സങ്കീർത്തനം 109:1-31
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
109 ഞാൻ സ്തുതിക്കുന്ന ദൈവമേ,+ അങ്ങ് മിണ്ടാതിരിക്കരുതേ.
2 ദുഷ്ടനും വഞ്ചകനും എനിക്ക് എതിരെ വായ് തുറക്കുന്നു;
അവരുടെ നാവ് എന്നെപ്പറ്റി നുണ പറയുന്നു;+
3 വിദ്വേഷം നിറഞ്ഞ വാക്കുകളുമായി അവർ എന്നെ വലയം ചെയ്യുന്നു,കാരണമില്ലാതെ എന്നെ ആക്രമിക്കുന്നു.+
4 ഞാൻ സ്നേഹിച്ചിട്ടും അവർ എന്നെ എതിർക്കുന്നു;+എങ്കിലും ഞാൻ പ്രാർഥന നിറുത്തുന്നില്ല.
5 നന്മയ്‌ക്കു പകരം അവർ എന്നോടു തിന്മ ചെയ്യുന്നു;+സ്‌നേഹത്തിനു പകരം തരുന്നതോ വിദ്വേഷവും.+
6 അവന്റെ മേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ;ഒരു എതിരാളി* അവന്റെ വലതുവശത്ത് നിൽക്കട്ടെ.
7 വിസ്‌തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു* തെളിയട്ടെ;അവന്റെ പ്രാർഥനപോലും പാപമായി കണക്കാക്കട്ടെ.+
8 അവന്റെ ആയുസ്സു ഹ്രസ്വമായിരിക്കട്ടെ;+അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ.+
9 അവന്റെ മക്കൾ* അപ്പനില്ലാത്തവരുംഭാര്യ വിധവയും ആകട്ടെ.
10 അവന്റെ മക്കൾ തെണ്ടിനടക്കുന്ന ഭിക്ഷക്കാരാകട്ടെ;നശിച്ചുകിടക്കുന്ന അവരുടെ വീടുകളിൽനിന്ന് ആഹാരം ഇരക്കാൻ ഇറങ്ങട്ടെ.
11 അവനുള്ളതെല്ലാം കടം കൊടുത്തവൻ പിടിച്ചെടുക്കട്ടെ;*അപരിചിതർ അവന്റെ വസ്തുവകകളെല്ലാം കൊള്ളയടിക്കട്ടെ.
12 അവനോട് ആരും ദയ* കാണിക്കാതിരിക്കട്ടെ;അനാഥരായ അവന്റെ കുട്ടികളോട് ആരും കനിവ് കാട്ടാതിരിക്കട്ടെ.
13 അവന്റെ വംശം അറ്റുപോകട്ടെ;+ഒരു തലമുറയ്ക്കുള്ളിൽ അവന്റെ പേര് മാഞ്ഞുപോകട്ടെ.
14 യഹോവ അവന്റെ പൂർവികരുടെ തെറ്റു മറക്കാതിരിക്കട്ടെ;+അവന്റെ അമ്മയുടെ പാപം മായ്ച്ചുകളയാതിരിക്കട്ടെ.
15 അവർ ചെയ്തതെല്ലാം യഹോവയുടെ മനസ്സിൽ എന്നുമുണ്ടായിരിക്കട്ടെ,അവരെക്കുറിച്ചുള്ള ഓർമകൾ ദൈവം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കട്ടെ.+
16 കാരണം, അവൻ ദയ* കാട്ടാൻ ഓർത്തില്ല;+പകരം, അടിച്ചമർത്തപ്പെട്ടവനെയും+ ദരിദ്രനെയും ഹൃദയം നുറുങ്ങിയവനെയുംകൊന്നുകളയേണ്ടതിനു വിടാതെ പിന്തുടർന്നു.+
17 ശപിക്കാൻ അവന് ഇഷ്ടമായിരുന്നു; അതുകൊണ്ട്, അവനും ശാപമേറ്റു;അനുഗ്രഹിക്കാൻ അവനു താത്പര്യമില്ലായിരുന്നു; അതുകൊണ്ട്, അവനും അനുഗ്രഹം ലഭിച്ചില്ല.
18 ശാപവാക്കുകൾ അവൻ ഉടയാടയാക്കി.
അതുകൊണ്ട്, അത് അവന്റെ ശരീരത്തിലേക്കു വെള്ളംപോലെയുംഅസ്ഥികളിലേക്ക് എണ്ണപോലെയും പകർന്നുകൊടുത്തു.
19 അവന്റെ ശാപവാക്കുകൾ അവൻ അണിയുന്ന വസ്‌ത്രംപോലെയും+അവൻ എപ്പോഴും കെട്ടുന്ന അരപ്പട്ടപോലെയും ആയിരിക്കട്ടെ.
20 എന്നെ എതിർക്കുന്നവർക്കും എന്നെപ്പറ്റി ദോഷം പറയുന്നവർക്കുംയഹോവ കൊടുക്കുന്ന പ്രതിഫലം ഇതാണ്.+
21 എന്നാൽ, പരമാധികാരിയായ യഹോവേ,അങ്ങയുടെ പേരിനെ ഓർത്ത് എനിക്കുവേണ്ടി നടപടിയെടുക്കേണമേ.+
എന്നെ രക്ഷിക്കേണമേ; അങ്ങയുടെ അചഞ്ചലമായ സ്‌നേഹം നല്ലതല്ലോ.+
22 ഞാൻ നിസ്സഹായനും ദരിദ്രനും ആണല്ലോ;+എന്നുള്ളിൽ എന്റെ ഹൃദയത്തിനു മുറിവേറ്റിരിക്കുന്നു.+
23 മായുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു;വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞെറിഞ്ഞിരിക്കുന്നു.
24 ഉപവാസത്താൽ എന്റെ കാൽമുട്ടുകളുടെ ബലം നഷ്ടപ്പെട്ടിരിക്കുന്നു;ഞാൻ എല്ലും തോലും ആയി; എന്റെ ശരീരം ക്ഷയിച്ചുപോകുന്നു.
25 ഞാൻ അവരുടെ പരിഹാസപാത്രം.+
എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.+
26 യഹോവേ, എന്റെ ദൈവമേ, എന്നെ സഹായിക്കേണമേ;അങ്ങയുടെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കേണമേ.
27 അങ്ങയുടെ കൈകളാണ് ഇതിനു പിന്നിലെന്ന്,യഹോവേ, അങ്ങാണ് ഇതു ചെയ്തതെന്ന്, അവർ അറിയട്ടെ.
28 അവർ ശപിക്കട്ടെ; എന്നാൽ, അങ്ങ് അനുഗ്രഹിക്കേണമേ.
അവർ എനിക്ക് എതിരെ എഴുന്നേൽക്കുമ്പോൾ അവരെ നാണംകെടുത്തേണമേ;എന്നാൽ, അങ്ങയുടെ ദാസൻ സന്തോഷിക്കട്ടെ.
29 എന്നെ എതിർക്കുന്നവർ അപമാനം അണിയട്ടെ,കുപ്പായംപോലെ ലജ്ജ ധരിക്കട്ടെ.+
30 എന്റെ വായ് അത്യുത്സാഹത്തോടെ യഹോവയെ സ്തുതിക്കും;അനേകരുടെ മുന്നിൽ ഞാൻ ദൈവത്തെ വാഴ്‌ത്തും.+
31 കുറ്റാരോപകരിൽനിന്ന് പാവപ്പെട്ടവനെ രക്ഷിക്കാൻഅവന്റെ വലതുവശത്ത് നിൽക്കുന്നവനല്ലോ ദൈവം.
അടിക്കുറിപ്പുകള്‍
^ അഥവാ “കുറ്റാരോപകൻ.”
^ അഥവാ “ദുഷ്ടനെന്ന്.”
^ അക്ഷ. “പുത്രന്മാർ.”
^ അഥവാ “കൊള്ളപ്പലിശക്കാരൻ അവനുള്ള എല്ലാത്തിനുംവേണ്ടി കെണി വെക്കട്ടെ.”
^ അഥവാ “അചഞ്ചലസ്നേഹം.”
^ അഥവാ “അചഞ്ചലസ്നേഹം.”