യോഹന്നാനു ലഭിച്ച വെളിപാട് 17:1-18
17 പിന്നെ ഏഴു പാത്രങ്ങൾ+ പിടിച്ചിരുന്ന ഏഴു ദൂതന്മാരിൽ ഒരാൾ വന്ന് എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാവേശ്യക്കുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.
2 അവൾ ഭൂമിയിലെ രാജാക്കന്മാരുമായി അധാർമികപ്രവൃത്തികൾ*+ ചെയ്‌ത് തന്റെ ലൈംഗിക അധാർമികത* എന്ന വീഞ്ഞുകൊണ്ട് ഭൂമിയിലുള്ളവരെ ലഹരി പിടിപ്പിച്ചു.”+
3 പിന്നെ ദൈവാത്മാവിന്റെ ശക്തിയാൽ ദൂതൻ എന്നെ ഒരു വിജനഭൂമിയിലേക്കു കൊണ്ടുപോയി. ദൈവനിന്ദാകരമായ പേരുകൾ നിറഞ്ഞ ഒരു കാട്ടുമൃഗത്തിന്റെ പുറത്ത് ഒരു സ്‌ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. കടുഞ്ചുവപ്പു നിറമുള്ള ആ കാട്ടുമൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു.
4 ആ സ്‌ത്രീ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം പർപ്പിളും+ കടുഞ്ചുവപ്പും ആയിരുന്നു. സ്വർണവും രത്നങ്ങളും മുത്തുകളും+ അവൾ അണിഞ്ഞിരുന്നു. എല്ലാ വൃത്തികെട്ട വസ്തുക്കളും അവളുടെ ലൈംഗിക അധാർമികതയുടെ* മാലിന്യങ്ങളും നിറഞ്ഞ ഒരു സ്വർണപാനപാത്രം അവളുടെ കൈയിലുണ്ടായിരുന്നു.
5 “ബാബിലോൺ എന്ന മഹതി—വേശ്യകളുടെയും+ ഭൂമിയിലെ വൃത്തികെട്ട കാര്യങ്ങളുടെയും+ മാതാവ്” എന്ന നിഗൂഢമായ ഒരു പേര് അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.
6 വിശുദ്ധരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും+ കുടിച്ച് സ്‌ത്രീ ലഹരി പിടിച്ചിരിക്കുന്നതു ഞാൻ കണ്ടു.
അവളെ കണ്ടിട്ട് ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി.
7 അപ്പോൾ ദൈവദൂതൻ എന്നോടു പറഞ്ഞു: “നീ അത്ഭുതപ്പെടുന്നത് എന്തിനാണ്? ഈ സ്‌ത്രീയെയും+ ഇവളെ ചുമക്കുന്ന, ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടുമൃഗത്തെയും+ കുറിച്ചുള്ള രഹസ്യം ഞാൻ പറഞ്ഞുതരാം:
8 നീ കണ്ട കാട്ടുമൃഗം, ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ അഗാധത്തിൽനിന്ന്+ കയറിവരാനുള്ളതും നാശത്തിലേക്കു പോകാനിരിക്കുന്നതും ആയ ഒന്നാണ്. ലോകാരംഭംമുതൽ* ജീവന്റെ പുസ്‌തകത്തിൽ+ പേര് എഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ കാട്ടുമൃഗത്തെ കാണുമ്പോൾ അത്ഭുതപ്പെടും. കാരണം കാട്ടുമൃഗം മുമ്പുണ്ടായിരുന്നു; ഇപ്പോഴില്ല; എന്നാൽ വീണ്ടും വരും.
9 “ഇവിടെയാണു ജ്ഞാനമുള്ള ഒരു മനസ്സു വേണ്ടത്: ഏഴു തല+ അർഥമാക്കുന്നതു സ്‌ത്രീ ഇരിക്കുന്ന ഏഴു പർവതങ്ങളെയാണ്.
10 ഇവ ഏഴു രാജാക്കന്മാർ; അഞ്ചു പേർ വീണുപോയി; ഒരാൾ ഇപ്പോഴുണ്ട്; മറ്റേയാൾ ഇനിയും വന്നിട്ടില്ല. വന്നാൽപ്പിന്നെ അയാൾ അൽപ്പകാലം ഉണ്ടായിരിക്കേണ്ടതാണ്.
11 ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും ആയ കാട്ടുമൃഗവും+ ഒരു രാജാവാണ്; എട്ടാമത്തെ രാജാവായ അയാൾ ആ ഏഴു രാജാക്കന്മാരിൽനിന്ന് ഉത്ഭവിക്കുന്നവനും നാശത്തിലേക്കു പോകുന്നവനും ആണ്.
12 “നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ. അവർക്ക് ഇതുവരെ രാജ്യം കിട്ടിയിട്ടില്ല. എന്നാൽ കാട്ടുമൃഗത്തോടൊപ്പം കുറച്ച്* നേരത്തേക്ക് അവർക്കു രാജാക്കന്മാരായി അധികാരം ലഭിക്കും.
13 അവർ ഒരേ ചിന്തയുള്ളവരാണ്. അതുകൊണ്ട് അവർ അവരുടെ ശക്തിയും അധികാരവും കാട്ടുമൃഗത്തിനു കൊടുക്കും.
14 അവർ കുഞ്ഞാടിനോടു+ പോരാടും. എന്നാൽ കുഞ്ഞാടു കർത്താക്കന്മാരുടെ കർത്താവും രാജാക്കന്മാരുടെ രാജാവും+ ആയതുകൊണ്ട് അവരെ കീഴടക്കും.+ കുഞ്ഞാടിനോടുകൂടെയുള്ള, വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും ആയ വിശ്വസ്തരും അവരെ കീഴടക്കും.”+
15 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “വേശ്യ ഇരിക്കുന്ന ആ വെള്ളം വംശങ്ങളും ജനക്കൂട്ടങ്ങളും ജനതകളും ഭാഷകളും ആണ്.+
16 നീ കണ്ട പത്തു കൊമ്പും+ കാട്ടുമൃഗവും+ വേശ്യയെ+ വെറുത്ത് അവളെ നശിപ്പിക്കുകയും നഗ്നയാക്കുകയും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട് അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും.+
17 കാരണം ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ, അതെ അവരുടെയെല്ലാം മനസ്സിലുള്ള ആ ഒരേ പദ്ധതി നടപ്പാക്കാൻ, ദൈവം അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും.+ അങ്ങനെ ദൈവത്തിന്റെ വാക്കുകൾ നിറവേറുന്നതുവരെ, അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു+ കൊടുക്കും.
18 നീ കണ്ട സ്‌ത്രീ+ ഭൂമിയിലെ രാജാക്കന്മാരുടെ മേൽ ഭരണം നടത്തുന്ന മഹാനഗരമാണ്.”
അടിക്കുറിപ്പുകള്‍
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ ‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
^ അക്ഷ. “ഒരു മണിക്കൂർ.”