സംഖ്യ 10:1-36
10 പിന്നെ യഹോവ മോശയോടു പറഞ്ഞു:
2 “അടിച്ചുപരത്തിയ വെള്ളികൊണ്ട് നിങ്ങൾക്കുവേണ്ടി രണ്ടു കാഹളം+ ഉണ്ടാക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയമഴിച്ച് പുറപ്പെടാനുള്ള അറിയിപ്പു നൽകാനും വേണ്ടി അവ ഉപയോഗിക്കണം.
3 അവ രണ്ടും ഊതുമ്പോൾ സമൂഹം മുഴുവൻ നിന്റെ മുന്നിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൂടിവരണം.+
4 അവയിലൊരെണ്ണം മാത്രമാണ് ഊതുന്നതെങ്കിൽ ഇസ്രായേല്യരുടെ സഹസ്രങ്ങൾക്ക് അധിപന്മാരായ തലവന്മാർ മാത്രം നിന്റെ അടുത്ത് ഒന്നിച്ചുകൂടണം.+
5 “നിങ്ങൾ ശബ്ദവ്യതിയാനം വരുത്തി കാഹളം മുഴക്കുമ്പോൾ കിഴക്ക് പാളയമടിച്ചിരിക്കുന്നവർ+ പുറപ്പെടണം.
6 രണ്ടാം തവണ ശബ്ദവ്യതിയാനത്തോടെ കാഹളം മുഴക്കുമ്പോൾ തെക്ക് പാളയമടിച്ചിരിക്കുന്നവർ+ പുറപ്പെടണം. ഇങ്ങനെ, അവരിൽ ഓരോരുത്തരും പുറപ്പെടേണ്ടതുള്ളപ്പോൾ ഈ വിധത്തിൽ കാഹളം മുഴക്കണം.
7 “സഭയെ കൂട്ടിവരുത്തേണ്ടതുള്ളപ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം.+ എന്നാൽ അവ ശബ്ദവ്യതിയാനത്തോടെ ഊതരുത്.
8 അഹരോന്റെ മക്കളായ പുരോഹിതന്മാരാണു കാഹളങ്ങൾ ഊതേണ്ടത്.+ അവയുടെ ഉപയോഗം നിങ്ങൾക്കു തലമുറകളിലെല്ലാം നിലനിൽക്കുന്ന, ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
9 “നിങ്ങളെ കഷ്ടപ്പെടുത്തുന്ന ശത്രുവിന് എതിരെ നിങ്ങളുടെ ദേശത്ത് യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾ കാഹളങ്ങൾകൊണ്ട് യുദ്ധാഹ്വാനം മുഴക്കണം.+ നിങ്ങളുടെ ദൈവമായ യഹോവ അപ്പോൾ നിങ്ങളെ ഓർക്കുകയും ശത്രുക്കളുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
10 “കൂടാതെ നിങ്ങളുടെ ഉത്സവങ്ങൾ,+ മാസങ്ങളുടെ ആരംഭം എന്നീ ആഹ്ലാദവേളകളിൽ+ ദഹനയാഗങ്ങൾ,+ സഹഭോജനബലികൾ+ എന്നിവ അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അപ്പോൾ നിങ്ങളുടെ ദൈവം നിങ്ങളെ ഓർക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.”+
11 രണ്ടാം വർഷം രണ്ടാം മാസം 20-ാം ദിവസം+ മേഘം സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനു മുകളിൽനിന്ന് ഉയർന്നു.+
12 അപ്പോൾ, പോകേണ്ട ക്രമമനുസരിച്ച് ഇസ്രായേല്യർ സീനായ് വിജനഭൂമിയിൽനിന്ന് പുറപ്പെട്ടു.+ മേഘം പിന്നീട്, പാരാൻ വിജനഭൂമിയിൽ നിന്നു.+
13 അവർ മോശയിലൂടെ യഹോവ നൽകിയ ആജ്ഞയനുസരിച്ച്+ പുറപ്പെടുന്നത് ഇത് ആദ്യമായിട്ടായിരുന്നു.
14 അങ്ങനെ, യഹൂദയുടെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
15 യിസ്സാഖാർ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നതു സൂവാരിന്റെ മകൻ നെഥനയേലായിരുന്നു.+
16 ഹേലോന്റെ മകൻ എലിയാബാണു+ സെബുലൂൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
17 വിശുദ്ധകൂടാരം അഴിച്ചെടുത്തശേഷം+ അതു ചുമന്നുകൊണ്ട് ഗർശോന്റെ വംശജരും+ മെരാരിയുടെ വംശജരും+ പുറപ്പെട്ടു.
18 അതിനു ശേഷം, രൂബേൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. ശെദേയൂരിന്റെ മകൻ എലീസൂരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
19 ശിമെയോൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നതു സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലായിരുന്നു.+
20 ദയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദ് ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
21 അതിനു ശേഷമാണു വിശുദ്ധമന്ദിരത്തിലെ വസ്തുക്കൾ ചുമന്നുകൊണ്ട് കൊഹാത്യർ പുറപ്പെട്ടത്.+ അവർ എത്തുമ്പോഴേക്കും വിശുദ്ധകൂടാരം സ്ഥാപിക്കണമായിരുന്നു.
22 തുടർന്ന് എഫ്രയീമിന്റെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
23 മനശ്ശെ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നതു പെദാസൂരിന്റെ മകൻ ഗമാലിയേലായിരുന്നു.+
24 ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
25 അതിനു ശേഷം, എല്ലാ പാളയങ്ങളുടെയും പിൻപടയായി* ദാന്റെ വംശജരുടെ മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
26 ആശേർ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത് ഒക്രാന്റെ മകൻ പഗീയേലായിരുന്നു.+
27 എനാന്റെ മകൻ അഹീരയാണു+ നഫ്താലി ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
28 യാത്ര പുറപ്പെടുമ്പോൾ ഈ ക്രമമാണ് ഇസ്രായേല്യരും അവരുടെ ഗണങ്ങളും* പിൻപറ്റിയിരുന്നത്.+
29 പിന്നീട് മോശ തന്റെ മിദ്യാന്യനായ അമ്മായിയപ്പൻ രയൂവേലിന്റെ*+ മകനായ ഹോബാബിനോടു പറഞ്ഞു: “യഹോവ ഞങ്ങളോട്, ‘ഞാൻ അതു നിങ്ങൾക്കു തരും’+ എന്നു പറഞ്ഞ സ്ഥലത്തേക്കു ഞങ്ങൾ ഇതാ പുറപ്പെടുന്നു. ഞങ്ങളോടൊപ്പം വരുക,+ ഞങ്ങൾ നിനക്കു നന്മ ചെയ്യും. കാരണം ഇസ്രായേലിനു നന്മ വരുത്തുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്.”+
30 പക്ഷേ ഹോബാബ് മോശയോടു പറഞ്ഞു: “ഞാൻ വരില്ല, ഞാൻ എന്റെ ദേശത്തേക്കും എന്റെ ബന്ധുക്കളുടെ അടുത്തേക്കും തിരിച്ചുപോകുകയാണ്.”
31 അപ്പോൾ മോശ പറഞ്ഞു: “ദയവുചെയ്ത് ഞങ്ങളെ വിട്ട് പോകരുതേ! വിജനഭൂമിയിൽ എവിടെ പാളയമടിക്കണമെന്ന് അറിയാവുന്നതു നിനക്കാണ്. നീ ഞങ്ങളുടെ വഴികാട്ടിയായിരിക്കും.*
32 നീ ഞങ്ങളോടൊപ്പം വരുകയാണെങ്കിൽ+ യഹോവ ഞങ്ങൾക്കു തരുന്ന അനുഗ്രഹങ്ങളിലെല്ലാം ഞങ്ങൾ നിനക്കു പങ്കു തരും.”
33 അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് പുറപ്പെട്ട്+ മൂന്നു ദിവസത്തെ ഒരു യാത്ര ആരംഭിച്ചു. ആ യാത്രയിൽ യഹോവയുടെ ഉടമ്പടിപ്പെട്ടകം+ അവർക്ക് ഒരു വിശ്രമസ്ഥലം അന്വേഷിച്ച് അവർക്കു മുന്നിൽ സഞ്ചരിച്ചു.+
34 അവർ പാളയമഴിച്ച് പുറപ്പെട്ടതുമുതൽ പകൽസമയത്ത് യഹോവയുടെ മേഘം+ അവർക്കു മുകളിലുണ്ടായിരുന്നു.
35 പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇങ്ങനെ പറയുമായിരുന്നു: “യഹോവേ, എഴുന്നേൽക്കേണമേ.+ അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ. അങ്ങയെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
36 അത് എവിടെയെങ്കിലും വെക്കുമ്പോൾ മോശ പറയും: “യഹോവേ, എണ്ണിക്കൂടാത്ത വിധം അനേകായിരമായ ഇസ്രായേല്യരുടെ+ ഇടയിലേക്കു മടങ്ങിവരേണമേ.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “സൈന്യമനുസരിച്ച്.”
^ അക്ഷ. “സൈന്യമനുസരിച്ച്.”
^ അക്ഷ. “സൈന്യമനുസരിച്ച്.”
^ പിന്നിൽനിന്നുള്ള ആക്രമണത്തെ ചെറുക്കുന്നവരാണു “പിൻപട.”
^ അക്ഷ. “സൈന്യമനുസരിച്ച്.”
^ അക്ഷ. “ഇസ്രായേല്യർ അവരുടെ സൈന്യമനുസരിച്ച്.”
^ അതായത്, യിത്രൊയുടെ.
^ അഥവാ “കണ്ണായിരിക്കും.”