ലൂക്കോസ് എഴുതിയത് 8:1-56
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പ്രസംഗപര്യടനം: മത്ത 3:2-ന്റെ പഠനക്കുറിപ്പു കാണുക.
മഗ്ദലക്കാരി എന്നു വിളിച്ചിരുന്ന മറിയ: മഗ്ദലക്കാരി മറിയ എന്നു പൊതുവേ അറിയപ്പെടുന്ന ഈ സ്ത്രീയെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത്, യേശുവിന്റെ പ്രസംഗപര്യടനത്തിന്റെ രണ്ടാം വർഷത്തെക്കുറിച്ച് പറയുന്ന ഈ ഭാഗത്താണ്. മറ്റു മറിയമാരിൽനിന്ന് ഈ മറിയയെ വേർതിരിച്ചുകാണിക്കുന്ന മഗ്ദലക്കാരി എന്ന വിശേഷണം മഗ്ദല എന്ന സ്ഥലപ്പേരിൽനിന്ന് വന്നതാകാം. ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിന്റെ സ്ഥാനം കഫർന്നഹൂമിനും തിബെര്യാസിനും ഇടയ്ക്ക് ഏതാണ്ട് അവയുടെ മധ്യഭാഗത്തായിരുന്നു. ഇത് ഈ മറിയ ജനിച്ചുവളർന്ന സ്ഥലമോ അപ്പോൾ താമസിച്ചുകൊണ്ടിരുന്ന സ്ഥലമോ ആയിരിക്കാം എന്നു കരുതപ്പെടുന്നു. മഗ്ദലക്കാരി മറിയയെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരാമർശം കാണുന്നതു യേശുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് വിവരിക്കുന്ന ഭാഗത്താണ്.—മത്ത 27:55, 56, 61; മർ 15:40; ലൂക്ക 24:10; യോഹ 19:25.
കൂസ: ഹെരോദ് അന്തിപ്പാസിന്റെ കാര്യസ്ഥൻ. സാധ്യതയനുസരിച്ച് ഹെരോദിന്റെ വീട്ടുകാര്യങ്ങൾ നോക്കിനടത്തിയിരുന്നയാൾ.
അവരെ ശുശ്രൂഷിച്ചുപോന്നു: അഥവാ “അവർക്കു വേണ്ടതു നൽകിപ്പോന്നു.” ഡയകൊനെയോ എന്ന ഗ്രീക്കുപദത്തിന്, ഒരാൾക്കു വേണ്ട ആഹാരസാധനങ്ങൾ സംഘടിപ്പിച്ചുനൽകുന്നതോ അതു പാകം ചെയ്ത് കൊടുക്കുന്നതോ വിളമ്പിക്കൊടുക്കുന്നതോ പോലുള്ള ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനെ അർഥമാക്കാനാകും. ഇതേ പദം സമാനമായൊരു അർഥത്തിലാണ് ലൂക്ക 10:40 (“ഇതൊക്കെ ചെയ്യാൻ”), ലൂക്ക 12:37 (“വേണ്ടതെല്ലാം ചെയ്തുകൊടുക്കുക”), ലൂക്ക 17:8 (“വേണ്ടതു ചെയ്തുതരുക”), പ്രവൃ 6:2 (“ഭക്ഷണം വിളമ്പാൻ”) എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഒരാൾക്കു വ്യക്തിപരമായി ചെയ്തു കൊടുക്കുന്ന മറ്റു സേവനങ്ങളെയും ഈ പദത്തിനു കുറിക്കാനാകും. 2-ഉം 3-ഉം വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സ്ത്രീകൾ യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈവദത്തനിയോഗം പൂർത്തിയാക്കാൻ അവരെ സഹായിച്ചത് ഏതു വിധത്തിലാണെന്ന് 3-ാം വാക്യം വിശദീകരിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തിയ അവരുടെ ഈ പ്രവൃത്തിയെ ദൈവം വിലമതിച്ചു. അതുകൊണ്ടാണ് അവരുടെ ഉദാരതയെയും ദയയെയും കുറിച്ച് വരുംതലമുറകളെല്ലാം വായിച്ചുമനസ്സിലാക്കാൻവേണ്ടി ദൈവം അതു ബൈബിളിൽ രേഖപ്പെടുത്തിയത്. (സുഭ 19:17; എബ്ര 6:10) മത്ത 27:55; മർ 15:41 എന്നീ വാക്യങ്ങളിലും സ്ത്രീകളെക്കുറിച്ച് പറയുന്നിടത്ത് ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്.—ഇതിനോടു ബന്ധമുള്ള ഡയാക്കൊനൊസ് എന്ന നാമപദത്തെക്കുറിച്ച് അറിയാൻ, ലൂക്ക 22:26-ന്റെ പഠനക്കുറിപ്പു കാണുക.
ഗരസേന്യർ: മർ 5:1-ന്റെ പഠനക്കുറിപ്പു കാണുക.
ഗരസേന്യരുടെ നാട്: ഗലീലക്കടലിന്റെ മറുകരെയുള്ള (കിഴക്കുള്ള) ഒരു പ്രദേശം. ഈ പ്രദേശത്തിന്റെ കൃത്യമായ അതിർത്തിയോ ഇതു ശരിക്കും എവിടെയായിരുന്നെന്നോ ഇന്നു നിശ്ചയമില്ല. ഗലീലക്കടലിന്റെ കിഴക്കേ തീരത്ത്, കുത്തനെയുള്ള മലഞ്ചെരിവുകളോടു ചേർന്നുകിടക്കുന്ന കുർസിക്കു ചുറ്റുമുള്ള പ്രദേശമാണു ‘ഗരസേന്യരുടെ നാട്’ എന്നു ചിലർ കരുതുന്നു. എന്നാൽ ഗലീലക്കടലിന് 55 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജരസ (ജരാഷ്) നഗരത്തിനു ചുറ്റും വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ജില്ലയായിരുന്നു ഇതെന്നാണു മറ്റു ചിലരുടെ അഭിപ്രായം. എന്നാൽ മത്ത 8:28-ൽ ഇതിനെ ‘ഗദരേനരുടെ നാട്’ എന്നാണു വിളിച്ചിരിക്കുന്നത്. (ഈ വാക്യത്തിലെ ഗരസേന്യർ എന്നതിന്റെ പഠനക്കുറിപ്പും മത്ത 8:28-ന്റെ പഠനക്കുറിപ്പും കാണുക.) ഇത്തരത്തിൽ വ്യത്യസ്തമായ പേരുകൾ കാണുന്നുണ്ടെങ്കിലും അവ പൊതുവിൽ ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മേഖലയെത്തന്നെയാണു കുറിക്കുന്നത്. ഒരുപക്ഷേ ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച് ഭാഗം മറ്റേതിന്റെ അതിർത്തിക്കുള്ളിലേക്കു വ്യാപിച്ചുകിടന്നിരിക്കാം. മേൽപ്പറഞ്ഞതിൽനിന്ന് ഈ സംഭവത്തെക്കുറിച്ചുള്ള വിവരണങ്ങൾ പരസ്പരവിരുദ്ധമല്ല എന്നു മനസ്സിലാക്കാം.—അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.
ഭൂതബാധിതനായ ഒരു മനുഷ്യൻ: മത്തായി (8:28) രണ്ടു പേരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മർക്കോസും (5:2) ലൂക്കോസും ഒരാളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. യേശു ആ വ്യക്തിയോടു സംസാരിച്ചതുകൊണ്ടും അയാളുടെ പ്രശ്നം കൂടുതൽ ഗുരുതരമായിരുന്നതുകൊണ്ടും ആയിരിക്കാം മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നത്. സാധ്യതയനുസരിച്ച് ആ മനുഷ്യൻ കൂടുതൽ അക്രമാസക്തനും മറ്റേ വ്യക്തിയെക്കാൾ കൂടുതൽ കാലം ഭൂതബാധയാൽ വലഞ്ഞിരുന്നയാളും ആയിരുന്നിരിക്കാം. ഇനി, ഒരുപക്ഷേ അവർ രണ്ടു പേരും സൗഖ്യമായെങ്കിലും ഇയാൾ മാത്രമായിരിക്കാം യേശുവിനെ അനുഗമിക്കാൻ തയ്യാറായത്.—ലൂക്ക 8:37-39.
അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്?: മർ 5:7-ന്റെ പഠനക്കുറിപ്പു കാണുക.
എന്നെ ഉപദ്രവിക്കരുതേ: ഇതിനോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമാണു മത്ത 18:34-ൽ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഉപദ്രവിക്കുക’ എന്ന പദം, ലൂക്ക 8:31-ൽ കാണുന്ന ‘അഗാധത്തിൽ’ അടയ്ക്കുന്നതിനെ അഥവാ തളച്ചിടുന്നതിനെ ആയിരിക്കാം കുറിക്കുന്നത്.
അഗാധം: ഇവിടെ കാണുന്ന അബീസോസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “അങ്ങേയറ്റം ആഴമുള്ള,” “അടി കാണാത്ത, അതിരില്ലാത്ത” എന്നൊക്കെയാണ്. ഒരു തടവറയെയോ തടവിലായിരിക്കുന്ന അവസ്ഥയെയോ ആണ് ഈ പദം കുറിക്കുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഒൻപതു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് ഈ വാക്യത്തിലും മറ്റൊന്ന് റോമ 10:7-ലും ഏഴെണ്ണം വെളിപാട് പുസ്തകത്തിലും ആണ് കാണുന്നത്. ഭാവിയിൽ സാത്താനെ 1,000 വർഷത്തേക്ക് അഗാധത്തിൽ അടയ്ക്കുന്നതിനെക്കുറിച്ച് വെളി 20:1-3-ലെ വിവരണം പറയുന്നുണ്ട്. തങ്ങളെ “അഗാധത്തിലേക്ക്” അയയ്ക്കരുതെന്നു ഭൂതങ്ങളുടെ ആ കൂട്ടം യേശുവിനോടു പറഞ്ഞപ്പോൾ അവരുടെ മനസ്സിലുണ്ടായിരുന്നത് ഈ ഭാവിസംഭവമായിരിക്കാം. ലൂക്ക 8:28-ൽ, തന്നെ ‘ഉപദ്രവിക്കരുത്’ എന്നു ഭൂതങ്ങളിൽ ഒരാൾ യേശുവിനോടു പറയുന്നുണ്ട്. ഇനി, മത്ത 8:29-ലെ സമാന്തരവിവരണത്തിൽ, “സമയത്തിനു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ വന്നിരിക്കുകയാണോ” എന്നു ഭൂതങ്ങൾ യേശുവിനോടു ചോദിക്കുന്നതായും രേഖപ്പെടുത്തിരിക്കുന്നു. അതുകൊണ്ട് ഭൂതങ്ങൾ ഭയന്ന ആ ‘ഉപദ്രവം,’ സാധ്യതയനുസരിച്ച് ‘അഗാധത്തിലെ’ ബന്ധനം അഥവാ തടവ് ആണ്.—പദാവലിയും മത്ത 8:29-ന്റെ പഠനക്കുറിപ്പും കാണുക.
ദൈവം നിനക്കു ചെയ്തുതന്നതൊക്കെ മറ്റുള്ളവരെ അറിയിക്കുക: തന്റെ അത്ഭുതങ്ങൾ പരസ്യമാക്കരുതെന്നു സാധാരണ പറയാറുള്ള യേശു (മർ 1:44; 3:12; 7:36; ലൂക്ക 5:14) ഇത്തവണ പക്ഷേ, നടന്നതെല്ലാം വീട്ടുകാരോടു പറയാനാണ് ഈ മനുഷ്യനോട് ആവശ്യപ്പെട്ടത്. എന്തുകൊണ്ട്? യേശുവിനോട് ആ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നതുകൊണ്ട് യേശുവിന് അവരെ നേരിട്ട് കണ്ട് സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരിക്കാം ഒരു കാരണം. ഇനി, പന്നിക്കൂട്ടം ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിച്ചേക്കാവുന്ന കിംവദന്തികൾക്കു തടയിടാനും ആ മനുഷ്യന്റെ സാക്ഷിമൊഴി ഉപകരിക്കുമായിരുന്നു.
നഗരത്തിലെങ്ങും: മർ 5:20-ലെ സമാന്തരവിവരണത്തിൽ കാണുന്നതു “ദക്കപ്പൊലിയിൽ” എന്നാണ്. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന നഗരം ദക്കപ്പൊലി പ്രദേശത്തെ ഒരു നഗരമായിരിക്കാനാണു സാധ്യത.—പദാവലിയിൽ “ദക്കപ്പൊലി” കാണുക.
ഒരേ ഒരു: മൊണൊഗെനെസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. മിക്കപ്പോഴും “ഏകജാതൻ” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദത്തെ “അത്തരത്തിലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തിലെയോ വർഗത്തിലെയോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. മാതാപിതാക്കളുമായി മകനുള്ള ബന്ധത്തെക്കുറിച്ച് പറയുന്നിടത്ത് മാത്രമല്ല മകളുടെ കാര്യത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്യത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. നയിനിലെ വിധവയുടെ “ഒരേ ഒരു” മകനെക്കുറിച്ച് പറയുന്നിടത്തും യേശു ഒരാളുടെ “ആകെയുള്ളൊരു” മകനിൽനിന്ന് ഭൂതത്തെ പുറത്താക്കിയതിനെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 7:12; 9:38) യിഫ്താഹിന്റെ മകളെക്കുറിച്ച് പറയുന്നിടത്ത് ഗ്രീക്ക് സെപ്റ്റുവജിന്റിലും മൊണൊഗെനെസ് എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: “അതു യിഫ്താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല.” (ന്യായ 11:34) അപ്പോസ്തലനായ യോഹന്നാൻ യേശുവിനെ കുറിക്കാൻ മൊണൊഗെനെസ് എന്ന പദം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.—യേശുവിനെക്കുറിച്ച് പറയുന്നിടത്ത് ഈ പദം ഏത് അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാൻ യോഹ 1:14; 3:16 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ജീവൻ: അഥവാ “ആത്മാവ്; ജീവശക്തി; ശ്വാസം.” സാധ്യതയനുസരിച്ച്, ന്യൂമ എന്ന ഗ്രീക്കുപദം ഇവിടെ കുറിക്കുന്നതു ഭൂമിയിലെ ജീവികളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവശക്തിയെയാണ്. അതിന് ഇവിടെ, ശ്വാസം എന്ന അർഥം മാത്രവും വരാം.—മത്ത 27:50-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ഇവിടെ കാണിച്ചിരിക്കുന്ന വിളക്കുതണ്ട് (1) എഫെസൊസിൽനിന്നും ഇറ്റലിയിൽനിന്നും കണ്ടെടുത്ത പുരാവസ്തുക്കളെ (ഒന്നാം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്നത്.) ആധാരമാക്കി ഒരു ചിത്രകാരൻ വരച്ചതാണ്. വീടുകളിൽ ഉപയോഗിച്ചിരുന്ന ഇത്തരം വിളക്കുതണ്ടുകൾ സാധ്യതയനുസരിച്ച് സമ്പന്നരുടെ ഭവനങ്ങളിലാണു കണ്ടിരുന്നത്. അത്ര സാമ്പത്തികസ്ഥിതി ഇല്ലാത്തവരുടെ വീടുകളിൽ, വിളക്കു ചുവരിലെ ഒരു പൊത്തിൽ വെക്കുകയോ (2) മച്ചിൽനിന്ന് തൂക്കിയിടുകയോ മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ ഒരു വിളക്കുതണ്ടിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്.
ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ചില പുരാവസ്തുക്കളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഗലീലക്കടലിന്റെ തീരത്തിന് അടുത്ത് ചെളിയിൽനിന്ന് കണ്ടെടുത്ത ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടങ്ങൾ, മിഗ്ദൽ എന്ന കടലോരപ്പട്ടണത്തിലെ ഒരു വീട്ടിൽനിന്ന് കണ്ടെടുത്ത അലങ്കാരപ്പണി എന്നിവയാണ് അതിന് ആധാരം. പായ്മരവും പായും പിടിപ്പിച്ചിരുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാരും ഒരു അമരക്കാരനും ഉൾപ്പെടെ അഞ്ചു ജോലിക്കാർ ഉണ്ടായിരുന്നിരിക്കാം. അമരക്കാരനു നിൽക്കാൻ അമരത്ത് ഒരു ചെറിയ തട്ടും ഉണ്ടായിരുന്നു. ഏതാണ്ട് 8 മീ. (26.5 അടി) നീളമുണ്ടായിരുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാഗത്ത് 2.5 മീ (8 അടി) വീതിയും 1.25 മീ. (4 അടി) ഉയരവും ഉണ്ടായിരുന്നിരിക്കാം. കുറഞ്ഞത് 13 പേരെങ്കിലും ഇതിൽ കയറുമായിരുന്നെന്നു കരുതപ്പെടുന്നു.
1985/1986-ൽ ഉണ്ടായ ഒരു വരൾച്ചയിൽ ഗലീലക്കടലിലെ ജലനിരപ്പു താഴ്ന്നപ്പോൾ ചെളിയിൽ ആണ്ടുകിടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളിഞ്ഞുവന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചുപോയിരുന്നെങ്കിലും പുറത്തെടുത്ത ഭാഗത്തിന് 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതിയും, ഒരു ഭാഗത്ത് 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായിരുന്നു. ഇതു നിർമിച്ചതു ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്നു പുരാവസ്തുശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇന്ന് അത് ഇസ്രായേലിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 2,000 വർഷംമുമ്പ് അത് ഉപയോഗത്തിലിരുന്നപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ വീഡിയോയിൽ.
ഗലീലക്കടലിന്റെ കിഴക്കേ തീരത്തുവെച്ചാണ് യേശു രണ്ടു പുരുഷന്മാരിൽനിന്ന് ഭൂതങ്ങളെ പുറത്താക്കി അവയെ പന്നിക്കൂട്ടത്തിലേക്ക് അയച്ചത്.