സംഖ്യ 36:1-13
36 യോസേഫിന്റെ വംശജരുടെ കുടുംബങ്ങളിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ+ വംശജരുടെ കുടുംബത്തലവന്മാർ മോശയുടെയും ഇസ്രായേല്യരുടെ കുടുംബത്തലവന്മാരായ പ്രമാണിമാരുടെയും അടുത്ത് വന്ന് അവരോടു സംസാരിച്ചു.
2 അവർ പറഞ്ഞു: “ദേശം നറുക്കിട്ട് വിഭാഗിച്ച്+ ഇസ്രായേല്യർക്ക് ഒരു അവകാശമായി കൊടുക്കാൻ യഹോവ ഞങ്ങളുടെ യജമാനനായ അങ്ങയോടു കല്പിച്ചിരുന്നല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവകാശം അദ്ദേഹത്തിന്റെ പെൺമക്കൾക്കു നൽകാനും യഹോവയിൽനിന്ന് യജമാനനു കല്പന ലഭിച്ചു.+
3 എന്നാൽ ആ പെൺകുട്ടികൾ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളിലുള്ളവരെ വിവാഹം കഴിച്ചാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങി, അവർ വിവാഹം കഴിച്ച് ചെല്ലുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ, ഞങ്ങൾക്കു നറുക്കിട്ട് കിട്ടിയ അവകാശത്തിൽനിന്ന് അവരുടെ അവകാശം നീങ്ങിപ്പോകും.
4 മാത്രമല്ല, ഇസ്രായേൽ ജനത്തിന്റെ ജൂബിലിവർഷത്തിൽ+ ഈ പെൺകുട്ടികളുടെ അവകാശം, അവർ വിവാഹം കഴിച്ച് ചെല്ലുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ ഗോത്രത്തിന്റെ അവകാശത്തിൽനിന്ന് നീങ്ങിപ്പോകും.”
5 അപ്പോൾ യഹോവയുടെ ആജ്ഞപ്രകാരം മോശ ഇസ്രായേല്യരോട് ഇങ്ങനെ കല്പിച്ചു: “യോസേഫിന്റെ ഗോത്രം പറഞ്ഞതു ശരിയാണ്.
6 സെലോഫഹാദിന്റെ പെൺമക്കളെക്കുറിച്ച് യഹോവ കല്പിച്ചത് ഇതാണ്: ‘ഇഷ്ടമുള്ള ആരെയും അവർക്കു വിവാഹം കഴിക്കാം. പക്ഷേ അത് അവരുടെ അപ്പന്റെ ഗോത്രത്തിലെ ഒരു കുടുംബത്തിൽനിന്നായിരിക്കണമെന്നു മാത്രം.
7 ഇസ്രായേല്യരുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊന്നിലേക്കു കൈമാറരുത്. കാരണം ഇസ്രായേല്യർ തങ്ങളുടെ പൂർവികരുടെ ഗോത്രത്തിന്റെ അവകാശം കാത്തുസൂക്ഷിക്കേണ്ടതാണ്.
8 ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവകാശം ലഭിക്കുന്ന പെൺമക്കളെല്ലാം അവരുടെ അപ്പന്റെ ഗോത്രത്തിലുള്ളവർക്കു ഭാര്യമാരാകണം.+ അങ്ങനെ പൂർവികരുടെ അവകാശം കാത്തുസൂക്ഷിക്കാൻ ഇസ്രായേല്യർക്കു സാധിക്കും.
9 അവകാശങ്ങൾ ഒന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊന്നിലേക്കു കൈമാറരുത്. കാരണം ഇസ്രായേൽഗോത്രങ്ങൾ തങ്ങളുടെ അവകാശം കാത്തുസൂക്ഷിക്കേണ്ടതാണ്.’”
10 യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ സെലോഫഹാദിന്റെ പെൺമക്കൾ ചെയ്തു.+
11 സെലോഫഹാദിന്റെ പെൺമക്കളായ മഹ്ല, തിർസ, ഹൊഗ്ല, മിൽക്ക, നോഹ+ എന്നിവർ അപ്പന്റെ സഹോദരന്മാരുടെ ആൺമക്കളെ വിവാഹം കഴിച്ചു.
12 തങ്ങളുടെ അവകാശം അപ്പന്റെ കുടുംബത്തിന്റെ ഗോത്രത്തിൽ നിലനിൽക്കാൻവേണ്ടി അവർ യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽനിന്നുള്ള പുരുഷന്മാർക്കു ഭാര്യമാരായി.
13 ഇതെല്ലാമാണ് യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത കല്പനകളും ന്യായത്തീർപ്പുകളും.+