യോഹന്നാനു ലഭിച്ച വെളിപാട് 4:1-11
4 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, സ്വർഗത്തിൽ ഒരു തുറന്ന വാതിൽ! ഞാൻ ആദ്യം കാഹളനാദംപോലുള്ള ഒരു ശബ്ദം കേട്ടു. അത് എന്നോടു പറഞ്ഞു: “ഇങ്ങോട്ടു കയറിവരൂ. സംഭവിക്കാനുള്ള കാര്യങ്ങൾ ഞാൻ നിനക്കു കാണിച്ചുതരാം.”
2 ഉടനെ ഞാൻ ദൈവാത്മാവിന്റെ നിയന്ത്രണത്തിലായി. അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ആരോ ഇരിക്കുന്നു.+
3 ആ വ്യക്തി കാഴ്ചയ്ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പുരത്നവും പോലെയായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുണ്ടായിരുന്നു.+
4 സിംഹാസനത്തിനു ചുറ്റും വേറെ 24 സിംഹാസനങ്ങൾ; അവയിൽ ഇരിക്കുന്ന 24 മൂപ്പന്മാരെയും*+ ഞാൻ കണ്ടു; അവർ വെള്ളവസ്ത്രവും തലയിൽ സ്വർണകിരീടവും ധരിച്ചിട്ടുണ്ടായിരുന്നു.
5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും+ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും+ വന്നുകൊണ്ടിരുന്നു; സിംഹാസനത്തിനു മുന്നിൽ ജ്വലിക്കുന്ന ഏഴു വിളക്കുകൾ; ഇവ ദൈവത്തിന്റെ ഏഴ് ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു.
6 സിംഹാസനത്തിനു മുന്നിൽ പളുങ്കുപോലെ ഒരു കണ്ണാടിക്കടൽ.+
സിംഹാസനത്തിന്റെ നടുഭാഗത്ത്* ചുറ്റിലുമായി നാലു ജീവികൾ;+ അവയ്‌ക്കു മുന്നിലും പിന്നിലും നിറയെ കണ്ണുകൾ.
7 ഒന്നാമത്തെ ജീവി സിംഹത്തെപ്പോലിരുന്നു;+ രണ്ടാം ജീവി കാളയെപ്പോലെ;+ മൂന്നാം ജീവി+ മനുഷ്യമുഖമുള്ളത്; നാലാം ജീവി+ പറക്കുന്ന കഴുകനെപ്പോലെ.+
8 നാലു ജീവികളിൽ ഓരോന്നിനും ആറു ചിറകുണ്ടായിരുന്നു. അവയുടെ ചുറ്റിലും അകത്തും നിറയെ കണ്ണുകളുണ്ടായിരുന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും+ ആയ സർവശക്തനാം ദൈവമായ യഹോവ* പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”+ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ടിരുന്നു.
9 എന്നുമെന്നേക്കും+ ജീവിക്കുന്നവനും സിംഹാസനത്തിൽ ഇരിക്കുന്നവനും ആയ ദൈവത്തിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും നന്ദിയും നൽകുമ്പോഴൊക്കെ
10 24 മൂപ്പന്മാർ+ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പാകെ കുമ്പിട്ട് എന്നുമെന്നേക്കും ജീവിക്കുന്നവനെ ആരാധിക്കുകയും അവരുടെ കിരീടങ്ങൾ സിംഹാസനത്തിനു മുന്നിൽ ഇട്ടുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്‌തു:
11 “ഞങ്ങളുടെ ദൈവമായ യഹോവേ,* മഹത്ത്വവും+ ബഹുമാനവും+ ശക്തിയും+ ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്;+ അങ്ങയുടെ ഇഷ്ടപ്രകാരമാണ് എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.”
അടിക്കുറിപ്പുകള്‍
^ അഥവാ “നടുഭാഗത്ത് സിംഹാസനത്തിന് അടുത്തും.”