യോഹന്നാനു ലഭിച്ച വെളിപാട് 22:1-21
22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട്
2 പ്രധാനവീഥിക്കു നടുവിലൂടെ ഒഴുകുന്നു. വർഷത്തിൽ 12 പ്രാവശ്യം വിളവ് തരുന്ന ജീവവൃക്ഷങ്ങൾ നദിയുടെ രണ്ടു വശത്തുമുണ്ടായിരുന്നു. അവ മാസംതോറും ഫലം ഉത്പാദിപ്പിക്കുന്നു. അവയുടെ ഇലകൾ ജനതകളെ സുഖപ്പെടുത്താനുള്ളതാണ്.+
3 ഇനി ഒരു ശാപവും അവിടെയുണ്ടാകില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം+ നഗരത്തിലുണ്ടായിരിക്കും. ദൈവത്തിന്റെ അടിമകൾ ദൈവത്തെ സേവിക്കും.*
4 അവർ ദൈവത്തിന്റെ മുഖം കാണും.+ അവരുടെ നെറ്റിയിൽ ദൈവത്തിന്റെ പേരുണ്ടായിരിക്കും.+
5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+
6 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “ഈ വാക്കുകൾ സത്യമാണ്,+ ഇവ വിശ്വസിക്കാം.* പ്രവാചകന്മാരിലൂടെ സംസാരിച്ച*+ ദൈവമായ യഹോവ,* ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കാൻവേണ്ടി സ്വന്തം ദൂതനെ അയച്ചിരിക്കുന്നു.
7 ഇതാ, ഞാൻ വേഗം വരുന്നു!+ ഈ ചുരുളിൽ കാണുന്ന പ്രവചനത്തിലെ വാക്കുകൾ അനുസരിക്കുന്നവരെല്ലാം സന്തുഷ്ടർ.”+
8 യോഹന്നാൻ എന്ന ഞാനാണ് ഇക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത്. ഇവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ ആ ദൂതന്റെ കാൽക്കൽ വീണു.
9 എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്! ദൈവത്തെയാണ് ആരാധിക്കേണ്ടത്. നിന്റെയും പ്രവാചകന്മാരായ നിന്റെ സഹോദരന്മാരുടെയും ഈ ചുരുളിലെ വാക്കുകൾ അനുസരിക്കുന്നവരുടെയും സഹയടിമ മാത്രമാണു ഞാൻ.”+
10 ദൂതൻ പിന്നെയും എന്നോടു പറഞ്ഞു: “ഈ ചുരുളിലെ പ്രവചനങ്ങൾക്കു മുദ്രയിടരുത്. കാരണം നിശ്ചയിച്ച സമയം അടുത്തിരിക്കുന്നു.
11 അനീതി ചെയ്യുന്നവൻ അനീതിതന്നെ ചെയ്യട്ടെ. വഷളത്തം ചെയ്യുന്നവൻ അവന്റെ വഷളത്തത്തിൽത്തന്നെ കഴിയട്ടെ. എന്നാൽ നീതിമാൻ തുടർന്നും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ വിശുദ്ധിയിൽ തുടരട്ടെ.
12 “‘ഇതാ, പ്രതിഫലവുമായി ഞാൻ വേഗം വരുന്നു. ഓരോരുത്തർക്കും അവരുടെ പ്രവൃത്തിക്കനുസരിച്ച് ഞാൻ പ്രതിഫലം കൊടുക്കും.+
13 ഞാനാണ് ആൽഫയും ഒമേഗയും;*+ ആദ്യത്തവനും അവസാനത്തവനും; തുടക്കവും ഒടുക്കവും.
14 തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നവർ+ സന്തുഷ്ടർ. അവർക്കു ജീവവൃക്ഷങ്ങളുടെ ഫലം+ തിന്നാൻ അധികാരം ലഭിക്കും; കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും+ അവർക്കു കഴിയും.
15 നായ്‌ക്കളും* ഭൂതവിദ്യയിൽ ഏർപ്പെടുന്നവരും അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരും കൊലപാതകികളും വിഗ്രഹാരാധകരും വഞ്ചന കാണിക്കുകയും വഞ്ചനയെ സ്‌നേഹിക്കുകയും* ചെയ്യുന്നവരും നഗരത്തിനു പുറത്തായിരിക്കും.’+
16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”
17 ദൈവാത്മാവും മണവാട്ടിയും+ “വരൂ” എന്നു പറയുന്നു. അതു കേൾക്കുന്നവനും “വരൂ” എന്നു പറയട്ടെ. ദാഹിക്കുന്ന എല്ലാവരും വരട്ടെ.+ ആഗ്രഹിക്കുന്ന എല്ലാവരും ജീവജലം സൗജന്യമായി വാങ്ങട്ടെ.+
18 “ഈ ചുരുളിലെ പ്രവചനങ്ങൾ കേൾക്കുന്ന എല്ലാവരോടുമായി ഞാൻ പ്രഖ്യാപിക്കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ+ ഈ ചുരുളിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അയാൾക്കു വരുത്തും.+
19 ആരെങ്കിലും ഈ പ്രവചനത്തിന്റെ ചുരുളിലെ ഏതെങ്കിലും വാക്കുകൾ എടുത്തുകളഞ്ഞാൽ ഈ ചുരുളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ അവനുള്ള ഓഹരി, അതായത് ജീവവൃക്ഷങ്ങളിലും+ വിശുദ്ധനഗരത്തിലും+ ഉള്ള ഓഹരി, ദൈവം എടുത്തുകളയും.
20 “ഈ കാര്യങ്ങൾ പ്രഖ്യാപിക്കുന്നവൻ, ‘അതെ, ഞാൻ വേഗം വരുകയാണ്’+ എന്നു പറയുന്നു.”
“ആമേൻ! കർത്താവായ യേശുവേ, വരേണമേ.”
21 കർത്താവായ യേശുവിന്റെ അനർഹദയ വിശുദ്ധരുടെകൂടെയുണ്ടായിരിക്കട്ടെ!
അടിക്കുറിപ്പുകള്‍
^ അക്ഷ. “അവനു വിശുദ്ധസേവനം ചെയ്യും.”
^ അഥവാ “ആശ്രയയോഗ്യമാണ്.”
^ അഥവാ “പ്രവാചകന്മാരെ പ്രചോദിപ്പിച്ച.”
^ ഗ്രീക്ക് ഭാഷയിൽ, അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആൽഫ. അവസാനത്തെ അക്ഷരമാണ് ഒമേഗ.
^ അതായത്, ദൈവമുമ്പാകെ മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യുന്നവർ.
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ അഥവാ “നുണ പറയുകയും നുണയെ സ്‌നേഹിക്കുകയും.”