സംഖ്യ 6:1-27
6 യഹോവ പിന്നെയും മോശയോടു പറഞ്ഞു:
2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ താൻ യഹോവയ്ക്കു നാസീരായി*+ ജീവിച്ചുകൊള്ളാം എന്ന സവിശേഷനേർച്ച നേർന്നാൽ,
3 ആ വ്യക്തി വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും ഒഴിവാക്കണം. വീഞ്ഞിൽനിന്നുള്ള വിനാഗിരിയോ മറ്റ് ഏതെങ്കിലും ലഹരിപാനീയത്തിൽനിന്നുള്ള വിനാഗിരിയോ മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന ഏതെങ്കിലും പാനീയമോ അയാൾ കുടിക്കരുത്.+ മുന്തിരിങ്ങ—പഴുത്തതായാലും ഉണങ്ങിയതായാലും—തിന്നുകയുമരുത്.
4 പച്ചമുന്തിരിങ്ങയിൽനിന്നാകട്ടെ തൊലിയിൽനിന്നാകട്ടെ മുന്തിരിച്ചെടിയിൽനിന്ന് ഉണ്ടാക്കുന്നതൊന്നും അയാൾ തന്റെ നാസീർവ്രതകാലത്ത് ഒരിക്കലും തിന്നരുത്.
5 “‘നാസീർവ്രതകാലത്ത് ഒരിക്കലും അയാളുടെ തലയിൽ ക്ഷൗരക്കത്തി തൊടരുത്.+ യഹോവയ്ക്കു വേർതിരിച്ചിരിക്കുന്ന കാലം പൂർത്തിയാകുന്നതുവരെ അയാൾ തലമുടി വളർത്തി വിശുദ്ധനായി തുടരണം.
6 യഹോവയ്ക്കു തന്നെത്തന്നെ വേർതിരിച്ചിരിക്കുന്ന കാലത്തൊന്നും അയാൾ ഒരു മൃതദേഹത്തിന്* അടുത്ത്* ചെല്ലരുത്.
7 ദൈവത്തോടുള്ള തന്റെ നാസീർവ്രതത്തിന്റെ അടയാളം അയാളുടെ തലയിൽ ഇരിക്കുന്നതുകൊണ്ട്, മരിക്കുന്നത് അയാളുടെ അപ്പനോ അമ്മയോ സഹോദരനോ സഹോദരിയോ ആണെങ്കിൽപ്പോലും തന്നെത്തന്നെ അശുദ്ധനാക്കരുത്.+
8 “‘നാസീർവ്രതകാലത്ത് ഉടനീളം അയാൾ യഹോവയ്ക്കു വിശുദ്ധനാണ്.
9 എന്നാൽ ആരെങ്കിലും അയാളുടെ അടുത്തുവെച്ച് പെട്ടെന്നു മരിച്ചതുകൊണ്ട്,+ ദൈവത്തിനു തന്നെത്തന്നെ വേർതിരിച്ചതിന്റെ പ്രതീകമായ തലമുടി അശുദ്ധമായാൽ അയാൾ തന്റെ ശുദ്ധീകരണദിവസത്തിൽ തല വടിക്കണം.+ ഏഴാം ദിവസം അയാൾ അതു വടിക്കണം.
10 എട്ടാം ദിവസം അയാൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.
11 പുരോഹിതൻ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും ഒരുക്കണം.+ എന്നിട്ട്, മരിച്ച ആളോടുള്ള ബന്ധത്തിൽ ചെയ്തുപോയ പാപത്തിന് അയാൾ പ്രായശ്ചിത്തം ചെയ്യണം. തുടർന്ന് അന്നേ ദിവസം അയാൾ തന്റെ തല വിശുദ്ധീകരിക്കണം.
12 തന്റെ നാസീർവ്രതകാലത്തിനുവേണ്ടി അയാൾ വീണ്ടും തന്നെത്തന്നെ യഹോവയ്ക്കു വേർതിരിക്കണം. ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി കൊണ്ടുവരുകയും വേണം. എന്നാൽ അയാൾ തന്റെ നാസീർവ്രതത്തെ അശുദ്ധമാക്കിയതുകൊണ്ട് അയാളുടെ മുമ്പിലത്തെ ദിവസങ്ങൾ എണ്ണത്തിൽപ്പെടുത്തുകയില്ല.
13 “‘നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം ഇതാണ്: അയാളുടെ നാസീർവ്രതകാലം പൂർത്തിയാകുമ്പോൾ+ അയാളെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരണം.
14 അവിടെ അയാൾ യഹോവയ്ക്കു യാഗമായി കൊണ്ടുവരേണ്ടത് ഇവയാണ്: ദഹനയാഗമായി ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്,+ പാപയാഗമായി ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു പെൺചെമ്മരിയാട്,+ സഹഭോജനബലിയായി ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്,+
15 നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് ഉണ്ടാക്കിയ പുളിപ്പില്ലാത്തതും* വളയാകൃതിയിലുള്ളതും ആയ ഒരു കൊട്ട അപ്പം, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്നതും എണ്ണ പുരട്ടിയതും ആയ പുളിപ്പില്ലാത്ത അപ്പങ്ങൾ എന്നിവയും അവയുടെ ധാന്യയാഗവും+ പാനീയയാഗങ്ങളും.+
16 പുരോഹിതൻ ഇവ യഹോവയുടെ മുമ്പാകെ കൊണ്ടുവന്ന് അയാളുടെ പാപയാഗവും ദഹനയാഗവും അർപ്പിക്കണം.
17 പുരോഹിതൻ ആൺചെമ്മരിയാടിനെ സഹഭോജനബലിയായി കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊപ്പം യഹോവയ്ക്ക് അർപ്പിക്കണം. അതിന്റെ ധാന്യയാഗവും+ പാനീയയാഗവും പുരോഹിതൻ അർപ്പിക്കണം.
18 “‘പിന്നെ നാസീർവ്രതസ്ഥൻ തന്റെ മുറിക്കാത്ത മുടി+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് വടിക്കണം. തുടർന്ന് തന്റെ നാസീർവ്രതകാലത്ത് വളർന്ന ആ മുടി എടുത്ത് അയാൾ സഹഭോജനബലിയുടെ അടിയിലുള്ള തീയിലിടണം.
19 അയാൾ തന്റെ നാസീർവ്രതത്തിന്റെ അടയാളം വടിച്ചശേഷം പുരോഹിതൻ ആൺചെമ്മരിയാടിന്റെ വേവിച്ച+ ഒരു കൈക്കുറക്, കൊട്ടയിലെ പുളിപ്പില്ലാത്ത വളയാകൃതിയിലുള്ള ഒരു അപ്പം, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന പുളിപ്പില്ലാത്ത ഒരു അപ്പം എന്നിവ എടുത്ത് നാസീർവ്രതസ്ഥന്റെ കൈയിൽ വെക്കണം.
20 പുരോഹിതൻ അവ യഹോവയുടെ മുമ്പാകെ ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.+ അതും ദോളനയാഗത്തിന്റെ നെഞ്ചും സംഭാവനയായി ലഭിച്ചതിന്റെ കാലും പുരോഹിതനു വിശുദ്ധമാണ്.+ അതിനു ശേഷം നാസീർവ്രതസ്ഥനു വീഞ്ഞു കുടിക്കാം.
21 “‘നാസീർവ്രതസ്ഥർക്കുള്ള നിബന്ധനകൾക്കു പുറമേ തന്റെ പ്രാപ്തിയനുസരിച്ച് മറ്റു ചിലതുംകൂടി യഹോവയ്ക്ക് അർപ്പിക്കാം എന്ന് ഒരു നാസീർവ്രതസ്ഥൻ നേർന്നാൽ അയാൾ താൻ നേർന്നതു നിറവേറ്റണം. ഇതാണു നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം.’”+
22 പിന്നെ യഹോവ മോശയോടു പറഞ്ഞു:
23 “അഹരോനോടും ആൺമക്കളോടും ഇങ്ങനെ പറയുക: ‘നിങ്ങൾ ഇസ്രായേൽ ജനത്തെ ഇങ്ങനെ അനുഗ്രഹിക്കണം.+ അവരോട് ഇങ്ങനെ പറയണം:
24 “യഹോവ നിങ്ങളെ അനുഗ്രഹിച്ച്+ കാത്തുപരിപാലിക്കട്ടെ.
25 യഹോവ തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ച്+ നിങ്ങളോടു പ്രീതി കാണിക്കട്ടെ.
26 യഹോവ തിരുമുഖം ഉയർത്തി നിങ്ങളെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.”’+
27 ഞാൻ ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കാനായി+ അവർ എന്റെ പേര് അവരുടെ മേൽ വെക്കണം.”+
അടിക്കുറിപ്പുകള്
^ എബ്രായയിൽ, നാസിർ. അർഥം: “തിരഞ്ഞെടുക്കപ്പെട്ടവൻ; സമർപ്പിതൻ; വേർതിരിക്കപ്പെട്ടവൻ.”
^ അഥവാ “സമീപത്തെങ്ങും.”