ലൂക്കോസ് എഴുതിയത് 3:1-38
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
തിബെര്യൊസ് സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം: എ.ഡി. 14, ആഗസ്റ്റ് 17-നാണ് (ഗ്രിഗോറിയൻ കലണ്ടറനുസരിച്ച്.) അഗസ്റ്റസ് സീസർ മരിച്ചത്. സെപ്റ്റംബർ 15-ന് തന്നെ ചക്രവർത്തിയായി പ്രഖ്യാപിക്കാൻ തിബെര്യൊസ് റോമൻ ഭരണസമിതിക്ക് അനുമതി കൊടുത്തു. അഗസ്റ്റസിന്റെ മരണംമുതൽ കണക്കുകൂട്ടിയാൽ, തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷം എ.ഡി. 28 ആഗസ്റ്റ് മുതൽ എ.ഡി. 29 ആഗസ്റ്റ് വരെ ആണ്. എന്നാൽ 15-ാം വർഷം കണക്കുകൂട്ടുന്നതു തിബെര്യൊസിനെ ഔദ്യോഗികമായി ചക്രവർത്തിയായി പ്രഖ്യാപിച്ച സമയംമുതലാണെങ്കിൽ, അത് എ.ഡി. 28 സെപ്റ്റംബർ മുതൽ എ.ഡി. 29 സെപ്റ്റംബർ വരെയാണ്. തെളിവനുസരിച്ച് എ.ഡി. 29-ലെ വസന്തകാലത്ത് അഥവാ ഏപ്രിലിനോട് അടുത്ത് ആണ് (ഉത്തരാർധഗോളത്തിലേത്) യോഹന്നാൻ തന്റെ ശുശ്രൂഷ തുടങ്ങിയത്. അതു തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷത്തിൽപ്പെടുകയും ചെയ്യും. ആ സമയത്ത് യോഹന്നാന് ഏതാണ്ട് 30 വയസ്സുണ്ടായിരുന്നു. ലേവ്യപുരോഹിതന്മാർ ദേവാലയസേവനം തുടങ്ങിയിരുന്നത് ആ പ്രായത്തിലാണ്. (സംഖ 4:2, 3) യേശു യോഹന്നാനാൽ സ്നാനമേറ്റ് “ശുശ്രൂഷ ആരംഭിക്കുമ്പോൾ” ലൂക്ക 3:21-23 അനുസരിച്ച് യേശുവിനും “ഏകദേശം 30 വയസ്സായിരുന്നു.” യേശു മരിച്ച നീസാൻ മാസം വസന്തകാലത്ത് ആയിരുന്നതുകൊണ്ട് യേശുവിന്റെ മൂന്നരവർഷക്കാലത്തെ ശുശ്രൂഷ തുടങ്ങിയത് ഏഥാനീം മാസത്തോട് അടുത്ത് (സെപ്റ്റംബർ/ഒക്ടോബർ), ശരത്കാലത്ത് ആയിരുന്നിരിക്കാം. സാധ്യതയനുസരിച്ച് യേശുവിനെക്കാൾ ആറു മാസം മൂത്ത യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചതു യേശു ശുശ്രൂഷ തുടങ്ങുന്നതിന് ആറു മാസം മുമ്പാണെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. (ലൂക്ക, അധ്യാ. 1) ഇതിൽനിന്ന്, യോഹന്നാൻ തന്റെ ശുശ്രൂഷ തുടങ്ങിയത് എ.ഡി. 29-ലെ വസന്തകാലത്താണെന്നു ന്യായമായും അനുമാനിക്കാം.—ലൂക്ക 3:23; യോഹ 2:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ.—പദാവലി കാണുക.
ജില്ലാഭരണാധികാരി: റോമൻ അധികാരികളുടെ കീഴിൽ, അവരുടെ അംഗീകാരത്തോടെ മാത്രം ഭരണം നടത്തിയിരുന്ന ഒരു ജില്ലാഭരണാധികാരിയെയോ ഒരു പ്രദേശത്തിന്റെ പ്രഭുവിനെയോ ആണ് ഈ പദം കുറിച്ചിരുന്നത്.—മത്ത 14:1; മർ 6:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സഹോദരനായ ഫിലിപ്പോസ്: ഹെരോദ് അന്തിപ്പാസിന്റെ അർധസഹോദരനായിരുന്നു ഇത്. ഇദ്ദേഹം യരുശലേംകാരിയായ ക്ലിയോപാട്രയിൽ മഹാനായ ഹെരോദിനുണ്ടായ മകനാണ്. ഇദ്ദേഹത്തിന് ഫിലിപ്പോസ് എന്ന അതേ പേരിൽ ഒരു അർധസഹോദരനുണ്ടായിരുന്നതുകൊണ്ട് (മത്ത 14:3-ലും മർ 6:17-ലും പരാമർശിച്ചിരിക്കുന്ന ആ ഫിലിപ്പോസിനെ ഹൊരോദ് ഫിലിപ്പോസ് എന്നും വിളിച്ചിരുന്നു.) ഇവരെ തമ്മിൽ വേർതിരിച്ചറിയാൻ ഇദ്ദേഹത്തെ ചിലപ്പോഴൊക്കെ ജില്ലാഭരണാധികാരിയായ ഫിലിപ്പോസ് എന്നു വിളിച്ചിരുന്നു.—മത്ത 16:13-ന്റെ പഠനക്കുറിപ്പും കാണുക.
ഇതൂര്യ: തെളിവനുസരിച്ച് ലബാനോൻ, ആൻറി-ലബാനോൻ മലനിരകളുടെ അടുത്തായി, ഗലീലക്കടലിന്റെ വടക്കുകിഴക്ക് കാണുന്ന ഒരു ചെറിയ പ്രദേശം. അതിനു കൃത്യമായി നിശ്ചയിച്ച ഒരു അതിർത്തി ഇല്ല.—അനു. ബി10 കാണുക.
ത്രഖോനിത്തി: “നിരപ്പല്ലാത്ത” എന്ന് അർഥമുള്ള ഒരു ഗ്രീക്ക് മൂലപദത്തിൽനിന്ന് വന്നിരിക്കുന്ന പേര്. ആ പ്രദേശത്തിന്റെ നിരപ്പല്ലാത്ത ഭൂപ്രകൃതിയെ സൂചിപ്പിക്കുന്ന ഒരു പേരായിരിക്കാം ഇത്. ഇതൂര്യയുടെ കിഴക്ക്, മുമ്പ് ബാശാൻ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ (ആവ 3:3-14) ഭാഗമായിരുന്നു ത്രഖോനിത്തി ദേശം. അതിന്റെ വിസ്തീർണം ഏതാണ്ട് 900 ചതുരശ്രകിലോമീറ്റർ മാത്രമായിരുന്നു. ദമസ്കൊസിന് ഏതാണ്ട് 40 കി.മീ. തെക്കുകിഴക്കായിരുന്നു അതിന്റെ വടക്കേ അതിർത്തി.
ലുസാന്യാസ്: യോഹന്നാൻ സ്നാപകൻ ശുശ്രൂഷ തുടങ്ങിയ സമയത്ത്, ലുസാന്യാസ് റോമൻ ജില്ലയായ അബിലേനയുടെ “ജില്ലാഭരണാധികാരിയായിരുന്നു” എന്നു ലൂക്കോസിന്റെ വിവരണം പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ലൂക്കോസിനു തെറ്റു പറ്റിയെന്നു ചില വിമർശകർ വാദിച്ചു. യഥാർഥത്തിൽ അബിലേനയ്ക്ക് അടുത്തുതന്നെയുള്ള കാൽസിസിലെ രാജാവായിരുന്ന ലുസാന്യാസ് ആണ് ലൂക്കോസിന്റെ മനസ്സിലുണ്ടായിരുന്നതെന്നും അദ്ദേഹം ലൂക്കോസ് സൂചിപ്പിച്ച സമയത്തിനും ദശാബ്ദങ്ങൾക്കു മുമ്പ്, ബി.സി. 34-നോടടുത്ത് കൊല്ലപ്പെട്ടെന്നും ആയിരുന്നു അവരുടെ വാദം. പക്ഷേ ആ വാദം തെറ്റാണെന്നു തെളിഞ്ഞു. കാരണം തിബെര്യൊസ് റോമൻ ചക്രവർത്തിയായിരുന്ന സമയത്ത് ലുസാന്യാസ് എന്നു പേരുള്ള ഒരു ജില്ലാഭരണാധികാരിയുണ്ടായിരുന്നെന്നു സൂചിപ്പിക്കുന്ന ഒരു ലിഖിതം സിറിയയിലെ ദമസ്കൊസിന് അടുത്തുള്ള അബിലയിൽനിന്ന് (അബിലേനയുടെ തലസ്ഥാനം.) പിന്നീടു കണ്ടെടുത്തു.—അനു. ബി10 കാണുക.
അബിലേന: ഒരു റോമൻ ജില്ലയായിരുന്ന അബിലേനയ്ക്ക് ആ പേര് വന്നത് അതിന്റെ തലസ്ഥാനമായ അബിലയിൽനിന്നാണ്. ഹെർമോൻ പർവതത്തിനു വടക്ക്, ആൻറി-ലബാനോൻ മലനിരകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് അതിന്റെ സ്ഥാനം.—പദാവലിയിൽ “ലബാനോൻ മലനിരകൾ” കാണുക.
മുഖ്യപുരോഹിതനായി അന്നാസും . . . കയ്യഫയും: സ്നാപകയോഹന്നാൻ ശുശ്രൂഷ ആരംഭിച്ച കാലത്ത് ജൂതപൗരോഹിത്യം പ്രധാനമായും ശക്തരായ രണ്ടു പുരുഷന്മാരുടെ നിയന്ത്രണത്തിലായിരുന്നെന്നു ലൂക്കോസ് സൂചിപ്പിക്കുന്നു. സിറിയയിലെ റോമൻ ഗവർണറായിരുന്ന കുറേന്യൊസ് ഏതാണ്ട് എ.ഡി. 6-ലോ 7-ലോ മഹാപുരോഹിതനായി നിയമിച്ച അന്നാസ് ഏകദേശം എ.ഡി. 15 വരെ ആ സ്ഥാനത്ത് തുടർന്നു. റോമാക്കാർ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയതോടെ അദ്ദേഹത്തിനു മഹാപുരോഹിതൻ എന്ന ഔദ്യോഗികസ്ഥാനപ്പേര് നഷ്ടമായെങ്കിലും മുൻമഹാപുരോഹിതനും ജൂതപുരോഹിതന്മാരുടെ മുഖ്യവക്താവും എന്ന നിലയിൽ അദ്ദേഹം തുടർന്നും വലിയ അധികാരവും സ്വാധീനവും ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് ആൺമക്കൾ മഹാപുരോഹിതന്മാരായി സേവിച്ചിട്ടുണ്ട്. മരുമകനായ കയ്യഫയും ഏകദേശം എ.ഡി. 18 മുതൽ എ.ഡി. 36 വരെയുള്ള കാലത്ത് മഹാപുരോഹിതനായിരുന്നു. അതുകൊണ്ട് എ.ഡി. 29-ൽ കയ്യഫയായിരുന്നു മഹാപുരോഹിതനെങ്കിലും അന്നാസിന് അന്നുണ്ടായിരുന്ന പ്രമുഖസ്ഥാനം കണക്കിലെടുത്ത് അദ്ദേഹത്തെ ‘മുഖ്യപുരോഹിതൻ’ എന്നു വിളിക്കുന്നതിൽ തെറ്റില്ല.—യോഹ 18:13, 24; പ്രവൃ 4:6.
യോഹന്നാൻ: ലൂക്കോസിന്റെ വിവരണത്തിൽ മാത്രമേ യോഹന്നാനെ സെഖര്യയുടെ മകനായി പരിചയപ്പെടുത്തുന്നുള്ളൂ. (ലൂക്ക 1:5-ന്റെ പഠനക്കുറിപ്പു കാണുക.) യോഹന്നാനു ദൈവത്തിന്റെ സന്ദേശം ലഭിച്ചു എന്നു പറഞ്ഞിരിക്കുന്നതും ലൂക്കോസ് മാത്രമാണ്. സെപ്റ്റുവജിന്റിൽ ഏലിയ പ്രവാചകനെക്കുറിച്ച് പറയുന്നിടത്ത് കാണുന്ന പദപ്രയോഗത്തോടു (1രാജ 17:2; 20:28; 21:28) ലൂക്കോസിന്റെ ഈ വാക്കുകൾക്കു സമാനതയുണ്ട് എന്നതു ശ്രദ്ധേയമാണ്. ഏലിയ പ്രവാചകൻ യോഹന്നാനെ ചിത്രീകരിച്ചെന്ന് ഓർക്കുക. (മത്ത 11:14; 17:10-13) ആദ്യത്തെ മൂന്നു സുവിശേഷവിവരണങ്ങളും (മത്തായി, മർക്കോസ്, ലൂക്കോസ്) യോഹന്നാൻ വിജനഭൂമിയിൽ കഴിഞ്ഞിരുന്നതായി പറയുന്നുണ്ടെങ്കിലും അത് ‘യഹൂദ്യ വിജനഭൂമിയാണെന്ന്’ എടുത്തുപറഞ്ഞിരിക്കുന്നതു മത്തായി മാത്രമാണ്. പൊതുവേ ആൾപ്പാർപ്പില്ലാത്ത ഈ തരിശുപ്രദേശം യഹൂദ്യ മലനിരകളിൽനിന്ന് കിഴക്കോട്ട് യോർദാൻ നദിയുടെയും ചാവുകടലിന്റെയും പടിഞ്ഞാറൻതീരംവരെ [മുകളിൽനിന്ന് താഴെവരെ ഏകദേശം 1,200 മീറ്റർ (3,900 അടി).] വ്യാപിച്ചുകിടന്നിരുന്നു.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനം: മർ 1:4-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: യശ 40:3-ൽനിന്നുള്ള ഉദ്ധരണിയാണ് ഇത്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. (അനു. സി കാണുക.) ആ പ്രവചനം യോഹന്നാൻ സ്നാപകനിൽ നിറവേറുന്നതായി ലൂക്കോസ് ഇവിടെ പറഞ്ഞിരിക്കുന്നു. പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനിരിക്കുന്ന യേശുവിന്റെ വരവ് അറിയിക്കുന്നവനായിരിക്കും സ്നാപകയോഹന്നാൻ എന്ന അർഥത്തിലാണ് അദ്ദേഹം യഹോവയ്ക്കു വഴി ഒരുക്കും എന്നു പറഞ്ഞിരിക്കുന്നത്. (യോഹ 5:43; 8:29) ഈ പ്രവചനം തന്നിൽ നിറവേറിയെന്നു സ്നാപകയോഹന്നാൻതന്നെ പറയുന്നതായി യോഹന്നാന്റെ സുവിശേഷത്തിൽ കാണാം.—യോഹ 1:23.
സ്നാനമേൽക്കാൻ: അഥവാ, “നിമജ്ജനം ചെയ്യപ്പെടാൻ; മുങ്ങാൻ.”—മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.
മാനസാന്തരത്തിനു യോജിച്ച ഫലം: യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവരുടെ മനസ്സിനോ മനോഭാവത്തിനോ വരുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന തെളിവുകളെയും പ്രവൃത്തികളെയും കുറിക്കുന്നു.—മത്ത 3:8; പ്രവൃ 26:20; മത്ത 3:2, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “മാനസാന്തരം” എന്നതും കാണുക.
നികുതി പിരിക്കുന്നവർ: മത്ത 5:46-ന്റെ പഠനക്കുറിപ്പു കാണുക.
പട്ടാളക്കാർ: തെളിവനുസരിച്ച് ഇവർ ജൂതവംശജരായ പടയാളികളായിരുന്നു. ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ നികുതിയോ മറ്റു നികുതികളോ പിരിക്കുന്നത് ഇവരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. ദൈവമായ യഹോവയുമായി ഉടമ്പടിബന്ധത്തിലുള്ളവരായിരുന്നു ആ ജൂതപടയാളികൾ. ആളുകളിൽനിന്ന് പണവും മറ്റും ബലമായി പിടിച്ചുവാങ്ങിയിരുന്ന അന്നത്തെ പടയാളികൾ മറ്റു പല കുറ്റകൃത്യങ്ങൾക്കും കുപ്രസിദ്ധരായിരുന്നു. എന്നാൽ മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനമേൽക്കണമെങ്കിൽ അവർ അതെല്ലാം ഉപേക്ഷിക്കണമായിരുന്നു.—മത്ത 3:8.
കള്ളക്കുറ്റം ചുമത്തുക: ഇവിടെ കാണുന്ന ഗ്രീക്കുപദം (സൈക്കോഫാന്റിയോ) ലൂക്ക 19:8-ൽ ‘അന്യായമായി ഈടാക്കുക’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ലൂക്ക 19:8-ന്റെ പഠനക്കുറിപ്പു കാണുക.) ഈ ക്രിയയുടെ അക്ഷരാർഥം “അത്തിപ്പഴം കാട്ടി സ്വന്തമാക്കുക” എന്നാണെന്നു പറയപ്പെടുന്നു. ഈ പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. അതിൽ ഒന്ന് ഇതാണ്: പുരാതനകാലത്തെ ആതൻസിൽ, അത്തിപ്പഴങ്ങൾ ആ പ്രവിശ്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നതു നിരോധിച്ചിരുന്നു. അതുകൊണ്ടുതന്നെ അത്തിപ്പഴം കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ഒരാളെ ഭയപ്പെടുത്താൻ നോക്കുന്ന വ്യക്തിയെ “അത്തിപ്പഴം കാട്ടുന്നവൻ” എന്നു വിളിച്ചിരുന്നു. പിൽക്കാലത്ത്, വ്യാജാരോപണങ്ങൾ ഉന്നയിച്ച് ആളുകളെ ചൂഷണം ചെയ്യുന്നവരെയോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നവരെയോ കുറിക്കാൻ ഈ പേര് ഉപയോഗിച്ചുതുടങ്ങി.
കിട്ടുന്നതുകൊണ്ട്: അഥവാ, “കിട്ടുന്ന വേതനംകൊണ്ട്; കിട്ടുന്ന കൂലികൊണ്ട്.” ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതു സൈന്യവുമായി ബന്ധപ്പെട്ട ഒരു സാങ്കേതികപദമായിട്ടാണ്. അതിന് ഒരു പടയാളിയുടെ വേതനത്തെയോ, ഭക്ഷണത്തിനും മറ്റു ചെലവുകൾക്കും വേണ്ടി കൊടുക്കുന്ന പണത്തെയോ കുറിക്കാനാകും. ആദ്യകാലത്ത് പടയാളികൾക്കു നൽകിയിരുന്ന ആനുകൂല്യങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെട്ടിരുന്നിരിക്കാം. സാധ്യതയനുസരിച്ച്, യോഹന്നാന്റെ അടുത്തേക്കു വന്ന ജൂതപടയാളികൾ പ്രധാനമായും ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ നികുതിയോ മറ്റു നികുതികളോ പിരിക്കുന്നവരായിരുന്നു. അക്കാലത്ത് പട്ടാളക്കാരുടെ വേതനം തുച്ഛമായിരുന്നതുകൊണ്ട് തങ്ങളുടെ അധികാരം ഉപയോഗിച്ച് ആളുകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നെന്നു തോന്നുന്നു. ഇതു കണക്കിലെടുത്തായിരിക്കാം യോഹന്നാൻ അവർക്ക് ഇങ്ങനെയൊരു ഉപദേശം കൊടുത്തത്. 1കൊ 9:7-ൽ “സ്വന്തം ചെലവിൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദപ്രയോഗത്തിലും ഇതേ പദം കാണാം. ഒരു ക്രിസ്തീയ ‘പടയാളിക്ക്’ അർഹതപ്പെട്ട വേതനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൗലോസ് അവിടെ.
വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ട്: അഥവാ, “വരവിനായി പ്രതീക്ഷയോടെ കാത്തിരുന്നതുകൊണ്ട്.” യേശുവിന്റെ ജനനത്തെക്കുറിച്ച് ദൈവദൂതന്മാർ നടത്തിയ പ്രഖ്യാപനവും ആ സന്ദേശം ആട്ടിടയന്മാർ എല്ലാവരെയും അറിയിച്ചതും ആയിരിക്കാം ആളുകളിൽ ഇത്രയധികം ആകാംക്ഷ ജനിപ്പിച്ചത്. (ലൂക്ക 2:8-11, 17, 18) ദേവാലയത്തിൽവെച്ച് പ്രവാചികയായ അന്ന കുട്ടിയെക്കുറിച്ച് എല്ലാവരോടും സംസാരിച്ചതും മറ്റൊരു കാരണമായിരുന്നിരിക്കാം. (ലൂക്ക 2:36-38) ഇതിനു പുറമേ, ‘ജൂതന്മാരുടെ രാജാവായി പിറന്നവനെ’ ‘വണങ്ങാൻ വന്നതാണു തങ്ങൾ’ എന്ന ജ്യോത്സ്യന്മാരുടെ വാക്കുകൾ ഹെരോദിലും മുഖ്യപുരോഹിതന്മാരിലും ശാസ്ത്രിമാരിലും യരുശലേമിലെ മറ്റെല്ലാവരിലും വലിയ സ്വാധീനം ചെലുത്തിയെന്നും നമ്മൾ വായിക്കുന്നു.—മത്ത 2:1-4.
സ്നാനപ്പെടുത്തുന്നു: മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.
ജില്ലാഭരണാധികാരി: മത്ത 14:1-ന്റെ പഠനക്കുറിപ്പു കാണുക.
യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ: ലൂക്കോസ് തന്റെ സുവിശേഷത്തിൽ പ്രാർഥനയ്ക്കു പ്രത്യേകപ്രധാന്യം നൽകിയിട്ടുണ്ട്. യേശുവിന്റെ പല പ്രാർഥനകളെക്കുറിച്ചും ലൂക്കോസ് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ വാക്യം അതിനൊരു ഉദാഹരണമാണ്. സ്നാനസമയത്ത് യേശു പ്രാർഥിക്കുകയായിരുന്നു എന്ന വിശദാംശം ലൂക്കോസ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ ആ പ്രാർഥനയിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങളാണ്, സാധ്യതയനുസരിച്ച് പൗലോസ് പിൽക്കാലത്ത് രേഖപ്പെടുത്തിയത്. (എബ്ര 10:5-9) ഇനി യേശുവിന്റെ മറ്റു ചില പ്രാർഥനകളെക്കുറിച്ച് ലൂക്കോസ് മാത്രം പറഞ്ഞിരിക്കുന്ന വാക്യങ്ങളാണ് ലൂക്ക 5:16; 6:12; 9:18, 28; 11:1; 23:46 എന്നിവ.
ആകാശം തുറന്നു: സാധ്യതയനുസരിച്ച് അപ്പോൾ, യേശു സ്വർഗത്തിലെ കാര്യങ്ങൾ അറിയാൻ ദൈവം ഇടയാക്കി. മനുഷ്യനായി വരുന്നതിനു മുമ്പ് സ്വർഗത്തിലുണ്ടായിരുന്ന ജീവിതത്തെക്കുറിച്ചുള്ള ഓർമകളും ഇതിൽ ഉൾപ്പെട്ടിരുന്നിരിക്കാം. സ്നാനത്തിനു ശേഷം യേശു ഉപയോഗിച്ച ചില പദപ്രയോഗങ്ങൾ, പ്രത്യേകിച്ച് എ.ഡി. 33-ലെ പെസഹാരാത്രിയിൽ യേശു നടത്തിയ ഹൃദയംഗമമായ പ്രാർഥന, ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. ഭൂമിയിൽ ഒരു മനുഷ്യനായി ജനിക്കുന്നതിനു മുമ്പുള്ള ജീവിതത്തെക്കുറിച്ച് യേശുവിന് അറിയാമായിരുന്നെന്നും താൻ സ്വർഗത്തിലായിരുന്നപ്പോൾ പിതാവ് പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങൾ യേശു ഓർക്കുന്നുണ്ടായിരുന്നെന്നും സ്വർഗത്തിൽ തനിക്കുണ്ടായിരുന്ന മഹത്ത്വം യേശുവിന്റെ മനസ്സിലുണ്ടായിരുന്നെന്നും ആണ് ആ പദപ്രയോഗങ്ങൾ സൂചിപ്പിക്കുന്നത്. (യോഹ 6:46; 7:28, 29; 8:26, 28, 38; 14:2; 17:5) സ്നാനമേറ്റ്, അഭിഷേകം ചെയ്യപ്പെട്ടപ്പോഴായിരിക്കാം ഈ ഓർമകൾ യേശുവിനു തിരികെ ലഭിച്ചത്.
പ്രാവിന്റെ രൂപത്തിൽ: പ്രാവുകളെ ബലിയായി അർപ്പിച്ചുകൊണ്ട് വിശുദ്ധകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീകമായും അവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; നിഷ്കളങ്കതയുടെയും നിർമലതയുടെയും പ്രതീകമായിരുന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ് ഒലിവിലയുമായി പെട്ടകത്തിലേക്കു മടങ്ങിവന്നതു പ്രളയജലം ഇറങ്ങിത്തുടങ്ങിയെന്നും (ഉൽ 8:11) സ്വസ്ഥതയുടെയും സമാധാനത്തിന്റെയും നാളുകൾ സമീപിച്ചിരിക്കുന്നെന്നും സൂചിപ്പിച്ചു. (ഉൽ 5:29) യേശുവിന്റെ സ്നാനസമയത്ത് യഹോവ പ്രാവിനെ ഉപയോഗിച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോകുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാനായിരിക്കാം. കാരണം നിർമലനും പാപരഹിതനും ആയ ദൈവപുത്രൻ മനുഷ്യകുലത്തിനുവേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുകയും അങ്ങനെ തന്റെ ഭരണത്തിൻകീഴിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞ കാലം വരുന്നതിന് അടിസ്ഥാനമിടുകയും ചെയ്യുമായിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അഥവാ ചലനാത്മകശക്തി സ്നാനസമയത്ത് യേശുവിന്റെ മേൽ ഇറങ്ങിവന്നപ്പോൾ, വേഗത്തിൽ ചിറകടിച്ച് കൂടണയുന്ന പ്രാവിനെപ്പോലെ കാണപ്പെട്ടിരിക്കാം.
നീ എന്റെ പ്രിയപുത്രൻ: മർ 1:11-ന്റെ പഠനക്കുറിപ്പു കാണുക.
നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: മർ 1:11-ന്റെ പഠനക്കുറിപ്പു കാണുക.
ആകാശത്തുനിന്ന് ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാവുന്ന രീതിയിൽ യഹോവ സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്.—ലൂക്ക 9:35; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ശുശ്രൂഷ ആരംഭിക്കുമ്പോൾ: അഥവാ, “പ്രവർത്തനം തുടങ്ങിയപ്പോൾ; പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ.” അക്ഷ. “തുടങ്ങിയപ്പോൾ; ആരംഭിച്ചപ്പോൾ.” യേശുവിന്റെ ഭൗമികശുശ്രൂഷയുടെ തുടക്കത്തെക്കുറിച്ച് പറയുന്ന പ്രവൃ 1:21, 22; 10:37, 38 വാക്യങ്ങളിലും ലൂക്കോസ് ഇതേ ഗ്രീക്കുപദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിന്റെ പരസ്യശുശ്രൂഷയിൽ ആളുകളോടു പ്രസംഗിക്കുന്നതും അവരെ പഠിപ്പിക്കുന്നതും ശിഷ്യരാക്കുന്നതും ഉൾപ്പെട്ടിരുന്നു.
യോസേഫിന്റെ മകനാണെന്നു ജനം കരുതി: യേശുവിന്റെ ജീവൻ ഉളവായതു പരിശുദ്ധാത്മാവിനാൽ ആയതുകൊണ്ട് യോസേഫ് യേശുവിന്റെ വളർത്തുപിതാവ് മാത്രമായിരുന്നു. എന്നാൽ യേശുവിനെ വളർത്തിയതു യോസേഫും മറിയയും ആയിരുന്നതിനാൽ, അതു കണ്ട നസറെത്തുകാർ യേശു സ്വാഭാവികമായും യോസേഫിന്റെ മകനാണെന്നു കരുതി. നസറെത്തുകാർ യേശുവിനെ ‘മരപ്പണിക്കാരന്റെ മകൻ’ എന്നും ‘യോസേഫിന്റെ മകൻ’ എന്നും വിളിച്ചതായി കാണുന്ന മത്ത 13:55; ലൂക്ക 4:22 എന്നീ വാക്യങ്ങൾ അതു ശരിവെക്കുകയും ചെയ്യുന്നു. ഒരിക്കൽ യേശുവിന്റെ വാക്കുകൾ കേട്ട് ഇടറിപ്പോയ ആളുകൾ ഇങ്ങനെ പറഞ്ഞതായും നമ്മൾ വായിക്കുന്നു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?” (യോഹ 6:42) ഇനി, ഫിലിപ്പോസ് നഥനയേലിനോട് ‘യോസേഫിന്റെ മകനായ യേശുവിനെ’ കണ്ടെത്തിയതിനെക്കുറിച്ചും പറഞ്ഞു. (യോഹ 1:45) എന്നാൽ യേശു ‘യോസേഫിന്റെ മകനാണ്’ എന്നതു പൊതുജനാഭിപ്രായം മാത്രമായിരുന്നു എന്നതിനു ലൂക്കോസിന്റെ വിവരണത്തിലെ ഈ ഭാഗം അടിവരയിടുന്നു.
മകനാണെന്നു ജനം കരുതി: മറ്റൊരു സാധ്യത, “മകനാണെന്നതിനു നിയമപരമായ അടിസ്ഥാനമുണ്ടായിരുന്നു.” ഇവിടെ കാണുന്ന ഗ്രീക്കുപദപ്രയോഗത്തിന് ഇങ്ങനെയും ഒരു അർഥം വരാവുന്നതുകൊണ്ട് ചില പണ്ഡിതന്മാർ ആ പരിഭാഷയെയാണ് അനുകൂലിക്കുന്നത്. ഇവിടെ ആ പദപ്രയോഗവും ആശയപരമായി ചേരും. കാരണം യേശു യോസേഫിന്റെ മകനാണെന്നതിനുള്ള നിയമപരമായ അടിസ്ഥാനമായി അന്നു വംശാവലി രേഖകൾ ലഭ്യമായിരുന്നു. എന്നാൽ പുതിയ ലോക ഭാഷാന്തരത്തിൽ കാണുന്ന പദപ്രയോഗത്തെയാണു മിക്ക പണ്ഡിതന്മാരും അനുകൂലിക്കുന്നത്.
യോസേഫ് ഹേലിയുടെ മകൻ: “യാക്കോബിനു മറിയയുടെ ഭർത്താവായ യോസേഫ് ജനിച്ചു” എന്നാണു മത്ത 1:16-ൽ കാണുന്നത്. എന്നാൽ ലൂക്കോസിന്റെ വിവരണത്തിൽ “യോസേഫ് ഹേലിയുടെ മകൻ” ആണെന്നു പറഞ്ഞിരിക്കുന്നു. യോസേഫ് ഹേലിയുടെ മരുമകൻ ആണെന്ന അർഥത്തിലായിരിക്കാം അങ്ങനെ പറഞ്ഞിരിക്കുന്നത്. (സമാനമായ ഒരു സാഹചര്യത്തെക്കുറിച്ച് ലൂക്ക 3:27-ന്റെ പഠനക്കുറിപ്പിൽ പറയുന്നുണ്ട്.) ഒരു വ്യക്തിയുടെ മകളിലൂടെയുള്ള വംശാവലിരേഖ തയ്യാറാക്കുമ്പോൾ പുരുഷന്മാർക്കു പ്രാധാന്യം കൊടുക്കുന്നതു ജൂതന്മാർക്കിടയിലെ ഒരു രീതിയായിരുന്നു. അതുകൊണ്ടായിരിക്കാം ലൂക്കോസ് ഹേലിയുടെ മകളായ മറിയയുടെ പേര് ഉൾപ്പെടുത്താതെ മറിയയുടെ ഭർത്താവിനെക്കുറിച്ച് മകൻ എന്നു പറഞ്ഞിരിക്കുന്നത്. തെളിവനുസരിച്ച് ലൂക്കോസ് തയ്യാറാക്കിയ യേശുവിന്റെ വംശാവലിരേഖ മറിയയിലൂടെയുള്ളതായിരുന്നതുകൊണ്ട്, സാധ്യതയനുസരിച്ച് ഹേലി മറിയയുടെ അപ്പനായിരുന്നു. അങ്ങനെയെങ്കിൽ യേശുവിന്റെ അമ്മവഴിക്കുള്ള മുത്തച്ഛനായിരുന്നു ഹേലി.—മത്ത 1:1, 16; ലൂക്ക 3:27 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സെരുബ്ബാബേൽ ശെയൽതീയേലിന്റെ മകൻ: സെരുബ്ബാബേലിനെ മിക്കപ്പോഴും “ശെയൽതീയേലിന്റെ മകൻ” എന്നാണു വിളിച്ചിരിക്കുന്നതെങ്കിലും (എസ്ര 3:2, 8; 5:2; നെഹ 12:1; ഹഗ്ഗ 1:1, 12, 14; 2:2, 23; മത്ത 1:12) ഒരിടത്ത് അദ്ദേഹത്തെ ശെയൽതീയേലിന്റെ സഹോദരനായ ‘പെദായയുടെ ആൺമക്കളിൽ’ ഒരാളായാണു പറഞ്ഞിരിക്കുന്നത്. (1ദിന 3:17-19) സാധ്യതയനുസരിച്ച്, സെരുബ്ബാബേൽ പെദായയുടെ മകനായിരുന്നെങ്കിലും നിയമപരമായി അദ്ദേഹത്തെ ശെയൽതീയേലിന്റെ മകനായിട്ടാണു കണക്കാക്കിയിരുന്നതെന്നു തോന്നുന്നു. ഒരുപക്ഷേ സെരുബ്ബാബേൽ ഒരു കുട്ടിയായിരുന്നപ്പോൾത്തന്നെ പെദായ മരിക്കുകയും തുടർന്ന് പെദായയുടെ ഏറ്റവും മൂത്ത സഹോദരനായ ശെയൽതീയേൽ സെരുബ്ബാബേലിനെ സ്വന്തം മകനായി വളർത്തുകയും ചെയ്തിരിക്കാം. ഇനി, ശെയൽതീയേൽ കുട്ടികളില്ലാതെ മരിച്ചിട്ട് പെദായ അദ്ദേഹത്തിന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചെങ്കിൽ ആ സ്ത്രീയിൽ പെദായയ്ക്കുണ്ടായ മകനെ ശെയൽതീയേലിന്റെ നിയമപരമായ അവകാശിയായി കണ്ടതാകാനും സാധ്യതയുണ്ട്.
ശെയൽതീയേൽ നേരിയുടെ മകൻ: 1ദിന 3:17; മത്ത 1:12 എന്നീ വാക്യങ്ങളിൽ ശെയൽതീയേലിനെ നേരിയുടെ മകൻ എന്നല്ല യഖൊന്യയുടെ മകൻ എന്നാണു വിളിച്ചിരിക്കുന്നത്. ഒരുപക്ഷേ ശെയൽതീയേൽ നേരിയുടെ മകളെയായിരിക്കാം വിവാഹം കഴിച്ചത്. അങ്ങനെയെങ്കിൽ നേരിയുടെ മരുമകനായിരുന്നു ശെയൽതീയേൽ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ “നേരിയുടെ മകൻ” എന്നു വിളിക്കാമായിരുന്നു. എബ്രായവംശാവലികളിൽ ഒരു വ്യക്തിയുടെ മരുമകനെ മകൻ എന്നു വിളിക്കുന്നതു സാധാരണമായിരുന്നു. മറിയയുടെ അപ്പനായിരുന്നു ഹേലി എങ്കിലും ലൂക്കോസ് “ഹേലിയുടെ മകൻ” എന്നു യോസേഫിനെ വിളിക്കാനുള്ള കാരണവും ഇതുതന്നെയായിരുന്നിരിക്കാം.—ലൂക്ക 3:23-ന്റെ പഠനക്കുറിപ്പു കാണുക.
യേശു: അഥവാ, “യോശുവ (യേശുവ).” ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “യോസെ” എന്നാണു കാണുന്നത്.—മത്ത 1:21-ന്റെ പഠനക്കുറിപ്പു കാണുക.
നാഥാൻ: ദാവീദിനു ബത്ത്-ശേബയിൽ ജനിച്ച ഈ മകന്റെ പിൻതലമുറക്കാരിയായിരുന്നു മറിയ. (2ശമു 5:13, 14; 1ദിന 3:5) ഗ്രീക്കുതിരുവെഴുത്തുകളിൽ നാഥാനെക്കുറിച്ച് ഇവിടെ മാത്രമേ കാണുന്നുള്ളൂ. ലൂക്കോസ് രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലിക്കു മത്തായിയുടേതിൽനിന്ന് വ്യത്യാസമുണ്ടെങ്കിലും പേരുകളുടെ കാര്യത്തിൽ കാണുന്ന വ്യത്യാസത്തിന്റെ പ്രധാനകാരണം ഇതാണ്: ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലി ദാവീദിന്റെ മകനായ നാഥാനിലൂടെ ഉള്ളതും മത്തായി രേഖപ്പെടുത്തിയ വംശാവലി ദാവീദിന്റെ മകനായ ശലോമോനിലൂടെ ഉള്ളതും ആണ്. (മത്ത 1:6, 7) തെളിവനുസരിച്ച് ലൂക്കോസ് രേഖപ്പെടുത്തിയതു മറിയയുടെ വംശപരമ്പരയാണ്. അതിലൂടെ യേശു ജനനംകൊണ്ട് ദാവീദിന്റെ പിൻതലമുറക്കാരനാണെന്ന വസ്തുത അദ്ദേഹം തെളിയിച്ചു. എന്നാൽ മത്തായി തെളിയിക്കുന്നത്, യേശുവിനു ദാവീദിന്റെ സിംഹാസനത്തിന്മേലുള്ള നിയമപരമായ അവകാശമാണ്. കാരണം നിയമപരമായി യേശുവിന്റെ പിതാവായിരുന്ന യോസേഫ് ശലോമോന്റെ പിൻതലമുറക്കാരനായിരുന്നു. യോസേഫ് യേശുവിന്റെ വളർത്തച്ഛനായിരുന്നെന്നു മത്തായിയുടെയും ലൂക്കോസിന്റെയും വിവരണങ്ങൾ സൂചിപ്പിക്കുന്നു.—മത്ത 1:1, 16; ലൂക്ക 3:23-എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ശൽമോൻ: ചില പുരാതന ഗ്രീക്കുകൈയെഴുത്തുപ്രതികളിൽ ഇവിടെ “സാലാ” എന്നും മറ്റു ചിലതിൽ “ശൽമോൻ” എന്നും കാണുന്നു. ശൽമോൻ യരീഹൊയിലെ രാഹാബിനെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച മകനാണു ബോവസ്. (രൂത്ത് 4:20-22; മത്ത 1:4, 5) 1ദിന 2:11-ന്റെ എബ്രായപാഠത്തിൽ ശൽമോന്റെ പേരിലെ അക്ഷരങ്ങൾക്ക് അല്പം വ്യത്യാസമുള്ളതായി കാണാം. അവിടെ വായിക്കുന്നത്, “ശൽമയ്ക്കു ബോവസ് ജനിച്ചു” എന്നാണ്.
അർനി: മത്ത 1:3, 4-ൽ കാണുന്ന രാം (ഗ്രീക്കിൽ, അരാം) എന്ന പേരിന്റെ മറ്റൊരു രൂപമാണ് ഇത്. 1ദിന 2:9-ൽ രാമിനെ ‘ഹെസ്രോനു ജനിച്ച ആൺമക്കളിൽ’ ഒരാളായി പറഞ്ഞിരിക്കുന്നു. രൂത്ത് 4:19-ലും “ഹെസ്രോനു രാം ജനിച്ചു” എന്നു പറഞ്ഞിട്ടുണ്ട്. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യത്തിൽ “രാം” എന്നാണു കാണുന്നതെങ്കിലും ഇവിടെ അതിന്റെ മറ്റൊരു രൂപമായ “അർനി” ഉപയോഗിക്കുന്നതിനെയാണു മിക്ക കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നത്.
കയിനാന്റെ മകൻ: ചുരുക്കം ചില പുരാതന കൈയെഴുത്തുപ്രതികൾ ഇവിടെ കയിനാനെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കിയിരിക്കുന്നതായി കാണാം. ഉൽ 10:24; 11:12, 13; 1ദിന 1:18 എന്നീ വാക്യങ്ങളുടെ മാസൊരിറ്റിക്ക് പാഠത്തിലും കയിനാനെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കി, ശേല അർപ്പക്ഷാദിന്റെ മകനാണെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ ഇപ്പോഴുള്ള പ്രതികളിൽ (എ.ഡി. 5-ാം നൂറ്റാണ്ടിലെ കോഡക്സ് അലക്സാൻഡ്രിനസ് പോലുള്ളവ.) ഈ വംശാവലിരേഖകൾ വരുന്നിടത്ത് കയിനാന്റെ പേര് കാണുന്നുണ്ട്. ലൂക്കോസിന്റെ സുവിശേഷത്തിന്റെ നിരവധി കൈയെഴുത്തുപ്രതികളും ഈ വാക്യത്തിൽ കയിനാനെക്കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തുന്നതിനെയാണ് അനുകൂലിക്കുന്നത്. അതുകൊണ്ടാണ് മിക്ക ബൈബിൾ ഭാഷാന്തരങ്ങളിലും ഈ പേര് നിലനിറുത്തിയിരിക്കുന്നത്.
ആദാമിന്റെ മകൻ: ലൂക്കോസ് രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലിയിൽ, മുഴുമാനവകുലത്തിന്റെയും പിതാവായ ആദാം വരെയുള്ളവരുടെ പേരുകളുണ്ട്. ലൂക്കോസ് സന്തോഷവാർത്ത രേഖപ്പെടുത്തിയതു ജൂതന്മാരും ജൂതന്മാരല്ലാത്തവരും ഉൾപ്പെടെ എല്ലാ മനുഷ്യരെയും മനസ്സിൽക്കണ്ടാണെന്ന നിഗമനത്തോട് ഇതു യോജിക്കുന്നു. എന്നാൽ സാധ്യതയനുസരിച്ച് ജൂതന്മാരെ മനസ്സിൽക്കണ്ട് സുവിശേഷവിവരണം തയ്യാറാക്കിയ മത്തായി യേശുവിന്റെ വംശാവലിയിൽ അബ്രാഹാം വരെയുള്ളവരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇനി, ശമര്യക്കാരനായ ഒരു കുഷ്ഠരോഗിയെക്കുറിച്ചും ധനികനായ ഒരു നികുതിപിരിവുകാരനെക്കുറിച്ചും വധസ്തംഭത്തിൽ കിടക്കുന്ന കള്ളനെക്കുറിച്ചുപോലുമുള്ള ലൂക്കോസിന്റെ പരാമർശം സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ പശ്ചാത്തലം എന്തുതന്നെയായാലും ക്രിസ്തുവിന്റെ സന്ദേശവും പ്രവർത്തനങ്ങളും ആ വ്യക്തിക്കു ഗുണം ചെയ്യുമെന്നാണ്. ലൂക്കോസിന്റെ സുവിശേഷവിവരണം ലോകമെങ്ങുമുള്ള എല്ലാ തരം മനുഷ്യരെയും ഉദ്ദേശിച്ചുള്ളതാണ് എന്നതിന്റെ മറ്റൊരു സൂചനയാണ് ഇത്.—ലൂക്ക 17:11-19; 19:2-10; 23:39-43.
ആദാം ദൈവത്തിന്റെ മകൻ: മനുഷ്യകുലത്തിന്റെ ഉത്ഭവത്തിലേക്കു വിരൽചൂണ്ടുന്ന ഒരു ഭാഗമാണ് ഇത്. ആദ്യമനുഷ്യനെ സൃഷ്ടിച്ചതു ദൈവമാണെന്നും ദൈവം തന്റെ സ്വന്തം ഛായയിലാണ് അവനെ സൃഷ്ടിച്ചതെന്നും ഉള്ള ഉൽപത്തിവിവരണത്തോട് ഇതു യോജിക്കുന്നു. (ഉൽ 1:26, 27; 2:7) ഈ ബൈബിൾഭാഗം, റോമ 5:12; 8:20, 21; 1കൊ 15:22, 45 എന്നീ തിരുവെഴുത്തുഭാഗങ്ങൾക്കു കൂടുതൽ വ്യക്തത പകരുകയും ചെയ്യുന്നു.
ദൃശ്യാവിഷ്കാരം
ബി.സി. 42-ലാണു തിബെര്യൊസ് ജനിച്ചത്. എ.ഡി. 14-ൽ അദ്ദേഹം റോമിലെ രണ്ടാമത്തെ ചക്രവർത്തിയായി ഭരണം ഏറ്റെടുത്തു. എ.ഡി. 37 മാർച്ച് വരെ ജീവിച്ച ഇദ്ദേഹമായിരുന്നു യേശുവിന്റെ ശുശ്രൂഷക്കാലത്തുടനീളം റോമിലെ ചക്രവർത്തി. അതുകൊണ്ട് യേശു, ‘സീസർക്കുള്ളതു സീസർക്കു കൊടുക്കുക’ എന്നു നികുതിനാണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അധികാരത്തിലിരുന്ന സീസർ തിബെര്യൊസ് ആയിരുന്നു.—മർ 12:14-17; മത്ത 22:17-21; ലൂക്ക 20:22-25.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, യേശുവിന്റെ ശുശ്രൂഷക്കാലത്തോട് അടുത്ത് നിർമിച്ച ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ചെമ്പ് കലർന്ന ഒരു ലോഹസങ്കരംകൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. അതു പുറത്തിറക്കിയതു ഗലീലയും പെരിയയും ഭരിച്ചിരുന്ന, ജില്ലാഭരണാധികാരിയായ ഹെരോദ് അന്തിപ്പാസായിരുന്നു. ഹെരോദ് യേശുവിനെ കൊല്ലാൻ നോക്കുന്നു എന്നു പരീശന്മാർ പറഞ്ഞത്, യേശു യരുശലേമിലേക്കുള്ള യാത്രാമധ്യേ ഹെരോദിന്റെ ഭരണപ്രദേശമായ പെരിയയിലൂടെ കടന്നുപോയപ്പോഴായിരിക്കാം. അതിനു മറുപടി കൊടുത്തപ്പോൾ യേശു ഹെരോദിനെക്കുറിച്ച് ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കുറിപ്പു കാണുക.) ഹെരോദിന്റെ പ്രജകൾ മിക്കവരും ജൂതന്മാരായിരുന്നതുകൊണ്ട് അവരെ പ്രകോപിപ്പിക്കാത്ത ഈന്തപ്പനയോലയുടെയും (1) ഇലക്കിരീടത്തിന്റെയും (2) മറ്റും രൂപങ്ങളാണ് അദ്ദേഹം പുറത്തിറക്കിയ നാണയങ്ങളിൽ ഉണ്ടായിരുന്നത്.
ബൈബിളിൽ വിജനഭൂമി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ (എബ്രായയിൽ മിദ്ബാർ; ഗ്രീക്കിൽ എറേമൊസ്) പൊതുവേ സൂചിപ്പിക്കുന്നത് അധികം ജനവാസമില്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങളെയാണ്. മരങ്ങളൊന്നും ഇല്ലാതെ കുറ്റിച്ചെടികളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്തകിടികൾപോലും ഇതിൽപ്പെടും. ഉണങ്ങിവരണ്ട മരുഭൂമികളെ കുറിക്കാനും ഈ പദത്തിനാകും. സുവിശേഷങ്ങളിൽ പൊതുവേ വിജനഭൂമി എന്നു വിളിച്ചിരിക്കുന്നത് യഹൂദ്യ വിജനഭൂമിയെ ആണ്. യോഹന്നാൻ സ്നാപകൻ ജീവിച്ചതും പ്രസംഗപ്രവർത്തനം നടത്തിയതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഇവിടെവെച്ചാണ്.—മർ 1:12.
ബൈബിൾക്കാലങ്ങളിൽ ആളുകൾ പരന്ന ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. തുകലോ തടിയോ കടുപ്പവും വഴക്കവും ഉള്ള മറ്റു വസ്തുക്കളോ ഉപയോഗിച്ചുണ്ടാക്കിയിരുന്ന ഈ ചെരുപ്പുകൾ തോൽവാറുകൊണ്ട് കാലിൽ കെട്ടും. ചെരിപ്പ്, ചിലതരം ഇടപാടുകളിൽ ഒരു പ്രതീകമായും ചിലപ്പോൾ ഒരു വാങ്മയചിത്രമായും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വിധവയെ ഭർത്തൃസഹോദരധർമമനുസരിച്ച് വിവാഹം കഴിക്കാൻ ഒരാൾ വിസമ്മതിച്ചാൽ ആ വിധവ അദ്ദേഹത്തിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരാൻ മോശയുടെ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ നിന്ദയോടെ, “ചെരിപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം” എന്നാണു പറഞ്ഞിരുന്നത്. (ആവ 25:9, 10) ഒരാൾ വസ്തുവകകളും വീണ്ടെടുപ്പവകാശവും മറ്റൊരാൾക്കു കൈമാറുമ്പോൾ അതിന്റെ പ്രതീകമായി സ്വന്തം ചെരിപ്പ് ഊരി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു. (രൂത്ത് 4:7) ഒരാളുടെ ചെരുപ്പിന്റെ കെട്ട് അഴിക്കുന്നതും ചെരുപ്പ് എടുത്തുകൊണ്ട് കൂടെ ചെല്ലുന്നതും പൊതുവേ അടിമകൾ ചെയ്യുന്ന തരംതാഴ്ന്ന പണിയായിട്ടാണു കണ്ടിരുന്നത്. യോഹന്നാൻ സ്നാപകൻ ഈ രീതിയെക്കുറിച്ച് പരാമർശിച്ചത്, താൻ യേശുവിനെക്കാൾ എത്ര താഴ്ന്നവനാണെന്നു സൂചിപ്പിക്കാനായിരുന്നു.
രണ്ടു മെതിവണ്ടികളുടെ (1) തനിപ്പകർപ്പാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അവ മറിച്ച് ഇട്ടിരിക്കുന്നതുകൊണ്ട് അതിന്റെ അടിവശത്ത് പിടിപ്പിച്ചിരിക്കുന്ന മൂർച്ചയുള്ള കല്ലുകൾ കാണാം. (യശ 41:15) ഒരു കൃഷിക്കാരൻ മെതിവണ്ടികൊണ്ട് ധാന്യം മെതിക്കുന്നതാണു രണ്ടാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് (2). അയാൾ കറ്റ മെതിക്കളത്തിൽ അഴിച്ച് നിരത്തിയിട്ട് മെതിവണ്ടിയുടെ മുകളിൽ കയറിനിൽക്കും. എന്നിട്ട് കാളയെക്കൊണ്ടോ മറ്റോ കതിരുകളുടെ മുകളിലൂടെ വണ്ടി വലിപ്പിക്കും. മൃഗത്തിന്റെ കുളമ്പും മെതിവണ്ടിയുടെ അടിയിലെ മൂർച്ചയുള്ള കല്ലുകളും മുകളിലൂടെ കയറുമ്പോൾ കതിരിൽനിന്ന് ധ്യാനം വേർപെടും. തുടർന്ന് കർഷകൻ പാറ്റാനുള്ള കോരികയോ മുൾക്കരണ്ടിയോ (3) ഉപയോഗിച്ച്, മെതിച്ച ധാന്യം വായുവിലേക്ക് ഉയർത്തി എറിയുമ്പോൾ പതിരും ഉമിയും കാറ്റത്ത് പറന്നുപോകുകയും താരതമ്യേന ഭാരം കൂടിയ ധാന്യമണികൾ നിലത്ത് വീഴുകയും ചെയ്യും. യഹോവയുടെ ശത്രുക്കളെ പരാജയപ്പെടുത്തി തകർത്ത് തരിപ്പണമാക്കുന്നതിന്റെ പ്രതീകമായി ബൈബിളിൽ മെതിക്കുക എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. (യിര 51:33; മീഖ 4:12, 13) നീതിമാന്മാരെയും ദുഷ്ടന്മാരെയും തമ്മിൽ വേർതിരിക്കുന്നതിനെ, മെതിക്കുന്നതിനോടു യോഹന്നാൻ സ്നാപകൻ താരതമ്യപ്പെടുത്തിയിട്ടുണ്ട്.