സംഖ്യ 22:1-41
22 പിന്നെ ഇസ്രായേല്യർ പുറപ്പെട്ട് യരീഹൊയ്ക്ക് അഭിമുഖമായി യോർദാന്റെ മറുകരയിൽ മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+
2 ഇസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകൻ ബാലാക്ക്+ അറിഞ്ഞു.
3 ജനത്തിന്റെ വലുപ്പം കണ്ട് മോവാബിനു വല്ലാത്ത ഭയം തോന്നി. ഇസ്രായേല്യർ കാരണം മോവാബ് ഭയപരവശനായി.+
4 അതുകൊണ്ട് മോവാബ് മിദ്യാനിലെ+ മൂപ്പന്മാരോടു പറഞ്ഞു: “കാള നിലത്തെ പുല്ല് തിന്നുതീർക്കുംപോലെ നമ്മുടെ ചുറ്റുമുള്ളതെല്ലാം ഈ ജനം തിന്നുതീർക്കും.”
സിപ്പോരിന്റെ മകനായ ബാലാക്കായിരുന്നു ആ സമയത്ത് മോവാബിലെ രാജാവ്.
5 പെഥോരിലുള്ള, ബയോരിന്റെ മകനായ ബിലെയാമിന്റെ+ അടുത്തേക്കു ബാലാക്ക് ദൂതന്മാരെ അയച്ചു. ബിലെയാം തന്റെ ജന്മദേശത്തെ നദിയുടെ* തീരത്താണു താമസിച്ചിരുന്നത്. അയാളെ ക്ഷണിച്ചുകൊണ്ട് ബാലാക്ക് പറഞ്ഞു: “ഇതാ, ഈജിപ്തിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു! അവർ ഭൂമുഖത്തെ* മുഴുവൻ മൂടിയിരിക്കുന്നു!+ എന്റെ തൊട്ടുമുന്നിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്.
6 അവർ എന്നെക്കാൾ ശക്തരായതുകൊണ്ട് താങ്കൾ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണം.+ അങ്ങനെ എനിക്കു ചിലപ്പോൾ അവരെ തോൽപ്പിച്ച് ദേശത്തുനിന്ന് തുരത്തിയോടിക്കാൻ കഴിഞ്ഞേക്കും. താങ്കൾ അനുഗ്രഹിക്കുന്നവൻ അനുഗൃഹീതനും ശപിക്കുന്നവൻ ശപിക്കപ്പെട്ടവനും ആയിരിക്കുമെന്ന് എനിക്കു നന്നായി അറിയാം.”
7 അങ്ങനെ മോവാബിലെയും മിദ്യാനിലെയും മൂപ്പന്മാർ ഭാവിഫലം പറയുന്നതിനുള്ള പ്രതിഫലവുമായി ബിലെയാമിന്റെ അടുത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക് പറഞ്ഞതെല്ലാം അവർ ബിലെയാമിനെ അറിയിച്ചു.
8 അപ്പോൾ ബിലെയാം അവരോടു പറഞ്ഞു: “ഈ രാത്രി ഇവിടെ താമസിക്കുക. യഹോവ എന്താണോ എന്നോടു പറയുന്നത് അതു ഞാൻ നിങ്ങളെ അറിയിക്കാം.” അങ്ങനെ മോവാബിലെ പ്രഭുക്കന്മാർ ബിലെയാമിന്റെകൂടെ താമസിച്ചു.
9 അപ്പോൾ ദൈവം ബിലെയാമിനോട്,+ “നിന്റെകൂടെയുള്ള ഈ പുരുഷന്മാർ ആരാണ്” എന്നു ചോദിച്ചു.
10 ബിലെയാം സത്യദൈവത്തോടു പറഞ്ഞു: “സിപ്പോരിന്റെ മകനും മോവാബിലെ രാജാവും ആയ ബാലാക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുണ്ട്:
11 ‘ഇതാ, ഈജിപ്തിൽനിന്ന് പുറപ്പെട്ടുവന്ന ജനം ഭൂമുഖത്തെ മുഴുവൻ മൂടിയിരിക്കുന്നു. താങ്കൾ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം.+ ഒരുപക്ഷേ അവരോടു പോരാടി അവരെ തുരത്തിയോടിക്കാൻ എനിക്കു കഴിഞ്ഞേക്കും.’”
12 എന്നാൽ ദൈവം ബിലെയാമിനോട്: “നീ അവരോടൊപ്പം പോകരുത്; ആ ജനത്തെ ശപിക്കുകയുമരുത്. കാരണം അവർ അനുഗൃഹീതരായ ഒരു ജനമാണ്.”+
13 ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോടു പറഞ്ഞു: “നിങ്ങളുടെ ദേശത്തേക്കു തിരികെ പൊയ്ക്കൊള്ളുക. നിങ്ങളോടൊപ്പം വരുന്നതിൽനിന്ന് യഹോവ എന്നെ വിലക്കിയിരിക്കുന്നു.”
14 അങ്ങനെ മോവാബിലെ പ്രഭുക്കന്മാർ ബാലാക്കിന്റെ അടുത്ത് മടങ്ങിച്ചെന്ന്, “ഞങ്ങളോടുകൂടെ വരാൻ ബിലെയാം തയ്യാറായില്ല” എന്നു പറഞ്ഞു.
15 എന്നാൽ ബാലാക്ക് വീണ്ടും അവരെക്കാൾ ആദരണീയരായ കൂടുതൽ പ്രഭുക്കന്മാരെ അയച്ചു.
16 അവർ ബിലെയാമിന്റെ അടുത്ത് വന്ന് അയാളോടു പറഞ്ഞു: “സിപ്പോരിന്റെ മകനായ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘ഒരു കാരണവശാലും എന്റെ അടുത്ത് വരാതിരിക്കരുതേ.
17 ഞാൻ താങ്കളെ അതിയായി ആദരിക്കും. താങ്കൾ പറയുന്നതെന്തും ഞാൻ ചെയ്യാം. അതുകൊണ്ട് ദയവായി താങ്കൾ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണം.’”
18 എന്നാൽ ബിലെയാം ബാലാക്കിന്റെ ദാസന്മാരോടു പറഞ്ഞു: “ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും എന്റെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് ചെറിയതാകട്ടെ വലിയതാകട്ടെ ഒരു കാര്യവും ചെയ്യാൻ എനിക്കു കഴിയില്ല.+
19 എന്നാലും ഈ രാത്രികൂടി ഇവിടെ താമസിക്കുക. യഹോവയ്ക്കു മറ്റ് എന്താണു പറയാനുള്ളതെന്നു ഞാൻ നോക്കട്ടെ.”+
20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുത്ത് വന്ന് പറഞ്ഞു: “നിന്നെ വിളിക്കാനാണ് ഈ പുരുഷന്മാർ വന്നിരിക്കുന്നതെങ്കിൽ അവരോടൊപ്പം പൊയ്ക്കൊള്ളുക. പക്ഷേ ഞാൻ പറഞ്ഞുതരുന്നതു മാത്രമേ നീ പറയാവൂ.”+
21 അങ്ങനെ ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്കു* കോപ്പിട്ട് മോവാബിലെ പ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു.+
22 എന്നാൽ ബിലെയാം പോകുന്നതുകൊണ്ട് ദൈവം കോപിച്ചു. ബിലെയാമിനെ തടയാൻ യഹോവയുടെ ദൂതൻ വഴിയിൽ നിലയുറപ്പിച്ചു. ബിലെയാം തന്റെ കഴുതപ്പുറത്ത് വരുകയായിരുന്നു; അയാളുടെ പരിചാരകരിൽ രണ്ടു പേരും അയാളോടുകൂടെയുണ്ടായിരുന്നു.
23 വാൾ ഊരിപ്പിടിച്ച് യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നതു കണ്ടപ്പോൾ ബിലെയാമിന്റെ കഴുത വഴിയിൽനിന്ന് വയലിലേക്കു തിരിഞ്ഞു. എന്നാൽ കഴുതയെ വഴിയിലേക്കു തിരിച്ചുകൊണ്ടുവരാനായി ബിലെയാം അതിനെ അടിക്കാൻതുടങ്ങി.
24 പിന്നീട് യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോട്ടങ്ങൾക്കു നടുവിലൂടെ പോകുന്ന, ഇരുവശവും കല്ലുമതിലുള്ള, ഒരു ഇടുങ്ങിയ വഴിയിൽ നിന്നു.
25 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത മതിലിനോടു ചേർന്നുനടക്കാൻ ശ്രമിച്ചു. അപ്പോൾ ബിലെയാമിന്റെ കാൽ മതിലിൽ ഉരഞ്ഞ് ഞെരിഞ്ഞമർന്നതുകൊണ്ട് അയാൾ വീണ്ടും അതിനെ അടിച്ചു.
26 യഹോവയുടെ ദൂതൻ പിന്നെയും മുന്നിൽക്കടന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ കഴിയാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.
27 യഹോവയുടെ ദൂതനെ കണ്ട കഴുത നിലത്ത് കിടന്നുകളഞ്ഞു. അതിന്റെ പുറത്ത് ഇരിക്കുകയായിരുന്ന ബിലെയാം വല്ലാതെ കോപിച്ച് തന്റെ വടികൊണ്ട് അതിനെ പൊതിരെ തല്ലി.
28 ഒടുവിൽ യഹോവ കഴുതയ്ക്കു സംസാരിക്കാൻ പ്രാപ്തി കൊടുത്തു.*+ അതു ബിലെയാമിനോടു ചോദിച്ചു: “ഈ മൂന്നു പ്രാവശ്യവും എന്നെ അടിക്കാൻ ഞാൻ അങ്ങയോട് എന്തു തെറ്റാണു ചെയ്തത്?”+
29 അപ്പോൾ ബിലെയാം കഴുതയോടു പറഞ്ഞു: “നീ എന്നെ അപമാനിച്ചതുകൊണ്ടാണ് ഞാൻ നിന്നെ അടിക്കുന്നത്. എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നിന്നെ കൊന്നേനേ!”
30 അപ്പോൾ കഴുത ബിലെയാമിനോടു പറഞ്ഞു: “അങ്ങ് ജീവിതകാലം മുഴുവൻ യാത്ര ചെയ്ത അങ്ങയുടെ കഴുതയല്ലേ ഞാൻ? ഇതിനു മുമ്പ് എപ്പോഴെങ്കിലും ഞാൻ അങ്ങയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?” അപ്പോൾ ബിലെയാം, “ഇല്ല” എന്നു പറഞ്ഞു.
31 യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു.+ യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ച് വഴിയിൽ നിൽക്കുന്നതു ബിലെയാം കണ്ടു. ഉടനെ ബിലെയാം കുമ്പിട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
32 അപ്പോൾ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “നീ ഈ മൂന്നു പ്രാവശ്യം നിന്റെ കഴുതയെ തല്ലിയത് എന്തിനാണ്? നിന്റെ ഈ പോക്ക് എന്റെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് ഞാനാണു നിന്നെ തടഞ്ഞത്.+
33 കഴുത എന്നെ കണ്ട് ഈ മൂന്നു തവണയും എന്റെ അടുത്തുനിന്ന് മാറിപ്പോയി.+ അതു വഴിമാറിയില്ലായിരുന്നെങ്കിൽ ഇതിനോടകം ഞാൻ നിന്നെ കൊന്നേനേ, അതിനെ വെറുതേ വിടുകയും ചെയ്തേനേ!”
34 ബിലെയാം യഹോവയുടെ ദൂതനോടു പറഞ്ഞു: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്നെ തടയാൻ അങ്ങ് വഴിയിൽ നിൽക്കുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അങ്ങയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ തിരിച്ചുപൊയ്ക്കൊള്ളാം.”
35 എന്നാൽ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “അവരോടൊപ്പം പൊയ്ക്കൊള്ളൂ. പക്ഷേ ഞാൻ പറഞ്ഞുതരുന്നതു മാത്രമേ നീ പറയാവൂ.” അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടൊപ്പം യാത്ര തുടർന്നു.
36 ബിലെയാം വന്നെന്നു കേട്ട ഉടനെ ബാലാക്ക് ബിലെയാമിനെ കാണാൻ ദേശത്തിന്റെ അതിർത്തിയിൽ അർന്നോന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മോവാബ് നഗരത്തിലേക്കു ചെന്നു.
37 ബാലാക്ക് ബിലെയാമിനോടു ചോദിച്ചു: “താങ്കളെ വിളിക്കാൻ ഞാൻ ആളയച്ചതല്ലേ? താങ്കൾ എന്താണ് എന്റെ അടുത്ത് വരാതിരുന്നത്? താങ്കളെ വേണ്ടപോലെ ആദരിക്കാൻ എനിക്കു കഴിയില്ലെന്നു കരുതിയോ?”+
38 അതിനു ബിലെയാം ബാലാക്കിനോട്: “ഇതാ, ഇപ്പോൾ ഞാൻ വന്നല്ലോ. പക്ഷേ എനിക്ക് എന്തെങ്കിലും പറയാൻ അനുവാദമുണ്ടോ? ദൈവം എന്റെ നാവിൽ തരുന്നതു മാത്രമേ എനിക്കു പറയാനാകൂ.”+
39 അങ്ങനെ ബിലെയാം ബാലാക്കിന്റെകൂടെ പോയി; അവർ കിര്യത്ത്-ഹൂസോത്തിൽ എത്തി.
40 ബാലാക്ക് ആടുകളെയും കന്നുകാലികളെയും ബലി അർപ്പിച്ചിട്ട് അതിൽ കുറച്ച് ബിലെയാമിനും അയാളോടൊപ്പമുണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
41 രാവിലെ ബാലാക്ക് ബിലെയാമിനെയും കൂട്ടി ബാമോത്ത്-ബാലിലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാനാകുമായിരുന്നു.+
അടിക്കുറിപ്പുകള്
^ തെളിവനുസരിച്ച് യൂഫ്രട്ടീസ്.
^ അക്ഷ. “ഭൂമിയുടെ കണ്ണ്.”
^ അക്ഷ. “പെൺകഴുതയ്ക്ക്.”
^ അക്ഷ. “പെൺകഴുതയുടെ വായ് തുറന്നു.”