ലേവ്യ 20:1-27
20 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
2 “നീ ഇസ്രായേല്യരോടു പറയുക: ‘ഇസ്രായേല്യരിലോ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളിലോ ആരെങ്കിലും തന്റെ മകനെയോ മകളെയോ മോലേക്കിനു കൊടുത്താൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ ദേശത്തെ ജനം അവനെ കല്ലെറിഞ്ഞ് കൊല്ലണം.
3 ഞാൻ അവന് എതിരെ തിരിയും. അവന്റെ ജനത്തിന് ഇടയിൽ ഞാൻ അവനെ വെച്ചേക്കില്ല. കാരണം അവൻ തന്റെ മക്കളിൽ ചിലരെ മോലേക്കിനു കൊടുത്ത് എന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും+ എന്റെ വിശുദ്ധനാമത്തിനു കളങ്കമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
4 ഒരാൾ മകനെയോ മകളെയോ മോലേക്കിനു കൊടുത്തിട്ടും ദേശത്തെ ജനം മനഃപൂർവം അതു കണ്ടില്ലെന്നു നടിച്ച് അവനെ കൊല്ലാതെ വിട്ടാൽ+
5 ഞാൻ അവനും അവന്റെ കുടുംബത്തിനും എതിരെ തിരിയും.+ ഞാൻ അവനെയും മോലേക്കുമായി വേശ്യാവൃത്തിയിൽ ഏർപ്പെടാൻ അവന്റെകൂടെ ചേരുന്ന ആരെയും അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.
6 “‘ഒരാൾ ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവരുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടാൽ ഞാൻ അവന് എതിരെ തിരിയും. അവനെ ഞാൻ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+
7 “‘ഒരു വിശുദ്ധജനമായി നിങ്ങൾ നിങ്ങളെത്തന്നെ വേർതിരിക്കണം.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
8 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് അവയ്ക്കു ചേർച്ചയിൽ ജീവിക്കണം.+ യഹോവ എന്ന ഞാനാണു നിങ്ങളെ വിശുദ്ധജനമായി വേർതിരിക്കുന്നത്.+
9 “‘ആരെങ്കിലും അപ്പനെയോ അമ്മയെയോ ശപിച്ചാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ അപ്പനെയോ അമ്മയെയോ ശപിച്ചതുകൊണ്ട് അവൻതന്നെയാണ് അവന്റെ രക്തത്തിന് ഉത്തരവാദി.
10 “‘ഇനി, മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന ഒരു മനുഷ്യന്റെ കാര്യത്തിൽ ചെയ്യേണ്ടത്: സഹമനുഷ്യന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. വ്യഭിചാരം ചെയ്ത ആ പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+
11 അപ്പന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ അപ്പനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.
12 ഒരാൾ മകന്റെ ഭാര്യയുമായി ബന്ധപ്പെടുന്നെങ്കിൽ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർ പ്രകൃതിവിരുദ്ധമായതു ചെയ്തിരിക്കുന്നു. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.+
13 “‘ഒരാൾ സ്ത്രീയുടെകൂടെ എന്നപോലെ പുരുഷന്റെകൂടെ കിടന്നാൽ രണ്ടു പേരും കാണിച്ചതു മഹാവൃത്തികേടാണ്.+ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.
14 “‘ഒരാൾ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും തനിക്കുവേണ്ടി എടുത്താൽ അതു മ്ലേച്ഛതയാണ്.*+ മേലാൽ ഇത്തരം മ്ലേച്ഛകാര്യങ്ങൾ നിങ്ങളുടെ ഇടയിൽ ആരും ചെയ്യാതിരിക്കാൻ അവർ അവനെയും ആ സ്ത്രീകളെയും ചുട്ടുകൊല്ലണം.+
15 “‘ഒരാൾ ഒരു മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. ആ മൃഗത്തെയും കൊല്ലണം.+
16 ഒരു മൃഗവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഒരു സ്ത്രീ അതിന്റെ അടുത്ത് ചെല്ലുന്നെങ്കിൽ+ നീ ആ സ്ത്രീയെയും മൃഗത്തെയും കൊല്ലണം. അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.
17 “‘സ്വന്തം അപ്പനോ അമ്മയ്ക്കോ ജനിച്ച സഹോദരിയുമായി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട്, അവൻ അവളുടെ നഗ്നതയും അവൾ അവന്റെ നഗ്നതയും കാണുന്നെങ്കിൽ അതു നിന്ദ്യമായ ഒരു കാര്യമാണ്.+ അവരുടെ ജനത്തിന്റെ കൺമുന്നിൽവെച്ച് അവരെ കൊന്നുകളയണം. അവൻ തന്റെ സഹോദരിക്കു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവൻ ആ തെറ്റിന് ഉത്തരം പറയണം.
18 “‘ഒരു സ്ത്രീയുടെ ആർത്തവസമയത്ത് ഒരാൾ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവനും അവളും അവളുടെ രക്തസ്രവം തുറന്നുകാട്ടിയിരിക്കുന്നു.+ രണ്ടു പേരെയും ജനത്തിന് ഇടയിൽ വെച്ചേക്കരുത്.
19 “‘അമ്മയുടെ സഹോദരിയുമായോ അപ്പന്റെ സഹോദരിയുമായോ നീ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അങ്ങനെ ചെയ്താൽ നീ രക്തബന്ധമുള്ള ഒരു വ്യക്തിക്കു മാനക്കേട് ഉണ്ടാക്കുകയാണ്.+ അവർ അവരുടെ തെറ്റിന് ഉത്തരം പറയണം.
20 പിതൃസഹോദരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ തന്റെ പിതൃസഹോദരനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവർ തങ്ങളുടെ പാപത്തിന് ഉത്തരം പറയണം. അവർ മക്കളില്ലാതെ മരിക്കണം.
21 ഒരാൾ തന്റെ സഹോദരന്റെ ഭാര്യയെ തനിക്കായിട്ട് എടുക്കുന്നെങ്കിൽ അതു വെറുക്കത്തക്ക കാര്യമാണ്.+ അവൻ തന്റെ സഹോദരനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു. അവർ മക്കളില്ലാത്തവരായിരിക്കും.
22 “‘നിങ്ങൾ എന്റെ നിയമങ്ങളെല്ലാം അനുസരിച്ച് എന്റെ എല്ലാ ന്യായത്തീർപ്പുകൾക്കും+ ചേർച്ചയിൽ ജീവിക്കണം.+ അങ്ങനെയായാൽ ഞാൻ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ദേശം നിങ്ങളെ ഛർദിച്ചുകളയില്ല.+
23 നിങ്ങളുടെ മുന്നിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകളുടെ നിയമങ്ങളനുസരിച്ച് നിങ്ങൾ നടക്കരുത്.+ അവർ ഇക്കാര്യങ്ങളെല്ലാം ചെയ്തതുകൊണ്ട് ഞാൻ അവരെ വെറുക്കുന്നു.+
24 അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഇങ്ങനെ പറഞ്ഞത്: “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും. പാലും തേനും ഒഴുകുന്ന ആ ദേശം+ ഞാൻ നിങ്ങൾക്ക് അവകാശമായി തരും. മറ്റുള്ള എല്ലാ ജനങ്ങളിൽനിന്നും നിങ്ങളെ വേർതിരിച്ചിരിക്കുന്നതു നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാനാണ്.”+
25 ശുദ്ധിയുള്ള മൃഗങ്ങളെ ശുദ്ധിയില്ലാത്തവയിൽനിന്നും ശുദ്ധിയുള്ള പക്ഷികളെ ശുദ്ധിയില്ലാത്തവയിൽനിന്നും നിങ്ങൾ വേർതിരിച്ച് കാണണം.+ നിങ്ങൾ അശുദ്ധമായി കണക്കാക്കാൻ ഞാൻ വേർതിരിച്ചിരിക്കുന്ന മൃഗമോ പക്ഷിയോ നിലത്തുകൂടെ ഇഴയുന്ന* എന്തെങ്കിലുമോ കാരണം നിങ്ങൾ നിങ്ങളെത്തന്നെ അറയ്ക്കത്തക്ക അവസ്ഥയിലാക്കരുത്.+
26 യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. നിങ്ങൾ എന്റേതായിത്തീരാൻവേണ്ടി മറ്റുള്ള എല്ലാ ജനങ്ങളിൽനിന്നും ഞാൻ നിങ്ങളെ വേർതിരിക്കുകയാണ്.+
27 “‘ആത്മാക്കളുടെ ഉപദേശം തേടുകയോ ഭാവി പറയുകയോ* ചെയ്യുന്ന ഏതൊരു പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+ ഒരു കാരണവശാലും അവരെ ജീവനോടെ വെക്കരുത്. ജനം അവരെ കല്ലെറിഞ്ഞ് കൊല്ലണം. അവരുടെ രക്തത്തിന് അവർതന്നെയാണ് ഉത്തരവാദികൾ.’”
അടിക്കുറിപ്പുകള്
^ അഥവാ “നാണംകെട്ട പെരുമാറ്റമാണ്; വഷളത്തമാണ്.”
^ എബ്രായയിൽ ഈ പദം എലി, പല്ലി, പ്രാണികൾ എന്നിവപോലുള്ള ജീവികളെ കുറിക്കുന്നു.
^ അഥവാ “ഭാവി പറയുന്ന ആത്മാവുണ്ടായിരിക്കുകയോ.”