സംഖ്യ 33:1-56
33 മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ+ ഗണമനുസരിച്ച്*+ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്ന ഇസ്രായേൽ ജനം+ പിന്നിട്ട സ്ഥലങ്ങൾ ഇവയായിരുന്നു.
2 യഹോവയുടെ ആജ്ഞപ്രകാരം അവരുടെ യാത്രയിൽ അവർ പിന്നിട്ട സ്ഥലങ്ങൾ ഓരോന്നായി മോശ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള അവരുടെ യാത്ര ഇങ്ങനെയായിരുന്നു:+
3 ഒന്നാം മാസം 15-ാം ദിവസം+ അവർ രമെസേസിൽനിന്ന്+ യാത്ര തിരിച്ചു. അന്നേ ദിവസം പെസഹയ്ക്കു ശേഷം+ ഈജിപ്തുകാരെല്ലാം കാൺകെ ഇസ്രായേല്യർ ധൈര്യപൂർവം* പുറപ്പെട്ടുപോന്നു.
4 യഹോവ ഈജിപ്തുകാരുടെ ദൈവങ്ങളുടെ മേൽ ന്യായവിധി നടത്തിയതിനാൽ,+ ആ സമയത്ത് ഈജിപ്തുകാർ യഹോവ സംഹരിച്ച കടിഞ്ഞൂലുകളെ മറവ് ചെയ്യുകയായിരുന്നു.+
5 അങ്ങനെ ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമടിച്ചു.+
6 പിന്നെ അവർ സുക്കോത്തിൽനിന്ന് പുറപ്പെട്ട് വിജനഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമടിച്ചു.+
7 തുടർന്ന് അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു+ മുമ്പിലുള്ള പീഹഹിരോത്തിലേക്കു പിൻവാങ്ങി; അവർ മിഗ്ദോലിനു മുന്നിൽ പാളയമടിച്ചു.+
8 അതിനു ശേഷം അവർ പീഹഹിരോത്തിൽനിന്ന് പുറപ്പെട്ട് കടലിനു നടുവിലൂടെ സഞ്ചരിച്ച്+ വിജനഭൂമിയിൽ എത്തി.+ ഏഥാം വിജനഭൂമിയിലൂടെ+ മൂന്നു ദിവസത്തെ വഴിദൂരം പിന്നിട്ട് അവർ മാറയിൽ പാളയമടിച്ചു.+
9 പിന്നെ അവർ മാറയിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി. ഏലീമിൽ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ പാളയമടിച്ചു.+
10 തുടർന്ന് അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിന് അരികെ പാളയമടിച്ചു.
11 അതിനു ശേഷം അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സിൻ വിജനഭൂമിയിൽ പാളയമടിച്ചു.+
12 പിന്നെ അവർ സിൻ വിജനഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്ക്കയിൽ പാളയമടിച്ചു.
13 തുടർന്ന് അവർ ദൊഫ്ക്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു.
14 പിന്നെ അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രഫീദീമിൽ പാളയമടിച്ചു.+ അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു.
15 അതിനു ശേഷം അവർ രഫീദീമിൽനിന്ന് പുറപ്പെട്ട് സീനായ് വിജനഭൂമിയിൽ പാളയമടിച്ചു.+
16 പിന്നെ അവർ സീനായ് വിജനഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു.+
17 തുടർന്ന് അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു.+
18 പിന്നീട് അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമടിച്ചു.
19 അതിനു ശേഷം അവർ രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമടിച്ചു.
20 പിന്നീട് അവർ രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമടിച്ചു.
21 അതിനു ശേഷം അവർ ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു.
22 പിന്നെ അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു.
23 അതിനു ശേഷം അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിന് അരികെ പാളയമടിച്ചു.
24 പിന്നെ അവർ ശാഫേർ പർവതത്തിന് അരികിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു.
25 തുടർന്ന് അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു.
26 പിന്നെ അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട്+ തഹത്തിൽ പാളയമടിച്ചു.
27 അതിനു ശേഷം അവർ തഹത്തിൽനിന്ന് പുറപ്പെട്ട് തേരഹിൽ പാളയമടിച്ചു.
28 പിന്നെ അവർ തേരഹിൽനിന്ന് പുറപ്പെട്ട് മിത്കയിൽ പാളയമടിച്ചു.
29 അതിനു ശേഷം അവർ മിത്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു.
30 പിന്നീട് അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമടിച്ചു.
31 അതിനു ശേഷം അവർ മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബനേ-ആക്കാനിൽ പാളയമടിച്ചു.+
32 പിന്നെ അവർ ബനേ-ആക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു.
33 തുടർന്ന് അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമടിച്ചു.+
34 പിന്നീട് അവർ യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു.
35 അതിനു ശേഷം അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബരിൽ+ പാളയമടിച്ചു.
36 പിന്നെ അവർ എസ്യോൻ-ഗേബരിൽനിന്ന് പുറപ്പെട്ട് സീൻ വിജനഭൂമിയിൽ,+ അതായത് കാദേശിൽ, പാളയമടിച്ചു.
37 തുടർന്ന് അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോം ദേശത്തിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിന്+ അരികെ പാളയമടിച്ചു.
38 യഹോവയുടെ ആജ്ഞപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ 40-ാം വർഷം അഞ്ചാം മാസം ഒന്നാം ദിവസം അവിടെവെച്ച് അഹരോൻ മരിച്ചു.+
39 ഹോർ പർവതത്തിൽവെച്ച് മരിക്കുമ്പോൾ അഹരോന് 123 വയസ്സായിരുന്നു.
40 പിന്നീട്, ഇസ്രായേൽ വരുന്നെന്നു കനാൻ ദേശത്തെ നെഗെബിൽ താമസിച്ചിരുന്ന, അരാദിലെ കനാന്യനായ രാജാവ് കേട്ടു.+
41 കുറച്ച് നാളുകൾക്കു ശേഷം അവർ ഹോർ പർവതത്തിൽനിന്ന്+ പുറപ്പെട്ട് സൽമോനയിൽ പാളയമടിച്ചു.
42 പിന്നെ അവർ സൽമോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു.
43 തുടർന്ന് അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.+
44 പിന്നീട് അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഈയേ-അബാരീമിൽ പാളയമടിച്ചു.+
45 അതിനു ശേഷം അവർ ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ+ പാളയമടിച്ചു.
46 പിന്നെ അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അൽമോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു.
47 തുടർന്ന് അവർ അൽമോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോയ്ക്കു+ മുമ്പിലുള്ള അബാരീം മലനിരകളിൽ+ പാളയമടിച്ചു.
48 ഒടുവിൽ അവർ അബാരീം മലനിരകളിൽനിന്ന് പുറപ്പെട്ട് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്ത് പാളയമടിച്ചു.+
49 അവർ യോർദാന് അരികെ മോവാബ് മരുപ്രദേശത്ത് ബേത്ത്-യശീമോത്ത് മുതൽ ആബേൽ-ശിത്തീം+ വരെയുള്ള സ്ഥലത്ത് പാളയമടിച്ച് താമസിച്ചു.
50 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് യഹോവ മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു:
51 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ ഇതാ, യോർദാൻ കടന്ന് കനാൻ ദേശത്തേക്കു പോകുന്നു.+
52 ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയണം. അവർ കല്ലിൽ കൊത്തിയെടുത്ത എല്ലാ രൂപങ്ങളും+ എല്ലാ ലോഹവിഗ്രഹങ്ങളും*+ നിങ്ങൾ നശിപ്പിച്ചുകളയണം. അവരുടെ ആരാധനാസ്ഥലങ്ങളും* നിങ്ങൾ തകർത്ത് തരിപ്പണമാക്കണം.+
53 ഞാൻ ഉറപ്പായും ആ ദേശം നിങ്ങൾക്കൊരു അവകാശമായി തരും; നിങ്ങൾ അതു കൈവശമാക്കി അവിടെ താമസിക്കും.+
54 നിങ്ങൾ ദേശം നറുക്കിട്ട്+ വിഭാഗിച്ച് നിങ്ങൾക്കിടയിലുള്ള കുടുംബങ്ങൾക്ക് അവകാശമായി കൊടുക്കണം. വലിയ കൂട്ടത്തിനു കൂടുതൽ അവകാശവും ചെറിയ കൂട്ടത്തിനു കുറച്ച് അവകാശവും കൊടുക്കണം.+ നറുക്കു വീഴുന്നിടത്തായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ച് നിങ്ങൾക്കു നിങ്ങളുടെ ഓഹരി അവകാശമായി ലഭിക്കും.+
55 “‘എന്നാൽ ആ ദേശത്തുള്ളവരെ നിങ്ങൾ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നില്ലെങ്കിൽ,+ നിങ്ങൾ ദേശത്ത് അവശേഷിപ്പിച്ചവർ നിങ്ങളുടെ കണ്ണിൽ കരടും നിങ്ങളുടെ വശങ്ങളിൽ മുള്ളുകളും ആയിത്തീരും. നിങ്ങൾ താമസിക്കുന്ന ദേശത്ത് അവർ നിങ്ങളെ ദ്രോഹിക്കും.+
56 ഞാൻ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.’”+
അടിക്കുറിപ്പുകള്
^ അക്ഷ. “സൈന്യമനുസരിച്ച്.”
^ അക്ഷ. “ഉയർത്തിപ്പിടിച്ച കൈയോടെ.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളും.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”