ലേവ്യ 21:1-24
21 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധനാകരുത്.+
2 എന്നാൽ അത് അവന്റെ അടുത്ത രക്തബന്ധത്തിൽപ്പെട്ട ഒരാളാണെങ്കിൽ അവന് അശുദ്ധനാകാം. അതായത് അവന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ എന്നിവരുടെ കാര്യത്തിലും,
3 അവന്റെ അടുത്തുള്ള സഹോദരി അവിവാഹിതയായ കന്യകയാണെങ്കിൽ അവളുടെ കാര്യത്തിലും അവന് അശുദ്ധനാകാം.
4 പക്ഷേ, തന്റെ ജനത്തിൽപ്പെട്ട ഒരാൾ വിവാഹം കഴിച്ച ഒരു സ്ത്രീക്കുവേണ്ടി അവൻ മലിനനാകുകയോ അശുദ്ധനാകുകയോ അരുത്.
5 അവർ തലമുടി വടിക്കുകയോ+ താടിയുടെ വിളുമ്പു വടിക്കുകയോ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയോ അരുത്.+
6 അവർ ദൈവത്തിനു വിശുദ്ധരായിരിക്കണം.+ അവരുടെ ദൈവത്തിന്റെ പേര് അവർ അശുദ്ധമാക്കരുത്.+ അവർ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗങ്ങൾ, അതായത് അവരുടെ ദൈവത്തിന്റെ അപ്പം,* അർപ്പിക്കുന്നവരാണ്. അതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.+
7 അവർ ഒരു വേശ്യയെയോ ചാരിത്രശുദ്ധി നഷ്ടപ്പെട്ടവളെയോ വിവാഹമോചിതയെയോ വിവാഹം കഴിക്കരുത്.+ കാരണം പുരോഹിതൻ ദൈവത്തിനു വിശുദ്ധനാണ്.
8 നിന്റെ ദൈവത്തിന്റെ അപ്പം അർപ്പിക്കുന്നത് അവനായതുകൊണ്ട് നീ അവനെ വിശുദ്ധനായി കരുതണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് അവൻ നിനക്കു വിശുദ്ധനായിരിക്കണം.+
9 “‘ഒരു പുരോഹിതന്റെ മകൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അശുദ്ധയാകുന്നെങ്കിൽ അവൾ തന്റെ അപ്പനെയാണ് അശുദ്ധനാക്കുന്നത്. അവളെ തീയിലിട്ട് ചുട്ടുകളയണം.+
10 “‘തലയിൽ അഭിഷേകതൈലം ചൊരിയപ്പെട്ട്+ പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ അവരോധിതനായ,+ തന്റെ സഹോദരങ്ങളുടെ മഹാപുരോഹിതൻ മുടി കോതിയൊതുക്കാതിരിക്കുകയോ വസ്ത്രം കീറുകയോ അരുത്.+
11 അവൻ ആരുടെയും ശവശരീരത്തിന് അടുത്ത്* ചെന്ന് അശുദ്ധനാകരുത്.+ അതു സ്വന്തം അപ്പന്റെയായാലും അമ്മയുടെയായാലും അവൻ അതിന് അടുത്ത് ചെല്ലരുത്.
12 അവൻ വിശുദ്ധമന്ദിരം വിട്ട് പുറത്ത് പോകാനോ തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കാനോ പാടില്ല.+ കാരണം അവന്റെ ദൈവത്തിന്റെ അഭിഷേകതൈലം എന്ന സമർപ്പണചിഹ്നം അവന്റെ മേലുണ്ടല്ലോ.+ ഞാൻ യഹോവയാണ്.
13 “‘അവൻ ഭാര്യയായി സ്വീകരിക്കുന്നതു കന്യകയായ ഒരു സ്ത്രീയെയായിരിക്കണം.+
14 വിധവയെയോ വിവാഹമോചിതയായ സ്ത്രീയെയോ ചാരിത്രശുദ്ധി നഷ്ടപ്പെട്ടവളെയോ വേശ്യയെയോ അവൻ വിവാഹം കഴിക്കരുത്. പകരം സ്വന്തം ജനത്തിൽപ്പെട്ട ഒരു കന്യകയെ വേണം അവൻ ഭാര്യയായി സ്വീകരിക്കാൻ.
15 എങ്കിൽ അവന്റെ ജനത്തിന് ഇടയിൽ അവന്റെ സന്തതി അശുദ്ധനാകില്ല.+ കാരണം അവനെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.’”
16 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
17 “അഹരോനോടു പറയുക: ‘നിന്റെ സന്തതികളിൽ വൈകല്യമുള്ള ആരും ഒരിക്കലും ദൈവത്തിന്റെ അപ്പം അർപ്പിക്കാൻ അടുത്ത് വരരുത്.
18 ആർക്കെങ്കിലും വൈകല്യമുണ്ടെങ്കിൽ അവൻ അടുത്ത് വരരുത്: അന്ധനും മുടന്തനും മുഖം വിരൂപമായവനും* ഒരു കൈക്കോ കാലിനോ നീളക്കൂടുതലുള്ളവനും
19 കൈക്കോ കാലിനോ ഒടിവുള്ളവനും
20 കൂനനും കുള്ളനും* കണ്ണിനു തകരാറുള്ളവനും ചിരങ്ങോ പുഴുക്കടിയോ ഉള്ളവനും വൃഷണങ്ങൾക്കു തകരാറുള്ളവനും അതിൽപ്പെടും.+
21 പുരോഹിതനായ അഹരോന്റെ മക്കളിൽ വൈകല്യമുള്ള ഒരു പുരുഷനും യഹോവയ്ക്ക് അഗ്നിയിലുള്ള യാഗങ്ങൾ അർപ്പിക്കാൻ അടുത്ത് വരരുത്. അവനു വൈകല്യമുള്ളതുകൊണ്ട് ദൈവത്തിന്റെ അപ്പം അർപ്പിക്കാൻ അവൻ അടുത്ത് വരരുത്.
22 അതിവിശുദ്ധമായവയിൽനിന്നും+ വിശുദ്ധമായവയിൽനിന്നും അവന്റെ ദൈവത്തിന്റെ അപ്പം അവനു കഴിക്കാം.+
23 എന്നാൽ അവൻ അകത്ത്, തിരശ്ശീലയുടെ അടുത്ത് ചെല്ലുകയോ+ യാഗപീഠത്തെ+ സമീപിക്കുകയോ അരുത്. കാരണം അവനു വൈകല്യമുണ്ട്. അവൻ എന്റെ വിശുദ്ധമന്ദിരം+ അശുദ്ധമാക്കരുത്. അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.’”+
24 മോശ അങ്ങനെ അഹരോനോടും അവന്റെ പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും സംസാരിച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “ആഹാരം.” ബലികളെ കുറിക്കുന്നു.
^ അഥവാ “മരിച്ച ദേഹിയുടെ അടുത്ത്.” ഇവിടെ, നെഫെഷ് എന്ന എബ്രായപദത്തെ “മരിച്ച” എന്ന് അർഥമുള്ള ഒരു എബ്രായപദവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
^ അക്ഷ. “പിളർന്ന മൂക്കുള്ളവനും.”
^ മറ്റൊരു സാധ്യത “ശോഷിച്ചവനും.”