സംഖ്യ 15:1-41
15 പിന്നെ യഹോവ മോശയോടു പറഞ്ഞു:
2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾക്കു താമസിക്കാൻ ഞാൻ തരുന്ന ദേശത്ത്+ ചെന്നശേഷം
3 ആടുമാടുകളിൽനിന്ന് നിങ്ങൾ യഹോവയ്ക്ക് അഗ്നിയിൽ യാഗം അർപ്പിക്കുമ്പോൾ—ദഹനയാഗമോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയോ+ നിങ്ങളുടെ ഉത്സവകാലത്തെ യാഗമോ+ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അർപ്പിക്കുമ്പോൾ+—
4 യാഗം അർപ്പിക്കുന്ന വ്യക്തി ഒരു ഏഫായുടെ* പത്തിലൊന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ+ ഒരു ഹീന്റെ* നാലിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ഒരു ധാന്യയാഗവുംകൂടെ യഹോവയ്ക്ക് അർപ്പിക്കണം.
5 കൂടാതെ, ദഹനയാഗത്തിന്റെയും+ ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയുടെ ബലിയുടെയും കൂടെ ഒരു ഹീന്റെ നാലിലൊന്നു വീഞ്ഞ് പാനീയയാഗമായും അർപ്പിക്കണം.
6 ആൺചെമ്മരിയാടാണെങ്കിൽ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ ഒരു ഹീന്റെ മൂന്നിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും അർപ്പിക്കണം.
7 കൂടാതെ, പാനീയയാഗമായി ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി നിങ്ങൾ അർപ്പിക്കണം.
8 “‘എന്നാൽ ആടുമാടുകളിൽനിന്ന് ഒരു ആണിനെ ദഹനയാഗമായോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയായോ+ സഹഭോജനബലിയായോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ+
9 ആടുമാടുകളിലെ ഈ ആണിനൊപ്പം നിങ്ങൾ ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ അര ഹീൻ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവുംകൂടെ+ അർപ്പിക്കണം.
10 കൂടാതെ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അര ഹീൻ വീഞ്ഞ് അഗ്നിയിലുള്ള യാഗമെന്ന നിലയിൽ പാനീയയാഗമായും+ അർപ്പിക്കണം.
11 കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി, ആൺകോലാട് എന്നിങ്ങനെ ഓരോ മൃഗത്തെ അർപ്പിക്കുമ്പോഴും നിങ്ങൾ ഇങ്ങനെ ചെയ്യണം.
12 നിങ്ങൾ എത്ര മൃഗങ്ങളെ അർപ്പിച്ചാലും, അവയുടെ എണ്ണമനുസരിച്ച്, ഓരോന്നിന്റെയും കാര്യത്തിൽ ഇങ്ങനെതന്നെ ചെയ്യണം.
13 ഇങ്ങനെയാണ് സ്വദേശത്ത് ജനിച്ച ഓരോ ഇസ്രായേല്യനും യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗം അർപ്പിക്കേണ്ടത്.
14 “‘നിങ്ങളുടെകൂടെ താമസിക്കുന്ന ഒരു വിദേശിയോ അനേകം തലമുറകളായി നിങ്ങളുടെകൂടെ താമസിക്കുന്ന ഒരാളോ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗം അർപ്പിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അയാളും ചെയ്യണം.+
15 സഭയിലെ അംഗങ്ങളായ നിങ്ങൾക്കും നിങ്ങളുടെകൂടെ താമസമാക്കിയ വിദേശിക്കും ഒരേ നിയമമായിരിക്കും. ഇതു നിങ്ങളുടെ എല്ലാ തലമുറകളിലേക്കുമുള്ള ഒരു ദീർഘകാലനിയമമാണ്. നിങ്ങളും വിദേശിയും യഹോവയുടെ മുമ്പാകെ ഒരുപോലെയായിരിക്കും.+
16 നിങ്ങൾക്കും നിങ്ങളുടെകൂടെ താമസിക്കുന്ന വിദേശിക്കും ഒരേ നിയമവും ഒരേ ന്യായത്തീർപ്പും ആയിരിക്കണം.’”
17 യഹോവ മോശയോടു തുടർന്നുപറഞ്ഞു:
18 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് എത്തിയശേഷം
19 ആ ദേശത്തെ ഏതു ഭക്ഷണം കഴിക്കുമ്പോഴും+ നിങ്ങൾ യഹോവയ്ക്ക് ഒരു സംഭാവന കൊണ്ടുവരണം.
20 ആദ്യം പൊടിച്ചെടുക്കുന്ന തരിമാവിൽനിന്നുള്ള നിങ്ങളുടെ സംഭാവന+ വളയാകൃതിയിലുള്ള അപ്പമായി കൊണ്ടുവരണം. മെതിക്കളത്തിൽനിന്നുള്ള സംഭാവനപോലെയാണു നിങ്ങൾ അതു സംഭാവന ചെയ്യേണ്ടത്.
21 നിങ്ങൾ തലമുറതോറും ആദ്യഫലമായ തരിമാവിൽനിന്ന് കുറച്ച് എടുത്ത് ഒരു സംഭാവനയായി യഹോവയ്ക്കു നൽകണം.
22 “‘നിങ്ങൾ ഒരു തെറ്റു ചെയ്യുകയും യഹോവ മോശയോടു പറഞ്ഞിട്ടുള്ള കല്പനകൾ,
23 അതായത് മോശയിലൂടെ യഹോവ നിങ്ങളോടു കല്പിച്ചതും യഹോവ കല്പിച്ച അന്നുമുതൽ തലമുറകളിലുടനീളം നിലവിലിരിക്കുന്നതും ആയ കല്പനകൾ, പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്നെന്നു കരുതുക.
24 അത് അറിയാതെ ചെയ്തുപോയതാണെങ്കിൽ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി സമൂഹം മുഴുവനും ഒരു കാളക്കുട്ടിയെ ദഹനയാഗമായി അർപ്പിക്കണം. കീഴ്വഴക്കമനുസരിച്ച് അതിന്റെ ധാന്യയാഗത്തോടും പാനീയയാഗത്തോടും കൂടെ അത് അർപ്പിക്കണം.+ കൂടാതെ പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.+
25 പുരോഹിതൻ ഇസ്രായേല്യരുടെ സമൂഹത്തിനു മുഴുവൻ പാപപരിഹാരം വരുത്തണം. അപ്പോൾ ആ തെറ്റ് അവരോടു ക്ഷമിക്കും.+ കാരണം അവർ അത് അറിയാതെ ചെയ്തതാണ്. കൂടാതെ, തങ്ങളുടെ തെറ്റിനു പരിഹാരമായി അവർ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗവും യഹോവയുടെ മുമ്പാകെ അവരുടെ പാപയാഗവും കൊണ്ടുവരുകയും ചെയ്തു.
26 അറിയാതെ ചെയ്തതായതുകൊണ്ട് ഇസ്രായേല്യരുടെ സമൂഹത്തോടും അവരുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയോടും ആ തെറ്റു ക്ഷമിക്കും.
27 “‘എന്നാൽ, ഒരു വ്യക്തിയാണ് അറിയാതെ ഒരു പാപം ചെയ്യുന്നതെങ്കിൽ അയാൾ ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു പെൺകോലാടിനെ പാപയാഗമായി അർപ്പിക്കണം.+
28 യഹോവയുടെ മുമ്പാകെ അയാൾ അറിയാതെ ചെയ്തുപോയ പാപത്തിനു പ്രായശ്ചിത്തമായി പുരോഹിതൻ അയാൾക്കു പാപപരിഹാരം വരുത്തണം. അപ്പോൾ അത് അയാളോടു ക്ഷമിക്കും.+
29 അറിയാതെ ചെയ്തുപോയ തെറ്റിന്, സ്വദേശത്ത് ജനിച്ച ഇസ്രായേല്യർക്കും അവർക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും ഒരേ നിയമമായിരിക്കണം.+
30 “‘എന്നാൽ മനഃപൂർവം എന്തെങ്കിലും ചെയ്യുന്ന ഒരു വ്യക്തി, + അയാൾ സ്വദേശിയോ വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, യഹോവയെ നിന്ദിക്കുകയാണ്; അയാളെ അയാളുടെ ജനത്തിന് ഇടയിൽനിന്ന് കൊന്നുകളയണം.
31 കാരണം അയാൾ യഹോവയുടെ വാക്കിനു വില കല്പിക്കാതെ ദൈവകല്പന ലംഘിച്ചിരിക്കുന്നു. അയാളെ കൊന്നുകളയണം.+ അയാളുടെ തെറ്റ് അയാളുടെ മേൽത്തന്നെ ഇരിക്കും.’”+
32 ഇസ്രായേല്യർ വിജനഭൂമിയിലായിരിക്കെ, ശബത്തുദിവസം ഒരാൾ വിറകു പെറുക്കുന്നതു കണ്ടു.+
33 അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സമൂഹത്തിന്റെയും മുമ്പാകെ കൊണ്ടുവന്നു.
34 അയാളെ എന്തു ചെയ്യണമെന്നു പ്രത്യേകം നിർദേശമൊന്നുമില്ലായിരുന്നതുകൊണ്ട് അവർ അയാളെ തടവിൽ വെച്ചു.+
35 യഹോവ മോശയോടു പറഞ്ഞു: “അയാളെ കൊന്നുകളയണം;+ പാളയത്തിനു പുറത്ത് കൊണ്ടുപോയി സമൂഹം മുഴുവനും അയാളെ കല്ലെറിയണം.”+
36 അങ്ങനെ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ സമൂഹം മുഴുവനും അയാളെ പാളയത്തിനു പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.
37 പിന്നെ യഹോവ മോശയോടു പറഞ്ഞു:
38 “നീ ഇസ്രായേല്യരോട് അവരുടെ വസ്ത്രത്തിന്റെ താഴത്തെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ പറയണം. തലമുറതോറും അവർ അതു ചെയ്യണം. താഴത്തെ വിളുമ്പിലെ തൊങ്ങലുകളുടെ മുകളിലായി വസ്ത്രത്തിൽ അവർ ഒരു നീലച്ചരടും പിടിപ്പിക്കണം.+
39 ‘തൊങ്ങലുകൾ കാണുമ്പോൾ നിങ്ങൾ യഹോവയുടെ കല്പനകളെല്ലാം ഓർക്കുകയും അനുസരിക്കുകയും ചെയ്യാനായി അവ പിടിപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും അനുസരിച്ച് നടക്കരുത്. അവ നിങ്ങളെ ആത്മീയവേശ്യാവൃത്തിയിലേക്കാണു നയിക്കുക.+
40 എന്റെ കല്പനകളെല്ലാം ഓർക്കാനും അവ അനുസരിക്കാനും അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കാനും ഇതു സഹായിക്കും.+
41 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്, നിങ്ങളുടെ ദൈവമായിരിക്കാനായി നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന ദൈവം!+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”+
അടിക്കുറിപ്പുകള്
^ അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”