സംഖ്യ 8:1-26
8 യഹോവ മോശയോടു പറഞ്ഞു:
2 “നീ അഹരോനോട് ഇങ്ങനെ പറയണം: ‘നീ ദീപങ്ങൾ കത്തിക്കുമ്പോൾ തണ്ടുവിളക്കിന്റെ മുൻവശത്ത് വെളിച്ചം കിട്ടുന്ന വിധത്തിലായിരിക്കണം അതിന്റെ ഏഴു ദീപങ്ങളും.’”+
3 അഹരോൻ അതുപോലെതന്നെ ചെയ്‌തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ, തണ്ടുവിളക്കിന്റെ മുൻവശത്ത് വെളിച്ചം കിട്ടുന്ന വിധത്തിൽ+ അഹരോൻ അതിന്റെ ദീപങ്ങൾ കത്തിച്ചു.
4 തണ്ടുവിളക്കു നിർമിച്ചത് ഇങ്ങനെയായിരുന്നു: സ്വർണം അടിച്ചുപരത്തിയാണ് അത് ഉണ്ടാക്കിയത്. അതിന്റെ തണ്ടുമുതൽ പൂക്കൾവരെ എല്ലാം ചുറ്റികകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു.+ യഹോവ മോശയ്ക്കു നൽകിയ ദർശനമനുസരിച്ചാണു തണ്ടുവിളക്കു പണിതത്.+
5 യഹോവ വീണ്ടും മോശയോടു പറഞ്ഞു:
6 “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ശുദ്ധീകരിക്കുക.+
7 അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപശുദ്ധി വരുത്തുന്ന വെള്ളം അവരുടെ മേൽ തളിക്കണം. അവർ തങ്ങളുടെ ശരീരം മുഴുവൻ ഒരു ക്ഷൗരക്കത്തികൊണ്ട് വടിക്കുകയും വസ്‌ത്രം അലക്കുകയും തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.+
8 പിന്നെ അവർ ഒരു കാളക്കുട്ടിയെയും+ അതിനോടൊപ്പം അതിന്റെ ധാന്യയാഗമായി+ എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടിയും എടുക്കണം. പാപയാഗത്തിനായി നീ മറ്റൊരു കാളക്കുട്ടിയെ എടുക്കണം.+
9 നീ ലേവ്യരെ സാന്നിധ്യകൂടാരത്തിനു മുമ്പാകെ നിറുത്തുകയും ഇസ്രായേൽസമൂഹത്തെ മുഴുവൻ കൂട്ടിവരുത്തുകയും വേണം.+
10 നീ ലേവ്യരെ യഹോവയുടെ മുമ്പാകെ നിറുത്തുമ്പോൾ ഇസ്രായേല്യർ തങ്ങളുടെ കൈകൾ ലേവ്യരുടെ മേൽ വെക്കണം.+
11 തുടർന്ന് അഹരോൻ ലേവ്യരെ ഇസ്രായേല്യരിൽനിന്ന് യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി*+ അർപ്പിക്കണം;* അവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യട്ടെ.+
12 “പിന്നെ ലേവ്യർ കാളകളുടെ തലയിൽ കൈകൾ വെച്ചിട്ട്+ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും യഹോവയ്ക്ക് അർപ്പിച്ചുകൊണ്ട് തങ്ങൾക്കു പാപപരിഹാരം വരുത്തണം.+
13 ലേവ്യരെ നീ അഹരോന്റെയും ആൺമക്കളുടെയും മുമ്പാകെ നിറുത്തിയിട്ട് അവരെ യഹോവയ്ക്ക് ഒരു ദോളനയാഗമായി അർപ്പിക്കണം.
14 ലേവ്യരെ നീ ഇസ്രായേല്യരുടെ ഇടയിൽനിന്ന് വേർതിരിക്കണം; ലേവ്യർ എന്റേതാകും.+
15 അതിനു ശേഷം സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനായി ലേവ്യർ അകത്ത് വരണം. ഇങ്ങനെയെല്ലാമാണു നീ അവരെ ശുദ്ധീകരിക്കേണ്ടതും ഒരു ദോളനയാഗമായി അർപ്പിക്കേണ്ടതും.
16 കാരണം അവർ ഇസ്രായേല്യരിൽനിന്ന് എനിക്കു സമ്മാനമായി ലഭിച്ചവരാണ്. ഇസ്രായേല്യരുടെ മൂത്ത ആൺമക്കൾക്കെല്ലാം+ പകരം എനിക്കുവേണ്ടി ഞാൻ അവരെ എടുക്കും.
17 ഇസ്രായേല്യരുടെ ഇടയിലെ കടിഞ്ഞൂലുകളെല്ലാം എന്റേതാണ്, മനുഷ്യന്റെയായാലും മൃഗത്തിന്റെയായാലും അവ എന്റേതാണ്.+ ഈജിപ്ത് ദേശത്തെ കടിഞ്ഞൂലുകളെ മുഴുവൻ സംഹരിച്ച നാളിൽ+ ഞാൻ അവരെ എനിക്കായി വിശുദ്ധീകരിച്ചു.
18 ഇസ്രായേല്യർക്കിടയിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ഞാൻ ലേവ്യരെ എടുക്കും.
19 ഇസ്രായേൽ ജനം വിശുദ്ധസ്ഥലത്തിന് അരികെ വന്നിട്ട് അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കാൻ+ അവർക്കു പകരം സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനും+ അവർക്കു പാപപരിഹാരം വരുത്താനും വേണ്ടി ഞാൻ ലേവ്യരെ ഇസ്രായേല്യരിൽനിന്ന് അഹരോനും ആൺമക്കൾക്കും കൊടുക്കും. ഞാൻ ലേവ്യരെ അവർക്കു സമ്മാനമായി നൽകും.”
20 ലേവ്യരുടെ കാര്യത്തിൽ കല്പിച്ചതെല്ലാം മോശയും അഹരോനും ഇസ്രായേൽസമൂഹം മുഴുവനും ചെയ്‌തു. യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്യർ ചെയ്‌തു.
21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം അലക്കി.+ പിന്നെ അഹരോൻ അവരെ യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അർപ്പിച്ചു.+ അതിനു ശേഷം, അവർക്കു പാപപരിഹാരം വരുത്തിക്കൊണ്ട് അഹരോൻ അവരെ ശുദ്ധീകരിച്ചു.+
22 പിന്നെ അഹരോന്റെയും ആൺമക്കളുടെയും മുമ്പാകെ തങ്ങളുടെ ശുശ്രൂഷ ചെയ്യാൻ ലേവ്യർ സാന്നിധ്യകൂടാരത്തിലേക്കു ചെന്നു. ലേവ്യരെക്കുറിച്ച് യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ലേവ്യരോടു ചെയ്‌തു.
23 യഹോവ പിന്നെ മോശയോടു പറഞ്ഞു:
24 “ലേവ്യർക്കുള്ള ചട്ടം ഇതാണ്: 25-ഉം അതിനു മുകളിലും പ്രായമുള്ള എല്ലാ ലേവ്യപുരുഷന്മാരും സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവരുടെ ഗണത്തിൽ ചേരണം.
25 എന്നാൽ 50 വയസ്സിനു ശേഷം അയാൾ സേവകഗണത്തിൽനിന്ന് വിരമിക്കണം. പിന്നെ അയാൾ ശുശ്രൂഷ ചെയ്യരുത്.
26 സാന്നിധ്യകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന തന്റെ സഹോദരന്മാരെ അയാൾക്കു സേവിക്കാം. എന്നാൽ അയാൾ അവിടെ ശുശ്രൂഷ ചെയ്യരുത്. ഇതെല്ലാമാണു ലേവ്യരോടും അവരുടെ ഉത്തരവാദിത്വങ്ങളോടും ഉള്ള ബന്ധത്തിൽ നീ ചെയ്യേണ്ടത്.”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ആട്ടുക.” അതായത്, അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ ഇടവരുത്തുക.