സംഖ്യ 28:1-31
28 പിന്നെ യഹോവ മോശയോടു പറഞ്ഞു:
2 “ഇസ്രായേല്യരോട് ഇങ്ങനെ കല്പിക്കുക: ‘എന്റെ യാഗം, അതായത് എന്റെ അപ്പം, അർപ്പിക്കുന്നതിൽ നിങ്ങൾ വീഴ്ച വരുത്തരുത്. എന്നെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിലുള്ള എന്റെ യാഗങ്ങൾ നിശ്ചിതസമയത്തുതന്നെ നിങ്ങൾ അർപ്പിക്കണം.’+
3 “അവരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട അഗ്നിയിലുള്ള യാഗം ഇതാണ്: ദിവസവും പതിവുദഹനയാഗമായി ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകൾ.+
4 ഒരു ചെമ്മരിയാടിനെ രാവിലെയും മറ്റേതിനെ സന്ധ്യാസമയത്തും* അർപ്പിക്കണം.+
5 ഓരോന്നിനോടുമൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ* പത്തിലൊന്നു നേർത്ത ധാന്യപ്പൊടി, ഒരു ഹീന്റെ* നാലിലൊന്ന് ഇടിച്ചെടുത്ത എണ്ണ ചേർത്ത് അർപ്പിക്കണം.+
6 ഇതാണു സീനായ് പർവതത്തിൽവെച്ച് ഏർപ്പെടുത്തിയ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന പതിവുദഹനയാഗം.+
7 അതോടൊപ്പം ഓരോ ചെമ്മരിയാട്ടിൻകുട്ടിയുടെയുംകൂടെ ഒരു ഹീന്റെ നാലിലൊന്ന് അളവിൽ അതിന്റെ പാനീയയാഗവും അർപ്പിക്കണം.+ ആ ലഹരിപാനീയം യഹോവയ്ക്കുള്ള പാനീയയാഗമായി വിശുദ്ധസ്ഥലത്ത് ഒഴിക്കണം.
8 മറ്റേ ചെമ്മരിയാട്ടിൻകുട്ടിയെ നിങ്ങൾ സന്ധ്യാസമയത്ത്* അർപ്പിക്കണം. രാവിലെ അർപ്പിച്ചതുപോലുള്ള ധാന്യയാഗത്തോടും അതേ പാനീയയാഗത്തോടും ഒപ്പം യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിലുള്ള യാഗം എന്ന നിലയിൽ അതിനെ അർപ്പിക്കണം.+
9 “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകളെ അർപ്പിക്കുക. എന്നാൽ അതോടൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. അതിന്റെ പാനീയയാഗവും അർപ്പിക്കണം.
10 ഇതാണു ശബത്തുദിവസത്തെ ദഹനയാഗം. പതിവുദഹനയാഗത്തോടും അതിന്റെ പാനീയയാഗത്തോടും കൂടെ ഇത് അർപ്പിക്കണം.+
11 “‘ഓരോ മാസത്തിന്റെയും* ആരംഭത്തിൽ നിങ്ങൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണ്ടത്: രണ്ടു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാട്.+
12 ഓരോ കാളക്കുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും+ ആൺചെമ്മരിയാടിനോടുകൂടെ+ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും
13 ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും ദഹനയാഗമായി, പ്രസാദകരമായ ഒരു സുഗന്ധമായി,+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, അർപ്പിക്കണം.
14 അവയുടെ പാനീയയാഗം ഒരു കാളയ്ക്ക് അര ഹീൻ വീഞ്ഞും+ ആൺചെമ്മരിയാടിന് ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും+ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിക്കു കാൽ ഹീൻ വീഞ്ഞും ആയിരിക്കണം.+ ഇതാണു വർഷത്തിലുടനീളം മാസംതോറും അർപ്പിക്കേണ്ട ദഹനയാഗം.
15 പതിവുദഹനയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ ഒരു കോലാട്ടിൻകുട്ടിയെ യഹോവയ്ക്കു പാപയാഗമായും അർപ്പിക്കണം.
16 “‘ഒന്നാം മാസം 14-ാം ദിവസം യഹോവയുടെ പെസഹയായിരിക്കും.+
17 ആ മാസം 15-ാം ദിവസം ഒരു ഉത്സവം ആചരിക്കണം. നിങ്ങൾ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം.+
18 ഒന്നാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കും; നിങ്ങൾ കഠിനാധ്വാനമൊന്നും ചെയ്യരുത്.
19 നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു ദഹനയാഗമായി രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും അർപ്പിക്കണം. മൃഗങ്ങളെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
20 അവയെ നേർത്ത ധാന്യപ്പൊടികൊണ്ടുള്ള അവയുടെ ധാന്യയാഗങ്ങളോടൊപ്പം എണ്ണ ചേർത്ത് അർപ്പിക്കണം.+ ഒരു കാളയ്ക്ക് ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് ധാന്യപ്പൊടിയും ആൺചെമ്മരിയാടിനു പത്തിൽ രണ്ട് അളവ് ധാന്യപ്പൊടിയും ആണ് കൊണ്ടുവരേണ്ടത്.
21 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് അളവ് ധാന്യപ്പൊടിയും അർപ്പിക്കണം.
22 മാത്രമല്ല നിങ്ങൾക്കു പാപപരിഹാരം വരുത്താനായി ഒരു കോലാടിനെ പാപയാഗമായും അർപ്പിക്കണം.
23 പതിവുദഹനയാഗമായി രാവിലെ അർപ്പിക്കുന്ന ദഹനയാഗത്തിനു പുറമേ ഇവയും നിങ്ങൾ അർപ്പിക്കണം.
24 ഇതേ വിധത്തിൽ ഏഴു ദിവസവും നിങ്ങൾ ഇവ ആഹാരമായി അർപ്പിക്കണം. അഗ്നിയിലുള്ള യാഗമായി, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി, നിങ്ങൾ ഇവ അർപ്പിക്കണം. പതിവുദഹനയാഗത്തോടും അതിന്റെ പാനീയയാഗത്തോടും കൂടെ ഇത് അർപ്പിക്കണം.
25 ഏഴാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+
26 “‘ആദ്യവിളകളുടെ ദിവസം+ നിങ്ങൾ യഹോവയ്ക്കു പുതുധാന്യം യാഗമായി അർപ്പിക്കുമ്പോൾ,+ അതായത് നിങ്ങളുടെ വാരോത്സവത്തിൽ, നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+
27 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമാകുന്ന ദഹനയാഗം എന്ന നിലയിൽ രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും നിങ്ങൾ അർപ്പിക്കണം.+
28 അവയുടെ ധാന്യയാഗമായി, ഓരോ കാളക്കുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിൽ മൂന്നും ആൺചെമ്മരിയാടിനോടുകൂടെ ഒരു ഏഫായുടെ പത്തിൽ രണ്ടും
29 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്നും, നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം.
30 കൂടാതെ, നിങ്ങൾക്കു പാപപരിഹാരം വരുത്താനായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.+
31 പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പുറമേ നിങ്ങൾ ഇവയും അർപ്പിക്കണം. മൃഗങ്ങൾ ന്യൂനതയില്ലാത്തതായിരിക്കണം.+ നിങ്ങൾ അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
അടിക്കുറിപ്പുകള്
^ അഥവാ “എനിക്കു പ്രീതികരമായ; എന്റെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “എന്നെ ശാന്തമാക്കുന്ന.”
^ അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിലും.”
^ അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
^ അക്ഷ. “നിങ്ങളുടെ മാസങ്ങളുടെ.”