സംഖ്യ 23:1-30
23 അപ്പോൾ ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിയുക;+ ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കുവേണ്ടി ഒരുക്കുക.”
2 ബാലാക്ക് ഉടനെ ബിലെയാം പറഞ്ഞതുപോലെയെല്ലാം ചെയ്തു. ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+
3 പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ പോകട്ടെ, താങ്കൾ ഇവിടെ താങ്കളുടെ ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുക. ഒരുപക്ഷേ യഹോവ എനിക്കു പ്രത്യക്ഷനായേക്കും. ദൈവം എന്നോടു വെളിപ്പെടുത്തുന്നതെല്ലാം ഞാൻ താങ്കളെ അറിയിക്കാം.” അങ്ങനെ ബിലെയാം ഒരു മൊട്ടക്കുന്നിലേക്കു പോയി.
4 ദൈവം ബിലെയാമിനു പ്രത്യക്ഷനായി.+ അപ്പോൾ ബിലെയാം ദൈവത്തോടു പറഞ്ഞു: “ഞാൻ ഇതാ, വരിവരിയായി ഏഴു യാഗപീഠം പണിത് അതിൽ ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചിരിക്കുന്നു.”
5 അപ്പോൾ യഹോവ തന്റെ വാക്കുകൾ ബിലെയാമിന്റെ നാവിൽ നൽകിയിട്ട് പറഞ്ഞു:+ “നീ മടങ്ങിച്ചെന്ന് ഈ വാക്കുകൾ ബാലാക്കിനോടു പറയണം.”
6 ബിലെയാം മടങ്ങിച്ചെന്നപ്പോൾ ബാലാക്കും എല്ലാ മോവാബ്യപ്രഭുക്കന്മാരും ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുന്നതു കണ്ടു.
7 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+
“അരാമിൽനിന്ന് മോവാബുരാജനായ ബാലാക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു,+കിഴക്കൻ മലകളിൽനിന്ന് അയാൾ എന്നെ വരുത്തിയിരിക്കുന്നു:
‘വന്ന് എനിക്കായി യാക്കോബിനെ ശപിക്കുക,
വരുക, ഇസ്രായേലിനെ കുറ്റം വിധിക്കുക.’+
8 ദൈവം ശപിക്കാത്തവരെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ കുറ്റം വിധിക്കാത്തവരെ ഞാൻ എങ്ങനെ കുറ്റം വിധിക്കും?+
9 പാറകളുടെ മുകളിൽനിന്ന് ഞാൻ അവരെ കാണുന്നു,കുന്നുകളിൽനിന്ന് ഞാൻ അവരെ ദർശിക്കുന്നു.
അതാ, ഒറ്റയ്ക്കു കഴിയുന്ന ഒരു ജനം!+അവർ അവരെ ജനതകളുടെ ഭാഗമായി കണക്കാക്കുന്നില്ല.+
10 യാക്കോബിന്റെ മൺതരികളെ എണ്ണാൻ ആർക്കാകും?+ഇസ്രായേലിന്റെ നാലിലൊന്നിനെയെങ്കിലും എണ്ണുക സാധ്യമോ?
നേരുള്ളവൻ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ,എന്റെ അന്ത്യം അവരുടേതുപോലെയാകട്ടെ.”
11 അപ്പോൾ ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “താങ്കൾ എന്താണ് ഈ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ കൊണ്ടുവന്നത്. പക്ഷേ താങ്കൾ അവരെ അനുഗ്രഹംകൊണ്ട് മൂടിയിരിക്കുന്നു.”+
12 ബിലെയാം പറഞ്ഞു: “യഹോവ എന്റെ നാവിൽ തരുന്നതല്ലേ ഞാൻ പറയേണ്ടത്?”+
13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്റെകൂടെ വരൂ, അവരെ കാണാനാകുന്ന മറ്റൊരു സ്ഥലത്തേക്കു നമുക്കു പോകാം. എന്നാൽ അവരുടെ ഒരു ഭാഗം മാത്രമേ താങ്കൾ കാണൂ; അവരെ എല്ലാവരെയും കാണില്ല. അവിടെ നിന്ന് എനിക്കുവേണ്ടി താങ്കൾ അവരെ ശപിക്കണം.”+
14 അങ്ങനെ ബാലാക്ക് ബിലെയാമിനെ സോഫീം പ്രദേശത്തേക്ക്, പിസ്ഗയുടെ+ മുകളിലേക്ക്, കൊണ്ടുപോയി. അവിടെ ബിലെയാം ഏഴു യാഗപീഠം പണിത് ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+
15 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാൻ പോയി ദൈവത്തോടു സംസാരിക്കട്ടെ. അതുവരെ താങ്കൾ ഇവിടെ താങ്കളുടെ ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുക.”
16 യഹോവ ബിലെയാമിനു പ്രത്യക്ഷനായി തന്റെ വാക്കുകൾ ബിലെയാമിന്റെ നാവിൽ നൽകിയിട്ട് പറഞ്ഞു:+ “നീ തിരിച്ചുചെന്ന് ഈ വാക്കുകൾ ബാലാക്കിനോടു പറയണം.”
17 ബിലെയാം മടങ്ങിച്ചെന്നപ്പോൾ ബാലാക്ക് തന്റെ ദഹനയാഗത്തിന്റെ അടുത്ത് കാത്തുനിൽക്കുന്നതു കണ്ടു. മോവാബ്യപ്രഭുക്കന്മാരും ബാലാക്കിന്റെകൂടെയുണ്ടായിരുന്നു. ബാലാക്ക് ബിലെയാമിനോടു ചോദിച്ചു: “യഹോവ എന്തു പറഞ്ഞു?”
18 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+
“ബാലാക്കേ, എഴുന്നേറ്റ് ശ്രദ്ധിക്കുക,
സിപ്പോരിന്റെ മകനേ, എനിക്കു ചെവി തരുക.
19 നുണ പറയാൻ ദൈവം മനുഷ്യനല്ല,+മനസ്സു മാറ്റാൻ* ദൈവം മനുഷ്യപുത്രനുമല്ല.+
താൻ പറയുന്നതു ദൈവം നിവർത്തിക്കാതിരിക്കുമോ?
താൻ പറയുന്നതു ദൈവം ചെയ്യാതിരിക്കുമോ?+
20 ഇതാ, അനുഗ്രഹിക്കാൻ എന്നെ കൊണ്ടുവന്നിരിക്കുന്നു,ദൈവം അനുഗ്രഹിച്ചിരിക്കുന്നു,+ അതു മാറ്റാൻ എനിക്കാകുമോ!+
21 യാക്കോബിന് എതിരെ ഒരു മന്ത്രപ്രയോഗവും ദൈവം വെച്ചുപൊറുപ്പിക്കില്ല,ഇസ്രായേലിനെ ദ്രോഹിക്കാൻ ദൈവം അനുവദിക്കുകയുമില്ല.
ദൈവമായ യഹോവ അവരോടുകൂടെയുണ്ട്,+അവർ ദൈവത്തെ തങ്ങളുടെ രാജാവായി വാഴ്ത്തിപ്പാടുന്നു.
22 ദൈവം അവരെ ഈജിപ്തിൽനിന്ന് കൊണ്ടുവരുന്നു.+
ദൈവം അവർക്കു കാട്ടുപോത്തിന്റെ കൊമ്പുകൾപോലെയാണ്.+
23 യാക്കോബിന് എതിരെ ഒരു ദുശ്ശകുനമോ+ഇസ്രായേലിന് എതിരെ ഒരു ദുർലക്ഷണമോ കാണാനില്ല.+
‘ദൈവം അവനുവേണ്ടി ചെയ്തതു കണ്ടാലും!’ എന്ന്
ഇപ്പോൾ യാക്കോബിനെയും ഇസ്രായേലിനെയും കുറിച്ച് പറയും.
24 ഇതാ, സിംഹത്തെപ്പോലെ എഴുന്നേൽക്കുന്ന ഒരു ജനം!ഒരു സിംഹത്തെപ്പോലെ അത് എഴുന്നേറ്റുനിൽക്കുന്നു.+
ഇരയെ വിഴുങ്ങാതെ അതു വിശ്രമിക്കില്ല,താൻ കൊന്നവരുടെ രക്തം കുടിക്കാതെ അത് അടങ്ങില്ല.”
25 അപ്പോൾ ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “താങ്കൾക്ക് ഇസ്രായേലിനെ ശപിക്കാൻ കഴിയില്ലെങ്കിൽ അനുഗ്രഹിക്കാനും പാടില്ല.”
26 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “‘യഹോവ പറയുന്നതെല്ലാം ഞാൻ ചെയ്യും’ എന്നു ഞാൻ താങ്കളോടു പറഞ്ഞതല്ലേ?”+
27 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “വരൂ, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാം. അവിടെവെച്ച് താങ്കൾ ഇസ്രായേലിനെ എനിക്കുവേണ്ടി ശപിക്കുന്നതു ചിലപ്പോൾ സത്യദൈവത്തിന് ഇഷ്ടമായിരിക്കും.”+
28 അങ്ങനെ ബാലാക്ക് ബിലെയാമിനെ യശീമോന്*+ അഭിമുഖമായുള്ള പെയോരിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി.
29 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഈ സ്ഥലത്ത് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കായി ഒരുക്കുക.”+
30 ബിലെയാം പറഞ്ഞതുപോലെതന്നെ ബാലാക്ക് ചെയ്തു. ബിലെയാം ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും വീതം അർപ്പിച്ചു.