സങ്കീർത്തനം 105:1-45
105 യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+
2 ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്തുതിച്ചുപാടുവിൻ,*ദൈവത്തിന്റെ അത്ഭുതചെയ്തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+
3 വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+
4 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ.
ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.
5 ദൈവത്തിന്റെ മഹാപ്രവൃത്തികളും അത്ഭുതങ്ങളുംദൈവം പ്രസ്താവിച്ച വിധികളും ഓർത്തുകൊള്ളൂ.+
6 ദൈവദാസനായ അബ്രാഹാമിന്റെ സന്തതിയേ,*+യാക്കോബിൻമക്കളേ, ദൈവം തിരഞ്ഞെടുത്തവരേ,നിങ്ങൾ അവ മറന്നുകളയരുത്.+
7 ഇതു നമ്മുടെ ദൈവമായ യഹോവയാണ്.+
ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+
8 ദൈവം തന്റെ ഉടമ്പടി എക്കാലവും+തന്റെ വാഗ്ദാനം* ആയിരം തലമുറയോളവും ഓർക്കുന്നു.+
9 അതെ, ദൈവം അബ്രാഹാമുമായി ചെയ്ത ഉടമ്പടിയും+യിസ്ഹാക്കിനോടു ചെയ്ത സത്യവും ഓർക്കുന്നു.+
10 ദൈവം അതു യാക്കോബിന് ഒരു നിയമമായുംഇസ്രായേലിന്, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു.
11 ‘ഞാൻ കനാൻ ദേശം നിങ്ങളുടെ അവകാശമായി,+നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.
12 അവർ അന്ന് എണ്ണത്തിൽ കുറവായിരുന്നു;+ അതെ, എണ്ണത്തിൽ തീരെ കുറവ്.പോരാത്തതിന് അവർ അവിടെ പരദേശികളുമായിരുന്നു.+
13 അവർ ജനതകളിൽനിന്ന് ജനതകളിലേക്കുംഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കും സഞ്ചരിച്ചു.+
14 അവരെ ദ്രോഹിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല.+അവർ കാരണം ദൈവം രാജാക്കന്മാരെ ഇങ്ങനെ ശാസിച്ചു:+
15 “എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്,എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്.”+
16 ദൈവം ദേശത്ത് ക്ഷാമം വരുത്തി,+അവരുടെ അപ്പത്തിന്റെ ശേഖരം നശിപ്പിച്ചു.*
17 ദൈവം അവർക്കു മുമ്പേ ഒരു മനുഷ്യനെ അയച്ചു,അടിമയായി വിറ്റുകളഞ്ഞ യോസേഫിനെ.+
18 അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട് ബന്ധിച്ചു,+കഴുത്തിൽ ചങ്ങല അണിയിച്ചു.
19 ദൈവം പറഞ്ഞതു സംഭവിക്കുന്നതുവരെ യോസേഫ് അങ്ങനെ കഴിഞ്ഞു;+യഹോവയുടെ വചനമാണു യോസേഫിനെ ശുദ്ധീകരിച്ചത്.
20 യോസേഫിനെ മോചിപ്പിക്കാൻ രാജാവ് ആളയച്ചു;+ജനതകളുടെ ഭരണാധികാരി യോസേഫിനെ സ്വതന്ത്രനാക്കി;
21 തന്റെ വീട്ടിലുള്ളവർക്കു യോസേഫിനെ യജമാനനാക്കി,സകല വസ്തുവകകൾക്കും അധിപനാക്കി.+
22 യോസേഫിന് ഇഷ്ടാനുസരണം രാജാവിന്റെ പ്രഭുക്കന്മാരുടെ മേൽ അധികാരം പ്രയോഗിക്കാമായിരുന്നു;*യോസേഫ് രാജാവിന്റെ മൂപ്പന്മാർക്കു* ജ്ഞാനം ഉപദേശിച്ചുകൊടുത്തു.+
23 പിന്നീട്, ഇസ്രായേൽ ഈജിപ്തിലേക്കു വന്നു;+ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു വിദേശിയായി താമസിച്ചു.
24 ദൈവം തന്റെ ജനത്തെ സന്താനസമൃദ്ധിയുള്ളവരാക്കി,+അവരെ എതിരാളികളെക്കാൾ ശക്തരാക്കി.+
25 അപ്പോൾ, ആ എതിരാളികൾ ദൈവജനത്തെ വെറുത്തു,ദൈവദാസർക്കെതിരെ ഗൂഢാലോചന നടത്തി.അതെ, ശത്രുക്കളുടെ മനസ്സു മാറാൻ ദൈവം അനുവദിച്ചു.+
26 ദൈവം തന്റെ ദാസനായ മോശയെയും+താൻ തിരഞ്ഞെടുത്ത അഹരോനെയും+ അയച്ചു.
27 അവർ ദൈവത്തിന്റെ അടയാളങ്ങൾ അവർക്കിടയിൽ കാണിച്ചു;ഹാമിന്റെ ദേശത്ത് ദൈവത്തിന്റെ അത്ഭുതങ്ങളും.+
28 ദൈവം അന്ധകാരം അയച്ചു, നാടു മുഴുവൻ ഇരുട്ടിലായി;+അവർ ദൈവത്തിന്റെ വാക്കുകളോടു മറുതലിച്ചില്ല.
29 ദൈവം അവരുടെ വെള്ളം രക്തമാക്കിമത്സ്യങ്ങളെ കൊന്നുകളഞ്ഞു.+
30 അവരുടെ നാടു തവളകൾകൊണ്ട് നിറഞ്ഞു;+രാജാവിന്റെ മുറികളിൽപ്പോലും അവ ഇരച്ചുകയറി.
31 ദേശത്തെ ആക്രമിക്കാൻ രക്തം കുടിക്കുന്ന ഈച്ചകളോടുംനാടു മുഴുവൻ നിറയാൻ കൊതുകുകളോടും* ദൈവം കല്പിച്ചു.+
32 ദൈവം അവിടെ മഴയ്ക്കു പകരം ആലിപ്പഴം പെയ്യിച്ചു;അവരുടെ ദേശത്ത് മിന്നൽപ്പിണരുകൾ* അയച്ചു.+
33 അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും നശിപ്പിച്ചു;അന്നാട്ടിലെ മരങ്ങളെല്ലാം തകർത്തുകളഞ്ഞു.
34 ദേശത്തെ ആക്രമിക്കാൻ വെട്ടുക്കിളികളോട്,അസംഖ്യം വെട്ടുക്കിളിക്കുഞ്ഞുങ്ങളോട്, ദൈവം കല്പിച്ചു.+
35 നാട്ടിലെ സസ്യജാലങ്ങളെല്ലാം അവ വെട്ടിവിഴുങ്ങി,ദേശത്തെ വിളവ് തിന്നുമുടിച്ചു.
36 പിന്നെ, ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം ദൈവം സംഹരിച്ചു,+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ കൊന്നുകളഞ്ഞു.
37 തന്റെ ജനത്തെ ദൈവം വിടുവിച്ചു; അവർ വെള്ളിയും സ്വർണവും എടുത്തുകൊണ്ടുപോന്നു.+ദൈവത്തിന്റെ ഗോത്രങ്ങളിൽ ആരും ഇടറിവീണില്ല.
38 അവർ പോന്നപ്പോൾ ഈജിപ്ത് ആഹ്ലാദിച്ചു;കാരണം, ഇസ്രായേല്യരെക്കുറിച്ചുള്ള* ഭീതി അവരുടെ മേൽ വീണിരുന്നു.+
39 തന്റെ ജനത്തെ മറയ്ക്കാൻ ദൈവം ഒരു മേഘം വിരിച്ചു;+
രാത്രിയിൽ വെളിച്ചമേകാൻ തീയും.+
40 അവർ ചോദിച്ചപ്പോൾ കാടപ്പക്ഷിയെ വരുത്തി;+സ്വർഗത്തിൽനിന്നുള്ള അപ്പംകൊണ്ട് എന്നും അവരെ തൃപ്തരാക്കി.+
41 ദൈവം പാറ പിളർന്നു, വെള്ളം കുതിച്ചുചാടി;+മരുഭൂമിയിലൂടെ നദിയായി അത് ഒഴുകി.+
42 തന്റെ ദാസനായ അബ്രാഹാമിനോടു ചെയ്ത വിശുദ്ധവാഗ്ദാനം ദൈവം ഓർത്തു.+
43 അങ്ങനെ, ദൈവം തന്റെ ജനത്തെ ആനന്ദഘോഷത്തോടെ വിടുവിച്ചു;+താൻ തിരഞ്ഞെടുത്തവരെ സന്തോഷാരവങ്ങളോടെ കൊണ്ടുപോന്നു.
44 ജനതകളുടെ ദേശങ്ങൾ ദൈവം അവർക്കു നൽകി;+മറ്റു ജനതകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അവർ അവകാശമാക്കി.+
45 അവർ ദൈവകല്പനകൾ അനുസരിക്കേണ്ടതിനും+ദിവ്യനിയമങ്ങൾ പാലിക്കേണ്ടതിനും ദൈവം അതു ചെയ്തു.യാഹിനെ സ്തുതിപ്പിൻ!*
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “സംസാരിക്കുവിൻ.”
^ അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കുവിൻ.”
^ അഥവാ “സാന്നിധ്യം.”
^ അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”
^ അക്ഷ. “താൻ കല്പിച്ച വാക്ക്.”
^ അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ചു.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
^ അക്ഷ. “പ്രഭുക്കന്മാരെ ബന്ധിക്കാമായിരുന്നു.”
^ ഈജിപ്തിൽ സർവസാധാരണമായി കണ്ടിരുന്ന കൊതുകിനെപ്പോലുള്ള ഒരു ചെറുപ്രാണിയായിരുന്നു ഇത്.
^ അഥവാ “തീജ്വാലകൾ.”
^ അക്ഷ. “അവരെക്കുറിച്ചുള്ള.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”