സംഖ്യ 3:1-51
3 യഹോവ സീനായ് പർവതത്തിൽവെച്ച്+ മോശയോടു സംസാരിച്ച കാലത്ത് മോശയുടെയും അഹരോന്റെയും വംശപരമ്പര* ഇതായിരുന്നു.
2 അഹരോന്റെ ആൺമക്കളുടെ പേരുകൾ: മൂത്ത മകൻ നാദാബ്. കൂടാതെ അബീഹു,+ എലെയാസർ,+ ഈഥാമാർ.+
3 അഹരോന്റെ ആൺമക്കളുടെ, അതായത് പുരോഹിതശുശ്രൂഷയ്ക്കു നിയമിതരായ അഭിഷിക്തപുരോഹിതന്മാരുടെ, പേരുകൾ ഇവയാണ്.+
4 എന്നാൽ സീനായ് വിജനഭൂമിയിൽവെച്ച് യഹോവയുടെ മുമ്പാകെ അയോഗ്യമായ അഗ്നി അർപ്പിച്ചപ്പോൾ നാദാബും അബീഹുവും യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+ അവർക്ക് ആൺമക്കളുണ്ടായിരുന്നില്ല. എന്നാൽ എലെയാസരും+ ഈഥാമാരും+ അപ്പനായ അഹരോനോടൊപ്പം പുരോഹിതശുശ്രൂഷയിൽ തുടർന്നു.
5 പിന്നെ യഹോവ മോശയോടു പറഞ്ഞു:
6 “ലേവി ഗോത്രത്തെ കൊണ്ടുവന്ന്+ പുരോഹിതനായ അഹരോന്റെ മുമ്പാകെ നിറുത്തുക. അവർ അഹരോനു ശുശ്രൂഷ ചെയ്യും.+
7 വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട തങ്ങളുടെ ശുശ്രൂഷ നിർവഹിച്ചുകൊണ്ട് അവർ അഹരോനോടും മുഴുവൻ സമൂഹത്തോടും ഉള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാന്നിധ്യകൂടാരത്തിനു മുമ്പാകെ നിറവേറ്റണം.
8 അവർക്കായിരിക്കും സാന്നിധ്യകൂടാരത്തിലെ എല്ലാ ഉപകരണങ്ങളുടെയും സംരക്ഷണച്ചുമതല.+ വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട സേവനങ്ങൾ നിർവഹിച്ചുകൊണ്ട് ഇസ്രായേല്യരോടുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ അവർ നിറവേറ്റണം.+
9 ലേവ്യരെ നീ അഹരോനും ആൺമക്കൾക്കും കൊടുക്കണം. അവരെ വേർതിരിച്ചിരിക്കുന്നു, ഇസ്രായേല്യരിൽനിന്ന് അഹരോനുവേണ്ടി വേർതിരിച്ചിരിക്കുന്നു.+
10 നീ അഹരോനെയും ആൺമക്കളെയും പുരോഹിതകർമങ്ങൾ നിർവഹിക്കാൻ നിയമിക്കണം.+ അർഹതയില്ലാത്ത ആരെങ്കിലും* അടുത്ത് വന്നാൽ അയാളെ കൊന്നുകളയണം.”+
11 പിന്നെ യഹോവ മോശയോടു പറഞ്ഞു:
12 “ഞാൻ ഇതാ, ഇസ്രായേലിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരമായി ലേവ്യരെ ഇസ്രായേല്യരിൽനിന്ന് എടുക്കുന്നു!+ ലേവ്യർ എന്റേതായിരിക്കും.
13 കാരണം മൂത്ത ആൺമക്കളെല്ലാം എന്റേതാണ്.+ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ച ദിവസം+ ഞാൻ ഇസ്രായേലിലെ മൂത്ത ആൺമക്കളെ, മനുഷ്യന്റെമുതൽ മൃഗങ്ങളുടെവരെ എല്ലാത്തിന്റെയും കടിഞ്ഞൂലുകളെ, എനിക്കുവേണ്ടി വിശുദ്ധീകരിച്ചു.+ അവർ എന്റേതാകും. ഞാൻ യഹോവയാണ്.”
14 സീനായ് വിജനഭൂമിയിൽവെച്ച്+ യഹോവ പിന്നെയും മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു:
15 “ലേവിയുടെ വംശജരുടെ പേരുകൾ അവരുടെ പിതൃഭവനങ്ങളും കുടുംബങ്ങളും അനുസരിച്ച് രേഖയിൽ ചേർക്കുക. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ആണുങ്ങളുടെയും പേര് ചേർക്കണം.”+
16 അങ്ങനെ യഹോവയുടെ ആജ്ഞയനുസരിച്ച്, ദൈവം കല്പിച്ചതുപോലെതന്നെ, മോശ അവരുടെ പേര് രേഖപ്പെടുത്തി.
17 ലേവിയുടെ ആൺമക്കളുടെ പേരുകൾ ഇതാണ്: ഗർശോൻ, കൊഹാത്ത്, മെരാരി.+
18 കുടുംബമനുസരിച്ച് ഗർശോന്റെ ആൺമക്കളുടെ പേരുകൾ: ലിബ്നി, ശിമെയി.+
19 കുടുംബമനുസരിച്ച് കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+
20 കുടുംബമനുസരിച്ച് മെരാരിയുടെ ആൺമക്കൾ: മഹ്ലി,+ മൂശി.+
ഇവയായിരുന്നു പിതൃഭവനമനുസരിച്ച് ലേവ്യരുടെ കുടുംബങ്ങൾ.
21 ഗർശോനിൽനിന്നാണു ലിബ്നിയരുടെ+ കുടുംബവും ശിമെയിയരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു ഗർശോന്യരുടെ കുടുംബങ്ങൾ.
22 അവരുടെ ഇടയിൽനിന്ന് പേര് ചേർത്ത, ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 7,500.+
23 ഗർശോന്യരുടെ കുടുംബങ്ങൾ വിശുദ്ധകൂടാരത്തിനു പുറകിൽ പടിഞ്ഞാറാണു പാളയമടിച്ചിരുന്നത്.+
24 ഗർശോന്യരുടെ പിതൃഭവനത്തിന്റെ തലവൻ ലായേലിന്റെ മകൻ എലിയാസാഫായിരുന്നു.
25 പിൻവരുന്നവയുടെ പരിരക്ഷയും അവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു വിശുദ്ധകൂടാരത്തിൽ ഗർശോന്റെ വംശജരുടെ ഉത്തരവാദിത്വം:+ വിശുദ്ധകൂടാരം,+ അതിന്റെ ആവരണങ്ങൾ,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+
26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിന്റെയും യാഗപീഠത്തിന്റെയും ചുറ്റുമുള്ള മുറ്റത്തെ പ്രവേശനകവാടത്തിലെ യവനിക,*+ അതിന്റെ കൂടാരക്കയറുകൾ.
27 കൊഹാത്തിൽനിന്നാണ് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു കൊഹാത്യരുടെ കുടുംബങ്ങൾ.+
28 അവരിൽ ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള ആണുങ്ങളുടെ ആകെ എണ്ണം 8,600. അവർക്കായിരുന്നു വിശുദ്ധസ്ഥലം പരിപാലിക്കാനുള്ള ഉത്തരവാദിത്വം.+
29 കൊഹാത്തിന്റെ വംശജരുടെ കുടുംബങ്ങൾ വിശുദ്ധകൂടാരത്തിന്റെ തെക്കുഭാഗത്താണു പാളയമടിച്ചിരുന്നത്.+
30 ഉസ്സീയേലിന്റെ മകനായ എലീസാഫാനായിരുന്നു കൊഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്റെ തലവൻ.+
31 പെട്ടകം,+ മേശ,+ തണ്ടുവിളക്ക്,+ യാഗപീഠങ്ങൾ,+ വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ,+ യവനിക*+ എന്നിവയുടെ പരിരക്ഷയും ഇവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു അവരുടെ ഉത്തരവാദിത്വം.+
32 ലേവ്യരുടെ മുഖ്യതലവൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരായിരുന്നു.+ എലെയാസരാണു വിശുദ്ധസ്ഥലത്തെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.
33 മെരാരിയിൽനിന്നാണു മഹ്ലിയരുടെ കുടുംബവും മൂശിയരുടെ കുടുംബവും ഉത്ഭവിച്ചത്. ഇവയാണു മെരാരിയുടെ കുടുംബങ്ങൾ.+
34 അവരുടെ ഇടയിൽനിന്ന് പേര് ചേർത്ത, ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 6,200.+
35 മെരാരിയുടെ കുടുംബങ്ങളുടെ പിതൃഭവനത്തിന്റെ തലവൻ അബീഹയിലിന്റെ മകനായ സൂരിയെലായിരുന്നു. വിശുദ്ധകൂടാരത്തിന്റെ വടക്കുഭാഗത്താണ് അവർ പാളയമടിച്ചിരുന്നത്.+
36 വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ+ എന്നിവയുടെയും അവയോടു ബന്ധപ്പെട്ട സേവനങ്ങളുടെയും മേൽനോട്ടം മെരാരിയുടെ വംശജർക്കായിരുന്നു.+
37 മുറ്റത്തിനു ചുറ്റുമുണ്ടായിരുന്ന തൂണുകൾ, അവയുടെ ചുവടുകൾ,+ അവയുടെ കൂടാരക്കുറ്റികൾ, അവയുടെ കൂടാരക്കയറുകൾ എന്നിവയുടെ മേൽനോട്ടവും അവർക്കായിരുന്നു.
38 മോശയും അഹരോനും അഹരോന്റെ ആൺമക്കളും ആണ് വിശുദ്ധകൂടാരത്തിനു മുന്നിൽ കിഴക്കുഭാഗത്ത്, സാന്നിധ്യകൂടാരത്തിനു മുന്നിൽ സൂര്യോദയത്തിനു നേരെ, പാളയമടിച്ചിരുന്നത്. ഇസ്രായേല്യരെ പ്രതിനിധീകരിച്ച് വിശുദ്ധമന്ദിരം പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കായിരുന്നു. അർഹതയില്ലാത്ത ആരെങ്കിലും* അടുത്തേക്കു വന്നാൽ അയാളെ കൊന്നുകളയണമായിരുന്നു.+
39 യഹോവ കല്പിച്ചതുപോലെ, മോശയും അഹരോനും ലേവ്യപുരുഷന്മാരുടെയെല്ലാം പേരുകൾ അവരുടെ കുടുംബമനുസരിച്ച് രേഖയിൽ ചേർത്തു. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള ആണുങ്ങൾ ആകെ 22,000 ആയിരുന്നു.
40 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യരിൽ ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള മൂത്ത ആൺമക്കളുടെയെല്ലാം പേര് ചേർക്കുക.+ അവരെ എണ്ണി അവരുടെ പേരിന്റെ ഒരു പട്ടിക ഉണ്ടാക്കണം.
41 ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ലേവ്യരെ നീ എനിക്കായി എടുക്കണം.+ ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും നീ എടുക്കണം.+ ഞാൻ യഹോവയാണ്.”
42 അങ്ങനെ യഹോവ കല്പിച്ചതുപോലെതന്നെ മോശ ഇസ്രായേലിലെ മൂത്ത ആൺമക്കളുടെയെല്ലാം പേര് ചേർത്തു.
43 ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള മൂത്ത ആൺമക്കളുടെയെല്ലാം പേര് ചേർത്തു. അവരുടെ എണ്ണം ആകെ 22,273.
44 യഹോവ പിന്നെയും മോശയോടു പറഞ്ഞു:
45 “ഇസ്രായേല്യരുടെ മൂത്ത ആൺമക്കൾക്കു പകരം ലേവ്യരെയും ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും എടുക്കുക. അങ്ങനെ ലേവ്യർ എന്റേതായിത്തീരും. ഞാൻ യഹോവയാണ്.
46 ഇസ്രായേല്യരിൽ ലേവ്യരെക്കാൾ അധികമുള്ള 273 മൂത്ത ആൺമക്കളുടെ+ മോചനവിലയായി,+
47 വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം ആളൊന്നിന് അഞ്ചു ശേക്കെൽ* വീതം+ നീ എടുക്കണം. ഒരു ശേക്കെൽ 20 ഗേരയാണ്.*+
48 അധികമുള്ളവരുടെ മോചനവിലയായി നീ ആ പണം അഹരോനും ആൺമക്കൾക്കും കൊടുക്കണം.”
49 അങ്ങനെ ലേവ്യരുടെ എണ്ണത്തെക്കാൾ അധികമുള്ളവരെ വീണ്ടെടുക്കാൻവേണ്ടി വീണ്ടെടുപ്പുവിലയായി നൽകേണ്ട പണം മോശ ശേഖരിച്ചു.
50 മോശ ഇസ്രായേലിലെ മൂത്ത ആൺമക്കളിൽനിന്ന് ആ പണം—വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം 1,365 ശേക്കെൽ—ശേഖരിച്ചു.
51 യഹോവയുടെ വാക്കനുസരിച്ച് മോശ മോചനവിലയായ ആ പണം അഹരോനും ആൺമക്കൾക്കും കൊടുത്തു. യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്തു.
അടിക്കുറിപ്പുകള്
^ അക്ഷ. “തലമുറകൾ.”
^ അക്ഷ. “അന്യർ ആരെങ്കിലും.” അതായത്, അഹരോന്റെ കുടുംബത്തിൽപ്പെടാത്ത ഒരാൾ.
^ അഥവാ “തിരശ്ശീല.”
^ അഥവാ “തിരശ്ശീല.”
^ അഥവാ “തിരശ്ശീല.”
^ അക്ഷ. “അന്യർ ആരെങ്കിലും.” അതായത്, ലേവ്യനല്ലാത്ത ഒരാൾ.
^ അഥവാ “വിശുദ്ധശേക്കെലിന്റെ.”