ലൂക്കോസ് എഴുതിയത് 9:1-62
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
യാത്രയ്ക്ക് . . . ഒന്നും എടുക്കരുത്: “ദൈവരാജ്യത്തെക്കുറിച്ച്” (ലൂക്ക 9:2) മറ്റുള്ളവരെ അറിയിക്കാനായി അപ്പോസ്തലന്മാരെ പ്രസംഗപര്യടനത്തിന് അയച്ചപ്പോൾ, ആ സുപ്രധാനവേല ചെയ്യാൻ ആവശ്യമായ നിർദേശങ്ങളും യേശു അവർക്കു കൊടുത്തു. ആദ്യത്തെ മൂന്നു സുവിശേഷവിവരണങ്ങളിലും ആ നിർദേശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്ത 10:8-10; മർ 6:8, 9; ലൂക്ക 9:3) അതിലെ വാക്കുകൾക്ക് അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും ആ നിർദേശങ്ങളുടെ ആകമാനസന്ദേശം ഒന്നാണ്. അത് ഇതായിരുന്നു: യാത്രയ്ക്കുവേണ്ടി കൂടുതലായി എന്തെങ്കിലും സംഘടിപ്പിക്കാൻ നോക്കുന്നത് അപ്പോസ്തലന്മാരുടെ ശ്രദ്ധ പതറിക്കുമായിരുന്നതുകൊണ്ട് അവർ അതിനു തുനിയരുത്; അവർക്കുവേണ്ടി കരുതാൻ യഹോവയുണ്ട്. ‘വേറെ വസ്ത്രം എടുക്കരുത്,’ “രണ്ടു വസ്ത്രമരുത്,” ‘ഒന്നിലധികം വസ്ത്രം ഉണ്ടായിരിക്കരുത്’ എന്നൊക്കെ മൂന്നു സുവിശേഷങ്ങളിലും പറഞ്ഞിരിക്കുന്നതിന്റെ അർഥം, അവർ ധരിച്ചിരിക്കുന്നതല്ലാതെ വേറെ വസ്ത്രമൊന്നും എടുക്കരുത് എന്നാണ്. ഇനി, യാത്ര പോകുമ്പോൾ വടി കൈയിൽ കരുതുന്നതു സാധ്യതയനുസരിച്ച് എബ്രായരുടെ ഒരു രീതിയായിരുന്നു. (ഉൽ 32:10) “യാത്രയ്ക്ക് ഒരു വടിയല്ലാതെ . . . ഒന്നും എടുക്കരുത്” എന്നു മർ 6:8-ൽ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഇവിടെ ലൂക്ക 9:3-ലെ നിർദേശത്തിന്റെ (“യാത്രയ്ക്കു വടി . . . എടുക്കരുത്”) അർഥം, യാത്ര പോകുമ്പോൾ വടി എടുക്കരുതെന്നല്ല, മറിച്ച് കൈയിലുള്ള വടിക്കു പുറമേ മറ്റൊന്നുകൂടി സംഘടിപ്പിക്കാനോ കൈയിൽ കരുതാനോ ശ്രമിക്കരുത് എന്നായിരിക്കാം. ചുരുക്കത്തിൽ, യഹോവ കരുതും എന്നുള്ളതുകൊണ്ട്, യാത്രയ്ക്കു പോകുമ്പോൾ സാധനസാമഗ്രികൾ കഴിവതും ഒഴിവാക്കാനാണു യേശു ശിഷ്യന്മാരോടു പറഞ്ഞത്. കൂടുതലായി എന്തെങ്കിലും കൈയിൽ കരുതുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു.—മറ്റൊരിക്കൽ യേശു 70 ശിഷ്യന്മാർക്കു സമാനമായ നിർദേശങ്ങൾ നൽകിയതിനെക്കുറിച്ച് വിവരിക്കുന്ന ലൂക്ക 10:4-ന്റെ പഠനക്കുറിപ്പു കാണുക.
പണം: അക്ഷ. “വെള്ളി.” അതായത് പണമായി ഉപയോഗിച്ചിരുന്ന വെള്ളി.
ആ വീട്ടിൽ താമസിക്കുക: മർ 6:10-ന്റെ പഠനക്കുറിപ്പു കാണുക.
കാലിലെ പൊടി കുടഞ്ഞുകളയുക: മറ്റു ജനതകളിൽപ്പെട്ടവരുടെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിട്ടു ജൂതന്മാരുടെ പ്രദേശത്തേക്കു വീണ്ടും കടക്കുന്നതിനു മുമ്പ് മതഭക്തരായ ജൂതന്മാർ ചെരിപ്പിലെ പൊടി തട്ടിക്കളയുമായിരുന്നു. കാരണം ആ പൊടി അശുദ്ധമായാണ് അവർ കണ്ടിരുന്നത്. എന്നാൽ ശിഷ്യന്മാർക്ക് ഇങ്ങനെയൊരു നിർദേശം കൊടുത്തപ്പോൾ യേശു ഉദ്ദേശിച്ചത് എന്തായാലും ഇതല്ല. കാലിലെ പൊടി കുടഞ്ഞുകളയുമ്പോൾ ശിഷ്യന്മാർ സൂചിപ്പിക്കുന്നത്, ദൈവം വരുത്താൻപോകുന്ന കാര്യങ്ങൾക്ക് ഇനി തങ്ങൾ ഉത്തരവാദികളല്ല എന്നായിരിക്കുമായിരുന്നു. മത്ത 10:14-ലും മർ 6:11-ലും ഇതേ പദപ്രയോഗം കാണാം. എന്നാൽ ആ പദപ്രയോഗത്തോടൊപ്പം, “അത് അവർക്ക് ഒരു തെളിവാകട്ടെ” എന്നു മർക്കോസും അത് അവർക്കെതിരെ ഒരു തെളിവാകട്ടെ എന്നു ലൂക്കോസും പറഞ്ഞിട്ടുണ്ട്. യേശു നിർദേശിച്ചതുപോലെ, പൗലോസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് ചെയ്തതായി കാണാം. (പ്രവൃ 13:51) കൊരിന്തിൽവെച്ച് പൗലോസ് തന്റെ ‘വസ്ത്രം കുടഞ്ഞതും’ ഇതിനോടു സമാനമായൊരു കാര്യമായിരുന്നു. “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാരനല്ല” എന്നൊരു വിശദീകരണവും പൗലോസ് അതോടൊപ്പം നൽകി.—പ്രവൃ 18:6.
ജില്ലാഭരണാധികാരി: മത്ത 14:1-ന്റെ പഠനക്കുറിപ്പു കാണുക.
യേശു തനിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ: കൈസര്യഫിലിപ്പിക്ക് അടുത്തുവെച്ചാണ് ഇതു നടന്നത്. (മത്ത 16:13; മർ 8:27) ഈ സന്ദർഭത്തിൽ യേശു തനിച്ച് പ്രാർഥിച്ചതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതു ലൂക്കോസ് മാത്രമാണ്.
സ്നാപകയോഹന്നാൻ: മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
സ്വയം ത്യജിച്ച്: അഥവാ “തന്റെ മേൽ തനിക്കുള്ള അവകാശമെല്ലാം ഉപേക്ഷിച്ച്.” തന്റെ ആഗ്രഹങ്ങളെല്ലാം പൂർണമായി വെടിയാനോ തന്റെ ഉടമസ്ഥാവകാശം ദൈവത്തിനു വിട്ടുകൊടുക്കാനോ ഉള്ള ഒരാളുടെ മനസ്സൊരുക്കത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ ഗ്രീക്കുപദപ്രയോഗം “തന്നോടുതന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാഷപ്പെടുത്താം. അതു ശരിയാണുതാനും. കാരണം ഒരാളുടെ സ്വന്തം ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സൗകര്യങ്ങളോ വേണ്ടെന്നുവെക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (2കൊ 5:14, 15) യേശുവിനെ അറിയാമെന്ന കാര്യം പത്രോസ് നിഷേധിച്ചതിനെക്കുറിച്ച് പറയുന്നിടത്തും ലൂക്കോസ് ഇതേ ഗ്രീക്കുക്രിയയും അതിനോടു ബന്ധമുള്ള മറ്റൊരു ക്രിയയും ഉപയോഗിച്ചിട്ടുണ്ട്.—ലൂക്ക 22:34, 57, 61; മത്ത 16:24-ന്റെ പഠനക്കുറിപ്പു കാണുക.
ദണ്ഡനസ്തംഭം: മത്ത 16:24-ന്റെ പഠനക്കുറിപ്പു കാണുക.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
ഇതു പറഞ്ഞിട്ട് ഏകദേശം എട്ടു ദിവസം കഴിഞ്ഞ്: മത്തായിയുടെയും മർക്കോസിന്റെയും വിവരണങ്ങളിൽ “ആറു ദിവസം കഴിഞ്ഞ്” എന്നാണു കാണുന്നത്. (മത്ത 17:1; മർ 9:2) ദിവസങ്ങളുടെ എണ്ണം കണക്കുകൂട്ടുന്നതിൽ മത്തായിയും മർക്കോസും സ്വീകരിച്ച രീതിയല്ല ലൂക്കോസ് സ്വീകരിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച് യേശു വാഗ്ദാനം നൽകിയ ദിവസവും (ലൂക്ക 9:27) രൂപാന്തരപ്പെട്ട ദിവസവും ഉൾപ്പെടുത്തിയാണു ലൂക്കോസ് ദിവസങ്ങൾ കണക്കുകൂട്ടിയത്. എന്നാൽ അതിനു രണ്ടിനും ഇടയ്ക്കുള്ള ആറു പൂർണദിവസങ്ങളാണു മത്തായിയും മർക്കോസും എണ്ണിയത്. ഇനി, ലൂക്കോസ് ദിവസങ്ങളുടെ എണ്ണം ഒരു ഏകദേശസംഖ്യയായിട്ടാണ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കുക. “ഏകദേശം എട്ടു ദിവസം” എന്നാണ് അദ്ദേഹം അതെക്കുറിച്ച് പറഞ്ഞത്.
പ്രാർഥിക്കാൻവേണ്ടി: യേശു രൂപാന്തരപ്പെട്ടതിനെക്കുറിച്ച് പറയുന്നിടത്ത്, ഈ പ്രാർഥനയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതു ലൂക്കോസ് മാത്രമാണ്. യേശു ‘പ്രാർഥിക്കുകയായിരുന്നു’ എന്ന് അടുത്ത വാക്യത്തിലും പറയുന്നുണ്ട്. (ലൂക്ക 9:29) യേശുവിന്റെ മറ്റു ചില പ്രാർഥനകളെക്കുറിച്ചും ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആ ബൈബിൾഭാഗങ്ങൾ ഇവയാണ്: ലൂക്ക 3:21; 5:16; 6:12; 9:18; 11:1; 23:46.
യേശുവിന്റെ വേർപാട്: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹേക്സൊഡൊസ് എന്ന ഗ്രീക്കുപദം 2പത്ര 1:15-ലും (വേർപാട്) എബ്ര 11:22-ലും (പുറപ്പെട്ടുപോകുക) കാണാം. സാധ്യതയനുസരിച്ച്, യേശുവിന്റെ വേർപാടിൽ അഥവാ പുറപ്പെടലിൽ ഉൾപ്പെട്ടിരുന്നത് യേശുവിന്റെ മരണവും അതെത്തുടർന്ന് നടന്ന, ആത്മജീവനിലേക്കുള്ള പുനരുത്ഥാനവും ആയിരുന്നു.
മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി: സുവിശേഷവിവരണങ്ങളിൽ, യഹോവ മനുഷ്യരോടു നേരിട്ട് സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ രണ്ടാമത്തേതാണ് ഇത്.—ലൂക്ക 3:22; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ആകെയുള്ളൊരു: മൊണൊഗെനെസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. മിക്കപ്പോഴും “ഏകജാതൻ” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദത്തെ “അത്തരത്തിലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തിലെയോ വർഗത്തിലെയോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. മാതാപിതാക്കളുമായി ആൺമക്കൾക്കുള്ള ബന്ധത്തെക്കുറിച്ച് പറയുന്നിടത്ത് മാത്രമല്ല പെൺമക്കളുടെ കാര്യത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്യത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. നയിനിലെ വിധവയുടെ “ഒരേ ഒരു” മകനെക്കുറിച്ച് പറയുന്നിടത്തും യായീറൊസിന്റെ “ഒരേ ഒരു” മകളെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 7:12; 8:41, 42) യിഫ്താഹിന്റെ മകളെക്കുറിച്ച് പറയുന്നിടത്ത് ഗ്രീക്ക് സെപ്റ്റുവജിന്റിലും മൊണൊഗെനെസ് എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: “അതു യിഫ്താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല.” (ന്യായ 11:34) അപ്പോസ്തലനായ യോഹന്നാൻ യേശുവിനെ കുറിക്കാൻ മൊണൊഗെനെസ് എന്ന പദം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.—യേശുവിനെക്കുറിച്ച് പറയുന്നിടത്ത് ഈ പദം ഏത് അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാൻ യോഹ 1:14; 3:16 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൈവത്തിന്റെ മഹാശക്തിയിൽ: അഥവാ “ദൈവത്തിന്റെ മഹിമയിൽ.” ആളുകളെ സുഖപ്പെടുത്തിയപ്പോൾ യേശു തന്നിലേക്കു ശ്രദ്ധ ആകർഷിച്ചില്ല. പകരം അതിന്റെ പിന്നിലെ ശക്തിയുടെ ഉറവെന്ന നിലയിൽ എല്ലാ ബഹുമതിയും ദൈവത്തിനു നൽകി. അത് ആളുകൾക്കു വ്യക്തവുമായിരുന്നു.
സ്വർഗാരോഹണത്തിനുള്ള: അനലെംപ്സിസ് എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഈ പദം യേശുവിന്റെ സ്വർഗാരോഹണത്തെയാണു കുറിക്കുന്നതെന്നു പൊതുവേ കരുതപ്പെടുന്നു. ഇതിനോടു ബന്ധമുള്ളൊരു ക്രിയയാണു പ്രവൃ 1:2, 11, 22 എന്നീ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അവിടെ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത് “സ്വർഗത്തിലേക്ക് എടുത്തു,” “എടുക്കപ്പെട്ട” എന്നെല്ലാമാണ്.
യേശു . . . പോകാനാണു തീരുമാനിച്ചിരിക്കുന്നതെന്ന്: അക്ഷ. “യേശുവിന്റെ മുഖം (യരുശലേമിലേക്കു) പോകുകയാണെന്ന് [അഥവാ “(യരുശലേമിന്റെ) നേർക്കാണെന്ന്”].” (ലൂക്ക 9:51 താരതമ്യം ചെയ്യുക.) ഏതെങ്കിലും ലക്ഷ്യമോ ഉദ്ദേശ്യമോ ആഗ്രഹമോ സാധിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നതിനെ കുറിക്കാനും (1രാജ 2:15; 2രാജ 12:17) പതറാത്ത ലക്ഷ്യബോധത്തെ കുറിക്കാനും (2ദിന 20:3; ദാനി 11:17) എബ്രായതിരുവെഴുത്തുകളിലും ഉപയോഗിച്ചിട്ടുണ്ട്.
കർത്താവ്: ചില കൈയെഴുത്തുപ്രതികളിൽ ഈ പദം കാണുന്നില്ല. പക്ഷേ ആധികാരികമായ പല പുരാതന കൈയെഴുത്തുപ്രതികളിലും ഇതുണ്ട്.
എന്റെ അപ്പനെ അടക്കിയിട്ട്: സാധ്യതയനുസരിച്ച്, തന്റെ അപ്പൻ അൽപ്പം മുമ്പ് മരിച്ചെന്നും അതുകൊണ്ട് താൻ വേഗം പോയി അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങുകൾ നടത്തിയിട്ടു തിരിച്ചെത്താമെന്നും പറയുകയായിരുന്നില്ല അയാൾ. കാരണം അപ്പൻ മരിച്ചുപോയിരുന്നെങ്കിൽ അയാൾ ആ സമയത്ത് യേശുവിനോടു സംസാരിച്ചുകൊണ്ട് അവിടെ നിൽക്കാൻ സാധ്യതയില്ല. പണ്ട് മധ്യപൂർവദേശത്ത് ഒരു കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ശവസംസ്കാരം വളരെ പെട്ടെന്ന്, സാധിക്കുന്നെങ്കിൽ അന്നുതന്നെ, നടത്തിയിരുന്നു. ഇതിൽനിന്ന് ആ മനുഷ്യന്റെ അപ്പൻ മരിച്ചിരുന്നില്ല, പകരം പ്രായമായോ അസുഖം ബാധിച്ചോ കിടപ്പിലായിരുന്നെന്നേ ഉള്ളൂ എന്നു നമുക്ക് ഊഹിക്കാം. ഇനി രോഗബാധിതനായി, പരസഹായം വേണ്ട നിലയിൽ കഴിയുന്ന അപ്പനെ ആരോരുമില്ലാതെ വിട്ടിട്ട് വരാൻ യേശു എന്തായാലും ഒരാളോട് ആവശ്യപ്പെടില്ലായിരുന്നു. അത്തരം അവശ്യകാര്യങ്ങൾ ചെയ്തുകൊടുക്കാൻ അയാളുടെ വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. (മർ 7:9-13) ഒരർഥത്തിൽ ആ മനുഷ്യൻ പറഞ്ഞത് ഇതാണ്: ‘ഞാൻ അങ്ങയെ അനുഗമിക്കാം, പക്ഷേ എന്റെ അപ്പന്റെ കാലമൊന്നു കഴിഞ്ഞോട്ടേ. അപ്പൻ മരിച്ച് ശവസംസ്കാരവുംകൂടെ നടത്തിയിട്ടു ഞാൻ വരാം.’ പക്ഷേ യേശുവിന്റെ നോട്ടത്തിൽ, ദൈവരാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാനുള്ള അവസരമാണ് അയാൾ നഷ്ടപ്പെടുത്തിയത്.—ലൂക്ക 9:60, 62.
മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ: ലൂക്ക 9:59-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, യേശുവിനോടു സംസാരിച്ച ആ മനുഷ്യന്റെ അപ്പൻ സാധ്യതയനുസരിച്ച് പ്രായമായോ അസുഖം ബാധിച്ചോ കിടപ്പിലായിരുന്നു, അല്ലാതെ മരിച്ചിരുന്നില്ല. അതുകൊണ്ട് ഒരർഥത്തിൽ യേശു പറഞ്ഞത് ഇതാണ്: ‘ആത്മീയമായി മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ.’ അതായത്, അപ്പൻ മരിക്കുന്നതുവരെ മറ്റു കുടുംബാംഗങ്ങൾ അദ്ദേഹത്തെ പരിചരിക്കട്ടെ. ആ വ്യക്തി യേശുവിനെ അനുഗമിച്ചാൽ ദൈവമുമ്പാകെ ആത്മീയമായി മരിച്ച മറ്റുള്ളവർക്കില്ലാത്ത ഒരു അവസരം അയാൾക്കു തുറന്നുകിട്ടുമായിരുന്നു—അയാൾക്കു നിത്യജീവനിലേക്കുള്ള പാതയിൽ പ്രവേശിക്കാമായിരുന്നു! ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നതും അതിനെക്കുറിച്ച് എല്ലാവരെയും അറിയിക്കുന്നതും ആത്മീയമായി ഉണർന്നിരിക്കാൻ അത്യന്താപേക്ഷിതമാണ് എന്നു യേശു തന്റെ മറുപടിയിൽ സൂചിപ്പിച്ചു.
ദൃശ്യാവിഷ്കാരം
വടി കൈയിൽ കൊണ്ടുനടക്കുന്നതു പണ്ട് എബ്രായരുടെഒരു രീതിയായിരുന്നു. പലതായിരുന്നു അതിന്റെ ഉപയോഗങ്ങൾ: ഊന്നിനടക്കാനും (പുറ 12:11; സെഖ 8:4; എബ്ര 11:21) പ്രതിരോധത്തിനോ സ്വയരക്ഷയ്ക്കോ വേണ്ടിയും (2ശമു 23:21) മെതിക്കാനും (യശ 28:27) ഒലിവുകായ്കൾ പറിക്കാനും (ആവ 24:20; യശ 24:13) മറ്റ് അനേകം കാര്യങ്ങൾക്കും അത് ഉപയോഗിച്ചിരുന്നു. ഭക്ഷണസഞ്ചി സാധാരണയായി തുകൽകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. സഞ്ചാരികളും ഇടയന്മാരും കർഷകരും മറ്റുള്ളവരും പൊതുവേ ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ സഞ്ചി തോളിലാണ് ഇട്ടിരുന്നത്. യേശു അപ്പോസ്തലന്മാരെ പ്രസംഗപര്യടനത്തിന് അയയ്ച്ചപ്പോൾ അവർക്കു നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിൽ വടി, ഭക്ഷണസഞ്ചി എന്നിവയെക്കുറിച്ചും പറഞ്ഞു. അപ്പോസ്തലന്മാർ കൂടുതലായി എന്തെങ്കിലും എടുക്കാൻ തുനിഞ്ഞാൽ അവരുടെ ശ്രദ്ധ പതറുമായിരുന്നതുകൊണ്ട് അതിനു നിൽക്കാതെ അങ്ങനെതന്നെ പോകാനായിരുന്നു നിർദേശം. കാരണം യഹോവ എന്തായാലും അവർക്കുവേണ്ടി കരുതുമായിരുന്നു.—യേശു നൽകിയ നിർദേശങ്ങളുടെ അർഥം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ലൂക്ക 9:3; 10:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, യേശുവിന്റെ ശുശ്രൂഷക്കാലത്തോട് അടുത്ത് നിർമിച്ച ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ചെമ്പ് കലർന്ന ഒരു ലോഹസങ്കരംകൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. അതു പുറത്തിറക്കിയതു ഗലീലയും പെരിയയും ഭരിച്ചിരുന്ന, ജില്ലാഭരണാധികാരിയായ ഹെരോദ് അന്തിപ്പാസായിരുന്നു. ഹെരോദ് യേശുവിനെ കൊല്ലാൻ നോക്കുന്നു എന്നു പരീശന്മാർ പറഞ്ഞത്, യേശു യരുശലേമിലേക്കുള്ള യാത്രാമധ്യേ ഹെരോദിന്റെ ഭരണപ്രദേശമായ പെരിയയിലൂടെ കടന്നുപോയപ്പോഴായിരിക്കാം. അതിനു മറുപടി കൊടുത്തപ്പോൾ യേശു ഹെരോദിനെക്കുറിച്ച് ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കുറിപ്പു കാണുക.) ഹെരോദിന്റെ പ്രജകൾ മിക്കവരും ജൂതന്മാരായിരുന്നതുകൊണ്ട് അവരെ പ്രകോപിപ്പിക്കാത്ത ഈന്തപ്പനയോലയുടെയും (1) ഇലക്കിരീടത്തിന്റെയും (2) മറ്റും രൂപങ്ങളാണ് അദ്ദേഹം പുറത്തിറക്കിയ നാണയങ്ങളിൽ ഉണ്ടായിരുന്നത്.
വ്യത്യസ്തതരം കൊട്ടകളെ കുറിക്കാൻ ബൈബിളിൽ വെവ്വേറെ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യേശു അത്ഭുതകരമായി 5,000 പുരുഷന്മാരെ പോഷിപ്പിച്ചിട്ട് മിച്ചം വന്ന ഭക്ഷണം ശേഖരിക്കാൻ ഉപയോഗിച്ച 12 കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് കാണുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത് അവ നെയ്തുണ്ടാക്കിയ, കൈയിൽ പിടിക്കാവുന്ന തരം ചെറിയ കൊട്ടകളായിരിക്കാം എന്നാണ്. എന്നാൽ യേശു 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുത്തിട്ട് മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (മർ 8:8, 9) അതു താരതമ്യേന വലിയ കൊട്ടകളെ കുറിക്കുന്നു. ദമസ്കൊസിലെ മതിലിന്റെ ദ്വാരത്തിലൂടെ പൗലോസിനെ താഴേക്ക് ഇറക്കാൻ ഉപയോഗിച്ച കൊട്ടയെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദമാണു കാണുന്നത്.—പ്രവൃ 9:25.
ഇസ്രായേലിന്റെ ചുറ്റുവട്ടത്തുള്ളതിലേക്കും ഏറ്റവും ഉയരമുള്ള പർവതമാണു ഹെർമോൻ. കൈസര്യഫിലിപ്പിക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ആ പർവതത്തിന്റെ ഉയരം 2,814 മീ. (9,232 അടി) ആണ്. അതിന്റെ ഗിരിശൃംഗങ്ങളിലുള്ള മഞ്ഞ് നീരാവിയെ ഘനീഭവിപ്പിക്കുന്നതുകൊണ്ട് ദേശത്ത് മഞ്ഞുതുള്ളികൾ പെയ്തിറങ്ങുകയും അതു ദൈർഘ്യമേറിയ വേനൽക്കാലത്തുടനീളം സസ്യജാലങ്ങളെ നനയ്ക്കുകയും ചെയ്യുന്നു. (സങ്ക 133:3) അതിലെ മഞ്ഞ് ഉരുകി വരുന്ന വെള്ളമാണു യോർദാൻ നദിയുടെ പ്രധാന ജലസ്രോതസ്സ്. യേശു രൂപാന്തരപ്പെട്ടത് ഇവിടെവെച്ചായിരിക്കാം എന്നും അഭിപ്രായമുണ്ട്.—മത്ത 17:2.
വാഗ്ദത്തദേശത്തിന്റെ വടക്കേ അറ്റത്തുള്ള ഹെർമോൻ പർവതത്തിൽ പല കൊടുമുടികളുണ്ട്. അതിൽ ഏറ്റവും ഉയർന്ന കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 2,814 മീ. (9,232 അടി) ഉയരത്തിലാണ്. ആന്റി-ലബാനോൻ മലനിരയുടെ തെക്കേ അറ്റത്താണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. യേശു രൂപാന്തരപ്പെട്ടതു ഹെർമോൻ പർവതത്തിൽവെച്ചായിരിക്കാം.
കുറുക്കന്മാർക്കു മാളങ്ങളും പക്ഷികൾക്കു കൂടുകളും ഉണ്ടെന്നും അതേസമയം തനിക്കു സ്ഥിരമായി താമസിക്കാൻ ഒരു വീടില്ലെന്നും യേശു പറഞ്ഞു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഇനത്തിൽപ്പെട്ട കുറുക്കന്മാർ (വൽപിസ് വൽപിസ്) മധ്യപൂർവദേശത്ത് മാത്രമല്ല ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ സ്ഥലങ്ങളിലും കാണപ്പെടുന്നു. സമീപകാലത്ത് അവയെ ഓസ്ട്രേലിയയിലേക്കും കൊണ്ടുവന്നിട്ടുണ്ട്. പ്രകൃതിജന്യമായ പാറയിടുക്കുകളിലും മറ്റു ജീവികൾ ഉപേക്ഷിച്ചുപോയ മാളങ്ങളിലും താമസിക്കാറുള്ള കുറുക്കന്മാർ ചിലപ്പോഴൊക്കെ മറ്റു ജീവികളെ തുരത്തിയോടിച്ചിട്ട് അവയുടെ മാളങ്ങൾ കൈവശപ്പെടുത്താറുമുണ്ട്. ഇതൊന്നുമല്ലെങ്കിൽ അവ നിലത്ത് മാളമുണ്ടാക്കി അതിൽ താമസമാക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചെറ്റിസ് വാർബ്ലർ (ചെറ്റിയ ചെറ്റി) എന്ന ഇലക്കുരുവി, വർഷത്തിലെ പല മാസങ്ങളിലായി ഇസ്രായേലിൽ കാണപ്പെടുന്ന ഏതാണ്ട് 470 തരം പക്ഷികളിൽ ഒന്നാണ്. ഇനങ്ങളിലെ വൈവിധ്യംപോലെതന്നെ അവയുടെ കൂടുകളും നാനാതരമാണ്. ചുള്ളിക്കമ്പ്, ഇലകൾ, കടൽസസ്യങ്ങൾ, നാരുകൾ, വൈക്കോൽ, പായൽ, തൂവലുകൾ എന്നിവ ഉപയോഗിച്ച് മരങ്ങളിലും മരപ്പൊത്തുകളിലും പാറക്കെട്ടുകളിലും ഒക്കെ അവ കൂടു കെട്ടാറുണ്ട്. മെഡിറ്ററേനിയൻ കടലിന്റെ തെക്കുകിഴക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം താരതമ്യേന ചെറുതെങ്കിലും അതു തണുപ്പേറിയ പർവതശിഖരങ്ങളും കൊടും ചൂടുള്ള താഴ്വാരങ്ങളും, ഉണങ്ങിവരണ്ട മരുഭൂമികളും സമുദ്രതീരത്തെ സമഭൂമികളും അടങ്ങിയ വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ്. ഈ ആവാസവ്യവസ്ഥ വളരെ ആകർഷകമായതുകൊണ്ട് വിവിധതരം പക്ഷികൾ ഇസ്രായേലിൽ സ്ഥിരതാമസക്കാരായുണ്ട്; ഇവിടം തേടിയെത്തുന്ന ദേശാടനപ്പക്ഷികൾ വേറെയും!
മിക്കപ്പോഴും ശരത്കാലത്താണു നിലം ഉഴുതിരുന്നത്. വേനൽക്കാലസൂര്യന്റെ ചൂടേറ്റ് വരണ്ടുണങ്ങി, ഉറച്ചുകിടക്കുന്ന മണ്ണ് അപ്പോഴേക്കും മഴയിൽ കുതിർന്നിട്ടുണ്ടാകും. (അനു. ബി15 കാണുക.) ചില കലപ്പകളിൽ, നിലം ഉഴാൻ കലപ്പത്തണ്ടിൽ പിടിപ്പിച്ച കൂർത്ത ഒരു തടി മാത്രമായിരിക്കും ഉണ്ടാകുക. ചിലപ്പോൾ അറ്റത്ത് ലോഹം പിടിപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. ഒന്നോ അതിലധികമോ മൃഗങ്ങൾ ആ കലപ്പ വലിക്കും. ഇത്തരത്തിൽ നിലം ഉഴുതിട്ടാണു വിത്തു വിതയ്ക്കുക. ആളുകൾക്കു സുപരിചിതമായിരുന്ന ഈ ജോലിയെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിലെ പല ദൃഷ്ടാന്തങ്ങളിലും പരാമർശമുണ്ട്. (ന്യായ 14:18; യശ 2:4; യിര 4:3; മീഖ 4:3) പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കാൻ യേശുവും കൃഷിപ്പണിയുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ ധാരാളമായി ഉപയോഗിച്ചു. ഉദാഹരണത്തിന്, ഒരു ശിഷ്യൻ മുഴുഹൃദയത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ യേശു നിലം ഉഴുന്ന ജോലിയെക്കുറിച്ച് പരാമർശിച്ചു. (ലൂക്ക 9:62) നിലം ഉഴുന്നതിനിടെ കൃഷിക്കാരന്റെ ശ്രദ്ധ പതറിയാൽ ഉഴവുചാൽ വളഞ്ഞുപുളഞ്ഞുപോകുമായിരുന്നു. സമാനമായി, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽനിന്ന് ശ്രദ്ധ വ്യതിചലിക്കുകയോ അവ വെച്ചൊഴിയുകയോ ചെയ്യുന്ന ഒരു ക്രിസ്തുശിഷ്യൻ ദൈവരാജ്യത്തിനു യോഗ്യനല്ലാതാകുമായിരുന്നു.