സംഖ്യ 4:1-49
4 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു:
2 “ലേവിയുടെ വംശജരുടെ ഇടയിൽനിന്ന് കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും കൊഹാത്തിന്റെ വംശജരുടെ+ കണക്കെടുക്കണം.
3 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം+ ലഭിച്ച കൂട്ടത്തിലുള്ള, 30-നും+ 50-നും+ ഇടയിൽ പ്രായമുള്ള, എല്ലാവരെയും എണ്ണണം.
4 “സാന്നിധ്യകൂടാരത്തിൽ കൊഹാത്തിന്റെ വംശജർ അനുഷ്ഠിക്കേണ്ട സേവനം ഇതാണ്.+ അത് അതിവിശുദ്ധമാണ്:
5 പാളയം പുറപ്പെടുമ്പോൾ അഹരോനും ആൺമക്കളും അകത്ത് വന്ന് തിരശ്ശീല+ അഴിച്ചെടുത്ത് അതുകൊണ്ട് സാക്ഷ്യപെട്ടകം+ മൂടണം.
6 അവർ അതിനു മുകളിൽ കടൽനായ്ത്തോൽകൊണ്ടുള്ള ഒരു ആവരണം ഇട്ട് അതിന്മേൽ നീലത്തുണി വിരിക്കണം. എന്നിട്ട്, അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത് ഇടണം.
7 “കാഴ്ചയപ്പത്തിന്റെ മേശയിലും+ അവർ ഒരു നീലത്തുണി വിരിക്കണം. തുടർന്ന് അതിൽ തളികകളും പാനപാത്രങ്ങളും കുഴിയൻപാത്രങ്ങളും പാനീയയാഗത്തിനുള്ള കുടങ്ങളും വെക്കണം.+ പതിവായി അർപ്പിക്കുന്ന അപ്പം+ അതിന്മേലുണ്ടായിരിക്കണം.
8 അവയുടെ മേൽ കടുഞ്ചുവപ്പുതുണി വിരിച്ചിട്ട് കടൽനായ്ത്തോലുകൊണ്ടുള്ള ആവരണം ഇട്ട് മൂടണം. എന്നിട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം.
9 അതിനു ശേഷം അവർ ഒരു നീലത്തുണി എടുത്ത് തണ്ടുവിളക്ക്,+ അതിന്റെ ദീപങ്ങളും+ അതിന്റെ കൊടിലുകളും കത്തിയ തിരി ഇടാനുള്ള പാത്രങ്ങളും+ വിളക്കിനുള്ള എണ്ണ സൂക്ഷിക്കുന്ന എല്ലാ പാത്രങ്ങളും സഹിതം മൂടണം.
10 അവർ അതും അതിന്റെ എല്ലാ ഉപകരണങ്ങളും കടൽനായ്ത്തോൽകൊണ്ടുള്ള ആവരണംകൊണ്ട് പൊതിഞ്ഞിട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടിൽ വെക്കണം.
11 കൂടാതെ സ്വർണയാഗപീഠത്തിന്മേൽ+ നീലത്തുണി വിരിച്ചിട്ട് അതു കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. അതിനു ശേഷം, അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം.
12 പിന്നെ അവർ വിശുദ്ധസ്ഥലത്തെ അവരുടെ പതിവായുള്ള ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം+ എടുത്ത് ഒരു നീലത്തുണിയിൽ വെച്ചശേഷം കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. എന്നിട്ട് അവ ചുമന്നുകൊണ്ടുപോകാനുള്ള തണ്ടിൽ വെക്കണം.
13 “അവർ യാഗപീഠത്തിൽനിന്ന് ചാരം* നീക്കിക്കളയണം.+ അതിനു ശേഷം അതിൽ പർപ്പിൾ നിറത്തിലുള്ള ഒരു കമ്പിളിത്തുണി വിരിക്കണം.
14 അവർ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഉപയോഗിക്കാറുള്ള അതിന്റെ എല്ലാ ഉപകരണങ്ങളും, അതായത് കനൽപ്പാത്രങ്ങളും മുൾക്കരണ്ടികളും കോരികകളും കുഴിയൻപാത്രങ്ങളും ഉൾപ്പെടെ യാഗപീഠത്തിലെ എല്ലാ ഉപകരണങ്ങളും,+ അവർ അതിന്മേൽ വെക്കണം. പിന്നെ അവർ അതിന്മേൽ കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം ഇട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത് ഇടണം.
15 “പാളയം പുറപ്പെടുമ്പോഴേക്കും അഹരോനും ആൺമക്കളും വന്ന് വിശുദ്ധസ്ഥലവും വിശുദ്ധസ്ഥലത്തെ എല്ലാ ഉപകരണങ്ങളും മൂടിയിട്ടുണ്ടാകണം.+ അതിനു ശേഷം കൊഹാത്തിന്റെ വംശജർ അകത്ത് വന്ന് അവയെല്ലാം കൊണ്ടുപോകണം.+ എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധസ്ഥലത്തുള്ള യാതൊന്നിലും തൊടരുത്.+ ഇവയെല്ലാമാണു സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട് കൊഹാത്തിന്റെ വംശജരുടെ ഉത്തരവാദിത്വങ്ങൾ.*
16 “പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനാണു+ വിളക്കിനുള്ള എണ്ണയുടെയും+ സുഗന്ധദ്രവ്യത്തിന്റെയും+ പതിവായുള്ള ധാന്യയാഗത്തിന്റെയും അഭിഷേകതൈലത്തിന്റെയും+ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം. മുഴുവിശുദ്ധകൂടാരത്തിന്റെയും അതിലുള്ള എല്ലാത്തിന്റെയും, വിശുദ്ധസ്ഥലവും അതിന്റെ ഉപകരണങ്ങളും സഹിതം എല്ലാത്തിന്റെയും, മേൽനോട്ടം വഹിക്കേണ്ടത് എലെയാസരാണ്.”
17 യഹോവ പിന്നെ മോശയോടും അഹരോനോടും പറഞ്ഞു:
18 “ലേവ്യരുടെ ഇടയിൽനിന്ന് കൊഹാത്യകുടുംബങ്ങളുടെ+ ഗോത്രം ഒരിക്കലും നശിപ്പിക്കപ്പെടരുത്.
19 അവർ അതിവിശുദ്ധവസ്തുക്കളുടെ അടുത്ത് ചെല്ലുമ്പോൾ മരിക്കാതെ ജീവിച്ചിരിക്കാനായി അവർക്കുവേണ്ടി ഇങ്ങനെ ചെയ്യുക:+ അഹരോനും ആൺമക്കളും അകത്ത് ചെന്ന് അവർ ഓരോരുത്തരും എന്തു സേവനം ചെയ്യണമെന്നും എന്തെല്ലാം ചുമക്കണമെന്നും നിയമിച്ചുകൊടുക്കണം.
20 അവർ അകത്ത് കടന്ന് വിശുദ്ധവസ്തുക്കൾ ഒരു നോക്കുപോലും കാണരുത്. അല്ലാത്തപക്ഷം അവർ മരിക്കും.”+
21 പിന്നെ യഹോവ മോശയോടു പറഞ്ഞു:
22 “പിതൃഭവനമനുസരിച്ചും കുടുംബമനുസരിച്ചും ഗർശോന്റെ വംശജരുടെ+ കണക്കെടുക്കണം.
23 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരെയും നീ എണ്ണണം.
24 ഗർശോന്യകുടുംബങ്ങൾക്കു പരിരക്ഷിക്കാനും ചുമക്കാനും നിയമിച്ചുകൊടുത്തത് ഇവയാണ്:+
25 വിശുദ്ധകൂടാരത്തിന്റെ കൂടാരത്തുണികൾ,+ സാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിനു മുകളിലുള്ള കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+
26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള മുറ്റത്തിന്റെ പ്രവേശനകവാടത്തിലെ യവനിക,*+ അവയുടെ കൂടാരക്കയറുകൾ, അവയുടെ ഉപകരണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്നതെല്ലാം അവർ ചുമക്കണം. ഇതാണ് അവരുടെ നിയമനം.
27 ഗർശോന്യരുടെ+ എല്ലാ സേവനങ്ങൾക്കും ചുമതലകൾക്കും മേൽനോട്ടം വഹിക്കേണ്ടത് അഹരോനും ആൺമക്കളും ആണ്. ഈ ചുമതലകളെല്ലാം അവരുടെ ഉത്തരവാദിത്വമായി നീ അവർക്കു നിയമിച്ചുകൊടുക്കണം.
28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്.
29 “കുടുംബവും പിതൃഭവനവും അനുസരിച്ച് മെരാരിയുടെ+ വംശജരുടെ പേരുകളും രേഖപ്പെടുത്തണം.
30 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരെയും നീ എണ്ണണം.
31 സാന്നിധ്യകൂടാരത്തിലെ അവരുടെ സേവനവുമായി ബന്ധപ്പെട്ട് അവർ ചുമക്കേണ്ടതു+ വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ,+
32 മുറ്റത്തിനു ചുറ്റുമുള്ള തൂണുകൾ,+ അവയുടെ ചുവടുകൾ,+ അവയുടെ കൂടാരക്കുറ്റികൾ,+ അവയുടെ കൂടാരക്കയറുകൾ എന്നിവ സഹിതം അവയുടെ എല്ലാ സാമഗ്രികളുമാണ്. അവയോടു ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അവർ ചെയ്യണം. അവർ ചുമക്കേണ്ട സാമഗ്രികൾ നീ അവർക്കു പേരനുസരിച്ച് നിയമിച്ചുകൊടുക്കണം.
33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശമനുസരിച്ച്+ മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ+ സാന്നിധ്യകൂടാരത്തിൽ സേവിക്കേണ്ടത് ഇങ്ങനെയാണ്.”
34 മോശയും അഹരോനും സമൂഹത്തിലെ തലവന്മാരും+ ചേർന്ന് കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും കൊഹാത്യരുടെ ആൺമക്കളുടെ+ പേരുകൾ രേഖപ്പെടുത്തി.
35 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു.+
36 കുടുംബമനുസരിച്ച് പേര് രേഖപ്പെടുത്തിയവർ ആകെ 2,750.+
37 സാന്നിധ്യകൂടാരത്തിൽ സേവിച്ചിരുന്ന ഇത്രയും പേരാണു കൊഹാത്യരുടെ കുടുംബങ്ങളിൽനിന്ന് പേര് രേഖപ്പെടുത്തിയത്. യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് മോശയും അഹരോനും അവരുടെ പേര് ചേർത്തു.+
38 അവർ കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും ഗർശോന്റെ വംശജരുടെ+ പേരുകൾ രേഖപ്പെടുത്തി.
39 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു.
40 കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും പേര് രേഖപ്പെടുത്തിയവർ ആകെ 2,630.+
41 സാന്നിധ്യകൂടാരത്തിൽ സേവിച്ചിരുന്ന ഇവരെല്ലാമാണു രേഖയിൽ പേര് ചേർത്ത ഗർശോന്റെ വംശജരുടെ കുടുംബങ്ങൾ. യഹോവയുടെ ആജ്ഞയനുസരിച്ച് മോശയും അഹരോനും അവരുടെയെല്ലാം പേര് രേഖപ്പെടുത്തി.+
42 അവർ കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും മെരാരിയുടെ വംശജരുടെ പേരുകൾ രേഖപ്പെടുത്തി.
43 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു.+
44 കുടുംബമനുസരിച്ച് പേര് രേഖപ്പെടുത്തിയവർ ആകെ 3,200.+
45 ഇവരെല്ലാമാണു രേഖയിൽ പേര് ചേർത്ത മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ. യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് മോശയും അഹരോനും ഇവരുടെയെല്ലാം പേര് രേഖപ്പെടുത്തി.+
46 മോശയും അഹരോനും ഇസ്രായേലിലെ തലവന്മാരും ചേർന്ന്, കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും ഈ ലേവ്യരുടെയെല്ലാം പേരുകൾ രേഖപ്പെടുത്തി.
47 അവർ 30-നും 50-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട സേവനങ്ങളും ചുമതലകളും നിർവഹിക്കുക എന്നതായിരുന്നു അവരുടെയെല്ലാം നിയമനം.+
48 രേഖയിൽ പേര് ചേർത്തവർ ആകെ 8,580.+
49 യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് ഓരോരുത്തരെയും അവരുടെ നിയമിതസേവനവും ചുമതലയും അനുസരിച്ച് പേര് ചേർത്തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവരുടെ പേര് ചേർത്തു.
അടിക്കുറിപ്പുകള്
^ അഥവാ “കൊഴുപ്പുള്ള ചാരം.” അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
^ അക്ഷ. “ചുമട്.”
^ അഥവാ “തിരശ്ശീല.”
^ അഥവാ “തിരശ്ശീല.”