സംഖ്യ 21:1-35
21 അഥാരീം വഴി ഇസ്രായേൽ വന്നിരിക്കുന്നെന്നു നെഗെബിൽ താമസിച്ചിരുന്ന, അരാദിലെ കനാന്യരാജാവ്+ കേട്ടപ്പോൾ അയാൾ ഇസ്രായേലിനെ ആക്രമിച്ച് അവരിൽ ചിലരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി.
2 അപ്പോൾ ഇസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് ഈ ജനത്തെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ ഞാൻ ഉറപ്പായും അവരുടെ നഗരങ്ങളെ നശിപ്പിക്കും.”
3 ഇസ്രായേലിന്റെ അപേക്ഷ കേട്ട് യഹോവ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെയും അവരുടെ നഗരങ്ങളെയും പൂർണമായി നശിപ്പിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് അവർ ഹോർമ*+ എന്നു പേരിട്ടു.
4 ഏദോമിന്റെ ദേശത്ത് കടക്കാതെ+ അതിനെ ചുറ്റിപ്പോകാനായി ഹോർ പർവതത്തിൽനിന്ന്+ ചെങ്കടലിന്റെ വഴിക്കു യാത്ര തുടർന്നതുകൊണ്ട് ജനം ക്ഷീണിച്ച് അവശരായി.
5 അവർ ദൈവത്തിനും മോശയ്ക്കും എതിരെ സംസാരിച്ചു.+ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “നിങ്ങൾ എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുവന്നത്, ഈ മരുഭൂമിയിൽക്കിടന്ന്* ചാകാനോ? ഇവിടെ ആഹാരവുമില്ല, വെള്ളവുമില്ല.+ അറപ്പ് ഉളവാക്കുന്ന ഈ ഭക്ഷണം ഞങ്ങൾക്കു വെറുപ്പാണ്.”+
6 അതുകൊണ്ട് യഹോവ ജനത്തിന് ഇടയിലേക്കു വിഷസർപ്പങ്ങളെ* അയച്ചു. ഇസ്രായേല്യരിൽ പലരും അവയുടെ കടിയേറ്റ് മരിച്ചു.+
7 ജനം മോശയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്കും അങ്ങയ്‌ക്കും എതിരെ സംസാരിച്ച് പാപം ചെയ്തിരിക്കുന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കിടയിൽനിന്ന് നീക്കാൻ യഹോവയോട് അപേക്ഷിക്കേണമേ.” മോശ ജനത്തിനുവേണ്ടി അപേക്ഷിച്ചു.+
8 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഒരു വിഷസർപ്പത്തിന്റെ* രൂപം ഉണ്ടാക്കി അത് ഒരു സ്തംഭത്തിൽ തൂക്കുക. പാമ്പുകടിയേൽക്കുന്നവൻ ജീവനോടിരിക്കാനായി അതിൽ നോക്കണം.”
9 മോശ ഉടനെ ചെമ്പുകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി+ സ്തംഭത്തിൽ തൂക്കി.+ പാമ്പുകടിയേറ്റയവർ ആ താമ്രസർപ്പത്തെ നോക്കിയപ്പോൾ രക്ഷപ്പെട്ടു.+
10 അതിനു ശേഷം ഇസ്രായേല്യർ പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.+
11 പിന്നെ അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിനു മുമ്പിൽ, കിഴക്കുള്ള വിജനഭൂമിയിലെ ഈയേ-അബാരീമിൽ പാളയമടിച്ചു.+
12 അവർ അവിടെനിന്ന് പുറപ്പെട്ട് സേരെദ് താഴ്‌വരയിൽ*+ പാളയമടിച്ചു.
13 പിന്നെ അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്ന വിജനഭൂമിയിലുള്ള അർന്നോൻ+ പ്രദേശത്ത് പാളയമടിച്ചു. മോവാബിന്റെ അതിർത്തിയായിരുന്നു അർന്നോൻ; അതായത് മോവാബിനും അമോര്യർക്കും ഇടയിലുള്ള അതിർ.
14 അതുകൊണ്ടാണ് യഹോവയുടെ യുദ്ധപുസ്തകത്തിൽ ഇങ്ങനെ പറയുന്നത്: “സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും*
15 മോവാബിന്റെ അതിർത്തിയിലൂടെ ഒഴുകി അരിന്റെ പ്രദേശംവരെ നീണ്ടുകിടക്കുന്ന അർന്നോനും അതിന്റെ പോഷകനദികളും.”
16 പിന്നെ അവർ ബേരിലേക്കു പോയി. “ജനത്തെ വിളിച്ചുകൂട്ടുക, ഞാൻ അവർക്കു വെള്ളം കൊടുക്കട്ടെ” എന്ന് യഹോവ മോശയോടു പറഞ്ഞ കിണർ ഇതാണ്.
17 അപ്പോൾ ഇസ്രായേൽ ഈ പാട്ടു പാടി:
“കിണറേ, നീ കുതിച്ച് പൊങ്ങിവാ!—അതിനു പ്രതിഗാനമുതിർക്കുവിൻ;
18 പ്രഭുക്കന്മാർ കുത്തിയ കിണർ; ജനത്തിന്റെ ശ്രേഷ്ഠന്മാർ കുഴിച്ച കിണർതന്നെ.
അധികാരദണ്ഡിനാലും സ്വന്തം ദണ്ഡിനാലും അവർ അതു കുഴിച്ചല്ലോ.”
പിന്നെ അവർ വിജനഭൂമിയിൽനിന്ന് നേരെ മത്ഥാനയിലേക്കു പോയി.
19 മത്ഥാനയിൽനിന്ന് നേരെ നഹലീയേലിലേക്കും നഹലീയേലിൽനിന്ന് ബാമോത്തിലേക്കും+ പോയി.
20 ബാമോത്തിൽനിന്ന് അവർ മോവാബ് ദേശത്ത്+ യശീമോന്*+ അഭിമുഖമായി നിൽക്കുന്ന പിസ്‌ഗയിലൂടെ+ അതിന്റെ താഴ്വരയിലേക്കു പോയി.
21 പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+
22 “അങ്ങയുടെ ദേശത്തുകൂടെ കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. ഏതെങ്കിലും വയലിലേക്കോ മുന്തിരിത്തോട്ടത്തിലേക്കോ ഞങ്ങൾ കടക്കില്ല; ഒരു കിണറ്റിൽനിന്നും കുടിക്കുകയുമില്ല. അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ രാജപാതയിലൂടെത്തന്നെ ഞങ്ങൾ പൊയ്ക്കൊള്ളാം.”+
23 എന്നാൽ തന്റെ ദേശത്തുകൂടെ പോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല. തന്റെ ജനത്തെ മുഴുവൻ കൂട്ടി വിജനഭൂമിയിൽ ഇസ്രായേലിന് എതിരെ ചെല്ലുകയും ചെയ്‌തു. സീഹോൻ യാഹാസിൽവെച്ച് ഇസ്രായേലിനോടു പോരാടി.+
24 എന്നാൽ ഇസ്രായേൽ സീഹോനെ വാളുകൊണ്ട് തോൽപ്പിച്ച്+ അമ്മോന്യരുടെ അടുത്തുള്ള, അർന്നോൻ+ മുതൽ യബ്ബോക്ക്+ വരെയുള്ള അയാളുടെ ദേശം കൈവശമാക്കി.+ കാരണം യസേർ+ അമ്മോന്യരുടെ ദേശത്തിന്റെ അതിർത്തിയായിരുന്നു.+
25 അങ്ങനെ ആ നഗരങ്ങളെല്ലാം ഇസ്രായേൽ കൈവശമാക്കി. അവർ അമോര്യരുടെ+ നഗരങ്ങളിൽ, അതായത് ഹെശ്ബോനിലും അതിന്റെ എല്ലാ ആശ്രിതപട്ടണങ്ങളിലും,* താമസംതുടങ്ങി.
26 അമോര്യരുടെ രാജാവായ സീഹോന്റെ നഗരമായിരുന്നു ഹെശ്‌ബോൻ. മോവാബുരാജാവിനോടു യുദ്ധം ചെയ്‌ത് അർന്നോൻ വരെയുള്ള അയാളുടെ ദേശം മുഴുവൻ സീഹോൻ സ്വന്തമാക്കിയിരുന്നു.
27 അങ്ങനെയാണ് ഈ പരിഹാസച്ചൊല്ല് ഉണ്ടായത്:
“ഹെശ്ബോനിലേക്കു വരൂ.
സീഹോന്റെ നഗരം പണിത് സുസ്ഥിരമായി സ്ഥാപിക്കട്ടെ.
28 ഹെശ്‌ബോനിൽനിന്ന് ഒരു തീ പുറപ്പെട്ടു, സീഹോന്റെ പട്ടണത്തിൽനിന്ന് ഒരു തീജ്വാലതന്നെ.
അതു മോവാബിലെ അരിനെയും അർന്നോൻകുന്നുകളുടെ നാഥന്മാരെയും ദഹിപ്പിച്ചുകളഞ്ഞിരിക്കുന്നു.
29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ+ ജനങ്ങളായ നിങ്ങൾ നശിച്ചുപോകും!
അവൻ തന്റെ ആൺമക്കളെ അഭയാർഥികളും തന്റെ പെൺമക്കളെ അമോര്യരാജാവായ സീഹോന്റെ ബന്ദികളും ആക്കുന്നു.
30 വരൂ, നമുക്ക് അവരെ എയ്തുവീഴ്ത്താം,ദീബോൻ+ വരെ ഹെശ്ബോനെ സംഹരിക്കാം.വരൂ, നമുക്ക് അവരെ നോഫ വരെ ശൂന്യമാക്കാം,മെദബ+ വരെ തീ വ്യാപിക്കും.”
31 അങ്ങനെ ഇസ്രായേൽ അമോര്യരുടെ ദേശത്ത് താമസംതുടങ്ങി.
32 പിന്നീട് യസേർ+ ഒറ്റുനോക്കാൻ മോശ ചിലരെ അയച്ചു. ഇസ്രായേല്യർ അതിന്റെ ആശ്രിതപട്ടണങ്ങൾ* പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളയുകയും ചെയ്‌തു.
33 അതിനു ശേഷം അവർ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ പോയി. അപ്പോൾ ബാശാനിലെ രാജാവായ ഓഗ്+ അവരോടു യുദ്ധം ചെയ്യാൻ തന്റെ സകല ജനത്തോടും ഒപ്പം എദ്രെയിൽ വന്നു.+
34 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “ഓഗിനെ പേടിക്കേണ്ടാ.+ അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും.+ ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെതന്നെ നീ അവനോടും ചെയ്യും.”+
35 അങ്ങനെ അവർ ഓഗിനെയും അയാളോടൊപ്പം അയാളുടെ മക്കളെയും അയാളുടെ മുഴുവൻ ജനത്തെയും സംഹരിച്ചു. ഓഗിന്റെ ജനത്തിൽ ആരും ശേഷിച്ചില്ല.+ അവർ അങ്ങനെ ആ ദേശം കൈവശമാക്കി.+
അടിക്കുറിപ്പുകള്‍
^ അർഥം: “നാശത്തിനു സമർപ്പിക്കൽ.”
^ അഥവാ “അഗ്നിസർപ്പങ്ങളെ.”
^ അഥവാ “അഗ്നിസർപ്പത്തിന്റെ.”
^ അഥവാ “നീർച്ചാലിൽ.”
^ അഥവാ “നീർച്ചാലുകളും.”
^ മറ്റൊരു സാധ്യത “മരുഭൂമിക്ക്; വിജനഭൂമിക്ക്.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളിലും.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങൾ.”