യോഹന്നാനു ലഭിച്ച വെളിപാട് 19:1-21
19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
2 കാരണം ദൈവത്തിന്റെ ന്യായവിധികൾ സത്യസന്ധവും നീതിയുള്ളവയും ആണ്.+ ലൈംഗിക അധാർമികതയാൽ* ഭൂമിയെ വഷളാക്കിയ മഹാവേശ്യയുടെ ന്യായവിധി ദൈവം നടപ്പാക്കിയിരിക്കുന്നു; അവളുടെ കൈകളിൽ കാണുന്ന, തന്റെ അടിമകളുടെ രക്തത്തിനു ദൈവം അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”+
3 അപ്പോൾത്തന്നെ അവർ വീണ്ടും പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ അവളിൽനിന്നുള്ള പുക എന്നുമെന്നേക്കും ഉയരും.”+
4 നാലു ജീവികളും+ 24 മൂപ്പന്മാരും+ കമിഴ്ന്നുവീണ്, “ആമേൻ! യാഹിനെ സ്തുതിപ്പിൻ”*+ എന്നു പറഞ്ഞ് സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ആരാധിച്ചു.
5 “ദൈവഭയമുള്ളവരേ, ചെറിയവരും വലിയവരും+ ആയ ദൈവദാസരേ,+ നമ്മുടെ ദൈവത്തെ സ്തുതിപ്പിൻ” എന്നൊരു ശബ്ദം സിംഹാസനത്തിൽനിന്ന് കേട്ടു.
6 അപ്പോൾ വലിയൊരു ജനക്കൂട്ടത്തിന്റെ ആരവംപോലെയും വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും ശക്തമായ ഇടിമുഴക്കംപോലെയും ഉള്ള ഒരു ശബ്ദം ഞാൻ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ നമ്മുടെ ദൈവവും സർവശക്തനും+ ആയ യഹോവ* രാജാവായി ഭരിക്കാൻതുടങ്ങിയല്ലോ.+
7 നമുക്കു സന്തോഷിച്ചുല്ലസിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്താം. കാരണം കുഞ്ഞാടിന്റെ കല്യാണം വന്നെത്തിയിരിക്കുന്നു. കുഞ്ഞാടിന്റെ മണവാട്ടി അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
8 ശോഭയുള്ളതും ശുദ്ധവും ആയ മേന്മയേറിയ ലിനൻവസ്ത്രം ധരിക്കാൻ അവൾക്ക് അനുമതി ലഭിച്ചിരിക്കുന്നു. മേന്മയേറിയ ലിനൻവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളെ അർഥമാക്കുന്നു.”+
9 അപ്പോൾ ദൂതൻ എന്നോടു പറഞ്ഞു: “എഴുതുക: കുഞ്ഞാടിന്റെ വിവാഹവിരുന്നിനു+ ക്ഷണം ലഭിച്ചവർ സന്തുഷ്ടർ.” ദൂതൻ ഇങ്ങനെയും പറഞ്ഞു: “ദൈവത്തിന്റെ ഈ വാക്കുകൾ സത്യമാണ്.”
10 അപ്പോൾ ദൂതനെ ആരാധിക്കാൻ ഞാൻ ദൂതന്റെ കാൽക്കൽ വീണു. എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്!+ ദൈവത്തെയാണ് ആരാധിക്കേണ്ടത്.+ നിന്നോടും നിന്നെപ്പോലെ യേശുവിനുവേണ്ടി സാക്ഷി പറയുന്ന+ നിന്റെ സഹോദരന്മാരോടും ഒപ്പം പ്രവർത്തിക്കുന്ന ഒരു അടിമ മാത്രമാണു ഞാൻ. യേശുവിനുവേണ്ടി സാക്ഷി പറയുക എന്നതാണല്ലോ പ്രവചനത്തിന്റെ ഉദ്ദേശ്യം.”+
11 പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര് വിശ്വസ്‌തനും+ സത്യവാനും+ എന്നാണ്. അദ്ദേഹം നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.+
12 അദ്ദേഹത്തിന്റെ കണ്ണുകൾ തീജ്വാല;+ തലയിൽ അനേകം കിരീടങ്ങൾ.* എഴുതപ്പെട്ട ഒരു പേരും അദ്ദേഹത്തിനുണ്ട്; എന്നാൽ അദ്ദേഹത്തിനല്ലാതെ വേറെ ആർക്കും അത് അറിഞ്ഞുകൂടാ.
13 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ രക്തക്കറ പറ്റിയിരുന്നു.* ദൈവവചനം+ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
14 സ്വർഗത്തിലെ സൈന്യം ശുദ്ധമായ, മേന്മയേറിയ, വെളുത്ത ലിനൻവസ്ത്രങ്ങൾ ധരിച്ച് വെള്ളക്കുതിരപ്പുറത്ത് അദ്ദേഹത്തെ അനുഗമിക്കുന്നു.
15 ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്ന് നീണ്ടുനിന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്+ അവരെ മേയ്‌ക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ മുന്തിരിച്ചക്ക്+ അദ്ദേഹം ചവിട്ടും.
16 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ, അതെ അദ്ദേഹത്തിന്റെ തുടയിൽ, രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ എന്നൊരു പേര് എഴുതിയിരുന്നു.
17 ഒരു ദൈവദൂതൻ സൂര്യനിൽ നിൽക്കുന്നതും ഞാൻ കണ്ടു. ആകാശത്ത്* പറക്കുന്ന പക്ഷികളോടെല്ലാം ദൂതൻ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “ദൈവത്തിന്റെ വലിയ അത്താഴവിരുന്നിനു വന്നുകൂടുക!+
18 രാജാക്കന്മാരുടെയും സൈന്യാധിപന്മാരുടെയും ശക്തന്മാരുടെയും+ കുതിരകളുടെയും കുതിരപ്പുറത്ത് ഇരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരും ആയ എല്ലാവരുടെയും മാംസം തിന്നാൻ+ വന്നുകൂടുക.”
19 കുതിരപ്പുറത്ത് ഇരിക്കുന്നവനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ കാട്ടുമൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒരുമിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു.+
20 എന്നാൽ കാട്ടുമൃഗത്തെ പിടിച്ച് ഗന്ധകം* കത്തുന്ന തീത്തടാകത്തിലേക്കു ജീവനോടെ എറിഞ്ഞു.+ കൂടാതെ, അതിന്റെ മുന്നിൽ അടയാളങ്ങൾ കാണിച്ച് ആളുകളെ വഴിതെറ്റിച്ച, കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുകയും+ അതിന്റെ പ്രതിമയെ ആരാധിക്കുകയും+ ചെയ്തവരെ വഴിതെറ്റിച്ച, കള്ളപ്രവാചകനെയും+ ജീവനോടെ അവിടേക്ക് എറിഞ്ഞു.
21 ബാക്കിയുള്ളവർ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്ന് പുറപ്പെട്ട നീണ്ട വാളിന് ഇരയായി.+ പക്ഷികളെല്ലാം മതിയാകുവോളം അവരുടെ മാംസം തിന്നു.+
അടിക്കുറിപ്പുകള്‍
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അക്ഷ. “രാജമുടികൾ.” രാജാവ് തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്.
^ മറ്റൊരു സാധ്യത “രക്തം തളിച്ചിരുന്നു.”
^ അഥവാ “മധ്യാകാശത്ത്; തലയ്‌ക്കു മുകളിലൂടെ.”
^ അതായത്, സൾഫർ.