സംഖ്യ 27:1-23
27 പിന്നീട് യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബത്തിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പെൺമക്കൾ+ വന്നു. മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.
2 അവർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും തലവന്മാരുടെയും+ മുഴുവൻ സമൂഹത്തിന്റെയും മുമ്പാകെ നിന്ന് ഇങ്ങനെ പറഞ്ഞു:
3 “ഞങ്ങളുടെ അപ്പൻ വിജനഭൂമിയിൽവെച്ച് മരിച്ചുപോയി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോവയ്ക്കെതിരെ സംഘം ചേർന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളായിരുന്നില്ല, സ്വന്തം പാപം കാരണമാണു ഞങ്ങളുടെ അപ്പൻ മരിച്ചത്. അപ്പന് ആൺമക്കൾ ആരുമില്ല.
4 ആൺമക്കളില്ലാത്തതുകൊണ്ട് ഞങ്ങളുടെ അപ്പന്റെ പേര് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന് മാഞ്ഞുപോകുന്നത് എന്തിനാണ്? ഞങ്ങളുടെ അപ്പന്റെ സഹോദരന്മാർക്കിടയിൽ ഞങ്ങൾക്ക് ഒരു അവകാശം തന്നാലും.”
5 മോശ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ ഉണർത്തിച്ചു.+
6 അപ്പോൾ യഹോവ മോശയോടു പറഞ്ഞു:
7 “സെലോഫഹാദിന്റെ പെൺമക്കൾ പറഞ്ഞതു ശരിയാണ്. അവർക്ക് അവരുടെ അപ്പന്റെ സ്വത്ത് അവന്റെ സഹോദരന്മാർക്കിടയിൽ അവകാശമായി നൽകുകതന്നെ വേണം, അവരുടെ അപ്പന്റെ അവകാശം നീ അവർക്കു കൈമാറണം.+
8 മാത്രമല്ല, ഇസ്രായേല്യരോടു നീ ഇങ്ങനെ പറയുകയും വേണം: ‘ഒരാൾ ആൺമക്കളില്ലാതെ മരിച്ചാൽ നിങ്ങൾ അയാളുടെ അവകാശം അയാളുടെ മകൾക്കു കൊടുക്കണം.
9 അയാൾക്കു പെൺമക്കളില്ലെങ്കിൽ അയാളുടെ അവകാശം അയാളുടെ സഹോദരന്മാർക്കു നൽകണം.
10 അയാൾക്കു സഹോദരന്മാരുമില്ലെങ്കിൽ അയാളുടെ അവകാശം അയാളുടെ അപ്പന്റെ സഹോദരന്മാർക്കു കൈമാറണം.
11 അയാളുടെ അപ്പനു സഹോദരന്മാരില്ലെങ്കിൽ അവകാശം അയാളുടെ കുടുംബത്തിൽ ഏറ്റവും അടുത്ത രക്തബന്ധത്തിലുള്ളവനു കൊടുക്കണം, അയാൾ ആ സ്വത്ത് ഏറ്റെടുക്കും. യഹോവ മോശയോടു കല്പിച്ചതുപോലെ, ഈ ന്യായത്തീർപ്പ് ഇസ്രായേല്യർക്ക് ഒരു നിയമമായിരിക്കും.’”
12 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അബാരീം പ്രദേശത്തെ ഈ മലയിലേക്കു+ കയറിച്ചെന്ന് ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന ദേശം കണ്ടുകൊള്ളുക.+
13 അതു കണ്ടശേഷം, നിന്റെ സഹോദരനായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോടു ചേരും.*+
14 കാരണം സീൻ വിജനഭൂമിയിൽ ഇസ്രായേൽസമൂഹം എന്നോടു കലഹിച്ചപ്പോൾ വെള്ളത്തിന് അരികെവെച്ച് അവർക്കു മുമ്പാകെ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരിച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജനഭൂമിയിലെ കാദേശിലുള്ള+ മെരീബനീരുറവ്.)”+
15 അപ്പോൾ മോശ യഹോവയോടു പറഞ്ഞു:
16 “എല്ലാവരുടെയും ജീവന്റെ* ദൈവമായ യഹോവേ, ഈ സമൂഹത്തിനു മേൽ ഒരു പുരുഷനെ നിയമിക്കേണമേ.
17 യഹോവയുടെ സമൂഹം ഇടയനില്ലാത്ത ആടുകളെപ്പോലെയാകാതിരിക്കാൻ അയാൾ അവരെ നയിച്ചുകൊണ്ട് അവർക്കു മുമ്പേ പോകുകയും അവർക്കു മുമ്പേ വരുകയും അവരെ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യട്ടെ.”
18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+
19 അവനെ പുരോഹിതനായ എലെയാസരിന്റെയും മുഴുവൻ സമൂഹത്തിന്റെയും മുന്നിൽ നിറുത്തി അവർ കാൺകെ+ അവനെ നിയോഗിക്കുക.
20 ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയുന്നത് അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച് അവനു കൊടുക്കണം.+
21 അവൻ പുരോഹിതനായ എലെയാസരിന്റെ മുന്നിൽ ചെല്ലുകയും എലെയാസർ അവനുവേണ്ടി ഊറീം+ ഉപയോഗിച്ച് യഹോവയുടെ തീരുമാനം ചോദിക്കുകയും വേണം. അവന്റെ ആജ്ഞപ്രകാരം അവനും അവനോടൊപ്പമുള്ള എല്ലാ ഇസ്രായേല്യരും സമൂഹം മുഴുവനും പുറപ്പെടും; അവന്റെ ആജ്ഞപ്രകാരം അവരെല്ലാം മടങ്ങിവരും.”
22 യഹോവ തന്നോടു കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു. മോശ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസരിന്റെയും സമൂഹത്തിന്റെയും മുന്നിൽ നിറുത്തി;
23 യോശുവയുടെ മേൽ കൈകൾ വെച്ച് യോശുവയെ നിയമിച്ചു.+ മോശയിലൂടെ യഹോവ പറഞ്ഞതുപോലെതന്നെ മോശ ചെയ്‌തു.+