യോഹന്നാനു ലഭിച്ച വെളിപാട് 8:1-13
8 കുഞ്ഞാട്+ ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ സ്വർഗം അര മണിക്കൂറോളം നിശ്ശബ്ദമായി.
2 ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ+ ഞാൻ കണ്ടു. അവർക്ക് ഏഴു കാഹളം ലഭിച്ചു.
3 സുഗന്ധക്കൂട്ടു കത്തിക്കുന്ന ഒരു സ്വർണപാത്രവുമായി മറ്റൊരു ദൂതൻ യാഗപീഠത്തിന്+ അടുത്ത് വന്നുനിന്നു. വിശുദ്ധർ പ്രാർഥിക്കുന്ന സമയത്ത്, സിംഹാസനത്തിനു മുന്നിലുള്ള സ്വർണയാഗപീഠത്തിൽ+ സുഗന്ധക്കൂട്ട് അർപ്പിക്കാൻ ആ ദൂതനു കുറെ സുഗന്ധക്കൂട്ടു+ ലഭിച്ചു.
4 ദൂതന്റെ കൈയിൽനിന്ന് സുഗന്ധക്കൂട്ടിന്റെ പുക ദൈവസന്നിധിയിൽ, വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം+ ഉയർന്നു.
5 ദൂതൻ ഉടനെ സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം എടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കങ്ങളും ശബ്ദങ്ങളും മിന്നൽപ്പിണരുകളും+ ഭൂകമ്പവും ഉണ്ടായി.
6 കാഹളം ഏന്തിയ ഏഴു ദൂതന്മാർ കാഹളം ഊതാൻ+ ഒരുങ്ങിനിന്നു.
7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന ആലിപ്പഴവും തീയും ഭൂമിയുടെ മേൽ പതിച്ചു.+ ഭൂമിയുടെ മൂന്നിലൊന്നു കത്തിപ്പോയി. മരങ്ങളിൽ മൂന്നിലൊന്നും എല്ലാ സസ്യങ്ങളും കത്തിപ്പോയി.+
8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ കത്തുന്ന കൂറ്റൻ പർവതംപോലെ എന്തോ ഒന്നു സമുദ്രത്തിൽ+ വന്നുവീണു. സമുദ്രത്തിന്റെ മൂന്നിലൊന്നു രക്തമായിത്തീർന്നു.+
9 സമുദ്രത്തിലെ മൂന്നിലൊന്നു ജീവികൾ ചത്തുപോയി.+ കപ്പലുകളിൽ മൂന്നിലൊന്നു തകർന്നു.
10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വിളക്കുപോലെ പ്രകാശിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് വീണു. അതു നദികളിൽ മൂന്നിലൊന്നിലും ഉറവകളിലും പതിച്ചു.+
11 ആ നക്ഷത്രത്തിന്റെ പേര് കാഞ്ഞിരം എന്നാണ്. അങ്ങനെ വെള്ളത്തിന്റെ മൂന്നിലൊന്നു കാഞ്ഞിരംപോലെയായി. വെള്ളം കയ്‌പായിത്തീർന്നതുകൊണ്ട്+ കുറെ ആളുകൾ മരിച്ചുപോയി.
12 നാലാമത്തെ ദൂതൻ കാഹളം ഊതി. സൂര്യന്റെ മൂന്നിലൊന്നിനും ചന്ദ്രന്റെ മൂന്നിലൊന്നിനും നക്ഷത്രങ്ങളുടെ മൂന്നിലൊന്നിനും ആഘാതമേറ്റു.+ അങ്ങനെ അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി.+ പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്നു വെളിച്ചമില്ലാതായി.
13 പിന്നെ ഞാൻ നോക്കിയപ്പോൾ ആകാശത്ത്* ഒരു കഴുകൻ പറക്കുന്നതു കണ്ടു. അത് ഇങ്ങനെ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു: “ഇനി കാഹളം+ ഊതാൻ തയ്യാറായിനിൽക്കുന്ന മൂന്നു ദൂതന്മാർ കാഹളം മുഴക്കുമ്പോൾ ഭൂവാസികൾക്കു കഷ്ടത! കഷ്ടത! കഷ്ടത!”+
അടിക്കുറിപ്പുകള്‍
^ അഥവാ “മധ്യാകാശത്ത്.”