സംഖ്യ 11:1-35
11 പിന്നീട് യഹോവയുടെ മുമ്പാകെ ജനം വല്ലാതെ പിറുപിറുക്കാൻതുടങ്ങി. അതു കേട്ടപ്പോൾ യഹോവയുടെ കോപം ആളിക്കത്തി. അവർക്കു നേരെ യഹോവയിൽനിന്ന് തീ പുറപ്പെട്ട് പാളയത്തിന്റെ അതിർത്തികളിലുള്ള ചിലരെ ദഹിപ്പിച്ചു.
2 എന്നാൽ ജനം മോശയോടു നിലവിളിച്ചപ്പോൾ മോശ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു;+ തീ കെട്ടടങ്ങി.
3 അവർക്കെതിരെ യഹോവയിൽനിന്ന് തീ ജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു തബേര* എന്നു പേര് കിട്ടി.+
4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+
5 ഈജിപ്‌തിൽവെച്ച് ഞങ്ങൾ വില കൊടുക്കാതെ തിന്നുകൊണ്ടിരുന്ന മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയെക്കുറിച്ചൊക്കെ ഓർക്കുമ്പോൾത്തന്നെ കൊതിയാകുന്നു!+
6 പക്ഷേ ഇപ്പോൾ ഇതാ, ഞങ്ങൾ ഇവിടെ കിടന്ന് മുടിയുന്നു. ഈ മന്നയല്ലാതെ+ വേറെയൊന്നും ഇവിടെ കാണാനില്ല.”
7 എന്നാൽ മന്ന+ കാഴ്ചയ്ക്കു കൊത്തമല്ലിപോലെയും+ സുഗന്ധപ്പശപോലെയും* ആയിരുന്നു.
8 ജനം നാലുപാടും നടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചെടുക്കും, അല്ലെങ്കിൽ ഉരലിലിട്ട് ഇടിച്ചെടുക്കും. എന്നിട്ട് അവർ അതു കലത്തിലിട്ട് വേവിക്കുകയോ അത് ഉപയോഗിച്ച് വട്ടത്തിലുള്ള അപ്പം ഉണ്ടാക്കുകയോ ചെയ്യും.+ എണ്ണ ചേർത്ത, മധുരമുള്ള അടയുടെ രുചിയായിരുന്നു അതിന്.
9 പാളയത്തിൽ രാത്രി മഞ്ഞു പെയ്യുമ്പോൾ അതോടൊപ്പം മന്നയും പൊഴിയുമായിരുന്നു.+
10 ഓരോരുത്തനും കുടുംബത്തോടൊപ്പം കൂടാരത്തിന്റെ വാതിൽക്കൽ ഇരുന്ന് കരയുന്നതു മോശ കേട്ടു. അപ്പോൾ യഹോവയുടെ കോപം ആളിക്കത്തി,+ മോശയ്ക്കും അത് ഇഷ്ടമായില്ല.
11 മോശ യഹോവയോടു പറഞ്ഞു: “അങ്ങ് ഈ ദാസനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഈ ജനത്തിന്റെ മുഴുവൻ ഭാരം അടിയന്റെ മേൽ വെച്ചത് എന്തിന്?+ അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നാത്തത് എന്താണ്?
12 ഞാനാണോ ഈ ജനത്തെ വയറ്റിൽ ചുമന്നത്? ‘മുല കുടിക്കുന്ന കുഞ്ഞിനെ ഒരാൾ പരിപാലിക്കുന്നതുപോലെ നീ അവരെ എടുത്തുകൊണ്ട് നടക്ക്’ എന്നു പറയാനും അവരുടെ പൂർവികർക്കു കൊടുക്കുമെന്ന് അങ്ങ് സത്യം ചെയ്‌ത ദേശത്തേക്ക്+ അവരെ ചുമന്നുകൊണ്ടുപോകണമെന്ന് എന്നോട് ആവശ്യപ്പെടാനും ഞാനാണോ അവരെ പ്രസവിച്ചത്?
13 ഇക്കാണുന്ന ജനത്തിനെല്ലാം ഞാൻ എവിടെനിന്ന് ഇറച്ചി കൊടുക്കും? ‘ഞങ്ങൾക്കു തിന്നാൻ ഇറച്ചി തരൂ!’ എന്ന് അവർ എന്നോടു കരഞ്ഞുപറയുന്നല്ലോ.
14 എനിക്ക് ഒറ്റയ്‌ക്ക് ഈ ജനത്തെ ചുമക്കാൻ കഴിയില്ല. ഇത് എനിക്കു താങ്ങാവുന്നതിലും അധികമാണ്.+
15 ഇനിയും എന്നോട് ഇങ്ങനെതന്നെ ചെയ്യാനാണ് അങ്ങ് ഉദ്ദേശിക്കുന്നതെങ്കിൽ എന്നെ ഇപ്പോൾത്തന്നെ കൊന്നുകളഞ്ഞേക്കൂ.+ അങ്ങയ്‌ക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ മറ്റൊരു ദുരന്തംകൂടി കാണാൻ ഇടവരുത്തരുതേ.”
16 യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേലിലെ മൂപ്പന്മാർക്കിടയിൽനിന്ന്* ജനത്തിന്റെ മൂപ്പന്മാരും അധികാരികളും+ ആയി നീ അംഗീകരിക്കുന്ന* 70 പേരെ എനിക്കുവേണ്ടി കൂട്ടിവരുത്തുക. അവരെ സാന്നിധ്യകൂടാരത്തിൽ കൊണ്ടുവന്ന് നിന്നോടൊപ്പം നിറുത്തണം.
17 ഞാൻ അവിടേക്ക് ഇറങ്ങിവന്ന്+ നിന്നോടു സംസാരിക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച് എടുത്ത്+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായിക്കും, നീ അത് ഒറ്റയ്‌ക്കു ചുമക്കേണ്ടിവരില്ല.+
18 ജനത്തോടു നീ ഇങ്ങനെ പറയണം: ‘നാളത്തേക്കായി നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക.+ നാളെ നിങ്ങൾ ഉറപ്പായും ഇറച്ചി തിന്നും. “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും? ഈജിപ്തിലായിരുന്നപ്പോൾ എത്ര നല്ലതായിരുന്നു!”+ എന്നു പറഞ്ഞ് യഹോവ കേൾക്കെ+ നിങ്ങൾ കരഞ്ഞല്ലോ. യഹോവ നിങ്ങൾക്ക് ഇറച്ചി തരും, നിങ്ങൾ തിന്നുകയും ചെയ്യും.+
19 ഒരു ദിവസമല്ല, 2 ദിവസമല്ല, 5 ദിവസമല്ല, 10 ദിവസമല്ല, 20 ദിവസവുമല്ല,
20 ഒരു മാസം മുഴുവൻ നിങ്ങൾ തിന്നും. അതു നിങ്ങളുടെ മൂക്കിലൂടെ പുറത്ത് വന്ന് നിങ്ങൾക്ക് അറപ്പായിത്തീരുന്നതുവരെ നിങ്ങൾ തിന്നും.+ കാരണം നിങ്ങൾ നിങ്ങൾക്കിടയിലുള്ള യഹോവയെ തള്ളിക്കളയുകയും “ഞങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നത് എന്തിന്”+ എന്നു പറഞ്ഞ് ദൈവത്തിന്റെ മുമ്പാകെ കരയുകയും ചെയ്തല്ലോ.’”
21 അപ്പോൾ മോശ പറഞ്ഞു: “എന്നോടൊപ്പമുള്ള ഈ ജനത്തിൽ യോദ്ധാക്കൾതന്നെ 6,00,000 പേരുണ്ട്.+ എന്നിട്ടും, ‘ഞാൻ അവർക്ക് ഇറച്ചി കൊടുക്കും, ഒരു മാസം മുഴുവൻ അവർ ഇഷ്ടംപോലെ തിന്നും’ എന്ന് അങ്ങ് പറയുന്നു!
22 ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും മുഴുവൻ അറുത്താലും അവർക്കു മതിയാകുമോ? അല്ല, സമുദ്രത്തിലുള്ള മീനിനെ മുഴുവൻ പിടിച്ചാലും അവർക്കു തികയുമോ?”
23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ അത്ര ചെറുതാണോ?+ ഞാൻ പറയുന്നതു സംഭവിക്കുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”
24 മോശ പുറത്ത് ചെന്ന് യഹോവയുടെ വാക്കുകൾ ജനത്തെ അറിയിച്ചു. തുടർന്ന് മോശ ജനത്തിലെ മൂപ്പന്മാരിൽനിന്ന് 70 പേരെ കൂട്ടിവരുത്തി കൂടാരത്തിനു ചുറ്റും നിറുത്തി.+
25 യഹോവ ഒരു മേഘത്തിൽ ഇറങ്ങിവന്ന്+ മോശയോടു സംസാരിച്ചു.+ ദൈവം മോശയുടെ മേലുണ്ടായിരുന്ന ദൈവാത്മാവിൽ കുറച്ച് എടുത്ത്+ 70 മൂപ്പന്മാരിൽ ഓരോരുത്തരുടെയും മേൽ പകർന്നു. ദൈവാത്മാവ് അവരുടെ മേൽ വന്ന ഉടനെ അവർ പ്രവാചകന്മാരെപ്പോലെ പെരുമാറി.*+ പക്ഷേ പിന്നീട് ഒരിക്കലും അവർ അങ്ങനെ ചെയ്‌തില്ല.
26 എന്നാൽ ആ പുരുഷന്മാരിൽ എൽദാദ്, മേദാദ് എന്നീ രണ്ടു പേർ അപ്പോഴും പാളയത്തിൽത്തന്നെയായിരുന്നു. അവർ മറ്റുള്ളവരോടൊപ്പം കൂടാരത്തിന്റെ അടുത്തേക്കു പോയില്ലായിരുന്നെങ്കിലും പേര് എഴുതപ്പെട്ടവരുടെ കൂട്ടത്തിൽ അവരുമുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ മേലും ദൈവാത്മാവ് വന്നു. അവർ പാളയത്തിൽവെച്ച് പ്രവാചകന്മാരെപ്പോലെ പെരുമാറി.
27 അപ്പോൾ ഒരു ചെറുപ്പക്കാരൻ ഓടിവന്ന്, “എൽദാദും മേദാദും അതാ പാളയത്തിൽ പ്രവാചകന്മാരെപ്പോലെ പെരുമാറുന്നു!” എന്നു മോശയെ അറിയിച്ചു.
28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+
29 എന്നാൽ മോശ യോശുവയോട്: “എന്നെ ഓർത്ത് നീ അസൂയപ്പെടുകയാണോ? അരുത്! യഹോവയുടെ ജനം മുഴുവൻ പ്രവാചകരാകുകയും യഹോവ അവരുടെ മേൽ തന്റെ ആത്മാവിനെ പകരുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു!”
30 പിന്നീട് മോശ ആ ഇസ്രായേൽമൂപ്പന്മാരോടൊപ്പം പാളയത്തിലേക്കു തിരിച്ചുപോയി.
31 പിന്നെ യഹോവയിൽനിന്ന് ഒരു കാറ്റ് പുറപ്പെട്ട് കടലിൽനിന്ന് കാടപ്പക്ഷികളെ കൊണ്ടുവന്ന് പാളയത്തിലിറക്കി.+ പാളയത്തിന്റെ രണ്ടു വശങ്ങളിലേക്കും ഒരു ദിവസത്തെ വഴിദൂരത്തോളം അവയുണ്ടായിരുന്നു. പാളയത്തിനു ചുറ്റോടുചുറ്റും, നിലത്തുനിന്ന് രണ്ടു മുഴം* ഉയരത്തിൽ അവയുണ്ടായിരുന്നു.
32 അന്നു പകലും രാത്രിയും പിറ്റേന്നു പകലും ജനം ഉറക്കം ഇളച്ചിരുന്ന് കാടപ്പക്ഷികളെ പിടിച്ചു. ഏറ്റവും കുറച്ച് പിടിച്ചവൻപോലും പത്തു ഹോമർ* പിടിച്ചു. അവർ അവയെ പാളയത്തിനു ചുറ്റും നിരത്തിയിട്ടു.
33 എന്നാൽ ഇറച്ചി അവരുടെ പല്ലിന് ഇടയിലിരിക്കെ, അവർ അതു ചവയ്ക്കുന്നതിനു മുമ്പുതന്നെ, ജനത്തിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. വലിയൊരു സംഹാരത്താൽ യഹോവ ജനത്തെ ശിക്ഷിച്ചു.+
34 അത്യാർത്തി കാണിച്ച ജനത്തെ+ അവർ അവിടെ അടക്കം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് അവർ കിബ്രോത്ത്-ഹത്താവ*+ എന്നു പേരിട്ടു.
35 ജനം കിബ്രോത്ത്-ഹത്താവയിൽനിന്ന് ഹസേരോത്തിലേക്കു പുറപ്പെട്ടു. അവർ ഹസേരോത്തിൽ+ താമസിച്ചു.
അടിക്കുറിപ്പുകള്‍
^ അർഥം: “കത്തുന്ന.” അതായത്, ആളിക്കത്തുന്ന തീ.
^ അവർക്കിടയിലുണ്ടായിരുന്ന ഇസ്രായേല്യരല്ലാത്തവരായിരിക്കാനാണു സാധ്യത.
^ മുത്തുപോലുള്ള, സുതാര്യമായ ഒരുതരം പശ.
^ അഥവാ “നിനക്ക് അറിയാവുന്ന.”
^ അഥവാ “പ്രവചിക്കാൻതുടങ്ങി.”
^ അർഥം: “അത്യാർത്തിയുടെ ശ്മശാനം.”