സംഖ്യ 18:1-32
18 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “വിശുദ്ധമന്ദിരത്തിന് എതിരെയുള്ള തെറ്റുകൾക്കെല്ലാം നീയും നിന്റെ ആൺമക്കളും നിന്നോടൊപ്പമുള്ള നിന്റെ പിതൃഭവനവും ആണ് ഉത്തരം പറയേണ്ടത്.+ അതുപോലെ നിങ്ങളുടെ പൗരോഹിത്യത്തിന് എതിരെയുള്ള തെറ്റുകൾക്കെല്ലാം നീയും നിന്റെ ആൺമക്കളും ഉത്തരം പറയണം.+
2 നിങ്ങളോടൊപ്പം ചേരാനും സാക്ഷ്യകൂടാരത്തിനു മുമ്പാകെ+ നിനക്കും നിന്റെ ആൺമക്കൾക്കും ശുശ്രൂഷ ചെയ്യാനും വേണ്ടി ലേവി ഗോത്രത്തിലെ+ നിങ്ങളുടെ സഹോദരന്മാരെ, നിങ്ങളുടെ പിതൃഗോത്രത്തെ, കൂട്ടിവരുത്തുക.
3 നിന്നോടും മുഴുകൂടാരത്തോടും ബന്ധപ്പെട്ട അവരുടെ ഉത്തരവാദിത്വങ്ങൾ അവർ നിർവഹിക്കണം.+ എന്നാൽ അവരും നീയും മരിക്കാതിരിക്കാൻ അവർ യാഗപീഠത്തിന്റെയോ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയോ അടുത്ത് വരരുത്.+
4 അവർ നിന്നോടൊപ്പം ചേർന്ന് സാന്നിധ്യകൂടാരത്തിലെ തങ്ങളുടെ ഉത്തരവാദിത്വങ്ങളും അതിലെ എല്ലാ സേവനങ്ങളും നിർവഹിക്കണം. എന്നാൽ അർഹതയില്ലാത്ത* ആരും നിങ്ങളുടെ അടുത്ത് വരരുത്.+
5 ഇസ്രായേൽ ജനത്തിനു നേരെ വീണ്ടും ദൈവകോപം ജ്വലിക്കാതിരിക്കാൻ+ വിശുദ്ധസ്ഥലത്തോടും+ യാഗപീഠത്തോടും+ ബന്ധപ്പെട്ട നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ നിർവഹിക്കണം.
6 നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ നിങ്ങൾക്ക് ഒരു സമ്മാനമായി+ ഇസ്രായേല്യരിൽനിന്ന് ഞാൻ എടുത്തിരിക്കുകയാണ്. സാന്നിധ്യകൂടാരത്തിലെ സേവനം നിർവഹിക്കുന്നതിന് അവരെ യഹോവയ്ക്കു നൽകിയിരിക്കുന്നു.+
7 യാഗപീഠത്തിലെയും തിരശ്ശീലയ്ക്കുള്ളിലെയും പൗരോഹിത്യകർമങ്ങളുടെ ഉത്തരവാദിത്വം നിനക്കും നിന്റെ ആൺമക്കൾക്കും ആണ്.+ ഈ സേവനം നിങ്ങൾ ചെയ്യണം.+ പൗരോഹിത്യസേവനം നിങ്ങൾക്ക് ഒരു സമ്മാനമായി ഞാൻ നൽകിയിരിക്കുന്നു. അർഹതയില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ അവനെ കൊന്നുകളയണം.”+
8 പിന്നെ യഹോവ അഹരോനോടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാവനകളുടെ ചുമതല ഞാൻ നിന്നെ ഏൽപ്പിക്കുന്നു.+ ഇസ്രായേല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശുദ്ധവസ്തുക്കളുടെയും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+
9 അഗ്നിയിൽ അർപ്പിക്കുന്ന അതിവിശുദ്ധയാഗങ്ങളെല്ലാം, അവരുടെ ധാന്യയാഗങ്ങളും+ പാപയാഗങ്ങളും+ അപരാധയാഗങ്ങളും+ ഉൾപ്പെടെ അവർ കൊണ്ടുവരുന്ന ഓരോ യാഗവും, നിങ്ങൾക്കുള്ളതായിരിക്കും. അതു നിനക്കും നിന്റെ ആൺമക്കൾക്കും അതിവിശുദ്ധമാണ്.
10 നീ അത് അതിവിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് തിന്നണം.+ നിങ്ങൾക്കിടയിലെ ആണുങ്ങൾക്കെല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കും.+
11 ഇസ്രായേല്യർ ദോളനയാഗങ്ങളോടൊപ്പം*+ സംഭാവന ചെയ്യുന്ന സമ്മാനങ്ങളും+ നിനക്കുള്ളതായിരിക്കും. ഞാൻ അവ നിനക്കും നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഓഹരിയായി തന്നിരിക്കുന്നു.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.+
12 “അവർ യഹോവയ്ക്കു കൊടുക്കുന്ന ആദ്യഫലങ്ങൾ, അവരുടെ ഏറ്റവും നല്ല എണ്ണയും ഏറ്റവും നല്ല പുതുവീഞ്ഞും ധാന്യവും,+ ഞാൻ നിനക്കു തരുന്നു.+
13 അവരുടെ ദേശത്ത് വിളയുന്ന എല്ലാത്തിന്റെയും ആദ്യഫലങ്ങൾ, യഹോവയുടെ മുന്നിൽ അവർ കൊണ്ടുവരുന്ന ആദ്യഫലങ്ങളെല്ലാം, നിങ്ങളുടേതായിരിക്കും.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.
14 “ഇസ്രായേലിലെ എല്ലാ സമർപ്പിതവസ്തുക്കളും* നിന്റേതായിരിക്കും.+
15 “അവർ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുന്ന, ജീവനുള്ള എല്ലാത്തിന്റെയും കടിഞ്ഞൂലുകൾ,+ അതു മനുഷ്യനായാലും മൃഗമായാലും, നിനക്കുള്ളതായിരിക്കും. എന്നാൽ മനുഷ്യരുടെ കടിഞ്ഞൂലുകളെ നീ വീണ്ടെടുക്കണം,+ അതിൽ വീഴ്ച വരുത്തരുത്. ശുദ്ധിയില്ലാത്ത മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും നീ വീണ്ടെടുക്കണം.+
16 കടിഞ്ഞൂലിന് ഒരു മാസം തികഞ്ഞശേഷം നീ അതിനെ വീണ്ടെടുപ്പുവില വാങ്ങി വീണ്ടെടുക്കണം. അതായത് വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം, മതിപ്പുവിലയായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.*
17 പക്ഷേ കാള, ആൺചെമ്മരിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകൾക്കു മാത്രം നീ മോചനവില വാങ്ങരുത്;+ അവ വിശുദ്ധമാണ്. അവയുടെ രക്തം നീ യാഗപീഠത്തിൽ തളിക്കണം.+ അവയുടെ കൊഴുപ്പ് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിലുള്ള യാഗമെന്ന നിലയിൽ ദഹിപ്പിക്കണം.*+
18 എന്നാൽ അവയുടെ മാംസം നിനക്കുള്ളതായിരിക്കും. ദോളനയാഗത്തിന്റെ നെഞ്ചും വലതുകാലും പോലെ അതു നിന്റേതായിരിക്കും.+
19 ഇസ്രായേല്യർ യഹോവയ്ക്കു നൽകുന്ന എല്ലാ വിശുദ്ധസംഭാവനകളും+ ഞാൻ നിനക്കും നിന്നോടൊപ്പമുള്ള നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഒരു ഓഹരിയായി തന്നിരിക്കുന്നു.+ അത് യഹോവയുടെ മുമ്പാകെ നിനക്കും നിന്റെ സന്തതികൾക്കും വേണ്ടിയുള്ള, ദീർഘകാലത്തേക്കു നിലനിൽക്കുന്ന ഒരു ഉപ്പുടമ്പടിയായിരിക്കും.”*
20 യഹോവ അഹരോനോടു തുടർന്നുപറഞ്ഞു: “അവരുടെ ദേശത്ത് നിനക്ക് അവകാശം ലഭിക്കില്ല. ദേശത്തിന്റെ ഒരു ഓഹരിയും അവർക്കിടയിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ് ഇസ്രായേല്യർക്കിടയിൽ നിന്റെ ഓഹരിയും അവകാശവും.+
21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക് ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്.
22 ഇനി ഒരിക്കലും ഇസ്രായേൽ ജനം സാന്നിധ്യകൂടാരത്തിന്റെ അടുത്ത് വരരുത്. വന്നാൽ, അവർ പാപം നിമിത്തം മരിക്കേണ്ടിവരും.
23 സാന്നിധ്യകൂടാരത്തിലെ സേവനം നിർവഹിക്കേണ്ടതു ലേവ്യരാണ്. അവരുടെ തെറ്റിന് ഉത്തരം പറയേണ്ടതും അവരാണ്.+ ഇസ്രായേല്യർക്കിടയിൽ ലേവ്യർക്കു ഭൂസ്വത്തിൽ അവകാശമുണ്ടാകരുത്.+ ഇതു തലമുറകളോളം നിലനിൽക്കുന്ന ഒരു ദീർഘകാലനിയമമായിരിക്കും.
24 ഇസ്രായേൽ ജനം യഹോവയ്ക്കു നൽകുന്നതിന്റെ പത്തിലൊന്ന്, ഞാൻ ലേവ്യർക്ക് ഒരു അവകാശമായി കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ അവരോട്, ‘ഇസ്രായേല്യർക്കിടയിൽ നിങ്ങൾക്ക് അവകാശമുണ്ടാകരുത്’ എന്നു പറഞ്ഞത്.”+
25 പിന്നെ യഹോവ മോശയോടു പറഞ്ഞു:
26 “നീ ലേവ്യരോട് ഇങ്ങനെ പറയണം: ‘ഇസ്രായേല്യരിൽനിന്നുള്ള ഒരു അവകാശമായി ഞാൻ നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം+ നിങ്ങൾ അവരിൽനിന്ന് സ്വീകരിക്കുമ്പോൾ നിങ്ങൾക്കു ലഭിക്കുന്നതിന്റെ, അതായത് പത്തിലൊന്നിന്റെ, പത്തിലൊന്നു നിങ്ങൾ യഹോവയ്ക്കു സംഭാവനയായി കൊടുക്കണം.+
27 അതു നിങ്ങളുടെ സംഭാവനയായി, മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും+ മുന്തിരിയുടെയോ എണ്ണയുടെയോ ചക്കിലെ സമൃദ്ധിപോലെയും, കണക്കാക്കും.
28 ഇങ്ങനെ നിങ്ങൾക്കും, ഇസ്രായേല്യരിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം യഹോവയ്ക്കു സംഭാവന കൊടുക്കാനാകും. യഹോവയ്ക്കുള്ള ആ സംഭാവന പുരോഹിതനായ അഹരോനു കൊടുക്കണം.
29 നിങ്ങൾ വിശുദ്ധമായി കണക്കാക്കി യഹോവയ്ക്കു നൽകുന്ന എല്ലാ തരം സംഭാവനകളും നിങ്ങൾക്കു ലഭിക്കുന്ന സമ്മാനങ്ങളിൽവെച്ച് ഏറ്റവും നല്ലതായിരിക്കണം.’+
30 “നീ ലേവ്യരോട് ഇങ്ങനെ പറയണം: ‘നിങ്ങൾ അവയിലെ ഏറ്റവും നല്ലതു സംഭാവനയായി കൊടുത്തശേഷം, ബാക്കിയുള്ളതു നിങ്ങൾക്കു സ്വന്തം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിയുടെയോ എണ്ണയുടെയോ ചക്കിലെ സമൃദ്ധിപോലെയും ആയിരിക്കും.
31 നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ളവർക്കും അത് എവിടെവെച്ച് വേണമെങ്കിലും തിന്നാം. കാരണം സാന്നിധ്യകൂടാരത്തിലെ നിങ്ങളുടെ സേവനത്തിനുള്ള വേതനമാണ് അത്.+
32 അവയിൽനിന്ന് ഏറ്റവും നല്ലതു സംഭാവന ചെയ്യുന്നിടത്തോളം ഇക്കാര്യത്തിൽ നിങ്ങൾ പാപം വഹിക്കേണ്ടിവരില്ല. ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ മരിച്ചുപോകും.’”+
അടിക്കുറിപ്പുകള്
^ അക്ഷ. “അന്യർ.” അതായത്, അഹരോന്റെ കുടുംബക്കാരനല്ലാത്ത ഒരാൾ.
^ അതായത്, വീണ്ടെടുക്കാനോ അസാധുവാക്കാനോ കഴിയാത്ത വിധം ദൈവത്തിനു വിശുദ്ധമായി സമർപ്പിച്ചതെല്ലാം.
^ അഥവാ “വിശുദ്ധശേക്കെലിന്റെ.”
^ അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കണം.”
^ അതായത്, സ്ഥിരമായതും മാറ്റമില്ലാത്തതും ആയ ഒരു ഉടമ്പടി.