ലൂക്കോസ് എഴുതിയത് 23:1-56
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
നീ ജൂതന്മാരുടെ രാജാവാണോ?: നാലു സുവിശേഷവിവരണങ്ങളിലും പീലാത്തൊസിന്റെ ഈ ചോദ്യം ഇങ്ങനെതന്നെ കൊടുത്തിട്ടുണ്ട്. (മത്ത 27:11; മർ 15:2; ലൂക്ക 23:3; യോഹ 18:33) സീസറിന്റെ അനുമതിയില്ലാതെ ആർക്കും റോമൻ സാമ്രാജ്യത്തിൽ രാജാവായി ഭരിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടായിരിക്കാം യേശുവിനെ ചോദ്യം ചെയ്തപ്പോൾ പീലാത്തൊസ് പ്രധാനമായും യേശുവിന്റെ രാജാധികാരം എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ. ഗലീലയുടെയും പെരിയയുടെയും ജില്ലാഭരണാധികാരിയായിരുന്നു അന്തിപ്പാസ്. യേശുവിനെ ഹെരോദിന്റെ മുന്നിൽ ഹാജരാക്കിയ കാര്യം ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.—ലൂക്ക 3:1; പദാവലി കാണുക.
ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെ കാണാം: “ഉത്സവംതോറും അദ്ദേഹം ഒരാളെ മോചിപ്പിക്കേണ്ടിയിരുന്നു.” എന്നാൽ ആധികാരികമായ പല പുരാതന കൈയെഴുത്തുപ്രതികളിലും ഈ വാക്കുകൾ കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്, ലൂക്കോസ് സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നു എന്നാണ്. ചില കൈയെഴുത്തുപ്രതികളിൽ 19-ാം വാക്യത്തിനു ശേഷം ഈ വാക്കുകൾ കാണാം. അതേ വാക്കുകൾതന്നെ ചെറിയ വ്യത്യാസത്തോടെ മത്ത 27:15; മർ 15:6 എന്നീ വാക്യങ്ങളിലുണ്ട്. അവയുടെ ആധികാരികതയെക്കുറിച്ചാകട്ടെ ആർക്കും സംശയമില്ലതാനും. മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങളിലെ സമാന്തരവിവരണങ്ങളെ ആധാരമാക്കി പകർപ്പെഴുത്തുകാർ ഈ വാക്കുകൾ ഇവിടെ ഒരു വിശദീകരണമായി കൂട്ടിച്ചേർത്തതാകാം.
കുറേന: ആഫ്രിക്കയുടെ വടക്കൻതീരത്തോട് അടുത്ത് ക്രേത്ത ദ്വീപിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഒരു നഗരം. (അനു. ബി13 കാണുക.) സാധ്യതയനുസരിച്ച് കുറേനയിൽ ജനിച്ച ശിമോൻ പിൽക്കാലത്ത് ഇസ്രായേലിൽ താമസമാക്കിയതാകാം.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.”—പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നിവയും ഈ പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ലൂക്ക 9:23; 14:27 എന്നിവയും കാണുക.
മരം പച്ചയായിരിക്കുമ്പോൾ . . . അത് ഉണങ്ങിക്കഴിയുമ്പോൾ: തെളിവനുസരിച്ച്, യേശു ഇവിടെ ജൂതജനതയെക്കുറിച്ചാണു പറഞ്ഞത്. ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരംപോലെയായിരുന്നു അത്. എന്നാൽ യേശുവും യേശുവിൽ വിശ്വസിച്ച അനേകം ജൂതന്മാരും അവരുടെ ഇടയിൽ അപ്പോഴും ഉണ്ടായിരുന്നതുകൊണ്ട്, ആ മരത്തിൽ അൽപ്പം പച്ചപ്പ് അവശേഷിച്ചിരുന്നെന്നു പറയാം. പക്ഷേ യേശു പെട്ടെന്നുതന്നെ വധിക്കപ്പെടുകയും വിശ്വസ്തരായ ജൂതന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച് ആത്മീയ ഇസ്രായേലിന്റെ ഭാഗമായിത്തീരുകയും ചെയ്യുമായിരുന്നു. (റോമ 2:28, 29; ഗല 6:16) അതോടെ, അക്ഷരീയ ഇസ്രായേൽജനത ആത്മീയമായി മരിച്ച്, ഉണങ്ങിയ ഒരു മരംപോലെ ആയിത്തീരുമായിരുന്നു.—മത്ത 21:43.
തലയോടിടം: ഇവിടെ കാണുന്ന ‘തലയോട്’ എന്നതിന്റെ ഗ്രീക്കുപദത്തിനു (ക്രാനീയൊൻ) ഗൊൽഗോഥ എന്ന എബ്രായപദത്തിന്റെ അതേ അർഥമാണുള്ളത്. (യോഹ 19:17-ഉം മത്ത 27:33-ന്റെ പഠനക്കുറിപ്പും കാണുക.) ബൈബിളിന്റെ ചില ഇംഗ്ലീഷ് പരിഭാഷകൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നതു “കാൽവരി” എന്ന പദമാണ്. വൾഗേറ്റിൽ കാണുന്ന കൽവേരിയ (“തലയോട്ടി” എന്ന് അർഥം) എന്ന ലത്തീൻപദത്തിൽനിന്ന് വന്നിരിക്കുന്നതാണ് ഇത്.
. . . എന്നു പറഞ്ഞു: ഈ വാക്യത്തിന്റെ ആദ്യഭാഗം ചില പുരാതന കൈയെഴുത്തുപ്രതികളിലില്ല. എന്നാൽ ആധികാരികമായ മറ്റു പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നതുകൊണ്ടാണു പുതിയ ലോക ഭാഷാന്തരത്തിലും മറ്റ് അനേകം ബൈബിൾഭാഷാന്തരങ്ങളിലും ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുളിച്ച വീഞ്ഞ്: മത്ത 27:48-ന്റെ പഠനക്കുറിപ്പു കാണുക.
തലയ്ക്കു മുകളിൽ എഴുതിവെച്ചിരുന്നു: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “തലയ്ക്കു മുകളിൽ ഗ്രീക്കിലും ലത്തീനിലും എബ്രായയിലും എഴുതിവെച്ചിരുന്നു” എന്നാണു കാണുന്നത്. എന്നാൽ “ഗ്രീക്കിലും ലത്തീനിലും എബ്രായയിലും” എന്ന വാക്കുകൾ ആധികാരികമായ പുരാതന കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. യോഹ 19:20-മായി യോജിക്കാൻവേണ്ടി പകർപ്പെഴുത്തുകാർ ഇതു കൂട്ടിച്ചേർത്തതാകാമെന്നു കരുതപ്പെടുന്നു.
കിടന്ന: ഇവിടെ കാണുന്ന ഗ്രീക്കുക്രിയ ക്രിമാന്നിമൈ (“തൂക്കുക”) ആണ്, സ്റ്റോറോ (“സ്തംഭത്തിലേറ്റി വധിക്കുക”) അല്ല. യേശുവിനെ വധിക്കുന്നതിനെക്കുറിച്ച് പറയുന്നിടങ്ങളിൽ ആ ക്രിയയോടൊപ്പം എപീ സൈലൗ (“സ്തംഭത്തിൽ” അഥവാ “മരത്തിൽ”) എന്ന പദപ്രയോഗവും കാണാം. (പ്രവൃ 5:30, അടിക്കുറിപ്പ്; 10:39, അടിക്കുറിപ്പ്; ഗല 3:13) സെപ്റ്റുവജിന്റിൽ ഈ ക്രിയ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്, ഒരാളെ സ്തംഭത്തിലോ മരത്തിലോ തൂക്കുന്നതിനെക്കുറിച്ച് പറയുന്നിടത്താണ്.—ഉൽ 40:19; ആവ 21:22; എസ്ഥ 8:7.
സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു,: ഗ്രീക്കുപാഠത്തിന്റെ വ്യാകരണവും വാക്യസന്ദർഭവും കണക്കിലെടുത്താണ് ആധുനിക ബൈബിൾഭാഷാന്തരങ്ങളിൽ ഈ വാക്യഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഗ്രീക്ക് വ്യാകരണമനുസരിച്ച് ഈ വാക്യത്തിന് രണ്ട് അർഥം വരാം.
ഒന്നാമത്തേത്, “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” രണ്ടാമത്തേത്, “സത്യമായി ഞാൻ നിന്നോടു പറയുന്നു, ഇന്നു നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” എന്നാൽ യേശുവിന്റെ ഈ വാക്കുകൾ പരിഭാഷകർ എങ്ങനെ മനസ്സിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു പൊതുവേ ഇതു പരിഭാഷപ്പെടുത്തുന്നത്. എന്നാൽ ബൈബിളിലെ മറ്റു ഭാഗങ്ങൾ ഇതെക്കുറിച്ച് എന്തു പറയുന്നു എന്നതും അവർ പരിഗണിക്കേണ്ടതാണ്. ആധുനികകാല പണ്ഡിതന്മാർ തയ്യാറാക്കിയ ചില ഗ്രീക്കുപാഠങ്ങൾ “ഇന്നു നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന ആശയത്തെ അനുകൂലിക്കുന്നുണ്ട്. അതിന് ഉദാഹരണങ്ങളാണ്, വെസ്റ്റ്കോട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്കുപാഠം, നെസ്ലെയുടെയും അലൻഡിന്റെയും ഗ്രീക്കുപാഠം, യുണൈറ്റഡ് ബൈബിൾ സൊസൈറ്റികളുടെ ഗ്രീക്കുപാഠം എന്നിവ. എന്നാൽ യേശു മുമ്പ് നടത്തിയ പ്രസ്താവനകളുമായും ബൈബിളിലെ മറ്റ് ഉപദേശങ്ങളുമായും ചേരുന്നത് പുതിയ ലോക ഭാഷാന്തരത്തിൽ കാണുന്ന തർജമയാണ്. ഉദാഹരണത്തിന്, താൻ മരിക്കുമെന്നും മൂന്നാം ദിവസംവരെ ‘ഭൂമിയുടെ ഉള്ളിൽ’ അഥവാ ശവക്കുഴിയിൽ ആയിരിക്കുമെന്നും യേശു പറഞ്ഞിരുന്നു. (മത്ത 12:40; മർ 10:34) താൻ കൊല്ലപ്പെട്ടിട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും യേശു ഒന്നിലധികം തവണ ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്ക 9:22; 18:33) ഇനി, യേശു “മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി” പുനരുത്ഥാനപ്പെട്ടെന്നും 40 ദിവസത്തിനു ശേഷമാണു സ്വർഗാരോഹണം ചെയ്തതെന്നും ബൈബിൾ പറയുന്നുണ്ട്. (1കൊ 15:20; യോഹ 20:17; പ്രവൃ 1:1-3, 9; കൊലോ 1:18) യേശു പുനരുത്ഥാനപ്പെട്ടത് മരണദിവസമല്ല, മറിച്ച് അതിന്റെ മൂന്നാം ദിവസം ആയിരുന്നു. അതുകൊണ്ട് യേശു ആ കുറ്റവാളിയോടു സംസാരിച്ച അതേ ദിവസംതന്നെ അയാൾക്കു യേശുവിനോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കാൻ കഴിയില്ലായിരുന്നു.
അഞ്ചാം നൂറ്റാണ്ടിലെ കുറേറ്റോണിയൻ സുറിയാനി കൈയെഴുത്തുപ്രതിയിലെ ലൂക്കോസിന്റെ വിവരണവും ഈ അഭിപ്രായത്തോടു യോജിക്കുന്നു. അതിൽ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ആമേൻ, ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ ഏദെൻ തോട്ടത്തിലുണ്ടായിരിക്കും.” (എഫ്. സി. ബർക്കിറ്റ്, നാലു സുവിശേഷങ്ങളുടെ കുറേറ്റോണിയൻ പതിപ്പ് (ഇംഗ്ലീഷ്), വാല്യം 1, കേംബ്രിജ്, 1904) ഈ വാക്കുകൾ എങ്ങനെ പരിഭാഷപ്പെടുത്തണമെന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നതായി പുരാതനകാലത്തെയും പിൽക്കാലത്തെയും ഗ്രീക്ക് എഴുത്തുകാരും വ്യാഖ്യാതാക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, എ.ഡി. നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന യരുശലേമിലെ ഹെയ്സികിയെസ് ലൂക്ക 23:43-നെക്കുറിച്ച് ഇങ്ങനെ എഴുതി: ”ചിലർ ആ ഭാഗം ഇങ്ങനെ വായിക്കുന്നു: ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.’“ (ഗ്രീക്കിലെ ഉറവിടം: പെട്രോളജിയേ ഗ്രീക്കേ, വാല്യം 93, കോളം 1432-1433) “ആ ഭാഗം വായിക്കേണ്ടത്, ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും’” എന്നാണെന്നു വാദിച്ച ചിലരെക്കുറിച്ച് എ.ഡി. 11-ഉം 12-ഉം നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന തിയോഫിലാക്റ്റും എഴുതി. (പെട്രോളജിയേ ഗ്രീക്കേ, വാല്യം 123, കോളം 1104) സുവിശേഷവെളിച്ചം—അരമായയെയും മാറ്റമില്ലാത്ത പൗരസ്ത്യാചാരങ്ങളെയും അടിസ്ഥാനമാക്കി യേശുവിന്റെ ഉപദേശങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ 303-304 പേജുകളിൽ ലൂക്ക 23:43-ലെ “ഇന്ന്” എന്ന പദത്തെക്കുറിച്ച് ജി. എം. ലാംസ പറയുന്നു: “ഈ ഭാഗത്ത് ‘ഇന്ന്’ എന്ന പദത്തിനാണ് ഊന്നൽ നൽകേണ്ടത്. അതുകൊണ്ട് ആ വാക്യഭാഗം ഇങ്ങനെ വായിക്കണം: ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.’ ആ ദിവസം യേശു വാഗ്ദാനം നൽകുക മാത്രമാണു ചെയ്തത്, അതിന്റെ നിവൃത്തി പിന്നീടു മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ‘ഇന്ന ദിവസം വാഗ്ദാനം നൽകി’ എന്ന് ആളുകൾ പൗരസ്ത്യനാടുകളിൽ പൊതുവേ പറയുന്നത് ആ വാഗ്ദാനം തീർച്ചയായും പാലിക്കും എന്നു സൂചിപ്പിക്കാനാണ്.” അതുകൊണ്ട് ലൂക്ക 23:43-ലെ ഗ്രീക്കുപദപ്രയോഗം സാധ്യതയനുസരിച്ച്, ഊന്നലിനെ സൂചിപ്പിക്കുന്ന ഒരു സെമിറ്റിക്ക് ഭാഷാശൈലിയാണ്. എബ്രായതിരുവെഴുത്തുകളിൽ വാഗ്ദാനങ്ങളും കല്പനകളും നൽകുന്ന പല വാക്യങ്ങളിലും അതിന്റെ ഗൗരവത്തെ സൂചിപ്പിക്കാൻ “ഇന്ന്” എന്ന പദപ്രയോഗം ഒരു ശൈലിയായി ഉപയോഗിച്ചിട്ടുണ്ട്. (ആവ 4:26; 6:6; 7:11; 8:1, 19; 30:15; സെഖ 9:12) ഈ തെളിവുകൾ ഒരു കാര്യം സൂചിപ്പിക്കുന്നു: യേശു ഇവിടെ “ഇന്ന്” എന്ന പദം ഉപയോഗിച്ചത് ആ കുറ്റവാളിക്ക് അന്നുതന്നെ പറുദീസ ലഭിക്കുമെന്നു സൂചിപ്പിക്കാനല്ല, മറിച്ച് താൻ അന്നേ ദിവസം വാഗ്ദാനം ചെയ്യുന്നു എന്ന കാര്യത്തിന് ഊന്നൽ നൽകാനാണ്.
ഈ വാക്യത്തിൽ ശരിക്കും ഊന്നൽ നൽകേണ്ടതു യേശു വാഗ്ദാനം നൽകിയ സമയത്തിനാണ്, അല്ലാതെ ആ വാഗ്ദാനം നിറവേറുന്ന സമയത്തിനല്ല എന്ന കാര്യം അനേകം പരിഭാഷകളും അംഗീകരിച്ചിട്ടുണ്ട്. റോഥർഹാമിന്റെയും ലാംസയുടെയും (1933 പതിപ്പ്) ഇംഗ്ലീഷ് പരിഭാഷകളും എൽ. റീൻഹാർട്ടിന്റെയും ഡബ്ല്യു. മൈക്കാലിസിന്റെയും ജർമൻ പരിഭാഷകളും അതിന് ഉദാഹരണങ്ങളാണ്. ഈ ഭാഷാന്തരങ്ങളിൽ ലൂക്ക 23:43 പരിഭാഷപ്പെടുത്തിയിരിക്കുന്നതു പുതിയ ലോക ഭാഷാന്തരത്തിലേതുപോലെതന്നെയാണ്.
പറുദീസ: ഇതിന്റെ ഗ്രീക്കുപദം പരാഡേസൊസ് എന്നാണ്. ഇതിനോടു സാമ്യമുള്ള വാക്കുകൾ എബ്രായ ഭാഷയിലും (നെഹ 2:8; സഭ 2:5; ഉത്ത 4:13 എന്നിവിടങ്ങളിൽ പർഡേസ് എന്നു കാണുന്നു.) പേർഷ്യൻ ഭാഷയിലും (പരിഡൈസ) ഉണ്ട്. ഈ മൂന്നു പദങ്ങളുടെയും അടിസ്ഥാനാർഥം മനോഹരമായ ഒരു ഉദ്യാനം, പൂന്തോട്ടം എന്നൊക്കെയാണ്. ഉൽ 2:8-ലെ ‘ഏദെൻ തോട്ടം’ എന്ന പദപ്രയോഗത്തിലെ “തോട്ടം” എന്നതിന്റെ എബ്രായപദത്തെ (ഗൻ) ഗ്രീക്ക് സെപ്റ്റുവജിന്റിൽ പരാഡേസൊസ് എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ (അനു. സി-യിൽ J17, 18, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ലൂക്ക 23:43 പരിഭാഷപ്പെടുത്തിയിരിക്കുന്നത് “നീ എന്റെകൂടെ ഏദെൻ തോട്ടത്തിലുണ്ടായിരിക്കും” എന്നാണ്. തന്നോടൊപ്പം സ്തംഭത്തിൽ തൂക്കിയ കുറ്റവാളിയോടു യേശു വാഗ്ദാനം ചെയ്ത പറുദീസ വെളി 2:7-ൽ പറഞ്ഞിരിക്കുന്ന “ദൈവത്തിന്റെ പറുദീസ” അല്ല. കാരണം അതു ലഭിക്കുന്നത് ‘ജയിക്കുന്നവർക്കാണ്,’ അതായത് ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരായി ഭരിക്കാനുള്ളവർക്കാണ്. (ലൂക്ക 22:28-30) എന്നാൽ ആ കുറ്റവാളി യേശുക്രിസ്തുവിനോടൊപ്പം ലോകത്തെ ജയിച്ചടക്കിയവൻ അല്ലായിരുന്നു. അയാൾ ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിച്ചവനും’ ആയിരുന്നില്ല. (യോഹ 3:5; 16:33) തെളിവനുസരിച്ച്, ക്രിസ്തു പറുദീസാഭൂമിയുടെ മേൽ ആയിരം വർഷം ഭരിക്കുമ്പോൾ, ഭൂമിയിൽ ജീവിക്കാനായി പുനരുത്ഥാനപ്പെടുന്ന ‘നീതികെട്ടവരിൽ’ ഒരാളായിരിക്കും ഇദ്ദേഹം.—പ്രവൃ 24:15; വെളി 20:4, 6.
ഏകദേശം ആറാം മണി: അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ഒൻപതാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
വിശുദ്ധമന്ദിരം: മത്ത 27:51-ന്റെ പഠനക്കുറിപ്പു കാണുക.
തിരശ്ശീല: മത്ത 27:51-ന്റെ പഠനക്കുറിപ്പു കാണുക.
ജീവൻ: അഥവാ “ആത്മാവ്; ജീവശക്തി.” യേശു ഇവിടെ സങ്ക 31:5-ൽനിന്നാണ് ഉദ്ധരിക്കുന്നത്. അവിടെ ദാവീദ്, തന്റെ ജീവനെ അഥവാ ജീവശക്തിയെ കാക്കണമെന്നു ദൈവത്തോട് അപേക്ഷിക്കുന്നതായി കാണാം. തന്റെ ജീവൻ താൻ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുകയാണ് എന്നായിരുന്നു അതിന്റെ അർഥം. മരണസമയത്ത്, യേശു തന്റെ ജീവശക്തി യഹോവയുടെ കൈകളിൽ ഏൽപ്പിക്കുന്നതായി പറഞ്ഞു. തനിക്കു വീണ്ടും ജീവൻ നൽകാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നാണ് ആ വാക്കുകൾ സൂചിപ്പിച്ചത്.—പദാവലിയിൽ “ആത്മാവ്” കാണുക.
ജീവൻ വെടിഞ്ഞു: ഇവിടെ കാണുന്ന എക്പ്നിയോ (അക്ഷ. “ശ്വാസം പുറത്തേക്കു വിട്ടു.”) എന്ന ഗ്രീക്കുക്രിയയെ “അന്ത്യശ്വാസം വലിച്ചു” എന്നും പരിഭാഷപ്പെടുത്താം. (മത്ത 27:50-ന്റെ പഠനക്കുറിപ്പു കാണുക.) “ജീവൻ (അഥവാ ആത്മാവ്) തൃക്കൈയിൽ ഏൽപ്പിക്കുന്നു” എന്ന് യേശു പറഞ്ഞതായി ഈ വാക്യത്തിൽ കാണുന്നുണ്ടെങ്കിലും യേശു ഉടനെ സ്വർഗത്തിലേക്കു പോയില്ലെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. യേശു ജീവൻ വെടിഞ്ഞു അഥവാ മരിച്ചു എന്നാണു നമ്മൾ വായിക്കുന്നത്. താൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നത് “മൂന്നാം ദിവസം” മാത്രമായിരിക്കുമെന്നു യേശുതന്നെ മുമ്പ് പറഞ്ഞിരുന്നു. (മത്ത 16:21; ലൂക്ക 9:22) ഇനി, 40 ദിവസംകൂടെ കഴിഞ്ഞാണു യേശു സ്വർഗാരോഹണം ചെയ്തതെന്നു പ്രവൃ 1:3, 9 സൂചിപ്പിക്കുന്നു.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” അതായത്, റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവി. യേശു ‘ദൈവപുത്രനാണെന്ന’ കാര്യവും അദ്ദേഹം അംഗീകരിച്ചതായി മത്തായിയുടെയും മർക്കോസിന്റെയും സമാന്തരവിവരണങ്ങളിലുണ്ട്.—മത്ത 27:54; മർ 15:39.
യോസേഫ്: മർ 15:43-ന്റെ പഠനക്കുറിപ്പു കാണുക.
ന്യായാധിപസഭയിലെ ഒരു അംഗം: അഥവാ “കൗൺസിലർ.” അതായത്, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനിലെ ഒരംഗം. ആ കോടതി യരുശലേമിലായിരുന്നു.—മത്ത 26:59-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സൻഹെദ്രിൻ” എന്നതും കാണുക.
ഒരുക്കനാൾ: മത്ത 27:62-ന്റെ പഠനക്കുറിപ്പു കാണുക.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
ദൃശ്യാവിഷ്കാരം
മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ഇത്. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്. യഥാർഥത്തിലുള്ളതു കണ്ടെത്തിയത് 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്തുശാസ്ത്രജ്ഞർ ഉത്ഖനനം നടത്തിയപ്പോഴാണ്. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്. തടികൊണ്ടുള്ള സ്തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന് ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്തുശാസ്ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ് ഇത്. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറയ്ക്കാൻ ഉപയോഗിച്ചത്. ഗവേഷകർക്ക് ഇതു കിട്ടിയത്, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്. സ്തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്കാരം ലഭിച്ചിരിക്കാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹകളിലോ അറകളിലോ ആണ് ജൂതന്മാർ സാധാരണയായി ശവസംസ്കാരം നടത്തിയിരുന്നത്. രാജാക്കന്മാരുടേത് ഒഴികെയുള്ള കല്ലറകളെല്ലാം പൊതുവേ നഗരങ്ങൾക്കു വെളിയിലായിരുന്നു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ജൂതകല്ലറകളുടെ ഒരു പ്രത്യേകത അവയുടെ ലാളിത്യമാണ്. ജൂതന്മാർ മരിച്ചവരെ ആരാധിക്കാഞ്ഞതായിരിക്കാം ഇതിന്റെ കാരണം. മരണശേഷം ഒരാൾ ഒരു ആത്മലോകത്ത് ജീവിക്കുന്നു എന്ന വിശ്വാസവും ജൂതമതത്തിന്റെ ഭാഗമല്ലായിരുന്നു.