ലേവ്യ 17:1-16
17 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
2 “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും പറയുക: ‘യഹോവ കല്പിച്ചിരിക്കുന്നത് ഇതാണ്:
3 “‘“ഇസ്രായേൽഗൃഹത്തിൽപ്പെട്ട ആരെങ്കിലും ഒരു കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിന് അകത്തോ പുറത്തോ വെച്ച് അറുക്കുന്നെങ്കിൽ,
4 അതായത് അവൻ അതിനെ യഹോവയ്ക്ക് ഒരു യാഗമായി അർപ്പിക്കാൻ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരുന്നില്ലെങ്കിൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവന്റെ മേൽ വരും. അവൻ രക്തം ചിന്തിയിരിക്കുന്നു. അവനെ ജനത്തിന് ഇടയിൽ വെച്ചേക്കാതെ കൊന്നുകളയണം.
5 വെളിമ്പ്രദേശത്തുവെച്ച് മൃഗങ്ങളെ അറുക്കുന്ന ഇസ്രായേല്യർ മേലാൽ അങ്ങനെ ചെയ്യാതെ അവയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് യഹോവയുടെ മുമ്പാകെ കൊണ്ടുവരാൻവേണ്ടിയാണ് ഇത്. അവർ അവ സഹഭോജനബലികളായി യഹോവയ്ക്ക് അർപ്പിക്കണം.+
6 പുരോഹിതൻ ആ രക്തം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിൽ തളിക്കുകയും, കൊഴുപ്പ് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി ദഹിപ്പിക്കുകയും* ചെയ്യണം.+
7 കോലാട്ടുരൂപമുള്ള ഭൂതങ്ങളുമായി* വേശ്യാവൃത്തിയിൽ+ ഏർപ്പെടുന്ന അവർ ഇനി ഒരിക്കലും അവയ്‌ക്കു ബലി അർപ്പിക്കരുത്.+ ഇതു നിങ്ങൾക്കു തലമുറകളിലുടനീളം നിലനിൽക്കുന്ന ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”’
8 “നീ അവരോട് ഇങ്ങനെ പറയണം: ‘ദഹനയാഗമോ ബലിയോ അർപ്പിക്കുന്ന ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഏതെങ്കിലും അന്യദേശക്കാരനോ
9 അത് യഹോവയ്ക്ക് അർപ്പിക്കാൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരുന്നാൽ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്.+
10 “‘ഒരു ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഒരു അന്യദേശക്കാരനോ ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന് എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.
11 കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്.+ ഈ രക്തമാണല്ലോ അതിലടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്.+ അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി+ യാഗപീഠത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.
12 ഇക്കാരണത്താലാണു ഞാൻ ഇസ്രായേല്യരോട്, “നിങ്ങളോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരോ+ ആരും രക്തം കഴിക്കരുത്”+ എന്നു പറഞ്ഞിരിക്കുന്നത്.
13 “‘ഒരു ഇസ്രായേല്യനോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരനോ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിക്കുന്നെങ്കിൽ അവൻ അതിന്റെ രക്തം നിലത്ത് ഒഴിച്ച് മണ്ണ് ഇട്ട് മൂടണം.+
14 രക്തത്തിൽ ജീവൻ അടങ്ങിയിരിക്കുന്നതുകൊണ്ട് എല്ലാ തരം ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. അതുകൊണ്ടാണ് ഞാൻ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞത്: “ഒരു ജീവിയുടെയും രക്തം നിങ്ങൾ കഴിക്കരുത്. കാരണം, എല്ലാ ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്. രക്തം കഴിക്കുന്ന ഒരുത്തനെയും ഞാൻ വെച്ചേക്കില്ല.”+
15 താനേ ചത്ത മൃഗത്തെയോ വന്യമൃഗം കടിച്ചുകീറിയ മൃഗത്തെയോ തിന്നുന്നവൻ+ സ്വദേശിയായാലും അന്യദേശക്കാരനായാലും വസ്‌ത്രം അലക്കി, കുളിക്കണം. അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ പിന്നെ അവൻ ശുദ്ധനാകും.
16 എന്നാൽ അവൻ വസ്‌ത്രം അലക്കുകയോ കുളിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവൻ സ്വന്തം തെറ്റിന് ഉത്തരം പറയേണ്ടിവരും.’”+
അടിക്കുറിപ്പുകള്‍
^ അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അക്ഷ. “കോലാടുകളുമായി.”