ലേവ്യ 14:1-57
14 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
2 “കുഷ്ഠരോഗി ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ അവനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധിച്ചുള്ള നിയമം ഇതായിരിക്കണം.
3 പുരോഹിതൻ പാളയത്തിനു വെളിയിൽ ചെന്ന് അവനെ പരിശോധിക്കും. കുഷ്ഠരോഗിയുടെ കുഷ്‌ഠം മാറിയെങ്കിൽ
4 അവന്റെ ശുദ്ധീകരണത്തിനുവേണ്ടി+ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവ കൊണ്ടുവരാൻ പുരോഹിതൻ അവനോടു കല്പിക്കും.
5 ശുദ്ധമായ കുറച്ച് ഒഴുക്കുവെള്ളം ഒരു മൺപാത്രത്തിൽ എടുത്ത് പക്ഷികളിൽ ഒന്നിനെ അതിന്റെ മുകളിൽ പിടിച്ച് കൊല്ലാൻ പുരോഹിതൻ കല്പിക്കും.
6 എന്നാൽ അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവയോടൊപ്പം എടുത്ത്, അവയെല്ലാംകൂടെ മൺപാത്രത്തിലെ വെള്ളത്തിനു മുകളിൽ പിടിച്ച് കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കണം.
7 തുടർന്ന് അവൻ അതു കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധി പ്രാപിക്കാൻ വന്നയാളുടെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കും. ജീവനുള്ള പക്ഷിയെ അവൻ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടും.+
8 “ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്നയാൾ വസ്‌ത്രം അലക്കി, രോമം മുഴുവൻ വടിച്ച് വെള്ളത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും. അതിനു ശേഷം അവനു പാളയത്തിൽ പ്രവേശിക്കാം. എന്നാൽ ഏഴു ദിവസം അവൻ തന്റെ കൂടാരത്തിനു വെളിയിൽ താമസിക്കണം.
9 ഏഴാം ദിവസം അവൻ തലമുടിയും താടിയും പുരികവും മുഴുവൻ വടിക്കണം. അവൻ രോമം മുഴുവൻ വടിച്ചശേഷം വസ്‌ത്രം അലക്കി, വെള്ളത്തിൽ കുളിക്കും. അങ്ങനെ അവൻ ശുദ്ധനാകും.
10 “എട്ടാം ദിവസം അവൻ ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു പെൺചെമ്മരിയാടിനെയും+ കൊണ്ടുവരണം. ഒപ്പം, ഒരു ലോഗ് * എണ്ണയും ധാന്യയാഗമായി+ എണ്ണ ചേർത്ത പത്തിൽ മൂന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും വേണം.+
11 അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുന്ന പുരോഹിതൻ, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന ആ മനുഷ്യനെ യാഗവസ്തുക്കളോടൊപ്പം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരും.
12 പുരോഹിതൻ അതിലൊരു+ ആൺചെമ്മരിയാട്ടിൻകുട്ടിയെ എടുത്ത് ഒരു ലോഗ് എണ്ണയോടൊപ്പം അപരാധയാഗമായി അർപ്പിക്കാൻ കൊണ്ടുവരും. അവൻ അവ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+
13 പിന്നെ, ആ ആൺചെമ്മരിയാട്ടിൻകുട്ടിയെ, പാപയാഗമൃഗത്തെയും ദഹനയാഗമൃഗത്തെയും അറുക്കാറുള്ള വിശുദ്ധമായ സ്ഥലത്തുവെച്ചുതന്നെ അറുക്കും.+ കാരണം, പാപയാഗംപോലെതന്നെ അപരാധയാഗവും പുരോഹിതനുള്ളതാണ്.+ ഇത് ഏറ്റവും വിശുദ്ധമാണ്.+
14 “തുടർന്ന് പുരോഹിതൻ അപരാധയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടും.
15 പുരോഹിതൻ ആ ഒരു ലോഗ് എണ്ണയിൽ+ കുറച്ച് എടുത്ത് തന്റെ ഇടത്തെ ഉള്ളങ്കൈയിൽ ഒഴിക്കും.
16 എന്നിട്ട് ആ എണ്ണയിൽ വലങ്കൈയുടെ വിരൽ മുക്കി അതിൽ കുറച്ച് യഹോവയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും.
17 പിന്നെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണയിൽ കുറച്ച്, ശുദ്ധി പ്രാപിക്കാൻ വന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും അപരാധയാഗത്തിന്റെ രക്തം പുരട്ടിയതിനു മീതെ പുരട്ടും.
18 എന്നിട്ട് പുരോഹിതൻ, തന്റെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണ, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ തലയിൽ പുരട്ടി യഹോവയുടെ സന്നിധിയിൽവെച്ച് അവനു പാപപരിഹാരം വരുത്തും.+
19 “പുരോഹിതൻ പാപയാഗമൃഗത്തെ+ ബലി അർപ്പിച്ച്, അശുദ്ധിയിൽനിന്ന് ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന ആൾക്കു പാപപരിഹാരം വരുത്തും. അതിനു ശേഷം ദഹനയാഗമൃഗത്തെ അറുക്കും.
20 പുരോഹിതൻ ദഹനയാഗവും ധാന്യയാഗവും+ യാഗപീഠത്തിൽ അർപ്പിച്ച് അവനു പാപപരിഹാരം വരുത്തും.+ അങ്ങനെ അവൻ ശുദ്ധനാകും.+
21 “എന്നാൽ അവൻ ദരിദ്രനും വകയില്ലാത്തവനും ആണെങ്കിൽ പാപപരിഹാരം വരുത്തേണ്ടതിനു ദോളനയാഗമായി അർപ്പിക്കാൻ അപരാധയാഗമായി ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒപ്പം, ധാന്യയാഗമായി എണ്ണ ചേർത്ത പത്തിലൊന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും ഒരു ലോഗ് എണ്ണയും കൊണ്ടുവരാവുന്നതാണ്.
22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+
23 എട്ടാം ദിവസം,+ താൻ ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ അവൻ അവയെ പുരോഹിതന്റെ അടുത്ത് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരും.+
24 “പുരോഹിതൻ അപരാധയാഗത്തിനുള്ള ആൺചെമ്മരിയാട്ടിൻകുട്ടിയെയും+ ഒപ്പം ആ ഒരു ലോഗ് എണ്ണയും എടുത്ത് യഹോവയുടെ മുമ്പാകെ ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+
25 പിന്നെ അപരാധയാഗത്തിന്റെ ആൺചെമ്മരിയാട്ടിൻകുട്ടിയെ അറുക്കും. എന്നിട്ട് അപരാധയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടും.+
26 പുരോഹിതൻ എണ്ണയിൽ കുറച്ച് എടുത്ത് തന്റെ ഇടത്തെ ഉള്ളങ്കൈയിൽ ഒഴിക്കും.+
27 എന്നിട്ട്, ആ എണ്ണയിൽ കുറച്ച് തന്റെ വലങ്കൈയുടെ വിരൽകൊണ്ട് യഹോവയുടെ മുന്നിൽ ഏഴു പ്രാവശ്യം തളിക്കും.
28 പിന്നെ തന്റെ ഉള്ളങ്കൈയിലുള്ള എണ്ണയിൽ കുറച്ച്, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും താൻ അപരാധയാഗത്തിന്റെ രക്തം പുരട്ടിയ അതേ സ്ഥലങ്ങളിൽ പുരട്ടും.
29 എന്നിട്ട്, തന്റെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണ, ശുദ്ധനാകാൻ വന്നിരിക്കുന്ന മനുഷ്യന്റെ തലയിൽ പുരട്ടി യഹോവയുടെ സന്നിധിയിൽവെച്ച് അവനു പാപപരിഹാരം വരുത്തും.
30 “അവൻ തനിക്കു വകയുള്ളതുപോലെ, തന്റെ കഴിവനുസരിച്ച്, കൊണ്ടുവന്ന ചെങ്ങാലിപ്രാവുകളിലോ പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ+
31 പാപയാഗമായും മറ്റേതിനെ ദഹനയാഗമായും+ ധാന്യയാഗത്തോടൊപ്പം അർപ്പിക്കും. ശുദ്ധനാകാൻ വന്ന മനുഷ്യനു പുരോഹിതൻ അങ്ങനെ യഹോവയുടെ സന്നിധിയിൽവെച്ച് പാപപരിഹാരം വരുത്തും.+
32 “തന്റെ ശുദ്ധീകരണത്തിന് ആവശ്യമായ വസ്തുക്കൾ കൊണ്ടുവരാൻ വകയില്ലാത്ത കുഷ്ഠരോഗിക്കുവേണ്ടിയുള്ള നിയമമാണ് ഇത്.”
33 പിന്നെ, യഹോവ മോശയോടും അഹരോനോടും പറഞ്ഞു:
34 “ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻ ദേശത്ത്+ നിങ്ങൾ എത്തിയശേഷം നിങ്ങളുടെ ദേശത്തെ ഏതെങ്കിലും വീടു ഞാൻ കുഷ്ഠരോഗംകൊണ്ട് മലിനമാക്കുന്നെങ്കിൽ,+
35 വീട്ടുടമസ്ഥൻ ചെന്ന് പുരോഹിതനോട്, ‘എന്തോ ഒരു മലിനത എന്റെ വീട്ടിൽ കാണുന്നു’ എന്നു പറയണം.
36 പുരോഹിതൻ മലിനത പരിശോധിക്കാൻ എത്തുമ്പോൾ വീട്ടിലുള്ളതെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ, താൻ വരുന്നതിനു മുമ്പുതന്നെ വീട്ടിലുള്ളതെല്ലാം എടുത്തുമാറ്റാൻ പുരോഹിതൻ കല്‌പന നൽകും. അതിനു ശേഷം പുരോഹിതൻ അകത്ത് ചെന്ന് വീടു പരിശോധിക്കും.
37 മലിനതയുള്ള ഭാഗം അവൻ പരിശോധിക്കും. വീടിന്റെ ചുവരിൽ മഞ്ഞ കലർന്ന പച്ച നിറത്തിലോ ഇളഞ്ചുവപ്പു നിറത്തിലോ ഉള്ള പാടുകൾ കാണുകയും അവ മറ്റു ഭാഗങ്ങളെക്കാൾ കുഴിഞ്ഞ് ഉള്ളിലേക്കുകൂടെ വ്യാപിച്ചതുപോലെ കാണപ്പെടുകയും ചെയ്യുന്നെങ്കിൽ,
38 പുരോഹിതൻ വീട്ടിൽനിന്ന് പുറത്ത് ഇറങ്ങി ഏഴു ദിവസത്തേക്കു വീട് അടച്ചിടും.+
39 “ഏഴാം ദിവസം പുരോഹിതൻ തിരികെ ചെന്ന് വീടു പരിശോധിക്കും. മലിനത വീടിന്റെ ചുവരിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ
40 അതു ബാധിച്ച കല്ലുകൾ ഇളക്കിയെടുത്ത് നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്ത് എറിഞ്ഞുകളയാൻ പുരോഹിതൻ കല്‌പന കൊടുക്കും.
41 തുടർന്ന് വീടിന്റെ ഉൾഭാഗം നന്നായി ചുരണ്ടാൻ അവൻ ഏർപ്പാടു ചെയ്യണം. അങ്ങനെ ചുരണ്ടിമാറ്റിയ ചാന്ത്, നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്ത് കളയണം.
42 നീക്കം ചെയ്‌ത കല്ലുകളുടെ സ്ഥാനത്ത് അവർ വേറെ കല്ലുകൾ വെക്കണം. എന്നിട്ട് പുതിയ ചാന്തുകൊണ്ട് വീടു തേപ്പിക്കണം.
43 “എന്നാൽ കല്ല് ഇളക്കിമാറ്റുകയും വീടു ചുരണ്ടി പുതിയ ചാന്തു തേക്കുകയും ചെയ്തിട്ടും മലിനത വീണ്ടും വീട്ടിൽ കണ്ടുതുടങ്ങിയാൽ
44 പുരോഹിതൻ അകത്ത് ചെന്ന് അതു പരിശോധിക്കും. മലിനത വീട്ടിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അതു കഠിനമായ കുഷ്ഠമാണ്.+ ആ വീട് അശുദ്ധം.
45 തുടർന്ന് അവൻ, ആ വീട്—അതിന്റെ കല്ലും തടിയും ചാന്തും എല്ലാം—പൊളിച്ച് നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്തേക്കു+ കൊണ്ടുപോകാൻ ഏർപ്പാടാക്കും.
46 വീട് അടച്ചിട്ടിരിക്കുന്ന ദിവസങ്ങളിൽ+ ആരെങ്കിലും വീട്ടിൽ പ്രവേശിച്ചാൽ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+
47 ആരെങ്കിലും ആ വീട്ടിൽ കിടക്കുന്നെങ്കിൽ അവൻ തന്റെ വസ്‌ത്രം അലക്കണം. ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുന്നവനും വസ്‌ത്രം അലക്കണം.
48 “എന്നാൽ, പുരോഹിതൻ വന്ന് നോക്കുമ്പോൾ, പുതിയ ചാന്തു തേച്ചശേഷം മലിനത വീട്ടിൽ വ്യാപിച്ചിട്ടില്ലെന്നാണു കാണുന്നതെങ്കിൽ അവൻ വീടു ശുദ്ധിയുള്ളതായി പ്രഖ്യാപിക്കും. കാരണം മലിനത നീങ്ങിയിരിക്കുന്നു.
49 അശുദ്ധി* നീക്കി വീടിനെ ശുദ്ധീകരിക്കാൻ അവൻ രണ്ടു പക്ഷി, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പു ചെടി എന്നിവ എടുക്കും.+
50 പക്ഷികളിൽ ഒന്നിനെ അവൻ മൺപാത്രത്തിൽ എടുത്ത ശുദ്ധമായ ഒഴുക്കുവെള്ളത്തിനു മുകളിൽ പിടിച്ച് കൊല്ലണം.
51 തുടർന്ന് അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പു ചെടി, കടുഞ്ചുവപ്പുനൂൽ എന്നിവയോടൊപ്പം ശുദ്ധമായ ഒഴുക്കുവെള്ളത്തിലും കൊന്ന പക്ഷിയുടെ രക്തത്തിലും മുക്കി വീടിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+
52 അങ്ങനെ പക്ഷിയുടെ രക്തം, ശുദ്ധമായ ഒഴുക്കുവെള്ളം, ജീവനുള്ള പക്ഷി, ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പുചെടി, കടുഞ്ചുവപ്പുനൂൽ എന്നിവ ഉപയോഗിച്ച് അവൻ അശുദ്ധി നീക്കി വീടു ശുദ്ധീകരിക്കും.
53 എന്നിട്ട് അവൻ ജീവനുള്ള പക്ഷിയെ നഗരത്തിനു വെളിയിൽ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടുകയും വീടിനു പാപപരിഹാരം വരുത്തുകയും ചെയ്യും. അങ്ങനെ ആ വീടു ശുദ്ധിയുള്ളതാകും.
54 “ഏതുതരത്തിലുമുള്ള കുഷ്‌ഠം, ശിരോചർമത്തിലെയോ താടിയിലെയോ രോഗബാധ,+
55 വസ്‌ത്രത്തിലോ+ വീട്ടിലോ ഉണ്ടാകുന്ന കുഷ്‌ഠം,+
56 തടിപ്പ്, ചിരങ്ങ്, പുള്ളി+ എന്നിവ
57 എപ്പോൾ അശുദ്ധം എപ്പോൾ ശുദ്ധം എന്നു നിർണയിക്കാനുള്ള+ നിയമമാണ് ഇത്. ഇതാണു കുഷ്‌ഠത്തെ സംബന്ധിച്ചുള്ള നിയമം.”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “പാപം.”