ലൂക്കോസ് എഴുതിയത് 22:1-71
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ: വാസ്തവത്തിൽ, നീസാൻ 14-ാം തീയതി ആഘോഷിച്ചിരുന്ന പെസഹയും നീസാൻ 15 മുതൽ 21 വരെ നീണ്ടുനിന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും രണ്ടും രണ്ടായിരുന്നു. (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും ഈ രണ്ട് ഉത്സവങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട് നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ചേർത്ത് ഒരൊറ്റ ഉത്സവമായാണു കണക്കാക്കിയിരുന്നത്. “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളിക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച് ജോസീഫസും പറയുന്നുണ്ട്. ലൂക്ക 22:1-6-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നത് എ.ഡി. 33 നീസാൻ 12-ാം തീയതിയാണ്.—അനു. ബി12 കാണുക.
ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ: ഈ വാക്യത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ ഇവിടെ “മേധാവികൾ” എന്നു മാത്രമേ കാണുന്നുള്ളൂ. എന്നാൽ ഇവർ ഏതുതരം മേധാവികളാണെന്നു സൂചിപ്പിക്കാൻ ലൂക്ക 22:52-ൽ ലൂക്കോസുതന്നെ “ദേവാലയത്തിലെ (കാവൽക്കാരുടെ)” എന്നുംകൂടെ ചേർത്തിട്ടുണ്ട്. അതുകൊണ്ട് ഈ വാക്യത്തിലും കൂടുതൽ വ്യക്തത കിട്ടാൻ ‘ദേവാലയത്തിലെ (കാവൽക്കാരുടെ)’ എന്ന പദപ്രയോഗം കൂട്ടിച്ചേർത്തതാണ്. ലൂക്കോസ് മാത്രമാണ് ഈ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (പ്രവൃ 4:1; 5:24, 26) യേശുവിന്റെ അറസ്റ്റ് നിയമാനുസൃതമാണെന്നു വരുത്തിത്തീർക്കാനായിരിക്കാം യൂദാസുമായുള്ള ചർച്ചയിൽ കാവൽക്കാരുടെ ഈ മേധാവികളെയും ഉൾപ്പെടുത്തിയത്.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി: ലൂക്ക 22:1-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, യേശുവിന്റെ കാലമായപ്പോഴേക്കും പെസഹയ്ക്കു (നീസാൻ 14) പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവുമായി (നീസാൻ 15-21) അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട് നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ‘പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം’ എന്നു വിളിക്കാറുണ്ടായിരുന്നു. (അനു. ബി15 കാണുക.) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതു പെസഹാമൃഗത്തെ അർപ്പിക്കുന്ന ദിവസത്തെക്കുറിച്ചായതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതു നീസാൻ 14 ആണെന്നു മനസ്സിലാക്കാം. (പുറ 12:6, 15, 17, 18; ലേവ 23:5; ആവ 16:1-7) സാധ്യതയനുസരിച്ച്, 7-13 വാക്യങ്ങളിലെ സംഭവങ്ങൾ നടന്നതു നീസാൻ 13-ാം തീയതി ഉച്ച കഴിഞ്ഞാണ്. വൈകുന്നേരത്തെ പെസഹാഭക്ഷണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് അവിടെ പറയുന്നത്. കാരണം അന്നു സൂര്യാസ്തമയത്തോടെ നീസാൻ 14 തുടങ്ങുമായിരുന്നു.—അനു. ബി12 കാണുക.
ഒരു പാനപാത്രം വാങ്ങി: ഇവിടെ പറഞ്ഞിരിക്കുന്ന പാനപാത്രം യേശുവിന്റെ കാലത്തെ പെസഹ ആചരണത്തിന്റെ ഭാഗമായിരുന്നു. (ലൂക്ക 22:15) ഈജിപ്തിൽവെച്ച് പെസഹ ആചരിച്ചപ്പോൾ വീഞ്ഞ് ഉപയോഗിച്ചതായി ബൈബിൾ പറയുന്നില്ല; പെസഹ ആഘോഷത്തിൽ വീഞ്ഞ് ഉപയോഗിക്കാൻ യഹോവ കല്പിച്ചിരുന്നുമില്ല. അതുകൊണ്ട് പെസഹയ്ക്കു കൂടിവരുന്നവർക്കു പാനപാത്രങ്ങളിൽ വീഞ്ഞു കൈമാറുന്ന രീതി പിൽക്കാലത്ത് തുടങ്ങിയതാണെന്ന് അനുമാനിക്കാം. പെസഹാഭക്ഷണത്തോടൊപ്പം വീഞ്ഞു കഴിക്കുന്നതിനെ യേശു കുറ്റപ്പെടുത്തിയില്ല. മറിച്ച് ദൈവത്തോടു നന്ദി പറഞ്ഞിട്ട് യേശു അപ്പോസ്തലന്മാരോടൊപ്പം വീഞ്ഞു കുടിച്ചു. കുറച്ച് കഴിഞ്ഞ് കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോഴും യേശു അവർക്കു പാനപാത്രത്തിൽ വീഞ്ഞു കൈമാറി.—ലൂക്ക 22:20.
ഒരു അപ്പം എടുത്ത് . . . നുറുക്കി: മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.
പ്രതീകമാണ്: മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.
അത്താഴം: സാധ്യതയനുസരിച്ച്, കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരോടൊപ്പം കഴിച്ച പെസഹാഭക്ഷണമാണ് ഇത്. അക്കാലത്ത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന വിധത്തിൽത്തന്നെ യേശു പെസഹ ആഘോഷിച്ചു. ആ ആചരണത്തിലേക്കു പുതുതായി എന്തെങ്കിലും കൂട്ടിച്ചേർത്തുകൊണ്ട് അതിനു മാറ്റം വരുത്താനോ അതിനെ തടസ്സപ്പെടുത്താനോ യേശു മുതിർന്നില്ല. അങ്ങനെ ജൂതനായി ജനിക്കുന്ന ഒരാളിൽനിന്ന് പ്രതീക്ഷിക്കുന്ന രീതിയിൽത്തന്നെ യേശു മോശയുടെ നിയമം അനുസരിച്ചു. എന്നാൽ ആ നിയമത്തിൽ പറഞ്ഞിട്ടുള്ള പെസഹ ആചരിച്ചുകഴിഞ്ഞ സ്ഥിതിക്ക്, പുതിയൊരു ആചരണത്തിനു തുടക്കമിടാൻ യേശുവിനു സ്വാതന്ത്ര്യമുണ്ടായിരുന്നു. പെസഹാദിനത്തിൽത്തന്നെ സംഭവിക്കാനിരിക്കുന്ന തന്റെ മരണത്തിന്റെ ഓർമയ്ക്കായുള്ള ഒരു അത്താഴം യേശു അന്ന് ഏർപ്പെടുത്തി.
എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടി: യേശു ഈ സന്ദർഭത്തിൽ ‘പുതിയ ഉടമ്പടിയെക്കുറിച്ച്’ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷയെഴുത്തുകാരൻ ലൂക്കോസ് മാത്രമാണ്. ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് യിര 31:31 ആയിരിക്കാം. യഹോവയും അഭിഷിക്തക്രിസ്ത്യാനികളും തമ്മിലുള്ള പുതിയ ഉടമ്പടിക്കു സാധുത നൽകിയതു യേശുവിന്റെ ബലിയാണ്. (എബ്ര 8:10) സീനായ് പർവതത്തിന് അടുത്തുവെച്ച്, ഇസ്രായേല്യരുമായുള്ള നിയമ ഉടമ്പടി നിലവിൽ വന്നപ്പോൾ അതിനു മധ്യസ്ഥനായിരുന്ന മോശ “ഉടമ്പടി,” “രക്തം” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ച രീതിയിലാണ് യേശുവും ഇവിടെ ആ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. (പുറ 24:8; എബ്ര 9:19-21) കാളകളുടെയും കോലാടുകളുടെയും രക്തം, ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള നിയമ ഉടമ്പടിക്കു സാധുത നൽകിയതുപോലെ യേശുവിന്റെ രക്തം, ആത്മീയ ഇസ്രായേലുമായി യഹോവ ചെയ്യാനിരുന്ന പുതിയ ഉടമ്പടിക്കു നിയമസാധുത നൽകി. എ.ഡി. 33-ലെ പെന്തിക്കോസ്തിലാണ് ആ ഉടമ്പടി നിലവിൽ വന്നത്.—എബ്ര 9:14, 15.
. . . ഉടമ്പടിയുടെ പ്രതീകമാണ്: 19-ാം വാക്യത്തിലെ “നിങ്ങൾക്കുവേണ്ടി” എന്നു തുടങ്ങുന്ന ഭാഗംമുതൽ (“എന്റെ ശരീരത്തിന്റെ പ്രതീകമാണ്” എന്ന ഭാഗം ഒഴികെ.) 20-ാം വാക്യത്തിന്റെ അവസാനംവരെ ചില കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. എന്നാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിനെ ആധികാരികമായ പല പുരാതന കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നുണ്ട്.
എന്നാൽ ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് . . . ഉണ്ട്: 21-23 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ, സാധ്യതയനുസരിച്ച് അത് യഥാർഥത്തിൽ നടന്ന ക്രമത്തിലല്ല കൊടുത്തിരിക്കുന്നത്. യോഹ 13:21-30-നെ മത്ത 26:20-29-ഉം മർ 14:17-25-ഉം ആയി താരതമ്യം ചെയ്താൽ യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നതിനു മുമ്പേ യൂദാസ് അവിടം വിട്ടെന്നു മനസ്സിലാക്കാം. “എന്റെ പരീക്ഷകളിൽ എന്റെകൂടെ നിന്നവർ” എന്ന് യേശു അവിടെ കൂടിയിരുന്നവരെ അഭിനന്ദിച്ചപ്പോൾ യൂദാസ് തീർച്ചയായും അവിടെ ഉണ്ടായിരുന്നിരിക്കില്ല. കാരണം യൂദാസിനെപ്പറ്റി യേശു ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു. ഇനി, യൂദാസിനെയുംകൂടെ ഉൾപ്പെടുത്തി യേശു ‘രാജ്യത്തിനായുള്ള ഉടമ്പടി’ ചെയ്യാനും സാധ്യതയില്ല.—ലൂക്ക 22:28-30.
മനുഷ്യപുത്രൻ പോകുന്നു: “മനുഷ്യപുത്രൻ മരിക്കാൻപോകുന്നു” എന്ന കാര്യം കുറച്ചുകൂടെ മയപ്പെടുത്തി പറയാൻ ഉപയോഗിച്ചിരിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ് ഇതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡയകൊനെയോ എന്ന ഗ്രീക്കുക്രിയയോടു ബന്ധമുള്ള ഒരു ഗ്രീക്കുനാമമാണു ഡയാക്കൊനൊസ് (ശുശ്രൂഷകൻ; സേവകൻ). മടുത്ത് പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്മയോടെ സേവനം ചെയ്യുന്നവരെയാണു ഡയാക്കൊനൊസ് എന്ന പദം കുറിക്കുന്നത്. ഈ പദം ക്രിസ്തു (റോമ 15:8), സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുവിന്റെ ശുശ്രൂഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ് അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
വിളമ്പിക്കൊടുക്കുക: അഥവാ “ശുശ്രൂഷ ചെയ്യുക; സേവനം ചെയ്യുക.” ഡയകൊനെയോ എന്ന ഗ്രീക്കുക്രിയ ഈ വാക്യത്തിൽ രണ്ടു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.—ലൂക്ക 22:26-ന്റെ പഠനക്കുറിപ്പു കാണുക.
ഞാനും നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി: ഇവിടെ “ഉടമ്പടി ചെയ്യുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു ഡിയാറ്റിത്തേമായ് എന്ന ഗ്രീക്കുക്രിയയാണ്. ആ ക്രിയയിൽനിന്നാണ് “ഉടമ്പടി” എന്ന് അർഥമുള്ള ഡിയാത്തേക്കേ എന്ന ഗ്രീക്കുനാമം വന്നിരിക്കുന്നത്. പ്രവൃ 3:25; എബ്ര 8:10; 10:16 എന്നീ വാക്യങ്ങളുടെ ഗ്രീക്കുപാഠത്തിൽ ഈ ക്രിയാപദവും നാമപദവും കാണാം. (കാരണം ആ വാക്യങ്ങളിലെ “ഉടമ്പടി ചെയ്യുക” എന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “ഉടമ്പടി ഉടമ്പടിയാക്കുക” എന്നാണ്.) ലൂക്ക 22:29-ൽ യേശു രണ്ട് ഉടമ്പടികളെക്കുറിച്ചാണു സംസാരിച്ചത്. അതിൽ ഒരെണ്ണം യേശുവും പിതാവും തമ്മിലുള്ള ഉടമ്പടിയാണ്. രണ്ടാമത്തേത് യേശുവും യേശുവിനോടൊപ്പം ദൈവരാജ്യത്തിൽ ഭരിക്കാനുള്ള അഭിഷിക്താനുഗാമികളും തമ്മിലുള്ളതാണ്.
എന്റെകൂടെ ഇരുന്ന് എന്റെ മേശയിൽനിന്ന് ഭക്ഷിച്ച് പാനം ചെയ്യും: രണ്ടു പേർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് അവർ തമ്മിലുള്ള സൗഹൃദത്തെയും സമാധാനത്തെയും ആണ് സൂചിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ പതിവായി രാജാവിന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചിരുന്നതു രാജാവിന്റെ പ്രത്യേകപ്രീതിയുള്ളവർക്കാണ്. അവർക്കു രാജാവുമായി വളരെ അടുത്ത ഒരു ബന്ധവും ഉണ്ടായിരുന്നു. (1രാജ 2:7) തന്റെ വിശ്വസ്തശിഷ്യന്മാരും താനും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടായിരിക്കുമെന്നാണു യേശു ഇവിടെ വാഗ്ദാനം ചെയ്തത്.—ലൂക്ക 22:28-30; ലൂക്ക 13:29-ഉം വെളി 19:9-ഉം കൂടെ കാണുക.
തിരിഞ്ഞുവന്നശേഷം: അഥവാ “തിരിച്ചുവരവിനു ശേഷം.” അമിതമായ ആത്മവിശ്വാസവും മനുഷ്യഭയവും ഒക്കെ കാരണം പത്രോസ് വീണുപോകുമെങ്കിലും അദ്ദേഹം ആ വീഴ്ചയിൽനിന്ന് കരകയറുന്നതിനെക്കുറിച്ചാണ് സാധ്യതയനുസരിച്ച് യേശു ഇവിടെ പറഞ്ഞത്.—സുഭ 29:25 താരതമ്യം ചെയ്യുക.
ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ: മർ 14:36-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു ദൂതൻ: സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് യേശുവിനെ ബലപ്പെടുത്തിയതിനെക്കുറിച്ച് നാലു സുവിശേഷയെഴുത്തുകാരിൽ ലൂക്കോസ് മാത്രമേ പറഞ്ഞിട്ടുള്ളൂ.
യേശുവിന്റെ വിയർപ്പു രക്തത്തുള്ളികൾപോലെയായി: ലൂക്കോസ് ഇവിടെ ഒരു താരതമ്യം ഉപയോഗിച്ചതാകാം എന്നു ചിലർ അഭിപ്രായപ്പെടുന്നു. യേശുവിന്റെ വിയർപ്പുതുള്ളികൾ രക്തത്തുള്ളികളുടെ രൂപത്തിലായെന്നോ ഒരു മുറിവിൽനിന്ന് രക്തത്തുള്ളികൾ ഇറ്റിറ്റുവീഴുന്നതുപോലെ യേശുവിന്റെ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീണെന്നോ ആകാം ലൂക്കോസ് ഉദ്ദേശിച്ചതെന്ന് അവർ കരുതുന്നു. എന്നാൽ യേശുവിന്റെ ത്വക്കിലൂടെ രക്തം പൊടിഞ്ഞ് വിയർപ്പുമായി കലർന്നതാകാമെന്നാണു മറ്റു ചിലരുടെ അഭിപ്രായം. കടുത്ത മാനസികസമ്മർദമുണ്ടായ ചിലരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഡയാപെഡസിസ് എന്ന അവസ്ഥയിൽ, രക്തമോ അതിന്റെ ഘടകങ്ങളോ രക്തധമനികൾ പൊട്ടാതെതന്നെ അതിന്റെ ഭിത്തികളിലൂടെ പുറത്തേക്കു വരാറുണ്ട്. ഇനി, ഹീമാറ്റിഡ്രോസിസ് എന്ന അവസ്ഥയിൽ, രക്തമോ രക്തത്തിനു നിറം നൽകുന്ന പദാർഥമോ വിയർപ്പിനോടൊപ്പം പുറത്ത് വരും. ചിലപ്പോൾ അത്തരമൊരു അവസ്ഥയിൽ ശരീരസ്രവങ്ങളും രക്തവുമായി കൂടിക്കലർന്ന് പുറത്തെത്താറുണ്ട്. അതുകൊണ്ടുതന്നെ ഹീമാറ്റിഡ്രോസിസിനെ ‘രക്തം വിയർക്കുക’ എന്നും വിശേഷിപ്പിക്കുന്നു. എന്നാൽ ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണ്. യേശുവിന്റെ കാര്യത്തിൽ കൃത്യമായി എന്താണു സംഭവിച്ചതെന്നു നമുക്ക് അറിയില്ല.
. . . നിലത്ത് വീണു: ചില പുരാതന കൈയെഴുത്തുപ്രതികളിൽ 43, 44 വാക്യങ്ങൾ കാണുന്നുണ്ടെങ്കിലും മറ്റു ചിലതിൽ ആ ഭാഗം കാണുന്നില്ല. എന്നാൽ മിക്ക ബൈബിൾപരിഭാഷകളിലും ഈ വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൊട്ട് സുഖപ്പെടുത്തി: മഹാപുരോഹിതന്റെ അടിമയെ യേശു സുഖപ്പെടുത്തിയ കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു നാലു സുവിശേഷയെഴുത്തുകാരിൽ ലൂക്കോസ് മാത്രമാണ്.—മത്ത 26:51; മർ 14:47; യോഹ 18:10.
സമയമാണ്: അക്ഷ. “മണിക്കൂറാണ്.” ഇവിടെ കാണുന്ന ഹോര എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മണിക്കൂർ” എന്നാണെങ്കിലും ആ പദം ആലങ്കാരികമായാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. താരതമ്യേന ഹ്രസ്വമായൊരു സമയം എന്ന അർഥമേ അതിന് ഇവിടെയുള്ളൂ.
ഇരുട്ടു വാഴുന്ന സമയം: അഥവാ “ഇരുട്ടിന് അധികാരമുള്ള സമയം.” അതായത് ആത്മീയാന്ധകാരത്തിൽ കഴിയുന്നവർക്ക് അധികാരമുള്ള സമയം. (കൊലോ 1:13 താരതമ്യം ചെയ്യുക.) പ്രവൃ 26:18-ൽ അന്ധകാരത്തെക്കുറിച്ച് പറയുന്നിടത്തുതന്നെ ‘സാത്താന്റെ അധികാരത്തെക്കുറിച്ചും’ പറയുന്നുണ്ട്. അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്യാൻ ചില മനുഷ്യരെ സ്വാധീനിച്ചുകൊണ്ട് സാത്താൻ തന്റെ ആ അധികാരം പ്രയോഗിച്ചു; അതാകട്ടെ യേശുവിന്റെ മരണത്തിലും കലാശിച്ചു. സാത്താൻ ഇത്തരത്തിൽ മനുഷ്യരെ സ്വാധീനിച്ചതിന്റെ ഉദാഹരണമാണു ലൂക്ക 22:3-ൽ കാണുന്നത്. അവിടെ, ‘ഈസ്കര്യോത്ത് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിൽ സാത്താൻ കടന്നതായി’ നമ്മൾ വായിക്കുന്നു. ആ യൂദാസാണു തുടർന്ന് യേശുവിനെ ഒറ്റിക്കൊടുത്തത്.—ഉൽ 3:15; യോഹ 13:27-30.
പ്രവചിക്ക്: “പ്രവചിക്ക്” എന്നു യേശുവിനോടു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത് ആരാണെന്നു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ് അവർ ആവശ്യപ്പെട്ടത്. യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നെന്ന് ഈ വാക്യത്തിൽ കാണുന്നുണ്ട്. ചുറ്റും നടക്കുന്നതൊന്നും കാണാൻ പറ്റാത്തതുകൊണ്ട്, തന്നെ അടിക്കുന്നത് ആരാണെന്നു കണ്ടുപിടിക്കാൻ അവർ യേശുവിനെ വെല്ലുവിളിക്കുകയായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.—മത്ത 26:68-ന്റെ പഠനക്കുറിപ്പുകാണുക.
മൂപ്പന്മാരുടെ സംഘം: അഥവാ “മൂപ്പന്മാരുടെ സമിതി.” ഇവിടെ കാണുന്ന പ്രെസ്ബൂറ്റെറിയോൻ എന്ന ഗ്രീക്കുപദത്തിന് പ്രെസ്ബൂറ്റെറൊസ് (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്. ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് പ്രധാനമായും കുറിക്കുന്നത്, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. തെളിവനുസരിച്ച് ഇവിടെ “മൂപ്പന്മാരുടെ സംഘം” എന്നു പറഞ്ഞിരിക്കുന്നതു ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെക്കുറിച്ചാണ്. യരുശലേമിൽ സ്ഥിതിചെയ്തിരുന്ന ആ കോടതി മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ചേർന്നതായിരുന്നു. ബൈബിളിൽ പലപ്പോഴും ഈ മൂന്നു കൂട്ടരെയുംകുറിച്ച് ഒന്നിച്ചാണു പറഞ്ഞിട്ടുള്ളത്.—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” എന്നതും ഈ വാക്യത്തിലെ സൻഹെദ്രിൻ ഹാൾ എന്നതിന്റെ പഠനക്കുറിപ്പും കാണുക.
സൻഹെദ്രിൻ ഹാൾ: അഥവാ “സൻഹെദ്രിൻ.” യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായിരുന്നു സൻഹെദ്രിൻ. “സൻഹെദ്രിൻ ഹാൾ,” “സൻഹെദ്രിൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേദ്രിഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്. കൂടിവരവ് അല്ലെങ്കിൽ യോഗം എന്ന വിശാലമായ അർഥമുള്ള പദമായിരുന്നു ഇതെങ്കിലും ഇസ്രായേലിൽ അതിനു മതപരമായ ന്യായാധിപസംഘത്തെ അഥവാ കോടതിയെ അർഥമാക്കാനാകുമായിരുന്നു. ആ ഗ്രീക്കുപദത്തിനു സൻഹെദ്രിനിലെ ന്യായാധിപന്മാരെയോ ആ കെട്ടിടത്തെയോ അതു സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയോ കുറിക്കാനാകും.—മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സൻഹെദ്രിൻ” എന്നതും കാണുക; സൻഹെദ്രിൻ ഹാൾ സ്ഥിതിചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12-ഉം കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത്: അഥവാ “ദൈവത്തിന്റെ ശക്തിയുടെ വലതുഭാഗം.” ഒരു ഭരണാധികാരിയുടെ വലതുഭാഗത്തായിരിക്കുക എന്നതിന്റെ അർഥം, ഭരണാധികാരി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുക എന്നാണ്. (സങ്ക 110:1; പ്രവൃ 7:55, 56) ഈ വാക്യത്തിലെ ‘ശക്തനായ (ദൈവത്തിന്റെ) വലതുഭാഗം’ എന്നതിനുള്ള ഗ്രീക്കുപദപ്രയോഗം സമാന്തരവിവരണങ്ങളായ മത്ത 26:64; മർ 14:62 എന്നിവിടങ്ങളിലും കാണാം. ആ വാക്യങ്ങളിൽ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു ‘ശക്തനായവന്റെ വലതുഭാഗം’ എന്നാണ്. മനുഷ്യപുത്രൻ ‘ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത്’ ഇരിക്കുന്നു എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്, യേശുവിലേക്കു ശക്തിയും അധികാരവും വന്നുചേരും എന്നാണ്.—മർ 14:62; മത്ത 26:64-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ഇസ്രായേലിലെ ചില വീടുകൾക്കു രണ്ടാംനിലയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അകത്തുനിന്നോ പുറത്തുനിന്നോ ഒരു ഏണിവെച്ചാണ് അവിടേക്കു കയറിയിരുന്നത്. ചിലർ അതിനായി വീടിനുള്ളിൽ തടികൊണ്ടുള്ള ഗോവണിപ്പടികൾ പണിതിരുന്നു. രണ്ടാം നിലയിലേക്കു പുറത്തുകൂടെ കൽപ്പടികൾ കെട്ടുന്ന രീതിയും ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരോടൊപ്പം അവസാനത്തെ പെസഹ ആഘോഷിച്ചതും കർത്താവിന്റെ സന്ധ്യാഭക്ഷണം തുടർന്നും ആചരിക്കാൻ നിർദേശിച്ചതും ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള വിശാലമായൊരു മേൽമുറിയിൽവെച്ചായിരിക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ഏതാണ്ട് 120 ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ അവർ സാധ്യതയനുസരിച്ച് യരുശലേമിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു.—പ്രവൃ 1:15; 2:1-4.
മഹാസൻഹെദ്രിൻ എന്ന് അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത് എന്നു മിഷ്ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന് കണ്ടെടുത്തത്) വാസ്തുശൈലി അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
1. മഹാപുരോഹിതൻ
2. സൻഹെദ്രിനിലെ അംഗങ്ങൾ
3. പ്രതി
4. ഗുമസ്തന്മാർ