ലേവ്യ 9:1-24
9 എട്ടാം ദിവസം+ മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേൽമൂപ്പന്മാരെയും വിളിച്ചു.
2 മോശ അഹരോനോടു പറഞ്ഞു: “അഹരോന്റെ പാപയാഗത്തിനുവേണ്ടി+ ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ദഹനയാഗത്തിനായി ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെയും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുക.
3 എന്നാൽ, ഇസ്രായേല്യരോട് ഇങ്ങനെ പറയണം: ‘പാപയാഗത്തിനുവേണ്ടി ഒരു ആൺകോലാടിനെയും ദഹനയാഗത്തിനുവേണ്ടി ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും
4 സഹഭോജനബലികൾക്കുവേണ്ടി+ ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും എടുക്കുക. ബലി അർപ്പിക്കാൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. എണ്ണ ചേർത്ത ധാന്യയാഗവും+ കൊണ്ടുവരണം. കാരണം യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’”+
5 മോശ കല്പിച്ചതെല്ലാം അവർ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവന്നു. തുടർന്ന് സമൂഹം മുഴുവൻ മുന്നോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു.
6 അപ്പോൾ മോശ പറഞ്ഞു: “നിങ്ങൾക്ക് യഹോവയുടെ തേജസ്സു+ ദൃശ്യമാകാൻ നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ചിരിക്കുന്നത് ഇതാണ്.”
7 പിന്നെ മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിന്റെ അടുത്തേക്കു ചെന്ന് അഹരോനും ഭവനത്തിനും വേണ്ടി പാപയാഗവും+ ദഹനയാഗവും അർപ്പിച്ച് നിങ്ങൾക്കു പാപപരിഹാരം വരുത്തുക.+ ജനത്തിന്റെ യാഗം അർപ്പിച്ച്+ അവർക്കും പാപപരിഹാരം വരുത്തുക.+ യഹോവ കല്പിച്ചിരിക്കുന്നതുപോലെതന്നെ ചെയ്യണം.”
8 ഉടനെ അഹരോൻ യാഗപീഠത്തിന്റെ അടുത്ത് ചെന്ന് തന്റെ പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു.+
9 തുടർന്ന് അഹരോന്റെ പുത്രന്മാർ ആ രക്തം+ അഹരോന്റെ മുന്നിൽ കൊണ്ടുവന്നു. അഹരോൻ അതിൽ കൈവിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ബാക്കിവന്ന രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്‌തു.+
10 പാപയാഗമൃഗത്തിൽനിന്നുള്ള കൊഴുപ്പും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അഹരോൻ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.*+ യഹോവ മോശയോടു കല്‌പിച്ചിരുന്നതുപോലെതന്നെ എല്ലാം ചെയ്‌തു.
11 എന്നിട്ട് അതിന്റെ മാംസവും തോലും പാളയത്തിനു വെളിയിൽവെച്ച് ചുട്ടുകളഞ്ഞു.+
12 പിന്നെ അഹരോൻ ദഹനയാഗമൃഗത്തെ അറുത്തു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അഹരോനു കൊടുത്തു. അഹരോൻ അതു യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+
13 പിന്നെ അവർ ദഹനയാഗമൃഗത്തിന്റെ തലയും കഷണങ്ങളും കൊടുത്തു. അഹരോൻ അവ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.
14 അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി, അവയും യാഗപീഠത്തിലുള്ള ദഹനയാഗവസ്തുവിനു മുകളിൽ വെച്ച് ദഹിപ്പിച്ചു.
15 പിന്നെ അഹരോൻ ജനത്തിന്റെ യാഗം അർപ്പിച്ചു. അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാടിനെ കൊണ്ടുവന്ന് അറുത്ത് ആദ്യത്തെ മൃഗത്തിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ ഒരു പാപയാഗം അർപ്പിച്ചു.
16 എന്നിട്ട് ദഹനയാഗമൃഗത്തെയും അർപ്പിച്ചു. പതിവ് നടപടിക്രമമനുസരിച്ചുതന്നെ+ അഹരോൻ അതു ചെയ്‌തു.
17 അടുത്തതായി ധാന്യയാഗമാണ്+ അർപ്പിച്ചത്. അതിനുവേണ്ടി അഹരോൻ യാഗവസ്തുവിൽനിന്ന് ഒരു കൈ നിറയെ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. രാവിലത്തെ ദഹനയാഗത്തിനു+ പുറമേയായിരുന്നു ഇത്.
18 അതിനു ശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള സഹഭോജനബലിയുടെ കാളയെയും ആൺചെമ്മരിയാടിനെയും അറുത്തു. തുടർന്ന്, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അഹരോനു കൊടുത്തു. അഹരോൻ അതു യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+
19 കാളയുടെ കൊഴുപ്പ്,+ ആൺചെമ്മരിയാടിന്റെ കൊഴുത്ത വാൽ, ആന്തരാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ്+
20 എന്നിങ്ങനെ കൊഴുപ്പിന്റെ കഷണങ്ങളെല്ലാം അവർ അവയുടെ നെഞ്ചിൽ വെച്ചു. പിന്നെ അഹരോൻ കൊഴുപ്പിന്റെ ആ കഷണങ്ങൾ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.+
21 എന്നാൽ നെഞ്ചുകളും വലങ്കാലും യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി* അഹരോൻ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. മോശ കല്‌പിച്ചിരുന്നതുപോലെതന്നെ+ ഇതെല്ലാം ചെയ്‌തു.
22 പാപയാഗവും ദഹനയാഗവും സഹഭോജനബലികളും അർപ്പിക്കുകയായിരുന്ന അഹരോൻ, ജനത്തിനു നേരെ കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചിട്ട്+ ഇറങ്ങിവന്നു.
23 ഒടുവിൽ മോശയും അഹരോനും സാന്നിധ്യകൂടാരത്തിന്റെ ഉള്ളിലേക്കു പോയി. പിന്നെ പുറത്ത് വന്ന് ജനത്തെ അനുഗ്രഹിച്ചു.+
യഹോവയുടെ തേജസ്സ് അപ്പോൾ ജനത്തിനു മുഴുവൻ ദൃശ്യമായി.+
24 യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ യാഗപീഠത്തിലുള്ള ദഹനയാഗമൃഗത്തെയും കൊഴുപ്പിന്റെ കഷണങ്ങളെയും ദഹിപ്പിച്ചുതുടങ്ങി. അതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിക്കാൻതുടങ്ങി. അവർ നിലത്ത് കമിഴ്ന്നുവീണ് നമസ്കരിച്ചു.+