സങ്കീർത്തനം 135:1-21
135 യാഹിനെ സ്തുതിപ്പിൻ!*
യഹോവയുടെ പേരിനെ സ്തുതിപ്പിൻ!+
2 യഹോവയുടെ ഭവനത്തിൽ,ദൈവഭവനത്തിന്റെ മുറ്റത്ത് നിൽക്കുന്ന+യഹോവയുടെ ദാസരേ,ദൈവത്തെ സ്തുതിക്കുവിൻ.
3 യാഹിനെ സ്തുതിപ്പിൻ! യഹോവ നല്ലവനല്ലോ.+
തിരുനാമത്തിനു സ്‌തുതി പാടുവിൻ!* അതു ഹൃദ്യമല്ലോ.
4 യാക്കോബിനെ യാഹ് തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+
5 യഹോവ വലിയവൻ എന്ന് എനിക്കു നന്നായി അറിയാം;നമ്മുടെ കർത്താവ് മറ്റെല്ലാ ദൈവങ്ങളെക്കാളും വലിയവൻ.+
6 സ്വർഗത്തിലും ഭൂമിയിലും, സമുദ്രങ്ങളിലും അഗാധങ്ങളിലും
യഹോവ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു.+
7 ദൈവം ഭൂമിയുടെ അറുതികളിൽനിന്ന് മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു;മഴയ്‌ക്കായി മിന്നൽപ്പിണരുകൾ അയയ്ക്കുന്നു;*തന്റെ സംഭരണശാലകളിൽനിന്ന് കാറ്റ് അടിപ്പിക്കുന്നു.+
8 ദൈവം ഈജിപ്തിലെ ആദ്യജാതന്മാരെ,മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ, സംഹരിച്ചു.+
9 ഈജിപ്‌തേ, ഫറവോനും അയാളുടെ സകല ദാസർക്കും എതിരായി+ദൈവം നിന്റെ ഇടയിലേക്ക് അത്ഭുതങ്ങളും അടയാളങ്ങളും അയച്ചു.+
10 ദൈവം പല ജനതകളെയും സംഹരിച്ചു,+ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;+
11 അതെ, അമോര്യരാജാവായ സീഹോനെയും+ബാശാൻരാജാവായ ഓഗിനെയും+കനാനിലെ എല്ലാ രാജ്യങ്ങളെയും ദൈവം തകർത്തു.
12 അവരുടെ നാട് ഒരു അവകാശമായി,തന്റെ ജനമായ ഇസ്രായേലിന് അവകാശദേശമായി, ദൈവം കൊടുത്തു.+
13 യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു.
യഹോവേ, അങ്ങയുടെ പ്രശസ്‌തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+
14 യഹോവ തന്റെ ജനത്തിന്റെ പക്ഷത്ത് നിൽക്കും;*+തന്റെ ദാസരോടു ദൈവത്തിന് അനുകമ്പ തോന്നും.+
15 ജനതകളുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും,മനുഷ്യന്റെ കരവിരുത്.+
16 അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.
17 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.
അവയുടെ വായിൽ ശ്വാസവുമില്ല.+
18 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും;+അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.+
19 ഇസ്രായേൽഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!
അഹരോൻഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!
20 ലേവിഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!+
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുവിൻ!
21 യരുശലേമിൽ വസിക്കുന്ന+ യഹോവയ്ക്ക്സീയോനിൽനിന്ന് സ്‌തുതി ഉയരട്ടെ.+
യാഹിനെ സ്തുതിപ്പിൻ!+
അടിക്കുറിപ്പുകള്‍
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “സംഗീതം ഉതിർക്കുവിൻ.”
^ അഥവാ “അമൂല്യസ്വത്തായി.”
^ അഥവാ “നീരാവി.”
^ മറ്റൊരു സാധ്യത “മഴയ്‌ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
^ അഥവാ “പേര്.” അക്ഷ. “സ്മാരകം.”
^ അഥവാ “ജനത്തിനുവേണ്ടി വാദിക്കും.”