഹം, അടിച്ച​മർത്ത​പ്പെ​ട്ട​വ​രോ​ടു നീതി​യും കാണിച്ചു.​—ലേവ 6:2-5; സംഖ 5:7.

രാജാ​ധി​കാ​രം നേടാൻ: അഥവാ “രാജ്യം സ്വന്തമാ​ക്കാൻ.” മിക്ക​പ്പോ​ഴും “രാജ്യം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ബസിലേയ എന്ന ഗ്രീക്കു​പ​ദ​ത്തി​നു വിശാ​ല​മായ അർഥമാ​ണു​ള്ളത്‌. ഒരു രാജാവിന്റെ ഭരണകൂ​ട​ത്തെ​യോ രാജഭ​ര​ണ​ത്തിൻകീ​ഴി​ലുള്ള പ്രദേശം, ജനങ്ങൾ എന്നിവ​യെ​യോ ഇതിന്‌ അർഥമാ​ക്കാ​നാ​കും. (മത്ത 3:2; 25:34 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) അതേ പദത്തിനു രാജാ​വെന്ന സ്ഥാന​ത്തെ​യും അതോ​ടൊ​പ്പം ലഭിക്കുന്ന മഹത്ത്വ​ത്തെ​യും ശക്തി​യെ​യും അധികാ​ര​ത്തെ​യും കുറി​ക്കാ​നു​മാ​കും. രാജാ​വാ​യി ഭരിക്കാ​നുള്ള അനുമതി തേടി കുലീ​ന​കു​ടും​ബ​ത്തിൽപ്പെ​ട്ടവർ റോമി​ലേക്കു യാത്ര ചെയ്യു​ന്നതു റോമൻ സാമ്രാ​ജ്യ​ത്തിൽ സാധാ​ര​ണ​മാ​യി​രു​ന്നു. യേശു​വി​ന്റെ ദൃഷ്ടാന്തം കേട്ട​പ്പോൾ ആളുകൾ മഹാനായ ഹെരോ​ദി​ന്റെ മകനായ അർക്കെ​ല​യൊ​സി​നെ​ക്കു​റിച്ച്‌ ഓർത്തു​കാ​ണും. മരണത്തി​നു മുമ്പ്‌ മഹാനായ ഹെരോദ്‌ തന്റെ മകനായ അർക്കെ​ല​യൊ​സി​നെ യഹൂദ്യ​യു​ടെ​യും മറ്റു പ്രദേ​ശ​ങ്ങ​ളു​ടെ​യും ഭരണാ​ധി​കാ​രി​യാ​യി നാമനിർദേശം ചെയ്‌തി​രു​ന്നു. എന്നാൽ ഭരണം ഏറ്റെടു​ക്കു​ന്ന​തി​നു മുമ്പ്‌ അർക്കെ​ല​യൊസ്‌, അഗസ്റ്റസ്‌ സീസറി​ന്റെ അനുമതി തേടി റോമി​ലേക്കു നീണ്ട ഒരു യാത്ര നടത്തി.

മിന: ഗ്രീക്ക്‌ മിന ഒരു നാണയ​മാ​യി​രു​ന്നില്ല, മറിച്ച്‌ തൂക്കത്തി​ന്റെ ഏകകം അഥവാ യൂണിറ്റ്‌ ആയിരു​ന്നു. അത്‌ ഏകദേശം 340 ഗ്രാം വരുമാ​യി​രു​ന്നു. പണത്തിൽ അതിന്റെ മൂല്യം 100 ദ്രഹ്‌മ വരുമാ​യി​രു​ന്നെ​ന്നാ​ണു ചില പുരാതന ഗ്രീക്ക്‌ എഴുത്തു​കാ​രു​ടെ അഭി​പ്രാ​യം. ഒരു ദ്രഹ്‌മ​യ്‌ക്ക്‌ ഏതാണ്ട്‌ ഒരു ദിനാ​റെ​യു​ടെ മൂല്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ഒരു മിന വലി​യൊ​രു തുകത​ന്നെ​യാ​യി​രു​ന്നു. (പദാവ​ലി​യിൽ ദിനാറെ കാണുക.) ഗ്രീക്കു​കാ​രു​ടെ മിനയും എബ്രാ​യ​രു​ടെ മിനയും രണ്ടും രണ്ടായി​രു​ന്നു.​—പദാവ​ലി​യും അനു. ബി14-ഉം കാണുക.

പണം: മത്ത 25:18-ന്റെ പഠനക്കു​റി​പ്പു കാണുക.

ബാങ്ക്‌: ലൂക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ലെ മിനക​ളെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ക​ഥ​യി​ലും മത്തായി​യു​ടെ സുവി​ശേ​ഷ​ത്തി​ലെ താലന്തു​ക​ളെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ലും, നിക്ഷേ​പ​ത്തു​ക​യ്‌ക്കു പലിശ നൽകുന്ന ബാങ്കി​നെ​യോ പണമി​ട​പാ​ടു​കാ​രെ​യോ കുറിച്ച്‌ യേശു സംസാ​രി​ക്കു​ന്നുണ്ട്‌. (മത്ത 25:14-30; ലൂക്ക 19:12-27) ഇവിടെ ‘ബാങ്ക്‌’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ട്രപെ​ഡ്‌സാ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “മേശ” എന്നാണ്‌. (മത്ത 15:27) നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​തു​പോ​ലുള്ള സാമ്പത്തി​ക​യി​ട​പാ​ടു​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ആ പദത്തിന്റെ അർഥം, ഇടപാ​ടു​കാ​രെ നാണയങ്ങൾ കാണി​ക്കാ​നുള്ള മേശ, കൗണ്ടർ എന്നൊ​ക്കെ​യാണ്‌. (മത്ത 21:12; മർ 11:15; യോഹ 2:15) പലിശ​യ്‌ക്കു പണമി​ട​പാ​ടു നടത്തുന്ന രീതി എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ഇസ്രാ​യേ​ലി​ലും ചുറ്റു​മുള്ള ദേശങ്ങ​ളി​ലും സാധാ​ര​ണ​മാ​യി​രു​ന്നു.

പലിശ: ദരി​ദ്ര​രായ സഹജൂ​ത​ന്മാർക്കു വായ്‌പ കൊടു​ക്കു​മ്പോൾ പലിശ ഈടാ​ക്ക​രു​തെന്നു മോശ​യി​ലൂ​ടെ കൊടുത്ത നിയമം ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. (പുറ 22:25) എന്നാൽ വിദേ​ശി​ക​ളിൽനിന്ന്‌ പലിശ ഈടാ​ക്കാൻ (സാധ്യ​ത​യ​നു​സ​രിച്ച്‌ ബിസി​നെസ്സ്‌ ആവശ്യ​ങ്ങൾക്കു​വേണ്ടി കൊടു​ത്തി​രുന്ന വായ്‌പ​കൾക്ക്‌.) അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു. (ആവ 23:20) പണമി​ട​പാ​ടു​കാ​രു​ടെ പക്കൽ നിക്ഷേ​പി​ച്ചി​രി​ക്കുന്ന പണത്തിനു പലിശ വാങ്ങു​ന്നതു തെളി​വ​നു​സ​രിച്ച്‌ യേശുവിന്റെ കാലത്ത്‌ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു.

—: തുടർന്നുള്ള വാക്കുകൾ മറ്റൊ​രാ​ളു​ടേ​താ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ വര വായന​ക്കാ​രനെ സഹായി​ക്കു​ന്നു. 26-ാം വാക്യ​ത്തിൽ കാണു​ന്നത്‌ അടിമ​ക​ളു​ടെ യജമാ​നന്റെ വാക്കു​ക​ളാണ്‌.

യഹോ​വ​യു​ടെ: ഇതു സങ്ക 118:26-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

കല്ലുകൾ ആർത്തു​വി​ളി​ക്കും: ശിഷ്യ​ന്മാർ ആർത്തു​വി​ളി​ച്ച​പ്പോൾ പരീശ​ന്മാർ അതിന്‌ എതിരെ സംസാ​രിച്ച സാഹച​ര്യ​ത്തി​ലാ​ണു യേശു ഈ വാക്കുകൾ പറയു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. (ലൂക്ക 19:37-39) സങ്ക 118:26-ലെ വാക്കു​ക​ളാണ്‌ ശിഷ്യ​ന്മാർ ഉപയോ​ഗി​ച്ചത്‌. യഹോ​വ​യു​ടെ വാക്കുകൾ “ഫലം കാണാതെ” മടങ്ങാ​ത്ത​തു​കൊണ്ട്‌ സങ്കീർത്ത​ന​ത്തി​ലെ ഈ പ്രവചനം ഈ സന്ദർഭ​ത്തിൽ തീർച്ച​യാ​യും നിറ​വേ​റു​മാ​യി​രു​ന്നു. (യശ 55:11) ശിഷ്യ​ന്മാ​രെ നിശബ്ദ​രാ​ക്കി​യാൽപ്പോ​ലും അവി​ടെ​യുള്ള കല്ലുകൾ ആർത്തു​വി​ളി​ക്കു​ക​യും ഈ പ്രവചനം നിറ​വേ​റു​ക​യും ചെയ്‌തേനേ.

കരഞ്ഞു: “കരഞ്ഞു” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം, ശബ്ദം പുറത്ത്‌ വരുന്ന രീതി​യിൽ കരയു​ന്ന​തി​നെ​യാ​ണു പൊതു​വേ കുറി​ക്കു​ന്നത്‌.

കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി: അഥവാ “കൂർത്ത മരക്കു​റ്റി​കൾകൊണ്ട്‌ വേലി കെട്ടി.” ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ ഖാരക്‌സ്‌ എന്ന ഗ്രീക്കു​പദം കാണു​ന്നു​ള്ളൂ. “ഒരു പ്രദേ​ശ​ത്തി​നു ചുറ്റും വേലി തീർക്കാ​നാ​യി ഉപയോ​ഗി​ക്കുന്ന കൂർത്ത വടി അഥവാ തൂണ്‌; സ്‌തംഭം” എന്നും “സൈന്യം സ്‌തം​ഭങ്ങൾ നാട്ടി ഉണ്ടാക്കുന്ന നിർമി​തി; കൂർത്ത മരക്കു​റ്റി​കൾകൊ​ണ്ടുള്ള വേലി” എന്നും ഇതിനെ നിർവ​ചി​ച്ചി​ട്ടുണ്ട്‌. എ.ഡി. 70-ൽ റോമാ​ക്കാർ ടൈറ്റസിന്റെ നേതൃ​ത്വ​ത്തിൽ യരുശ​ലേ​മി​നു ചുറ്റും കൂർത്ത മരക്കു​റ്റി​കൾക്കൊണ്ട്‌ ഒരു ഉപരോ​ധ​മ​തിൽ ഉണ്ടാക്കി​യ​പ്പോൾ യേശുവിന്റെ വാക്കുകൾ നിറ​വേറി. ടൈറ്റ​സി​നു മൂന്നു ലക്ഷ്യങ്ങ​ളാ​യി​രു​ന്നു: ജൂതന്മാർ രക്ഷപ്പെ​ടു​ന്നതു തടയുക, കീഴട​ങ്ങാൻ അവരെ നിർബ​ന്ധി​ത​രാ​ക്കുക, പട്ടിണി​ക്കിട്ട്‌ അതിലെ നിവാ​സി​കളെ അടിയ​റവ്‌ പറയി​ക്കുക. യരുശ​ലേ​മി​നു ചുറ്റും ഈ കോട്ട കെട്ടു​ന്ന​തി​നു​വേണ്ടി റോമൻ പട്ടാള​ക്കാർ നാട്ടിൻപു​റ​ങ്ങ​ളി​ലുള്ള മരങ്ങൾ മുഴുവൻ വെട്ടി​വെ​ളു​പ്പി​ച്ചു.

വിൽപ്പന നടത്തി​യി​രു​ന്ന​വരെ പുറത്താ​ക്കാൻതു​ടങ്ങി: എ.ഡി. 33 നീസാൻ 10-ാം തീയതി യേശു രണ്ടാമ​തും ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു. ഈ സംഭവം മത്തായി​യു​ടെ​യും (21:12-17) മർക്കോ​സി​ന്റെ​യും (11:15-18) ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യേശു മുമ്പ്‌ ദേവാ​ലയം ശുദ്ധീ​ക​രി​ച്ചത്‌ എ.ഡി. 30-ലെ പെസഹ​യോ​ടു ബന്ധപ്പെ​ട്ടാണ്‌. അതെക്കു​റിച്ച്‌ യോഹ 2:13-17-ൽ വിവരി​ച്ചി​രി​ക്കു​ന്നു.

ദൃശ്യാവിഷ്കാരം

അത്തി മരം
അത്തി മരം

അത്തി മരത്തിന്റെ ഈ ഇനത്തെ​ക്കു​റിച്ച്‌ (ഫിക്കസ്‌ സൈ​ക്കോ​മോ​റസ്‌) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒരിടത്ത്‌ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. എ.ഡി. 33 ഏപ്രി​ലി​നോ​ട​ടുത്ത്‌ (വസന്തകാ​ലത്ത്‌) യേശു യരീഹൊ സന്ദർശി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തി​ലാണ്‌ അതു കാണു​ന്നത്‌. (ലൂക്ക 19:1-10) ഈ മരം, സാധാരണ അത്തി മരത്തി​ന്റെ​യും (ഫിക്കസ്‌ കാരിക്ക) മൾബറി മരത്തി​ന്റെ​യും കുടും​ബ​ത്തിൽപ്പെ​ട്ട​താണ്‌. ഇവിടെ പറഞ്ഞി​രി​ക്കുന്ന അത്തി മരത്തിന്റെ കായ്‌ സാധാരണ അത്തിയു​ടേ​തു​പോ​ലെ​ത​ന്നെ​യാണ്‌. 10 മീ. മുതൽ 15 മീ. വരെ (33 അടി മുതൽ 50 അടി വരെ) ഉയരത്തിൽ വളരുന്ന, നല്ല ബലമുള്ള ഈ മരത്തിനു നൂറ്റാ​ണ്ടു​ക​ളോ​ളം ആയുസ്സുണ്ട്‌. യോർദാൻ താഴ്‌വ​ര​യിൽ കാണ​പ്പെ​ട്ടി​രു​ന്ന ഒരു മരമാണ്‌ ഇത്‌. തീരസ​മ​ത​ല​ത്തി​നും യഹൂദ്യ​മ​ല​നി​ര​കൾക്കും ഇടയി​ലുള്ള ഷെഫേ​ല​യി​ലും ഇതു ധാരാ​ള​മാ​യി ഉണ്ടായി​രു​ന്നെന്ന്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറയു​ന്നുണ്ട്‌. (1രാജ 10:27; 2ദിന 1:15; 9:27) പടർന്നു​പ​ന്ത​ലി​ച്ചു​നിൽക്കുന്ന, ഇടതൂർന്ന ഇലകളുള്ള, ഈ നിത്യ​ഹ​രി​ത​വൃ​ക്ഷം നല്ല തണലേ​കി​യി​രു​ന്ന​തു​കൊണ്ട്‌ വഴി​യോ​ര​ങ്ങ​ളിൽ അവ വെച്ചു​പി​ടി​പ്പി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. പൊക്കം കുറഞ്ഞ്‌, ബലിഷ്‌ഠ​മായ തായ്‌ത്ത​ടി​യുള്ള ഈ മരത്തിന്റെ ചില ശാഖകൾ നില​ത്തോ​ടു ചേർന്നാ​ണു വളരു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ പൊക്കം കുറഞ്ഞ സക്കായിക്ക്‌ ഈ മരത്തിൽ കയറാൻ വലിയ ബുദ്ധി​മു​ട്ടു​ണ്ടാ​യി​ക്കാ​ണില്ല.

ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം
ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

കിഴക്കു​നിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ എത്തുന്ന വഴിയാണ്‌ ഈ ഹ്രസ്വ​വീ​ഡി​യോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ഇന്ന്‌ എറ്റ്‌-റ്റർ എന്ന്‌ അറിയ​പ്പെ​ടുന്ന ഗ്രാമ​ത്തിൽനിന്ന്‌ (ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ബേത്ത്‌ഫാ​ഗ​യാണ്‌ ഇതെന്നു കരുത​പ്പെ​ടു​ന്നു.) ഒലിവു​മ​ല​യി​ലെ ഉയര​മേ​റിയ ഒരു ഭാഗം​വരെ ഈ വീഡി​യോ നമ്മളെ കൊണ്ടു​പോ​കു​ന്നു. ഒലിവു​മ​ല​യു​ടെ കിഴക്കേ ചെരി​വി​ലാ​യി ബേത്ത്‌ഫാ​ഗ​യു​ടെ കിഴക്കു​വ​ശ​ത്താ​ണു ബഥാന്യ സ്ഥിതി ചെയ്യു​ന്നത്‌. യരുശ​ലേ​മിൽ എത്തു​മ്പോ​ഴൊ​ക്കെ യേശു​വും ശിഷ്യ​ന്മാ​രും രാത്രി തങ്ങിയി​രു​ന്നതു ബഥാന്യ​യി​ലാണ്‌. ഇന്ന്‌ എൽ-അസറിയാഹ്‌ (എൽ ഐസറിയ) എന്നാണ്‌ ആ പട്ടണം അറിയ​പ്പെ​ടു​ന്നത്‌. അറബി​യി​ലുള്ള ഈ പേരിന്റെ അർഥം ‘ലാസറി​ന്റെ സ്ഥലം’ എന്നാണ്‌. യേശു അവിടെ താമസി​ച്ചി​രു​ന്നതു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്ടി​ലാണ്‌ എന്നതിനു സംശയ​മില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ യാത്ര ചെയ്‌തി​രു​ന്ന​പ്പോൾ, വീഡി​യോ​യിൽ കാണു​ന്ന​തു​പോ​ലുള്ള ഒരു വഴിയി​ലൂ​ടെ​യാ​യി​രി​ക്കാം യേശു പോയി​രു​ന്നത്‌. എ.ഡി. 33 നീസാൻ 9-ന്‌ യേശു ഒരു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി യരുശ​ലേം നഗരത്തി​ലേക്കു വന്നതു ബേത്ത്‌ഫാ​ഗ​യിൽനി​ന്നാ​യി​രി​ക്കാം. യേശു വന്നത്‌, ബേത്ത്‌ഫാ​ഗ​യിൽനിന്ന്‌ ഒലിവു​മല കടന്ന്‌ യരുശ​ലേ​മി​ലേ​ക്കുള്ള വഴിയി​ലൂ​ടെ​യാ​യി​രി​ക്കാം.

1. ബഥാന്യ​യിൽനിന്ന്‌ ബേത്ത്‌ഫാ​ഗ​യി​ലേ​ക്കുള്ള വഴി

2. ബേത്ത്‌ഫാ​ഗ

3. ഒലിവു​മല

4. കി​ദ്രോൻ താഴ്‌വര

5. ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം

കഴുത​ക്കു​ട്ടി
കഴുത​ക്കു​ട്ടി

കുതി​ര​യു​ടെ കുടും​ബ​ത്തിൽപ്പെട്ട മൃഗമാ​ണു കഴുത. നല്ല കട്ടിയുള്ള കുളമ്പു​ക​ളാണ്‌ അതി​ന്റേത്‌. കുതി​ര​യിൽനിന്ന്‌ അതിനെ വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ അതിന്റെ വലുപ്പ​ക്കു​റ​വും ചെറിയ കുഞ്ചി​രോ​മ​വും നീണ്ട ചെവി​ക​ളും താരത​മ്യേന നീളം കുറഞ്ഞ വാൽരോ​മ​വും ആണ്‌. വാലിന്റെ താഴത്തെ പകുതി​യിൽ മാത്രമേ അൽപ്പ​മെ​ങ്കി​ലും നീണ്ട രോമങ്ങൾ കാണു​ന്നു​ള്ളൂ. കഴുതയെ ബുദ്ധി​യി​ല്ലാ​യ്‌മ​യു​ടെ​യും മർക്കട​മു​ഷ്ടി​യു​ടെ​യും ഒരു പര്യാ​യ​മാ​യി പറയാ​റു​ണ്ടെ​ങ്കി​ലും അതിനു കുതി​ര​യെ​ക്കാൾ ബുദ്ധി​യു​ണ്ടെന്നു പറയ​പ്പെ​ടു​ന്നു. ഇവ പൊതു​വേ ശാന്തസ്വ​ഭാ​വി​ക​ളു​മാണ്‌. സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഇസ്രാ​യേ​ല്യ​രിൽപ്പെട്ട പ്രമു​ഖർപോ​ലും കഴുത​പ്പു​റത്ത്‌ സഞ്ചരി​ച്ചി​ട്ടുണ്ട്‌. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീ​ദി​ന്റെ മകനായ ശലോ​മോൻ അഭി​ഷേ​ക​ത്തിന്‌ എത്തിയത്‌ പിതാ​വി​ന്റെ കോവർക​ഴു​ത​പ്പു​റത്ത്‌ (ആൺകഴു​ത​യ്‌ക്കു പെൺകു​തി​ര​യിൽ ഉണ്ടാകുന്ന സങ്കരസ​ന്താ​നം) ആയിരു​ന്നു. (1രാജ 1:33-40) അതു​കൊ​ണ്ടു​തന്നെ ശലോ​മോ​നെ​ക്കാൾ വലിയ​വ​നായ യേശു സെഖ 9:9-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി, കുതി​ര​പ്പു​റത്ത്‌ വരാതെ കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ വന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാ​യി​രു​ന്നു.

ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ
ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

ഈ ചിത്ര​ത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു. പടിഞ്ഞാ​റേ മതിലി​ന്റെ തെക്കൻ ഭാഗത്താണ്‌ അവ കിടക്കു​ന്നത്‌. റോമാ​ക്കാർ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ച്ച​തി​ന്റെ ദുഃഖ​സ്‌മ​ര​ണ​യാ​യി അവ നില​കൊ​ള്ളു​ന്നു.