സങ്കീർത്തനം 119:1-176
א (ആലേഫ്)
119 യഹോവയുടെ നിയമം അനുഷ്ഠിക്കുന്നവർ,+കുറ്റമറ്റവരായി* നടക്കുന്നവർ, സന്തുഷ്ടർ.
2 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നവർ,+മുഴുഹൃദയത്തോടെ ദൈവത്തെ തേടുന്നവർ, സന്തുഷ്ടർ.+
3 അവർ അനീതി കാണിക്കുന്നില്ല,ദൈവത്തിന്റെ വഴികളിൽ നടക്കുന്നു.+
4 അങ്ങയുടെ ആജ്ഞകൾ ശ്രദ്ധയോടെ പാലിക്കാൻഅങ്ങ് കല്പിച്ചിരിക്കുന്നു.+
5 അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കുന്നതിൽനിന്ന്ഞാൻ അണുവിട മാറാതിരുന്നെങ്കിൽ!+
6 എങ്കിൽ, അങ്ങയുടെ കല്പനകളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾഎനിക്കു നാണക്കേടു തോന്നില്ലല്ലോ.+
7 അങ്ങയുടെ നീതിയുള്ള വിധികൾ പഠിക്കുമ്പോൾഞാൻ ശുദ്ധഹൃദയത്തോടെ അങ്ങയെ സ്തുതിക്കും.
8 അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസരിക്കും.
ഒരിക്കലും എന്നെ പാടേ ഉപേക്ഷിക്കരുതേ.
ב (ബേത്ത്)
9 ഒരു യുവാവിന് എങ്ങനെ തന്റെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?
തിരുവചനമനുസരിച്ച് സ്വയം സൂക്ഷിച്ചുകൊണ്ട്.+
10 ഞാൻ മുഴുഹൃദയാ അങ്ങയെ തിരയുന്നു.
ഞാൻ അങ്ങയുടെ കല്പനകൾ വിട്ടുമാറാൻ സമ്മതിക്കരുതേ.+
11 അങ്ങയോടു പാപം ചെയ്യാതിരിക്കേണ്ടതിന്+ഞാൻ തിരുവചനം നിധിപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.+
12 യഹോവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ;അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.
13 അങ്ങ് പ്രസ്താവിച്ച വിധികളെല്ലാംഎന്റെ അധരങ്ങളാൽ ഞാൻ വർണിക്കുന്നു.
14 മറ്റെല്ലാ അമൂല്യവസ്തുക്കളെക്കാളും+അങ്ങയുടെ ഓർമിപ്പിക്കലുകളാണ്+ എന്റെ ആനന്ദം.
15 അങ്ങയുടെ ആജ്ഞകളെക്കുറിച്ച് ഞാൻ മനസ്സിരുത്തി ചിന്തിക്കും;*+അങ്ങയുടെ വഴികളിൽനിന്ന്+ ദൃഷ്ടി മാറ്റില്ല.
16 അങ്ങയുടെ നിയമങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടത്.
അങ്ങയുടെ വചനം ഞാൻ മറക്കില്ല.+
ג (ഗീമെൽ)
17 ജീവനോടിരുന്ന് തിരുവചനം അനുസരിക്കാനാകേണ്ടതിന്+അങ്ങയുടെ ഈ ദാസനോടു ദയയോടെ ഇടപെടേണമേ.
18 അങ്ങയുടെ നിയമത്തിലെ അത്ഭുതകാര്യങ്ങൾവ്യക്തമായി കാണേണ്ടതിന് എന്റെ കണ്ണു തുറക്കേണമേ.
19 ഇവിടെ ഞാൻ വെറുമൊരു അന്യനാട്ടുകാരൻ.+
അങ്ങയുടെ കല്പനകൾ എന്നിൽനിന്ന് മറയ്ക്കരുതേ.
20 അങ്ങയുടെ വിധികൾക്കായി വാഞ്ഛിച്ച്ഞാൻ സദാ തളർന്നിരിക്കുന്നു.
21 അങ്ങയുടെ കല്പനകൾ വിട്ടുമാറുന്നശപിക്കപ്പെട്ട ധാർഷ്ട്യക്കാരെ അങ്ങ് ശകാരിക്കുന്നു.+
22 നിന്ദയും അവജ്ഞയും എന്നിൽനിന്ന് നീക്കേണമേ;*ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകൾ അനുസരിച്ചിരിക്കുന്നല്ലോ.
23 പ്രഭുക്കന്മാർ വട്ടംകൂടിയിരുന്ന് എനിക്ക് എതിരെ സംസാരിക്കുമ്പോൾപ്പോലുംഅങ്ങയുടെ ഈ ദാസൻ അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ധ്യാനിക്കുന്നു.*
24 അങ്ങയുടെ ഓർമിപ്പിക്കലുകൾ എനിക്കു പ്രിയങ്കരം;+അവ എന്റെ ഉപദേശകരാണ്.+
ד (ദാലെത്ത്)
25 ഞാൻ പൊടിയിൽ കമിഴ്ന്നുകിടക്കുന്നു.+
അങ്ങ് വാക്കു തന്നതുപോലെ എന്നെ ജീവനോടെ കാക്കേണമേ.+
26 എന്റെ വഴികളെക്കുറിച്ചെല്ലാം അങ്ങയോടു വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമേകി;അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+
27 എനിക്ക് അങ്ങയുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കാൻ* കഴിയേണ്ടതിന്അങ്ങയുടെ ആജ്ഞകളുടെ അർഥം* എന്നെ ഗ്രഹിപ്പിക്കേണമേ.+
28 സങ്കടം ഏറിയിട്ട് എനിക്ക് ഉറക്കമില്ലാതായി.
അങ്ങയുടെ വാക്കുപോലെ എനിക്കു കരുത്തേകേണമേ.
29 വഞ്ചനയുടെ വഴികൾ എന്നിൽനിന്ന് നീക്കേണമേ;+അങ്ങയുടെ നിയമം തന്ന് എന്നോടു പ്രീതി കാട്ടേണമേ.
30 വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.+
അങ്ങയുടെ വിധികൾ ശരിയാണെന്നു ഞാൻ മനസ്സിലാക്കുന്നു.
31 അങ്ങയുടെ ഓർമിപ്പിക്കലുകളോടു ഞാൻ പറ്റിനിൽക്കുന്നു.+
യഹോവേ, ഞാൻ നിരാശനാകാൻ* സമ്മതിക്കരുതേ.+
32 ഞാൻ ഉത്സാഹത്തോടെ അങ്ങയുടെ കല്പനകൾ പിൻപറ്റും.*അങ്ങ് എന്റെ ഹൃദയത്തിൽ അവയ്ക്കായി ഇടമൊരുക്കുന്നല്ലോ.*
ה (ഹേ)
33 യഹോവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കേണമേ;+അവസാനത്തോളം ഞാൻ ആ വഴി വിട്ടുമാറില്ല.+
34 എനിക്കു ഗ്രഹണശക്തി തരേണമേ;അങ്ങനെ, എനിക്ക് അങ്ങയുടെ നിയമം അനുസരിക്കാനാകട്ടെ,മുഴുഹൃദയാ അതു പാലിക്കാൻ കഴിയട്ടെ.
35 അങ്ങയുടെ കല്പനകളുടെ വഴിയേ എന്നെ നയിക്കേണമേ;+അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു.
36 സ്വാർഥനേട്ടങ്ങളിലേക്കല്ല,*അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്ക്, എന്റെ ഹൃദയം ചായിക്കേണമേ.+
37 ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻഎന്റെ നോട്ടം തിരിച്ചുവിടേണമേ;+അങ്ങയുടെ വഴിയിൽ എന്നെ ജീവനോടെ കാക്കേണമേ.
38 അങ്ങയോടു ഭയഭക്തി തോന്നേണ്ടതിന്അങ്ങയുടെ ഈ ദാസനോടു വാക്കു പാലിക്കേണമേ.*
39 ഞാൻ ഭയക്കുന്ന മാനക്കേട് ഇല്ലാതാക്കേണമേ;അങ്ങയുടെ വിധികൾ നല്ലതല്ലോ.+
40 അങ്ങയുടെ ആജ്ഞകൾക്കായി ഞാൻ എത്ര കൊതിക്കുന്നു!
അങ്ങയുടെ നീതിയാൽ എന്നെ ജീവനോടെ കാക്കേണമേ.
ו (വൗ)
41 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം,+അങ്ങ് വാക്കു തന്ന രക്ഷ, ഞാൻ അനുഭവിച്ചറിയട്ടെ;+
42 അപ്പോൾ, എന്നെ നിന്ദിക്കുന്നവനു ഞാൻ മറുപടി കൊടുക്കും;ഞാൻ അങ്ങയുടെ വാക്കിൽ വിശ്വാസമർപ്പിക്കുന്നല്ലോ.
43 എന്റെ വായിൽനിന്ന് സത്യവചനം ഒരിക്കലും നീക്കിക്കളയരുതേ;അങ്ങയുടെ വിധികളിലാണല്ലോ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നത്.
44 ഞാൻ എപ്പോഴും, എന്നുമെന്നേക്കും,അങ്ങയുടെ നിയമം പാലിക്കും.+
45 ഞാൻ അങ്ങയുടെ ആജ്ഞകൾ തേടുന്നല്ലോ;അതിനാൽ ഞാൻ നടക്കുന്നതു സുരക്ഷിതസ്ഥലത്തുകൂടെയായിരിക്കും.*+
46 ഞാൻ രാജാക്കന്മാരുടെ മുന്നിൽ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് സംസാരിക്കും;എനിക്കു നാണക്കേടു തോന്നില്ല.+
47 അങ്ങയുടെ കല്പനകളെ ഞാൻ പ്രിയപ്പെടുന്നു;അതെ, അവയെ ഞാൻ സ്നേഹിക്കുന്നു.+
48 ഞാൻ പ്രിയപ്പെടുന്ന ആ കല്പനകളെപ്രതി ഞാൻ കൈ ഉയർത്തും;+അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ഞാൻ ധ്യാനിക്കും.*+
ז (സയിൻ)
49 ഈ ദാസനോടുള്ള അങ്ങയുടെ വാക്ക്* ഓർക്കേണമേ;അതിലൂടെയല്ലോ അങ്ങ് എനിക്കു പ്രത്യാശ പകരുന്നത്.
50 കഷ്ടതയിൽ എനിക്കുള്ള ആശ്വാസം ഇതാണ്;+അങ്ങയുടെ വചനമാണല്ലോ എന്നെ ജീവനോടെ കാത്തത്.
51 ധിക്കാരികൾ എന്നെ രൂക്ഷമായി അധിക്ഷേപിക്കുന്നു;എങ്കിലും ഞാൻ അങ്ങയുടെ നിയമത്തിൽനിന്ന് വ്യതിചലിക്കുന്നില്ല.+
52 യഹോവേ, പണ്ടുമുതലുള്ള അങ്ങയുടെ വിധികൾ ഞാൻ ഓർക്കുന്നു;+അവ എനിക്ക് ആശ്വാസമേകുന്നു.+
53 ദുഷ്ടന്മാർ അങ്ങയുടെ നിയമം ഉപേക്ഷിക്കുന്നതു കാണുമ്പോൾ+ഞാൻ കോപത്താൽ ജ്വലിക്കുന്നു.
54 ഞാൻ എവിടെ താമസിച്ചാലും*അങ്ങയുടെ ചട്ടങ്ങൾ എന്റെ പാട്ടുകളാണ്.
55 അങ്ങയുടെ നിയമം അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കാൻയഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു.+
56 ഇത് എന്റെ ശീലമാണ്;ഞാൻ ഇതുവരെ അങ്ങയുടെ ആജ്ഞകൾ പാലിച്ചിരിക്കുന്നല്ലോ.
ח (ഹേത്ത്)
57 യഹോവ എന്റെ ഓഹരി;+അങ്ങയുടെ വാക്കുകൾ അനുസരിക്കുമെന്നു ഞാൻ വാക്കു തന്നതാണ്.+
58 മുഴുഹൃദയാ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു;*+അങ്ങയുടെ വാഗ്ദാനത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാണിക്കേണമേ.+
59 എന്റെ കാലടികൾ വീണ്ടും അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്കു തിരിക്കേണ്ടതിന്ഞാൻ എന്റെ വഴികൾ പരിശോധിച്ചിരിക്കുന്നു.+
60 അങ്ങയുടെ കല്പനകൾ അനുസരിക്കാൻ എനിക്കു വലിയ ഉത്സാഹമാണ്;ഞാൻ അത് ഒട്ടും വെച്ചുതാമസിപ്പിക്കുന്നില്ല.+
61 ദുഷ്ടന്റെ കയറുകൾ എന്നെ ചുറ്റിവരിയുന്നു;എങ്കിലും അങ്ങയുടെ നിയമം ഞാൻ മറക്കുന്നില്ല.+
62 അങ്ങയുടെ നീതിയുള്ള വിധികൾക്കായി നന്ദിയേകാൻപാതിരാനേരത്ത് ഞാൻ എഴുന്നേൽക്കുന്നു.+
63 അങ്ങയെ ഭയപ്പെടുന്ന ഏവർക്കുംഅങ്ങയുടെ ആജ്ഞകൾ പാലിക്കുന്നവർക്കും ഞാൻ സ്നേഹിതൻ.+
64 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു;+അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.
ט (തേത്ത്)
65 യഹോവേ, അങ്ങയുടെ വാക്കുപോലെഅങ്ങ് ഈ ദാസനോടു നന്നായി ഇടപെട്ടല്ലോ.
66 അറിവും ബോധവും ഉള്ളവനാകാൻ എന്നെ പഠിപ്പിക്കേണമേ;+ഞാൻ അങ്ങയുടെ കല്പനകളിൽ ആശ്രയിക്കുന്നവനല്ലോ.
67 കഷ്ടത അനുഭവിക്കുംമുമ്പ് ഞാൻ വഴിതെറ്റിപ്പോകാറുണ്ടായിരുന്നു;*ഇപ്പോഴോ ഞാൻ അങ്ങയുടെ മൊഴികൾ പാലിക്കുന്നു.+
68 അങ്ങ് നല്ലവൻ;+ അങ്ങയുടെ പ്രവൃത്തികളും നല്ലത്.
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+
69 ധാർഷ്ട്യമുള്ളവർ എന്നെ നുണകൾകൊണ്ട് പൊതിയുന്നു;എന്നാൽ, ഞാൻ അങ്ങയുടെ ആജ്ഞകൾ മുഴുഹൃദയാ പാലിക്കുന്നു.
70 അവരുടെ ഹൃദയം മരവിച്ചത്;*+ഞാനോ അങ്ങയുടെ നിയമം പ്രിയപ്പെടുന്നു.+
71 ഞാൻ കഷ്ടത അനുഭവിച്ചതു നന്നായി;+എനിക്ക് അങ്ങയുടെ ചട്ടങ്ങൾ പഠിക്കാനായല്ലോ.
72 ആയിരമായിരം പൊൻ-വെള്ളി നാണയങ്ങളെക്കാൾ+അങ്ങയുടെ അധരങ്ങളിൽനിന്നുള്ള നിയമം എനിക്കു ഗുണമുള്ളത്.+
י (യോദ്)
73 അങ്ങയുടെ കരങ്ങൾ എന്നെ ഉണ്ടാക്കി, എന്നെ രൂപപ്പെടുത്തി.
അങ്ങയുടെ കല്പനകൾ പഠിക്കാൻ+എനിക്കു ഗ്രഹണശക്തി തരേണമേ.
74 ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്+അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ സന്തോഷിക്കുന്നു.
75 യഹോവേ, അങ്ങയുടെ വിധികൾ ന്യായമെന്നു ഞാൻ അറിയുന്നു;+അങ്ങയുടെ വിശ്വസ്തത നിമിത്തമാണല്ലോ അങ്ങ് എന്നെ ക്ലേശിപ്പിച്ചത്.+
76 ഈ ദാസനു വാക്കു തന്നതുപോലെഅങ്ങയുടെ അചഞ്ചലസ്നേഹത്താൽ+ ദയവായി എന്നെ ആശ്വസിപ്പിക്കേണമേ.
77 ഞാൻ ജീവിച്ചിരിക്കേണ്ടതിന്+ എന്നോടു കരുണ കാണിക്കേണമേ.ഞാൻ അങ്ങയുടെ നിയമം പ്രിയപ്പെടുന്നല്ലോ.+
78 ധാർഷ്ട്യമുള്ളവർ ലജ്ജിച്ചുപോകട്ടെ;കാരണംകൂടാതെ* അവർ എന്നെ ദ്രോഹിക്കുന്നല്ലോ.
ഞാനോ അങ്ങയുടെ ആജ്ഞകളെക്കുറിച്ച് ധ്യാനിക്കും.*+
79 അങ്ങയെ ഭയപ്പെടുന്നവർ, അങ്ങയുടെ ഓർമിപ്പിക്കലുകൾ അറിയാവുന്നവർ,എന്നിലേക്കു മടങ്ങിവരട്ടെ.
80 എന്റെ ഹൃദയം കുറ്റമറ്റ വിധം അങ്ങയുടെ ചട്ടങ്ങൾ പിൻപറ്റട്ടെ;+അങ്ങനെയാകുമ്പോൾ എനിക്കു നാണംകെടേണ്ടിവരില്ലല്ലോ.+
כ (കഫ്)
81 ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്അങ്ങയിൽനിന്നുള്ള രക്ഷയ്ക്കായി കാത്തുകാത്തിരിക്കുന്നു; +
82 “അങ്ങ് എന്നെ എപ്പോൾ ആശ്വസിപ്പിക്കും”+ എന്നു പറഞ്ഞ്എന്റെ കണ്ണുകൾ തിരുമൊഴിക്കായി കാത്തിരിക്കുന്നു.+
83 ഞാൻ പുകയേറ്റ് ഉണങ്ങിപ്പോയ തോൽക്കുടംപോലെയല്ലോ;എങ്കിലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ വിസ്മരിക്കുന്നില്ല.+
84 അങ്ങയുടെ ഈ ദാസൻ എത്ര നാൾ കാത്തിരിക്കണം?
എന്നെ ഉപദ്രവിക്കുന്നവർക്കെതിരെ അങ്ങ് എപ്പോൾ ന്യായവിധി നടപ്പാക്കും?+
85 അങ്ങയുടെ നിയമം ധിക്കരിക്കുന്ന ധാർഷ്ട്യമുള്ളവർഎന്നെ വീഴ്ത്താൻ ചതിക്കുഴി ഒരുക്കുന്നു.
86 അങ്ങയുടെ കല്പനകളെല്ലാം ആശ്രയയോഗ്യം.
കാരണംകൂടാതെ മനുഷ്യർ എന്നെ ഉപദ്രവിക്കുന്നു;
എന്നെ സഹായിക്കേണമേ!+
87 അവർ എന്നെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കുമെന്നായി;എങ്കിലും ഞാൻ അങ്ങയുടെ ആജ്ഞകൾ ഉപേക്ഷിച്ചില്ല.
88 അങ്ങയുടെ അചഞ്ചലസ്നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ;അങ്ങനെ, അങ്ങയുടെ അധരങ്ങളിൽനിന്നുള്ള ഓർമിപ്പിക്കലുകൾ എനിക്ക് അനുസരിക്കാനാകട്ടെ.
ל (ലാമെദ്)
89 യഹോവേ, അങ്ങയുടെ വചനങ്ങൾസ്വർഗത്തിൽ എന്നുമെന്നും നിലനിൽക്കും.+
90 അങ്ങയുടെ വിശ്വസ്തത തലമുറതലമുറയോളമുള്ളത്.+
അങ്ങ് ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചു; അതുകൊണ്ട് അതു നിലനിൽക്കുന്നു.+
91 അങ്ങയുടെ വിധികളാൽ അവ* ഇന്നും നിൽക്കുന്നു;അവയെല്ലാം അങ്ങയുടെ ദാസരല്ലോ.
92 അങ്ങയുടെ നിയമം പ്രിയപ്പെട്ടിരുന്നില്ലെങ്കിൽകഷ്ടത വന്നപ്പോൾ ഞാൻ ഇല്ലാതായേനേ.+
93 അങ്ങയുടെ ആജ്ഞകൾ ഞാൻ ഒരിക്കലും മറക്കില്ല;അവയാലല്ലോ അങ്ങ് എന്നെ ജീവനോടെ കാത്തത്.+
94 ഞാൻ അങ്ങയ്ക്കുള്ളവൻ;ഞാൻ അങ്ങയുടെ ആജ്ഞകൾക്കായി അന്വേഷിച്ചതുകൊണ്ട്+എന്നെ രക്ഷിക്കേണമേ.+
95 എന്നെ ഇല്ലാതാക്കാൻ ദുഷ്ടന്മാർ തക്കംപാർത്തിരിക്കുന്നു;ഞാനോ അങ്ങയുടെ ഓർമിപ്പിക്കലുകൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുന്നു.
96 ഏതു പൂർണതയ്ക്കും ഒരു പരിധിയുണ്ടെന്നു ഞാൻ കണ്ടു;അങ്ങയുടെ കല്പനയ്ക്കോ പരിധികളൊന്നുമില്ല!*
מ (മേം)
97 അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!+
ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു.*+
98 അങ്ങയുടെ കല്പന എന്നെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;+കാരണം, അത് എന്നെന്നും എന്നോടുകൂടെയുണ്ട്.
99 എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ;+കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു.*
100 പ്രായമുള്ളവരെക്കാൾ വിവേകത്തോടെ ഞാൻ പ്രവർത്തിക്കുന്നു;കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നു.
101 തിരുവചനം അനുസരിക്കാൻ ആഗ്രഹിക്കുന്നതിനാൽതിന്മയുടെ വഴിയേ നടക്കാൻ ഞാൻ വിസമ്മതിക്കുന്നു.+
102 അങ്ങ് എന്നെ പഠിപ്പിച്ചതുകൊണ്ട്ഞാൻ അങ്ങയുടെ വിധികൾ വിട്ടുമാറുന്നില്ല.
103 തിരുമൊഴികൾ എന്റെ അണ്ണാക്കിന് എത്ര മധുരം!അവ എന്റെ വായിൽ തേനിനെക്കാൾ മധുരിക്കുന്നു.+
104 അങ്ങയുടെ ആജ്ഞകളുള്ളതിനാൽ ഞാൻ വിവേകത്തോടെ പ്രവർത്തിക്കുന്നു.+
അതുകൊണ്ടാണ് സകല കപടമാർഗവും ഞാൻ വെറുക്കുന്നത്.+
נ (നൂൻ)
105 അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവുംഎന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.+
106 അങ്ങയുടെ നീതിയുള്ള വിധികൾ അനുസരിക്കുമെന്ന്ഞാൻ ആണയിട്ടിരിക്കുന്നു, ഞാൻ ആ വാക്കു പാലിക്കും.
107 ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു.+
യഹോവേ, അങ്ങയുടെ വാക്കുപോലെ എന്നെ ജീവനോടെ കാക്കേണമേ.+
108 യഹോവേ, ഞാൻ സ്വമനസ്സാലെ അർപ്പിക്കുന്ന സ്തുതിയാഗങ്ങളിൽ* അങ്ങ് പ്രസാദിക്കേണമേ;+അങ്ങയുടെ വിധികൾ എന്നെ പഠിപ്പിക്കേണമേ.+
109 എന്റെ ജീവൻ എപ്പോഴും അപകടത്തിലാണ്;*എങ്കിലും അങ്ങയുടെ നിയമം ഞാൻ മറന്നുകളഞ്ഞിട്ടില്ല.+
110 ദുഷ്ടന്മാർ എനിക്കായി കെണി വെച്ചിരിക്കുന്നു;എന്നാൽ, അങ്ങയുടെ ആജ്ഞകളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല.+
111 അങ്ങയുടെ ഓർമിപ്പിക്കലുകളെ ഞാൻ നിത്യാവകാശമാക്കിയിരിക്കുന്നു;*കാരണം അവ എന്റെ ഹൃദയാനന്ദമാണ്.+
112 അങ്ങയുടെ ചട്ടങ്ങൾ എപ്പോഴും അനുസരിക്കാൻ,ജീവിതാവസാനംവരെ പാലിക്കാൻ, ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്നു.*
ס (സാമെക്)
113 മനസ്സില്ലാമനസ്സോടെ കാര്യങ്ങൾ ചെയ്യുന്നവരെ* ഞാൻ വെറുക്കുന്നു;+അങ്ങയുടെ നിയമത്തെയോ ഞാൻ സ്നേഹിക്കുന്നു.+
114 ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്+അങ്ങാണ് എന്റെ സങ്കേതവും പരിചയും.+
115 ദുഷ്ടന്മാരേ, എന്റെ അടുത്തേക്കു വരരുത്!+ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ.
116 ഞാൻ ജീവനോടിരിക്കേണ്ടതിന്അങ്ങ് വാക്കു തന്നതുപോലെ എന്നെ താങ്ങേണമേ;+എന്റെ പ്രത്യാശ നിരാശയ്ക്കു* വഴിമാറാൻ അനുവദിക്കരുതേ.+
117 എനിക്കു രക്ഷ കിട്ടാൻ എന്നെ താങ്ങേണമേ;+അപ്പോൾ, ഞാൻ അങ്ങയുടെ ചട്ടങ്ങളിൽ എപ്പോഴും മനസ്സു കേന്ദ്രീകരിക്കും.+
118 അങ്ങയുടെ ചട്ടങ്ങൾ വിട്ടുമാറുന്നവരെയെല്ലാം അങ്ങ് തിരസ്കരിക്കുന്നു;+അവർ വഞ്ചകരും ചതിയന്മാരും ആണല്ലോ.
119 അങ്ങ് ഭൂമിയിലെ ദുഷ്ടന്മാരെയെല്ലാം ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യംപോലെ തള്ളിക്കളയുന്നു;+
അതുകൊണ്ടാണ് ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെ സ്നേഹിക്കുന്നത്.
120 അങ്ങയെക്കുറിച്ചുള്ള ഭീതിയാൽ എന്റെ ശരീരം വിറയ്ക്കുന്നു;അങ്ങയുടെ ന്യായവിധികളെ ഞാൻ ഭയപ്പെടുന്നു.
ע (അയിൻ)
121 നീതിക്കും ന്യായത്തിനും നിരക്കുന്നതേ ഞാൻ ചെയ്തിട്ടുള്ളൂ.
പീഡകരുടെ കൈയിൽ എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ!
122 അങ്ങയുടെ ഈ ദാസന്റെ ക്ഷേമം ഉറപ്പു വരുത്തേണമേ;ധാർഷ്ട്യമുള്ളവർ എന്നെ അടിച്ചമർത്താതിരിക്കട്ടെ.
123 അങ്ങയുടെ രക്ഷയും നീതിയുള്ള വാഗ്ദാനവും+കാത്തുകാത്തിരുന്ന് എന്റെ കണ്ണു കഴച്ചു.+
124 ഈ ദാസനോട് അചഞ്ചലസ്നേഹം കാട്ടേണമേ;+അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+
125 ഞാൻ അങ്ങയുടെ ദാസനല്ലോ;അങ്ങയുടെ ഓർമിപ്പിക്കലുകൾ മനസ്സിലാക്കാൻ എനിക്കു ഗ്രഹണശക്തി തരേണമേ.+
126 യഹോവേ, അവർ അങ്ങയുടെ നിയമങ്ങൾ കാറ്റിൽപ്പറത്തിയിരിക്കുന്നു;അങ്ങ് ഇടപെടേണ്ട സമയമായി.+
127 അതുകൊണ്ട് ഞാൻ അങ്ങയുടെ കല്പനകളെ സ്നേഹിക്കുന്നു;സ്വർണത്തെക്കാൾ, തനിത്തങ്കത്തെക്കാൾപ്പോലും,* പ്രിയപ്പെടുന്നു.+
128 അതിനാൽ, അങ്ങയിൽനിന്നുള്ള നിർദേശങ്ങളെല്ലാം* ശരിയെന്നു ഞാൻ കണക്കാക്കുന്നു;+എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.+
פ (പേ)
129 അങ്ങയുടെ ഓർമിപ്പിക്കലുകൾ അതിവിശിഷ്ടം.
അതുകൊണ്ടാണ് ഞാൻ അവ അനുസരിക്കുന്നത്.
130 അങ്ങയുടെ വാക്കുകൾ വെളിപ്പെടുമ്പോൾ പ്രകാശം പരക്കുന്നു;+അത് അനുഭവജ്ഞാനമില്ലാത്തവനു വിവേകം നൽകുന്നു.+
131 അങ്ങയുടെ കല്പനകൾക്കായി കൊതിച്ചിട്ട്ഞാൻ വായ് തുറന്ന് നെടുവീർപ്പിടുന്നു.*+
132 തിരുനാമത്തെ സ്നേഹിക്കുന്നവർക്കായുള്ള അങ്ങയുടെ വിധികൾക്കു ചേർച്ചയിൽ+എന്നിലേക്കു തിരിയേണമേ, എന്നോടു പ്രീതി കാട്ടേണമേ.+
133 തിരുമൊഴികളാൽ എന്റെ കാലടികളെ സുരക്ഷിതമായി നയിക്കേണമേ;*ദുഷ്ടമായതൊന്നും എന്നെ ഭരിക്കരുതേ.+
134 പീഡകരിൽനിന്ന് എന്നെ വിടുവിക്കേണമേ;ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കും.
135 ഈ ദാസന്റെ മേൽ അങ്ങ് തിരുമുഖം പ്രകാശിപ്പിക്കേണമേ;*+അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.
136 ആളുകൾ അങ്ങയുടെ നിയമം അനുസരിക്കാത്തതു കണ്ട്എന്റെ കണ്ണിൽനിന്ന് കണ്ണീർ ധാരധാരയായി ഒഴുകുന്നു.+
צ (സാദെ)
137 യഹോവേ, അങ്ങ് നീതിമാൻ;+അങ്ങയുടെ വിധികൾ ന്യായമുള്ളവ.+
138 അങ്ങ് നൽകുന്ന ഓർമിപ്പിക്കലുകൾ നീതിയുള്ളവ;അവയിൽ പൂർണമായും ആശ്രയിക്കാം.
139 എന്റെ എതിരാളികൾ അങ്ങയുടെ വാക്കുകൾ മറന്നുകളഞ്ഞതു കാണുമ്പോൾഎന്റെ ശുഷ്കാന്തി എന്നെ തിന്നുകളയുന്നു.+
140 അങ്ങയുടെ മൊഴികൾ നന്നായി ശുദ്ധീകരിച്ചെടുത്തത്;+ഈ ദാസൻ അവയെ സ്നേഹിക്കുന്നു.+
141 ഞാൻ നിസ്സാരനും നിന്ദിതനും ആണ്;+എങ്കിലും അങ്ങയുടെ ആജ്ഞകൾ ഞാൻ മറന്നിട്ടില്ല.
142 അങ്ങയുടെ നീതി നിത്യനീതി;+അങ്ങയുടെ നിയമം സത്യം.+
143 ദുരിതവും കഷ്ടപ്പാടും എന്നെ പിടികൂടുമ്പോഴുംഅങ്ങയുടെ കല്പനകൾ എനിക്കു പ്രിയം.
144 അങ്ങയുടെ ഓർമിപ്പിക്കലുകൾ എന്നെന്നും നീതിയുള്ളത്;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം തരേണമേ.+
ק (കോഫ്)
145 ഞാൻ മുഴുഹൃദയാ വിളിച്ചപേക്ഷിക്കുന്നു. യഹോവേ, ഉത്തരമേകേണമേ.
ഞാൻ അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കും.
146 ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ!
അങ്ങയുടെ ഓർമിപ്പിക്കലുകൾ ഞാൻ അനുസരിക്കും.
147 സഹായം യാചിക്കാൻ പുലർച്ചയ്ക്കു മുമ്പേ ഞാൻ എഴുന്നേറ്റിരിക്കുന്നു;+അങ്ങയുടെ വാക്കുകളാണല്ലോ എനിക്കു പ്രത്യാശ പകരുന്നത്.
148 അങ്ങയുടെ മൊഴികൾ ധ്യാനിക്കേണ്ടതിന്*രാത്രിയാമങ്ങൾക്കു മുമ്പേ ഞാൻ കണ്ണു തുറക്കുന്നു.+
149 അങ്ങയുടെ അചഞ്ചലമായ സ്നേഹം നിമിത്തം എന്റെ സ്വരം ശ്രദ്ധിക്കേണമേ.+
യഹോവേ, അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ.
150 നാണംകെട്ട* കാര്യങ്ങൾ ചെയ്യുന്നവർ അടുത്തടുത്ത് വരുന്നു;അവർ അങ്ങയുടെ നിയമത്തിൽനിന്ന് ഏറെ അകലെയാണ്.
151 യഹോവേ, അങ്ങ് എന്റെ അരികിലുണ്ട്;+അങ്ങയുടെ കല്പനകളെല്ലാം സത്യം.+
152 ഞാൻ പണ്ടേ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് പഠിച്ചു;അവ എന്നും നിലനിൽക്കാൻ സ്ഥാപിച്ചതാണെന്നു ഞാൻ മനസ്സിലാക്കി.+
ר (രേശ്)
153 എന്റെ കഷ്ടതകൾ കണ്ട് എന്നെ രക്ഷിക്കേണമേ;+ഞാൻ അങ്ങയുടെ നിയമം മറന്നുകളഞ്ഞിട്ടില്ലല്ലോ.
154 എനിക്കുവേണ്ടി വാദിച്ച്* എന്നെ വിടുവിക്കേണമേ;+അങ്ങ് വാക്കു തന്നതുപോലെ എന്നെ ജീവനോടെ കാക്കേണമേ.
155 രക്ഷ ദുഷ്ടരിൽനിന്ന് ഏറെ അകലെയാണ്;അവർ അങ്ങയുടെ ചട്ടങ്ങൾ അന്വേഷിച്ചിട്ടില്ലല്ലോ.+
156 യഹോവേ, അങ്ങയുടെ കരുണ എത്ര വലിയത്!+
അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ.
157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ എതിരാളികളും അനവധിയാണ്;+എന്നാൽ, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളിൽനിന്ന് വ്യതിചലിച്ചിട്ടില്ല.
158 വഞ്ചകരെ ഞാൻ അറപ്പോടെ നോക്കുന്നു;അവർ അങ്ങയുടെ മൊഴികൾ അനുസരിക്കുന്നില്ലല്ലോ.+
159 അങ്ങയുടെ ആജ്ഞകളെ ഞാൻ എത്ര സ്നേഹിക്കുന്നെന്നു കണ്ടോ!
യഹോവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ.+
160 സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം;+അങ്ങയുടെ നീതിയുള്ള വിധികളെല്ലാം എന്നും നിൽക്കുന്നു.
ש (സീൻ) അഥവാ (ശീൻ)
161 കാരണംകൂടാതെ പ്രഭുക്കന്മാർ എന്നെ ഉപദ്രവിക്കുന്നു;+എങ്കിലും എന്റെ ഹൃദയത്തിൽ അങ്ങയുടെ വാക്കുകളോടു ഭയാദരവുണ്ട്.+
162 ധാരാളം കൊള്ളമുതൽ കിട്ടിയവനെപ്പോലെഅങ്ങയുടെ മൊഴികളിൽ ഞാൻ ആഹ്ലാദിക്കുന്നു.+
163 ഞാൻ കള്ളത്തരം വെറുക്കുന്നു; അത് എനിക്ക് അറപ്പാണ്;+അങ്ങയുടെ നിയമത്തെ ഞാൻ സ്നേഹിക്കുന്നു.+
164 അങ്ങയുടെ നീതിയുള്ള വിധികളുടെ പേരിൽദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു.
165 അങ്ങയുടെ നിയമത്തെ പ്രിയപ്പെടുന്നവർക്കു വലിയ മനസ്സമാധാനമുണ്ട്;+അവരെ വീഴിക്കാൻ ഒന്നിനുമാകില്ല.*
166 യഹോവേ, അങ്ങയുടെ രക്ഷാപ്രവൃത്തികൾക്കായി ഞാൻ പ്രത്യാശയോടെ കാത്തിരിക്കുന്നു;ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു.
167 അങ്ങയുടെ ഓർമിപ്പിക്കലുകൾ ഞാൻ അനുസരിക്കുന്നു;ഞാൻ അവയെ വളരെവളരെ സ്നേഹിക്കുന്നു.+
168 ഞാൻ ചെയ്യുന്നതെല്ലാം അങ്ങ് അറിയുന്നല്ലോ;അതുകൊണ്ട്, അങ്ങയുടെ ആജ്ഞകളും ഓർമിപ്പിക്കലുകളും ഞാൻ അനുസരിക്കുന്നു.+
ת (തൗ)
169 യഹോവേ, സഹായത്തിനായുള്ള എന്റെ യാചനകൾ തിരുസന്നിധിയിൽ എത്തട്ടെ;+
തിരുമൊഴിയിലൂടെ എനിക്കു കാര്യങ്ങൾ മനസ്സിലാക്കിത്തരേണമേ.+
170 പ്രീതിക്കായുള്ള എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തട്ടെ;
അങ്ങ് വാക്കു തന്നതുപോലെ എന്നെ രക്ഷിക്കേണമേ.
171 എന്റെ അധരങ്ങളിൽനിന്ന് സ്തുതി കവിഞ്ഞൊഴുകട്ടെ;+അങ്ങയുടെ ചട്ടങ്ങൾ അങ്ങ് എന്നെ പഠിപ്പിക്കുന്നല്ലോ.
172 എന്റെ നാവ് തിരുമൊഴികളെക്കുറിച്ച് പാടട്ടെ;+അങ്ങയുടെ കല്പനകളെല്ലാം നീതിയുള്ളതല്ലോ.
173 ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കാൻ തീരുമാനിച്ചിരിക്കയാൽ+എന്നെ സഹായിക്കാൻ അങ്ങ്* എപ്പോഴും ഒരുങ്ങിയിരിക്കേണമേ.+
174 യഹോവേ, അങ്ങ് നൽകും രക്ഷയ്ക്കായി ഞാൻ കാത്തുകാത്തിരിക്കുന്നു;അങ്ങയുടെ നിയമം ഞാൻ പ്രിയപ്പെടുന്നു.+
175 അങ്ങയെ സ്തുതിക്കേണ്ടതിനു ഞാൻ ജീവിച്ചിരിക്കട്ടെ;+അങ്ങയുടെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
176 കൂട്ടം വിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റി അലയുന്നു.+ഈ ദാസനെ തേടി വരേണമേ; അങ്ങയുടെ കല്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.+
അടിക്കുറിപ്പുകള്
^ അഥവാ “നിഷ്കളങ്കത കൈവിടാതെ.”
^ അഥവാ “പഠിക്കും.”
^ അക്ഷ. “എന്റെ മേൽനിന്ന് ഉരുട്ടിമാറ്റേണമേ.”
^ അഥവാ “പഠിക്കുന്നു.”
^ അഥവാ “പഠിക്കാൻ.”
^ അക്ഷ. “വഴി.”
^ അഥവാ “നാണംകെടാൻ.”
^ അക്ഷ. “ഞാൻ അങ്ങയുടെ കല്പനകളുടെ വഴിയേ ഓടും.”
^ മറ്റൊരു സാധ്യത “ഹൃദയത്തിനു ധൈര്യമേകുന്നല്ലോ.”
^ അഥവാ “ലാഭം ഉണ്ടാക്കുന്നതിലേക്കല്ല.”
^ മറ്റൊരു സാധ്യത “അങ്ങയോടു ഭയഭക്തി കാണിക്കുന്നവർക്ക് അങ്ങ് നൽകുന്ന വാക്ക് ഈ ദാസനു നിറവേറ്റിത്തരേണമേ.”
^ അഥവാ “വിശാലമായ ഒരു സ്ഥലത്തുകൂടെയായിരിക്കും.”
^ അഥവാ “പഠിക്കും.”
^ അഥവാ “വാഗ്ദാനം.”
^ അഥവാ “ഞാൻ പരദേശിയായി കഴിയുന്ന വീട്ടിൽ.”
^ അഥവാ “ഞാൻ അങ്ങയുടെ മുഖത്തെ പുഞ്ചിരി തേടുന്നു.”
^ അഥവാ “ഞാൻ അറിയാതെ പാപം ചെയ്തിരുന്നു.”
^ അക്ഷ. “കൊഴുപ്പുപോലെ, സംവേദനക്ഷമതയില്ലാത്തത്.”
^ മറ്റൊരു സാധ്യത “നുണകളാൽ.”
^ അഥവാ “ആജ്ഞകൾ പഠിക്കും.”
^ അതായത്, ദൈവത്തിന്റെ എല്ലാ സൃഷ്ടികളും.
^ അക്ഷ. “കല്പന വിശാലമാണ്.”
^ അഥവാ “പഠിക്കുന്നു.”
^ അഥവാ “പഠിക്കുന്നു.”
^ അക്ഷ. “എന്റെ വായിൽനിന്ന് വരുന്ന സ്വമനസ്സാലെയുള്ള യാഗങ്ങളിൽ.”
^ അഥവാ “എപ്പോഴും കൈയിലെടുത്ത് പിടിച്ചിരിക്കുന്നു.”
^ അഥവാ “എന്നേക്കുമുള്ള പൈതൃകസ്വത്താക്കിയിരിക്കുന്നു.”
^ അക്ഷ. “ഹൃദയം ചായിച്ചിരിക്കുന്നു.”
^ അഥവാ “അർധഹൃദയമുള്ളവരെ; വിഭജിതഹൃദയമുള്ളവരെ.”
^ അഥവാ “നാണക്കേടിന്.”
^ അഥവാ “ശുദ്ധീകരിച്ച സ്വർണത്തെക്കാൾപ്പോലും.”
^ അഥവാ “ആജ്ഞകളെല്ലാം.”
^ അക്ഷ. “കിതയ്ക്കുന്നു.”
^ അഥവാ “കാലടികൾ ഇടറാതെ കാക്കേണമേ.”
^ അഥവാ “അങ്ങ് പുഞ്ചിരി തൂകേണമേ.”
^ അഥവാ “പഠിക്കേണ്ടതിന്.”
^ അഥവാ “മ്ലേച്ഛമായ.”
^ അഥവാ “എന്റെ കേസ് നടത്തി.”
^ അഥവാ “തട്ടിവീഴിക്കുന്ന ഒന്നും അവരുടെ മുന്നിലില്ല.”
^ അക്ഷ. “അങ്ങയുടെ കൈ.”