ലേവ്യ 19:1-37
19 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
2 “ഇസ്രായേല്യസമൂഹത്തോടു മുഴുവൻ പറയുക: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.+
3 “‘നിങ്ങൾ എല്ലാവരും അപ്പനെയും അമ്മയെയും ബഹുമാനിക്കണം.*+ നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്ഠിക്കണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
4 ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലേക്കു തിരിയരുത്.+ ലോഹംകൊണ്ടുള്ള ദൈവങ്ങളെ ഉണ്ടാക്കുകയുമരുത്.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
5 “‘നിങ്ങൾ യഹോവയ്ക്ക് ഒരു സഹഭോജനബലി+ അർപ്പിക്കുന്നെങ്കിൽ ദൈവാംഗീകാരം നേടുംവിധം വേണം അത് അർപ്പിക്കാൻ.+
6 ബലി അർപ്പിക്കുന്ന ദിവസവും തൊട്ടടുത്ത ദിവസവും നിങ്ങൾക്ക് അതു കഴിക്കാം. പക്ഷേ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു കത്തിച്ചുകളയണം.+
7 മൂന്നാം ദിവസം അതിൽനിന്ന് കഴിക്കുന്നെങ്കിൽ, അത് അറപ്പുളവാക്കുന്ന കാര്യമാണ്. അതു സ്വീകാര്യമാകില്ല.
8 അതു കഴിക്കുന്നവൻ അവന്റെ തെറ്റിന് ഉത്തരം പറയേണ്ടിവരും. കാരണം അവൻ യഹോവയുടെ വിശുദ്ധവസ്തു അശുദ്ധമാക്കിയിരിക്കുന്നു. അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്.
9 “‘നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുത്. കൊയ്തശേഷം കാലാ പെറുക്കുകയുമരുത്.*+
10 കൂടാതെ വിളവെടുപ്പിനു ശേഷം നിന്റെ മുന്തിരിത്തോട്ടത്തിൽ ബാക്കിയുള്ളതോ വീണുകിടക്കുന്നതോ ശേഖരിക്കരുത്. അതു പാവപ്പെട്ടവനും+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും വേണ്ടി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
11 “‘നിങ്ങൾ മോഷ്ടിക്കരുത്,+ വഞ്ചിക്കരുത്,+ പരസ്പരം കാപട്യത്തോടെ ഇടപെടരുത്.
12 നിങ്ങൾ എന്റെ നാമത്തിൽ കള്ളസത്യം+ ചെയ്ത് നിങ്ങളുടെ ദൈവത്തിന്റെ പേര് അശുദ്ധമാക്കരുത്. ഞാൻ യഹോവയാണ്.
13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+
14 “‘ചെവി കേൾക്കാത്തവനെ ശപിക്കുകയോ കാഴ്ചയില്ലാത്തവന്റെ മുന്നിൽ തടസ്സം വെക്കുകയോ അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ ഞാൻ യഹോവയാണ്.
15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.
16 “‘ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്.+ സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്.*+ ഞാൻ യഹോവയാണ്.
17 “‘നിന്റെ സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്.+ സഹമനുഷ്യന്റെ പാപം നീയുംകൂടെ വഹിക്കേണ്ടിവരാതിരിക്കാൻ നീ ഏതു വിധേനയും അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം.+
18 “‘നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ+ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്. നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.+ ഞാൻ യഹോവയാണ്.
19 “‘നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കണം: നിന്റെ വളർത്തുമൃഗങ്ങളിൽ രണ്ടു തരത്തിൽപ്പെട്ടവയെ തമ്മിൽ ഇണചേർക്കരുത്. നീ വയലിൽ ഒരേ സമയം രണ്ടു തരം വിത്തു വിതയ്ക്കരുത്.+ രണ്ടു തരം നൂലുകൾ ഇടകലർത്തി ഉണ്ടാക്കിയ വസ്ത്രം ധരിക്കരുത്.+
20 “‘ഇനി മറ്റൊരുവനുവേണ്ടി നിശ്ചയിച്ചുവെച്ചിരിക്കുന്നവളും അതേസമയം, വീണ്ടെടുക്കപ്പെടുകയോ സ്വതന്ത്രയാക്കപ്പെടുകയോ ചെയ്യാത്തവളും ആയ ഒരു ദാസിയുടെകൂടെ ഒരു പുരുഷൻ കിടക്കുകയും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നെങ്കിൽ തക്ക ശിക്ഷ നടപ്പാക്കണം. എന്നാൽ അവരെ കൊന്നുകളയരുത്. കാരണം അവൾ അപ്പോൾ സ്വതന്ത്രയല്ലായിരുന്നു.
21 അവൻ തന്റെ അപരാധയാഗമായി ഒരു ആൺചെമ്മരിയാടിനെ യഹോവയുടെ അടുത്ത്, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ, കൊണ്ടുവരണം.+
22 അവൻ ചെയ്ത പാപത്തിനു പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അപരാധയാഗത്തിന്റെ ആൺചെമ്മരിയാടിനെക്കൊണ്ട് അവനു പാപപരിഹാരം വരുത്തും. അങ്ങനെ അവൻ ചെയ്ത പാപത്തിനു ക്ഷമ കിട്ടും.
23 “‘നിങ്ങൾ ദേശത്ത് എത്തിയശേഷം ആഹാരത്തിനായി ഏതെങ്കിലും ഫലവൃക്ഷം നട്ടാൽ അതിന്റെ ഫലം മലിനവും വിലക്കപ്പെട്ടതും ആയി* കണക്കാക്കണം. മൂന്നു വർഷത്തേക്ക് അതിന്റെ ഫലം വിലക്കപ്പെട്ടതായിരിക്കും.* അതു കഴിക്കരുത്.
24 എന്നാൽ, നാലാം വർഷം അതിന്റെ ഫലം മുഴുവനും വിശുദ്ധമായി കണക്കാക്കി ആഘോഷത്തോടെ യഹോവയ്ക്കു സമർപ്പിക്കണം.+
25 അഞ്ചാം വർഷം നിനക്ക് അതിന്റെ ഫലം കഴിക്കാം. അങ്ങനെ അതിന്റെ ഫലം നിന്റെ വിളയോടു ചേരും. ഞാൻ നിന്റെ ദൈവമായ യഹോവയാണ്.
26 “‘രക്തം അടങ്ങിയിട്ടുള്ള ഒന്നും നിങ്ങൾ കഴിക്കരുത്.+
“‘ശകുനം നോക്കുകയോ മന്ത്രവാദം ചെയ്യുകയോ അരുത്.+
27 “‘തലയുടെ വശങ്ങളിലുള്ള മുടി* വടിക്കുകയോ* താടിയുടെ വിളുമ്പു വിരൂപമാക്കുകയോ അരുത്.+
28 “‘മരിച്ചവനുവേണ്ടി* നിങ്ങളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കരുത്.+ ദേഹത്ത് പച്ചകുത്തുകയുമരുത്. ഞാൻ യഹോവയാണ്.
29 “‘നിന്റെ മകളെ വേശ്യയാക്കി അപമാനിക്കരുത്.+ അങ്ങനെ ചെയ്താൽ ദേശം വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അവിടം മുഴുവൻ അസാന്മാർഗികത നിറയും.+
30 “‘നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്ഠിക്കുകയും+ എന്റെ വിശുദ്ധമന്ദിരത്തോടു ഭയാദരവ്* കാണിക്കുകയും വേണം. ഞാൻ യഹോവയാണ്.
31 “‘ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവർ നിമിത്തം അശുദ്ധരാകരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
32 “‘മുടി നരച്ചയാളുടെ+ മുന്നിൽ എഴുന്നേൽക്കുകയും പ്രായംചെന്നയാളോടു ബഹുമാനം കാണിക്കുകയും വേണം.+ നിന്റെ ദൈവത്തെ നീ ഭയപ്പെടണം.+ ഞാൻ യഹോവയാണ്.
33 “‘ഒരു അന്യദേശക്കാരൻ നിങ്ങളുടെ ദേശത്ത് വന്ന് നിങ്ങളുടെകൂടെ താമസിക്കുന്നെങ്കിൽ നിങ്ങൾ അവനെ ദ്രോഹിക്കരുത്.+
34 നിങ്ങളുടെകൂടെ താമസിക്കുന്ന ആ അന്യദേശക്കാരനെ സ്വദേശിയെപ്പോലെ കണക്കാക്കണം.+ അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം. കാരണം നിങ്ങളും ഈജിപ്ത് ദേശത്ത് പരദേശികളായി താമസിച്ചിരുന്നല്ലോ.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
35 “‘നീളവും തൂക്കവും വ്യാപ്തവും അളക്കുമ്പോൾ നിങ്ങൾ കള്ളത്തരം കാണിക്കരുത്.+
36 നിങ്ങൾ ഉപയോഗിക്കുന്ന ത്രാസ്സും തൂക്കക്കട്ടിയും ഏഫായും* ഹീനും* കൃത്യതയുള്ളതായിരിക്കണം.+ ഞാൻ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയാണ്.
37 അതുകൊണ്ട് നിങ്ങൾ എന്റെ നിയമങ്ങളെല്ലാം അനുസരിച്ച് എന്റെ എല്ലാ ന്യായത്തീർപ്പുകൾക്കും ചേർച്ചയിൽ ജീവിക്കണം.+ ഞാൻ യഹോവയാണ്.’”
അടിക്കുറിപ്പുകള്
^ അക്ഷ. “ഭയപ്പെടണം.”
^ ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
^ അക്ഷ. “രക്തത്തിനു വിരോധമായി നിൽക്കരുത്.” മറ്റൊരു സാധ്യത “നിന്റെ സഹമനുഷ്യന്റെ ജീവൻ അപകടത്തിലാകുമ്പോൾ വെറുതേ നോക്കിനിൽക്കരുത്.”
^ അക്ഷ. “അതിന്റെ ഫലം അതിന്റെ അഗ്രചർമംപോലെ മലിനമായി.”
^ അക്ഷ. “അഗ്രചർമം പരിച്ഛേദന നടത്താത്തതുപോലെയായിരിക്കും.”
^ അഥവാ “കൃതാവ്.”
^ അഥവാ “മുറിക്കുകയോ; വെട്ടുകയോ.”
^ അഥവാ “ഒരു ദേഹിക്കുവേണ്ടി.” ഇവിടെ നെഫെഷ് എന്ന എബ്രായപദം മരിച്ചയാളെ കുറിക്കുന്നു.
^ അക്ഷ. “ഭയം.”