സംഖ്യ 20:1-29
20 ഒന്നാം മാസം ഇസ്രായേല്യരുടെ സമൂഹം മുഴുവൻ സീൻ വിജനഭൂമിയിൽ എത്തി; ജനം കാദേശിൽ+ താമസംതുടങ്ങി. അവിടെവെച്ചാണു മിര്യാം+ മരിച്ചത്. മിര്യാമിനെ അവിടെ അടക്കം ചെയ്‌തു.
2 അവിടെ വെള്ളമില്ലായിരുന്നതുകൊണ്ട് സമൂഹം മുഴുവൻ+ മോശയ്ക്കും അഹരോനും എതിരെ സംഘടിച്ചു.
3 ഇങ്ങനെ പറഞ്ഞുകൊണ്ട് ജനം മോശയോടു കലഹിച്ചു:+ “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ മുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചിരുന്നെങ്കിൽ!
4 ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഈ മരുഭൂമിയിൽക്കിടന്ന്* ചാകാൻവേണ്ടി നിങ്ങൾ എന്തിനാണ് യഹോവയുടെ സഭയെ ഇവിടേക്കു കൊണ്ടുവന്നത്?+
5 ഈ നശിച്ച സ്ഥലത്ത് കൊണ്ടുവരാൻവേണ്ടിയാണോ നിങ്ങൾ ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചത്?+ ഇവിടെ വിത്തു വിതയ്ക്കാനാവില്ല. അത്തിയോ മുന്തിരിയോ മാതളനാരകമോ ഇവിടെ മുളയ്‌ക്കില്ല. എന്തിന്, കുടിക്കാൻ വെള്ളംപോലുമില്ല.”+
6 അപ്പോൾ മോശയും അഹരോനും സഭയുടെ മുന്നിൽനിന്ന് സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കലേക്കു വന്ന് കമിഴ്ന്നുവീണു. യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+
7 യഹോവ മോശയോടു പറഞ്ഞു:
8 “നിന്റെ വടി എടുക്കുക. നീയും നിന്റെ ചേട്ടനായ അഹരോനും സമൂഹത്തെ വിളിച്ചുകൂട്ടിയിട്ട് അവർ കാൺകെ പാറയോടു സംസാരിക്കുക; അത് അതിൽനിന്ന് വെള്ളം തരും. അവർക്കുവേണ്ടി പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ച് നീ ജനത്തിനും അവരുടെ മൃഗങ്ങൾക്കും കുടിക്കാൻ കൊടുക്കണം.”+
9 അങ്ങനെ യഹോവയുടെ കല്പനപ്രകാരം മോശ ദൈവത്തിന്റെ സന്നിധിയിൽനിന്ന് വടി എടുത്തു.+
10 തുടർന്ന് മോശയും അഹരോനും സഭയെ പാറയുടെ മുന്നിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “ധിക്കാരികളേ, കേൾക്കൂ! ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?”+
11 പിന്നെ മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയിൽ രണ്ടു തവണ അടിച്ചു, പാറയിൽനിന്ന് ധാരാളം വെള്ളം ഒഴുകാൻതുടങ്ങി. ജനവും അവരുടെ മൃഗങ്ങളും അതിൽനിന്ന് കുടിച്ചു.+
12 പിന്നീട് യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാസം പ്രകടമാക്കുകയോ ഇസ്രായേൽ ജനത്തിനു മുമ്പാകെ എന്നെ വിശുദ്ധീകരിക്കുകയോ ചെയ്‌തില്ല. അതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുന്ന ദേശത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടുപോകില്ല.”+
13 ഇതാണു മെരീബയിലെ*+ നീരുറവ്. ഇവിടെവെച്ചാണ് ഇസ്രായേല്യർ യഹോവയോടു കലഹിച്ചതും ദൈവം അവരുടെ മുമ്പാകെ തന്റെ പേര് വിശുദ്ധീകരിച്ചതും.
14 അതിനു ശേഷം മോശ കാദേശിൽനിന്ന് ഏദോമിലെ രാജാവിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+ “അങ്ങയുടെ സഹോദരനായ ഇസ്രായേൽ+ പറയുന്നു: ‘ഞങ്ങൾ അനുഭവിച്ച എല്ലാ ക്ലേശങ്ങളെക്കുറിച്ചും അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ.
15 ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്കു പോയി,+ ഞങ്ങൾ ഒരുപാടു വർഷം* അവിടെ താമസിച്ചു.+ എന്നാൽ ഈജിപ്തുകാർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും ദ്രോഹിച്ചു.+
16 ഒടുവിൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ+ ദൈവം അതു കേൾക്കുകയും ഒരു ദൈവദൂതനെ അയച്ച്+ ഞങ്ങളെ ഈജിപ്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അതിർത്തിയിലുള്ള കാദേശ് നഗരത്തിൽ എത്തിയിട്ടുണ്ട്.
17 അങ്ങയുടെ ദേശത്തുകൂടെ കടന്നുപോകാൻ ദയവായി ഞങ്ങളെ അനുവദിച്ചാലും. ഏതെങ്കിലും വയലിലേക്കോ മുന്തിരിത്തോട്ടത്തിലേക്കോ ഞങ്ങൾ കടക്കില്ല; ഒരു കിണറ്റിൽനിന്നും കുടിക്കുകയുമില്ല. അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെത്തന്നെ ഞങ്ങൾ പൊയ്ക്കൊള്ളാം.’”+
18 എന്നാൽ ഏദോം മോശയോടു പറഞ്ഞു: “നീ ഞങ്ങളുടെ ദേശത്ത് കടക്കരുത്. കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ വരും.”
19 അപ്പോൾ ഇസ്രായേല്യർ ഏദോമിനോട്: “ഞങ്ങൾ പ്രധാനവീഥിയിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ അങ്ങയുടെ വെള്ളം കുടിക്കുകയാണെങ്കിൽ അതിന്റെ വിലയും ഞങ്ങൾ തന്നുകൊള്ളാം.+ നടന്നുപോകാനുള്ള അനുവാദം മാത്രം തന്നാൽ മതി.”+
20 പക്ഷേ ഏദോം പിന്നെയും പറഞ്ഞു: “നീ ഈ ദേശത്തുകൂടെ പോകരുത്.”+ തുടർന്ന് ഏദോം ഇസ്രായേലിനെ നേരിടാൻ അനേകം ആളുകളോടും ശക്തമായ ഒരു സൈന്യത്തോടും* കൂടെ വന്നു.
21 തന്റെ ദേശത്തുകൂടെ പോകാൻ ഏദോം ഇസ്രായേലിനെ അനുവദിച്ചില്ല. അതുകൊണ്ട് ഇസ്രായേൽ ഏദോമിന്റെ അടുത്തുനിന്ന് മാറി മറ്റൊരു വഴിക്കു പോയി.+
22 ഇസ്രായേൽ ജനം, അതായത് സമൂഹം മുഴുവനും, കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിന് അടുത്ത് എത്തി.+
23 ഏദോം ദേശത്തിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും ഇങ്ങനെ പറഞ്ഞു:
24 “അഹരോൻ അവന്റെ ജനത്തോടു ചേരും.*+ നിങ്ങൾ രണ്ടു പേരും മെരീബയിലെ നീരുറവിന്റെ കാര്യത്തിൽ എന്റെ ആജ്ഞ ധിക്കരിച്ചതുകൊണ്ട് ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അവൻ കടക്കില്ല.+
25 അഹരോനെയും അവന്റെ മകനായ എലെയാസരിനെയും ഹോർ പർവതത്തിലേക്കു കൂട്ടിക്കൊണ്ടുവരുക.
26 അഹരോന്റെ വസ്‌ത്രം+ ഊരി മകനായ എലെയാസരിനെ+ ധരിപ്പിക്കണം. അഹരോൻ അവിടെവെച്ച് മരിക്കും.”
27 യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു. സമൂഹം മുഴുവൻ നോക്കിനിൽക്കെ അവർ ഹോർ പർവതത്തിലേക്കു കയറി.
28 പിന്നെ മോശ അഹരോന്റെ വസ്‌ത്രം ഊരി അഹരോന്റെ മകൻ എലെയാസരിനെ ധരിപ്പിച്ചു. അതിനു ശേഷം അഹരോൻ ആ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു.+ മോശയും എലെയാസരും പർവതത്തിൽനിന്ന് തിരിച്ചുപോന്നു.
29 അഹരോൻ മരിച്ചെന്നു സമൂഹം അറിഞ്ഞപ്പോൾ ഇസ്രായേൽഗൃഹം മുഴുവൻ അഹരോനുവേണ്ടി 30 ദിവസം വിലപിച്ചു.+
അടിക്കുറിപ്പുകള്‍
^ അർഥം: “കലഹം.”
^ അക്ഷ. “ദിവസം.”
^ അക്ഷ. “കൈയോടും.”
^ മരണത്തെ കുറിക്കുന്ന കാവ്യഭാഷ.