സംഖ്യ 17:1-13
17 പിന്നെ യഹോവ മോശയോടു പറഞ്ഞു:
2 “ഇസ്രായേല്യരോടു സംസാരിച്ച് അവരിൽനിന്ന് ഓരോ പിതൃഭവനത്തിനുംവേണ്ടി ഓരോ വടി എടുക്കുക. ഓരോ പിതൃഭവനത്തിന്റെ തലവനിൽനിന്നും+ ഒരു വടി വീതം ആകെ 12 വടി എടുക്കണം. എന്നിട്ട് ഓരോരുത്തരുടെയും പേര് അവരവരുടെ വടിയിൽ എഴുതണം.
3 നീ അഹരോന്റെ പേര് ലേവിയുടെ വടിയിൽ എഴുതണം. കാരണം ഓരോ പിതൃഭവനത്തിന്റെ തലവനും ഒരു വടി വീതമാണുള്ളത്.
4 ഞാൻ പതിവായി നിങ്ങൾക്കു പ്രത്യക്ഷനാകുന്ന+ സാന്നിധ്യകൂടാരത്തിലെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ+ അവ വെക്കണം.
5 ഞാൻ തിരഞ്ഞെടുക്കുന്നയാളിന്റെ+ വടി തളിർക്കും. അങ്ങനെ എനിക്ക് എതിരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും.+ അവരുടെ പിറുപിറുപ്പ് നിങ്ങൾക്കെതിരെയുമാണല്ലോ.”+
6 അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു. അവരുടെ എല്ലാ തലവന്മാരും മോശയ്ക്കു വടികൾ—ഓരോ പിതൃഭവനത്തിലെ തലവനുംവേണ്ടി ഓരോ വടി വീതം ആകെ 12 വടികൾ—കൊടുത്തു. അവരുടെ വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയുമുണ്ടായിരുന്നു.
7 മോശ ആ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ മുമ്പാകെ വെച്ചു.
8 പിറ്റേന്ന് മോശ സാക്ഷ്യകൂടാരത്തിൽ ചെന്നപ്പോൾ അതാ, ലേവിയുടെ ഭവനത്തിനുവേണ്ടിയുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നു! അതിൽ മുളകൾ പൊട്ടുകയും പൂവുകൾ ഉണ്ടാകുകയും ബദാംകായ്കൾ വിളയുകയും ചെയ്തിരുന്നു.
9 മോശ ആ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് ഇസ്രായേൽ ജനത്തിന്റെ അടുത്തേക്കു കൊണ്ടുവന്നു. അവർ ആ വടികൾ കണ്ടു. പിന്നെ ഓരോരുത്തരും അവരവരുടെ വടി തിരിച്ചെടുത്തു.
10 യഹോവ മോശയോടു പറഞ്ഞു: “ധിക്കാരത്തിന്റെ പുത്രന്മാർക്ക്+ ഒരു അടയാളമായിരിക്കാനായി+ അഹരോന്റെ വടി+ തിരികെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ വെക്കുക. അങ്ങനെ എനിക്ക് എതിരെയുള്ള അവരുടെ പിറുപിറുപ്പ് അവസാനിക്കും, അവർ മരിക്കാതിരിക്കും.”
11 മോശ ഉടനെ യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു. അങ്ങനെതന്നെ മോശ ചെയ്തു.
12 അപ്പോൾ ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങളെല്ലാം ഇതാ നശിക്കാൻപോകുന്നു! ഞങ്ങൾ ഇപ്പോൾ മരിക്കും, ഞങ്ങൾ ഉറപ്പായും നശിച്ചുപോകും!
13 യഹോവയുടെ വിശുദ്ധകൂടാരത്തിന് അടുത്തേക്കു വന്നാൽപ്പോലും ആളുകൾ മരിക്കും.+ ഞങ്ങൾ ഇങ്ങനെ ചത്തൊടുങ്ങണോ?”+