സംഖ്യ 32:1-42
32 രൂബേന്റെയും+ ഗാദിന്റെയും വംശജർക്കു+ വളരെയധികം ആടുമാടുകളുണ്ടായിരുന്നു. യസേർ ദേശവും+ ഗിലെയാദ് ദേശവും മൃഗങ്ങളെ വളർത്താൻ പറ്റിയ സ്ഥലങ്ങളാണെന്നു കണ്ടപ്പോൾ
2 അവർ മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും സമൂഹത്തിലെ തലവന്മാരുടെയും അടുത്ത് ചെന്ന് അവരോടു പറഞ്ഞു:
3 “അതാരോത്ത്, ദീബോൻ, യസേർ, നിമ്ര, ഹെശ്‌ബോൻ,+ എലെയാലെ, സെബാം, നെബോ,+ ബയോൻ+
4 എന്നിങ്ങനെ ഇസ്രായേൽസമൂഹത്തിന്+ യഹോവ കീഴടക്കിക്കൊടുത്ത പ്രദേശങ്ങൾ വളർത്തുമൃഗങ്ങൾക്കു പറ്റിയതാണ്. അടിയങ്ങൾക്കു ധാരാളം മൃഗങ്ങളുണ്ടുതാനും.”+
5 അവർ തുടർന്നു: “നിങ്ങൾക്കു സമ്മതമാണെങ്കിൽ ഞങ്ങളുടെ അവകാശമായി ഈ ദേശം തന്നാലും. ഞങ്ങൾ യോർദാൻ കടക്കാൻ ഇടവരുത്തരുതേ.”
6 അപ്പോൾ മോശ ഗാദിന്റെയും രൂബേന്റെയും വംശജരോടു പറഞ്ഞു: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ താമസിക്കണമെന്നോ?
7 യഹോവ ഇസ്രായേൽ ജനത്തിനു കൊടുക്കുമെന്ന് ഉറപ്പായ ദേശത്തേക്കു കടക്കുന്നതിൽനിന്ന് നിങ്ങൾ അവരെ പിന്തിരിപ്പിക്കുന്നത് എന്തിനാണ്?
8 ദേശം നോക്കിക്കാണാൻ കാദേശ്-ബർന്നേയയിൽനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അയച്ചപ്പോൾ+ അവരും ചെയ്‌തത് ഇതുതന്നെയാണ്.
9 എശ്‌ക്കോൽ താഴ്‌വരയോളം*+ ചെന്ന് ദേശം കണ്ടശേഷം, യഹോവ കൊടുക്കാനിരുന്ന ദേശത്തേക്കു പോകുന്നതിൽനിന്ന് അവർ ഇസ്രായേൽ ജനത്തെ പിന്തിരിപ്പിച്ചു.+
10 അന്ന് യഹോവയുടെ കോപം ആളിക്കത്തി; ദൈവം ഇങ്ങനെ സത്യം ചെയ്‌തു:+
11 ‘ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്‌ത+ ദേശം കാണില്ല.+ കാരണം അവർ എന്നെ മുഴുഹൃദയത്തോടെ അനുഗമിച്ചില്ല.
12 യഹോവയെ മുഴുഹൃദയത്തോടെ അനുഗമിച്ച,+ കെനിസ്യനായ യഫുന്നയുടെ മകൻ കാലേബും+ നൂന്റെ മകൻ യോശുവയും+ മാത്രമേ അവിടെ പ്രവേശിക്കൂ.’
13 അങ്ങനെ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി; യഹോവയുടെ മുന്നിൽ തിന്മ ചെയ്‌ത ആ തലമുറ ഒന്നടങ്കം മരിച്ചൊടുങ്ങുന്നതുവരെ+ 40 വർഷം+ അവർ വിജനഭൂമിയിൽ അലഞ്ഞുതിരിയാൻ ദൈവം ഇടയാക്കി.
14 ഇപ്പോൾ ഇതാ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ, പാപികളായ നിങ്ങളും ഇസ്രായേലിനു നേരെയുള്ള യഹോവയുടെ കോപം ആളിക്കത്താൻ ഇടയാക്കുന്നു.
15 നിങ്ങൾ ദൈവത്തെ അനുഗമിക്കുന്നതു നിറുത്തിയാൽ ദൈവം അവരെ വീണ്ടും വിജനഭൂമിയിൽ ഉപേക്ഷിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ നിങ്ങൾ കാരണം ഈ ജനം നശിച്ചൊടുങ്ങും.”
16 പിന്നീട് അവർ മോശയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ഇവിടെ ഞങ്ങളുടെ മൃഗങ്ങൾക്കു കൽത്തൊഴുത്തുകളും ഞങ്ങളുടെ കുട്ടികൾക്കു നഗരങ്ങളും പണിയാൻ അനുവദിച്ചാലും.
17 ഞങ്ങളുടെ കുട്ടികൾ ദേശത്തെ മറ്റു നിവാസികളിൽനിന്ന് സുരക്ഷിതരായി കോട്ടമതിലുള്ള നഗരങ്ങളിൽ താമസിക്കട്ടെ. എന്നാൽ ഞങ്ങൾ യുദ്ധസജ്ജരായി,+ ഇസ്രായേല്യരെ അവരുടെ സ്ഥലത്ത് എത്തിക്കുംവരെ അവർക്കു മുമ്പേ പൊയ്ക്കൊള്ളാം.
18 ദേശത്ത് ഓരോ ഇസ്രായേല്യനും അവകാശം കിട്ടുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിവരില്ല.+
19 ഞങ്ങൾക്കു യോർദാന്റെ കിഴക്കുവശത്ത് ഞങ്ങളുടെ അവകാശം ലഭിച്ചതുകൊണ്ട് യോർദാന്റെ മറുകരയിലും അതിന് അപ്പുറത്തേക്കും ഉള്ള ദേശത്ത് ഞങ്ങൾക്ക് അവരോടൊപ്പം അവകാശം വേണ്ടാ.”+
20 അപ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസജ്ജരായി+ ആയുധം എടുക്കുകയും
21 ദൈവം തന്റെ ശത്രുക്കളെ തന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുമ്പോൾ+ നിങ്ങൾ ഓരോരുത്തരും ആയുധം ഏന്തി യഹോവയുടെ മുമ്പാകെ യോർദാൻ കടക്കുകയും ചെയ്‌താൽ
22 ദേശം യഹോവയുടെ മുമ്പാകെ അധീനമായിക്കഴിയുമ്പോൾ+ ഈ ദേശം യഹോവയുടെ വീക്ഷണത്തിൽ നിങ്ങളുടെ അവകാശമായിരിക്കും.+ അപ്പോൾ നിങ്ങൾക്കു ദേശത്തേക്കു മടങ്ങിവരാം.+ യഹോവയുടെയും ഇസ്രായേലിന്റെയും മുന്നിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും.
23 പക്ഷേ നിങ്ങൾ ഇപ്പറഞ്ഞതുപോലെ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ യഹോവയ്ക്കെതിരെ പാപം ചെയ്യുകയായിരിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങൾ കണക്കു പറയേണ്ടിവരുമെന്ന് ഓർക്കുക.
24 നിങ്ങളുടെ കുട്ടികൾക്കു നഗരങ്ങളും ആട്ടിൻപറ്റങ്ങൾക്കു തൊഴുത്തുകളും പണിതുകൊള്ളൂ;+ പക്ഷേ വാക്കു പറഞ്ഞതുപോലെതന്നെ നിങ്ങൾ ചെയ്യണം.”
25 ഗാദിന്റെ വംശജരും രൂബേന്റെ വംശജരും മോശയോടു പറഞ്ഞു: “യജമാനൻ കല്പിക്കുന്നതുപോലെതന്നെ അടിയങ്ങൾ ചെയ്തുകൊള്ളാം.
26 ഞങ്ങളുടെ കുട്ടികളും ഭാര്യമാരും കന്നുകാലികളും എല്ലാ വളർത്തുമൃഗങ്ങളും ഗിലെയാദിലെ നഗരങ്ങളിൽ കഴിയട്ടെ.+
27 എന്നാൽ അടിയങ്ങൾ എല്ലാവരും ആയുധം ഏന്തി യുദ്ധസജ്ജരായി+ യജമാനൻ കല്പിച്ചതുപോലെ യഹോവയുടെ മുമ്പാകെ അവിടേക്കു പൊയ്ക്കൊള്ളാം.”
28 അങ്ങനെ മോശ അവരുടെ കാര്യത്തിൽ പുരോഹിതനായ എലെയാസരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേൽഗോത്രങ്ങളിലെ പിതൃഭവനത്തലവന്മാർക്കും ഒരു കല്‌പന കൊടുത്തു.
29 മോശ അവരോടു പറഞ്ഞു: “ഗാദിന്റെയും രൂബേന്റെയും വംശജരിൽ യഹോവയുടെ മുമ്പാകെ ആയുധം ഏന്തി യുദ്ധസജ്ജരായ എല്ലാ പുരുഷന്മാരും നിങ്ങളോടൊപ്പം യോർദാൻ കടന്ന് വരും. ദേശം നിങ്ങളുടെ മുന്നിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾ ഗിലെയാദ് ദേശം അവർക്ക് അവകാശമായി കൊടുക്കണം.+
30 എന്നാൽ അവർ ആയുധം ഏന്തി നിങ്ങളോടൊപ്പം അവിടേക്കു വരുന്നില്ലെങ്കിൽ അവർ നിങ്ങൾക്കിടയിൽ കനാൻ ദേശത്ത് താമസിക്കണം.”
31 അപ്പോൾ ഗാദിന്റെ വംശജരും രൂബേന്റെ വംശജരും പറഞ്ഞു: “യഹോവ പറഞ്ഞതുപോലെതന്നെ അടിയങ്ങൾ ചെയ്തുകൊള്ളാം.
32 ഞങ്ങൾ ആയുധം ഏന്തി യഹോവയുടെ മുമ്പാകെ കനാൻ ദേശത്തേക്കു വരാം.+ പക്ഷേ ഞങ്ങൾക്ക് അവകാശം കിട്ടുന്നതു യോർദാന്റെ ഇങ്ങേ കരയിലായിരിക്കും.”
33 അങ്ങനെ മോശ അവർക്ക്—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോസേഫിന്റെ മകനായ മനശ്ശെയുടെ പാതി ഗോത്രത്തിനും+—അമോര്യരാജാവായ സീഹോന്റെ രാജ്യവും+ ബാശാൻരാജാവായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങളിലെ നഗരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും കൊടുത്തു.
34 അങ്ങനെ ഗാദിന്റെ വംശജർ ദീബോൻ,+ അതാരോത്ത്,+ അരോവേർ,+
35 അത്രോത്ത്-ശോഫാൻ, യസേർ,+ യൊഗ്‌ബെഹ,+
36 ബേത്ത്-നിമ്ര,+ ബേത്ത്-ഹാരാൻ+ എന്നീ നഗരങ്ങൾ കോട്ടകെട്ടി പണിതു.* അവർ ആട്ടിൻപറ്റങ്ങൾക്കു കൽത്തൊഴുത്തുകളും ഉണ്ടാക്കി.
37 രൂബേന്റെ വംശജർ ഹെശ്‌ബോൻ,+ എലെയാലെ,+ കിര്യത്തയീം,+
38 നെബോ,+ ബാൽ-മേയോൻ+ എന്നിവയും (അവയുടെ പേരുകൾക്ക് മാറ്റം വരുത്തി.) സിബ്മയും പണിതു. പുതുക്കിപ്പണിത നഗരങ്ങൾക്ക് അവർ പുതിയ പേരുകൾ നൽകി.
39 മനശ്ശെയുടെ മകനായ മാഖീരിന്റെ വംശജർ+ ഗിലെയാദിന് എതിരെ ചെന്ന് അതു പിടിച്ചടക്കി, അവിടെയുണ്ടായിരുന്ന അമോര്യരെ തുരത്തിയോടിച്ചു.
40 അതുകൊണ്ട് മോശ മനശ്ശെയുടെ മകനായ മാഖീരിനു ഗിലെയാദ് കൊടുത്തു, മാഖീർ അവിടെ താമസംതുടങ്ങി.+
41 മനശ്ശെയുടെ മകനായ യായീർ അവിടേക്കു ചെന്ന് ആ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ പിടിച്ചടക്കി, അവയെ ഹവ്വോത്ത്-യായീർ*+ എന്നു വിളിച്ചു.
42 നോബഹ് കെനാത്തിന് എതിരെ ചെന്ന് അതും അതിന്റെ ആശ്രിതപട്ടണങ്ങളും* പിടിച്ചടക്കി. എന്നിട്ട് അതിനു തന്റെ പേരിട്ട് നോബഹ് എന്നു വിളിച്ചു.
അടിക്കുറിപ്പുകള്‍
^ അഥവാ “നീർച്ചാലോളം.”
^ അഥവാ “പുനർനിർമിച്ചു.”
^ അർഥം: “കൂടാരങ്ങൾ നിറഞ്ഞ യായീരിന്റെ ഗ്രാമങ്ങൾ.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”