ലൂക്കോസ് എഴുതിയത് 5:1-39
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഗന്നേസരെത്ത് തടാകം: വടക്കൻ ഇസ്രായേലിലെ ഒരു ശുദ്ധജല തടാകം; ഗലീലക്കടലിന്റെ മറ്റൊരു പേരാണ് ഇത്. (മത്ത 4:18) അതിനെ കിന്നേരെത്ത് കടൽ എന്നും (സംഖ 34:11) തിബെര്യാസ് കടൽ എന്നും (യോഹ 6:1-ന്റെ പഠനക്കുറിപ്പു കാണുക.) വിളിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്നും ശരാശരി 210 മീ. (700 അടി) താഴെയാണ് ഇത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്; അതിന്റെ വീതി (കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെ) 12 കിലോമീറ്ററും ഏറ്റവും കൂടിയ ആഴം ഏതാണ്ട് 48 മീറ്ററും (160 അടി) ആണ്. ആ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ സമതലത്തിന്റെ പേരാണു ഗന്നേസരെത്ത്. കിന്നേരെത്ത് എന്ന പുരാതന എബ്രായപേരിന്റെ ഗ്രീക്കുരൂപമായിരിക്കാം ഗന്നേസരെത്ത് എന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു.—മത്ത 14:34-ന്റെ പഠനക്കുറിപ്പും അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും കാണുക.
അതിൽ ഇരുന്ന് ജനക്കൂട്ടത്തെ പഠിപ്പിക്കാൻ തുടങ്ങി: മത്ത 13:2-ന്റെ പഠനക്കുറിപ്പു കാണുക.
വലയിൽപ്പെട്ടു: അക്ഷ. “അകപ്പെട്ടു.”
ദേഹമാസകലം കുഷ്ഠം ബാധിച്ച ഒരു മനുഷ്യൻ: ഇവിടെ പറഞ്ഞിരിക്കുന്ന കുഷ്ഠം, ഗുരുതരമായ ഒരു ചർമരോഗമാണ്. എന്നാൽ ഇന്ന് ആ പേരിൽ അറിയപ്പെടുന്ന ചർമരോഗത്തെ മാത്രമല്ല ബൈബിളിൽ കുഷ്ഠം എന്നു വിളിച്ചിരിക്കുന്നത്. ആർക്കെങ്കിലും കുഷ്ഠമാണെന്നു തെളിഞ്ഞാൽ അതു സുഖമാകുന്നതുവരെ സമൂഹം അദ്ദേഹത്തിനു ഭ്രഷ്ട് കല്പിച്ചിരുന്നു. (ലേവ 13:2, അടിക്കുറിപ്പ്, 45, 46; പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” കാണുക.) ഈ വാക്യത്തിലെ അതേ സംഭവം വിവരിക്കുമ്പോൾ സുവിശേഷയെഴുത്തുകാരായ മത്തായിയും മർക്കോസും ആ മനുഷ്യനെ “കുഷ്ഠരോഗി” എന്നു മാത്രമാണു വിളിച്ചിരിക്കുന്നത്. (മത്ത 8:2; മർ 1:40) എന്നാൽ വൈദ്യനായിരുന്ന ലൂക്കോസിന് ഈ രോഗത്തിന്റെ പല ഘട്ടങ്ങളെക്കുറിച്ച് അറിയാമായിരുന്നു. (കൊലോ 4:14) ഇവിടെ ലൂക്കോസ് ആ മനുഷ്യനെ ‘ദേഹമാസകലം കുഷ്ഠം ബാധിച്ചയാൾ’ എന്നു വിളിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ രോഗം വളരെയേറെ മൂർച്ഛിച്ചിരുന്നു എന്ന് അനുമാനിക്കാം.—ലൂക്കോസ് മറ്റൊരു രോഗത്തിന്റെ തീവ്രത വർണിച്ചിരിക്കുന്ന ലൂക്ക 4:38-ന്റെ പഠനക്കുറിപ്പു കാണുക.
ശക്തി യഹോവ . . . നൽകിയിരുന്നു: ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, കിരിയോസ് എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമായി സൂചിപ്പിക്കുന്നു. ഇനി “ശക്തി,” “ബലം” എന്നെല്ലാം പരിഭാഷപ്പെടുത്താവുന്ന ഡൂനാമിസ് എന്ന ഗ്രീക്കുപദം സെപ്റ്റുവജിന്റിൽ കാണുന്നത് അതിന്റെ എബ്രായപാഠം യഹോവയുടെ ശക്തിയെക്കുറിച്ച് പറയുന്നിടത്താണ്. ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായ അക്ഷരങ്ങൾ അത്തരം സ്ഥലങ്ങളിൽ കാണാറുമുണ്ട്. (സങ്ക 21:1, 13; 93:1; 118:15) ഇനി, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) ലൂക്ക 5:17-ൽ കാണുന്നില്ല എന്നു പണ്ഡിതന്മാർ പറയുന്നു. അതിന്റെ അർഥം, കിരിയോസ് എന്ന പദം ഇവിടെ ഒരു വ്യക്തിനാമംപോലെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്. കാരണം സെപ്റ്റുവജിന്റ് പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ് എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം എപ്പോഴും അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ് ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിലും അതു കാണുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ചുരുക്കത്തിൽ, “യഹോവയുടെ ശക്തി” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഗ്രീക്ക് നിശ്ചായക ഉപപദത്തിന്റെ അഭാവവും കണക്കിലെടുത്താണ് ഇവിടെ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്.—അനു. സി കാണുക.
ഓടു നീക്കി: ശരീരം തളർന്നുപോയ ഒരാളെ യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ച് മത്തായിയുടെയും (9:1-8) മർക്കോസിന്റെയും (2:1-12) ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ കാണാം. മൂന്നു വിവരണങ്ങളും പരസ്പരപൂരകങ്ങളാണ്. ആ മനുഷ്യനെ മേൽക്കൂരയിലൂടെ താഴേക്ക് ഇറക്കുന്നതിനെക്കുറിച്ച് മത്തായി ഒന്നും പറയുന്നില്ല. എന്നാൽ അയാളുടെ കൂട്ടുകാർ മേൽക്കൂര ഇളക്കിമാറ്റിയിട്ട് മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്കയോടെ താഴെ ഇറക്കി എന്നു മർക്കോസ് വിശദീകരിക്കുന്നു. ആ മനുഷ്യനെ “ഓടു നീക്കി” താഴേക്ക് ഇറക്കിയെന്നാണു ലൂക്കോസ് പറയുന്നത്. (മർ 2:4-ന്റെ പഠനക്കുറിപ്പു കാണുക.) “ഓട്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് (കെറമൊസ്) അതു നിർമിക്കാൻ ഉപയോഗിച്ചിരുന്ന ‘കളിമണ്ണിനെ’ കുറിക്കാനാകുമെങ്കിലും ഇവിടെ ആ ഗ്രീക്കുപദം ബഹുവചനരൂപത്തിലായതുകൊണ്ട് സാധ്യതയനുസരിച്ച് അതു ‘മേൽക്കൂരയിലെ ഓടുകളെ’ ആണ് കുറിക്കുന്നത്. ഓടുകൊണ്ടുള്ള മേൽക്കൂരകൾ പണ്ട് ഇസ്രായേലിൽ ഉണ്ടായിരുന്നതിനു തെളിവുണ്ട്. മർക്കോസും ലൂക്കോസും വിവരിച്ചിരിക്കുന്ന മേൽക്കൂര എങ്ങനെയുള്ളതായിരുന്നെന്നു കൃത്യമായി പറയാനാകില്ലെങ്കിലും അതിനു രണ്ടു സാധ്യതയുണ്ട്: ഒന്നുകിൽ ആ വീടിന്റെ കളിമണ്ണുകൊണ്ടുള്ള മേൽക്കൂരയിൽ ഓടു പാകിക്കാണും, അല്ലെങ്കിൽ അതിൽ ഏതെങ്കിലും വിധത്തിൽ ഓടു പതിപ്പിച്ചിരുന്നിരിക്കും. രണ്ടായാലും, ശരീരം തളർന്നുപോയ ആ മനുഷ്യനെ യേശുവിന്റെ മുന്നിൽ എത്തിക്കാൻ അയാളുടെ കൂട്ടുകാർ വളരെയധികം അധ്വാനിച്ചു എന്നു വ്യക്തം. അവർ ചെയ്ത ഇക്കാര്യം അവരുടെ വിശ്വാസത്തിന്റെ ആഴമാണു തെളിയിച്ചത്. കാരണം യേശു ‘അവരുടെ വിശ്വാസം കണ്ടു’ എന്നു മൂന്നു വിവരണങ്ങളും രേഖപ്പെടുത്തുന്നു.—ലൂക്ക 5:20.
ലേവി: മത്ത 9:9-ലെ സമാന്തരവിവരണത്തിൽ ഈ ശിഷ്യനെ മത്തായി എന്നാണു വിളിച്ചിരിക്കുന്നത്. അദ്ദേഹം മുമ്പ് നികുതിപിരിവുകാരനായിരുന്ന കാലത്തെക്കുറിച്ച് പറയുമ്പോൾ മർക്കോസും ലൂക്കോസും ലേവി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും (മർ 2:14) അദ്ദേഹത്തെ അപ്പോസ്തലന്മാരിൽ ഒരാളായി പറഞ്ഞിരിക്കുന്നിടത്ത് മത്തായി എന്ന പേരാണ് അവർ ഉപയോഗിച്ചിരിക്കുന്നത് (മർ 3:18; ലൂക്ക 6:15; പ്രവൃ 1:13). യേശുവിന്റെ ശിഷ്യനാകുന്നതിനു മുമ്പ് ലേവിക്കു മത്തായി എന്നൊരു പേരുണ്ടായിരുന്നോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല.—മർ 2:14-ന്റെ പഠനക്കുറിപ്പു കാണുക.
ഭക്ഷണത്തിന് ഇരുന്നു: മർ 2:15-ന്റെ പഠനക്കുറിപ്പു കാണുക.
മണവാളന്റെ കൂട്ടുകാർ: മത്ത 9:15-ന്റെ പഠനക്കുറിപ്പു കാണുക.
നല്ലത്: മറ്റൊരു സാധ്യത “കൂടുതൽ നല്ലത്.” ചില കൈയെഴുത്തുപ്രതികളിൽ ഇങ്ങനെയാണു കാണുന്നത്.
ദൃശ്യാവിഷ്കാരം
1985/1986-ൽ ഉണ്ടായ ഒരു വരൾച്ചയിൽ ഗലീലക്കടലിലെ ജലനിരപ്പു താഴ്ന്നപ്പോൾ ചെളിയിൽ ആണ്ടുകിടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളിഞ്ഞുവന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചുപോയിരുന്നെങ്കിലും പുറത്തെടുത്ത ഭാഗത്തിന് 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതിയും, ഒരു ഭാഗത്ത് 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായിരുന്നു. ഇതു നിർമിച്ചതു ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്നു പുരാവസ്തുശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇന്ന് അത് ഇസ്രായേലിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 2,000 വർഷംമുമ്പ് അത് ഉപയോഗത്തിലിരുന്നപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ വീഡിയോയിൽ.
ഗലീലക്കടലിലെ മീനുകളെയും മീൻപിടുത്തക്കാരെയും മത്സ്യബന്ധനത്തെയും കുറിച്ച് ബൈബിളിൽ ധാരാളം പരാമർശങ്ങളുണ്ട്. ഗലീലക്കടലിൽ ഏതാണ്ട് 18 ഇനം മത്സ്യങ്ങൾ കാണപ്പെടുന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടിക്കാറുള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണിജ്യപ്രാധാന്യമുള്ള മൂന്നു ഗണമായി തിരിക്കാം. ഒന്നാമത്തേതു ബിന്നി എന്നും ബാർബൽ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ബാർബസ് ലോഞ്ചിസെപ്സ് ) (1) എന്നും അറിയപ്പെടുന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന് ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവശത്തുമായി സ്പർശനശക്തിയുള്ള മീശയുണ്ട്. ബാർബലിന്റെ സെമിറ്റിക്ക് പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്. കക്കയും ഒച്ചും ചെറുമീനുകളും ആണ് അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബലിന് 75 സെ.മീ. (30 ഇഞ്ച്) നീളവും 7 കിലോഗ്രാമിലധികം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്റ്റ് (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, തിലാപ്പിയ ഗലീലിയ) (2) എന്ന് അറിയപ്പെടുന്നു. അറബിയിൽ ആ വാക്കിന്റെ അർഥം “ചീപ്പ്” എന്നാണ്. ഈ ഗണത്തിൽപ്പെട്ട അഞ്ച് ഇനം മീനുകളുടെ മുതുകിലെ ചിറകിനു ചീപ്പിനോടു സാമ്യമുള്ളതുകൊണ്ടാണ് ആ പേര് വന്നിരിക്കുന്നത്. മുഷ്റ്റ് വർഗത്തിൽപ്പെട്ട ഒരിനം മീനിന് 45 സെ.മീ. (18 ഇഞ്ച്) നീളവും ഏതാണ്ട് 2 കി.ഗ്രാം തൂക്കവും വരും. കിന്നേരെത്ത് മത്തി (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, അക്കൻതബ്രാമ ടെറി സാങ്റ്റീ) (3) എന്ന് അറിയപ്പെടുന്ന മൂന്നാമത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്. പുരാതനകാലം മുതലേ ഈ മീൻ അച്ചാറിട്ട് സൂക്ഷിക്കാറുണ്ട്.
ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ചില പുരാവസ്തുക്കളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഗലീലക്കടലിന്റെ തീരത്തിന് അടുത്ത് ചെളിയിൽനിന്ന് കണ്ടെടുത്ത ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടങ്ങൾ, മിഗ്ദൽ എന്ന കടലോരപ്പട്ടണത്തിലെ ഒരു വീട്ടിൽനിന്ന് കണ്ടെടുത്ത അലങ്കാരപ്പണി എന്നിവയാണ് അതിന് ആധാരം. പായ്മരവും പായും പിടിപ്പിച്ചിരുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാരും ഒരു അമരക്കാരനും ഉൾപ്പെടെ അഞ്ചു ജോലിക്കാർ ഉണ്ടായിരുന്നിരിക്കാം. അമരക്കാരനു നിൽക്കാൻ അമരത്ത് ഒരു ചെറിയ തട്ടും ഉണ്ടായിരുന്നു. ഏതാണ്ട് 8 മീ. (26.5 അടി) നീളമുണ്ടായിരുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാഗത്ത് 2.5 മീ (8 അടി) വീതിയും 1.25 മീ. (4 അടി) ഉയരവും ഉണ്ടായിരുന്നിരിക്കാം. കുറഞ്ഞത് 13 പേരെങ്കിലും ഇതിൽ കയറുമായിരുന്നെന്നു കരുതപ്പെടുന്നു.